കാലമേ...! എന്ന് വിളിച്ചു പോവുന്ന നിമിഷങ്ങളുണ്ട്. കാലം പോലെ കാലം മാത്രമേയുള്ളുവെന്ന് നമ്മള്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍. കഴിഞ്ഞ ദിവസം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ രാംനാഥ് കോവിന്ദിന് തുണയായി ലാല്‍ കൃഷ്ണ അദ്വാനി എത്തിയ നിമിഷം അത്തരത്തിലൊന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി പ്രസിഡന്റ് അമിത്ഷായും മുന്‍ കേന്ദ്ര മന്ത്രി മുരളീമനോഹര്‍ ജോഷിയുമൊക്കെ മുന്‍നിരയിലുണ്ടായിരുന്നെങ്കിലും എല്‍കെ അദ്വാനിയെ നോക്കാതിരിക്കാനാവുമായിരുന്നില്ല. രാംനാഥ് കോവിന്ദിന് മുന്നില്‍ രാഷ്ട്രപതി ഭവനിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ ലോഹപുരുഷന്‍ ഒരു സാക്ഷി മാത്രമാവുന്നത് കാലത്തിന്റെ മലക്കം മറിച്ചലെല്ലങ്കില്‍ മറ്റെന്താണ്.

അദ്വാനിയുടെ ഊഴങ്ങള്‍ ഇവിടെ അവസാനിക്കുകയാണ്. ഒന്നു പിന്നാക്കം പോവുക. 27 കൊല്ലങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു ഈദുല്‍ഫിത്തറിനാണ് അദ്വാനി സോമനാഥ് ക്ഷേത്രത്തിനു മുന്നില്‍നിന്നു രഥയാത്ര തുടങ്ങിയത്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമായിരുന്നു പ്രഖ്യാപിത അജണ്ട. ചെങ്കോട്ടയിലേക്കുള്ള പടപ്പുറപ്പാടിന് അസ്തിവാരം തീര്‍ക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഇന്ത്യയെ കീറിമുറിച്ച യാത്രയായായിരുന്നു അത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവായ ബഹുസ്വരതയെ നാനാവിധമാക്കിക്കൊണ്ട് മുന്നേറിയ ആ യാത്രയയ്ക്കു ശേഷം ഇന്ത്യ ഒരിക്കലും പഴയ ഇന്ത്യയായിരുന്നില്ല. ആ യാത്രയാണ് അദ്വാനിയെ അദ്വാനിയിക്കിയത്. ലോഹപുരുഷനും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പിന്‍ഗാമിയുമാക്കിയത്. ഇന്നിപ്പോള്‍ രാഷ്രടപതിഭവനിലേക്കെത്തി നില്‍ക്കുന്ന ബിജെപിയുടെ വളര്‍ച്ചയുടെ തുടക്കവും അദ്വാനിയുടെ രഥയാത്രയിലായിരുന്നു.

1990 ആഗസ്തിലാണ് വിപി സിങ് സര്‍ക്കാര്‍ പഴയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് പിന്നാക്ക സമുദായങ്ങള്‍ക്കായി കളത്തിലിറങ്ങിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വിപി സിങിന്റെ തീരുമാനത്തില്‍ ബിജെപിയും ആര്‍എസ്എസ്സും കൃത്യമായി അപകടം മണത്തു. ഹിന്ദുത്വ അജണ്ടയുടെ സാക്ഷാത്കാരത്തിന് മണ്ഡല്‍ കമ്മീഷന്‍ വിലങ്ങുതടിയാവുമെന്ന് ബോധോദയത്തിലേക്കെത്താന്‍ ബിജെപി നേതൃത്വം അധികം സമയമൊന്നും എടുത്തില്ല. ആ വര്‍ഷം സപ്തംബര്‍ 19-നാണ് ഡല്‍ഹി സര്‍വ്വകലാശാലയിലെ ദേശബന്ധു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജീവ് ഗോസ്വാമി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍്ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ആത്മാഹുതിക്കൊരുങ്ങിയത്. രാജീവ് ഗോസ്വാമിയെ ആസ്പത്രിയില്‍ കാണാനെത്തിയ അദ്വാനിയെ മണ്ഡല്‍ വിരോധികള്‍ തടഞ്ഞു. അന്ന് രാജീവിനെ കാണാനാവാതെ തിരിച്ചുപോവേണ്ടി വന്നപ്പോള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉയരുന്ന ജനവികാരം എങ്ങിനെയാണ് മുതലെടുക്കേണ്ടതെന്ന് അദ്വാനി മനസ്സില്‍ കണക്കുകൂട്ടി തുടങ്ങിയിരുന്നു.

പിന്നാക്ക സമുദായങ്ങളുടെ മിശിഹ ആവാനുള്ള വിപി സിങ്ങിന്റെ  തന്ത്രങ്ങള്‍ പൊളിക്കുക എന്ന ദൗത്യം കൂടി അദ്വാനിയുടെ രഥയാത്രയ്ക്കുണ്ടായിരുന്നു. പദയാത്രയായിരുന്നു ആദ്യം അദ്വാനിയുടെ മനസ്സിലുണ്ടായിരുന്നത്. ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രമോദ് മഹാജനാണ് രഥയാത്ര എന്ന ആശയം മുന്നോട്ടു വെച്ചത്. വിഭജനത്തിനു ശേഷം വര്‍ഗ്ഗീയതയുടെ കരാളഹസ്തങ്ങളിലേക്ക് ഇന്ത്യ ഇതുപോലെ വീണ മറ്റൊരു കാലമുണ്ടായിട്ടില്ല. ഗുജറാത്തില്‍ ശങ്കര്‍സിങ് വഗേലയും നരേന്ദ്ര മോദിയുമായിരുന്നു രഥയാത്രയുടെ സംഘാടകര്‍. വഗേല പിന്നീട് കോണ്‍ഗ്രസിലെത്തി. രഥയാത്രയുടെ സമസ്ത ഫലങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടായത് നരേന്ദ്ര മോദിക്കാണ്.

ഹവാല കുംഭകോണത്തില്‍ പ്രതിയായതാണ് അദ്വാനിക്ക് കനത്ത തിരിച്ചടിയായത്. രാഷ്ട്രീയ നേതൃനിരയില്‍നിന്ന് തല്‍ക്കാലത്തേക്കെങ്കിലും അദ്വാനിക്ക് പിന്മാറേണ്ടി വന്നു. കാലം അപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ കൂടെയായിരുന്നു. 1996-ല്‍ ആദ്യമായി വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ യുദ്ധം ജയിച്ചെങ്കിലും കിരീടം നഷ്ടപ്പെട്ട വൃകോദരന്റെ അവസ്ഥയിലായിരുന്നു അദ്വാനി. 1999-ല്‍ വാജ്‌പേയിക്ക് കീഴില്‍ ഉപപ്രധാനമന്ത്രി സ്ഥാനം കൊണ്ട് അദ്വാനിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 2014 എത്തിയപ്പോഴേക്കും ബിജെപിയുടെ മുഖം നരേന്ദ്ര മോദിയായിക്കഴിഞ്ഞിരുന്നു. കറാച്ചിയില്‍ മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ചതിന് മാപ്പു നല്‍കേണ്ടെന്ന് ആര്‍എസ്എസ് തീരുമാനിക്കുക കൂടി ചെയ്തതോടെ അദ്വാനിയുടെ കാര്യം ഒന്നുകൂടി അവതാളത്തിലായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഖുഷ്‌വന്ത്‌സിങ്  അദ്വാനിയുടെ സാന്നിദ്ധ്യത്തില്‍ പറഞ്ഞതിതാണ്. ''അദ്വാനി എന്റെ സുഹൃത്താണ്.അദ്ദേഹം മദ്യപിക്കില്ല, പുക വലിക്കില്ല, സസ്യാഹാരിയാണ്, സര്‍വ്വോപരി ഏക പത്‌നീവ്രതക്കാരനും. പക്ഷേ, ഇത്തരക്കാര്‍ അപകടകാരികളാണ്.''  ഇന്ത്യയെ വര്‍ഗ്ഗീയവത്ക്കരിക്കുന്നതിന് അദ്വാനി നടത്തിയ രഥയാത്രയായിരുന്നു അപ്പോള്‍ തന്റെ മനസ്സിലെന്ന് ഖുഷ്‌വന്ത് പിന്നീടൊരിക്കല്‍ എഴുതി.

കര്‍മ്മത്തിന്റെ നെടുമ്പാതകള്‍ താണ്ടി വെള്ളിയാഴ്ച രാംനാഥ് കോവിന്ദിനൊപ്പം വാരണാധികാരിയുടെ മുന്നിലിരുന്നപ്പോള്‍ അദ്വാനിയുടെ മനസ്സിലൂടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ ഒരു ഫ്‌ളാഷ്ബാക്കിലെന്ന വണ്ണം കടന്നുപോയിരിക്കാം. കാലം തന്റെ രാഷ്ട്രീയ ജീവിതത്തിനു മേല്‍ അവസാന തിരശ്ശീലയും വീഴ്ത്തുമ്പോള്‍ ബിജെപിയുടെ ഈ ലോഹപുരുഷന്റെയുള്ളില്‍ ചിലപ്പോള്‍ ഒരു തേങ്ങലുയര്‍ന്നിട്ടുണ്ടാവാം.