രാത്രി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ ലാല്‍ സലാമിന്റെ ചിത്രീകരണം നടക്കുകയാണ്. മുറി വിട്ട് പുറത്തിറങ്ങുന്ന നെട്ടൂരാന്‍ തിരിഞ്ഞുനിന്ന് മന്ത്രി സേതുലക്ഷ്മിയോട് ചാട്ടൂളിപോലുള്ള ഡയലോഗ് പറയുന്നതാണ് രംഗം.

'നെട്ടൂരാന്‍ വിളിച്ചത്ര കമ്മ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളൊന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല. അതു മറക്കണ്ട.'

മോഹന്‍ലാലും ഗീതയും നെട്ടൂരാനും സേതുലക്ഷ്മിയുമായി അപാരമായി പകര്‍ന്നാടുന്ന രംഗം. പെട്ടന്നാണ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ ഓടിക്കിതച്ചെത്തിയത്. താഴെ മന്ത്രി ഗൗരിയമ്മ വന്നിട്ടുണ്ട്. മുന്നറിയിപ്പില്ലാത്ത സന്ദര്‍ശനമാണ്. സംവിധായകന്‍ വേണു നാഗവള്ളിയുടെയും തിരക്കഥയൊരുക്കിയ ചെറിയാന്‍ കല്‍പകവാടിയുടെയും ഉള്ളില്‍ കൊളളിയാനൊന്ന് മിന്നി. ഇതെന്താ യാതൊരു മുന്നറിയിപ്പുമില്ലാതെ മന്ത്രി ഈ നേരത്ത്. അതും ഈ രംഗമെടുക്കുന്ന നേരത്തുതന്നെ. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു.

'വാ നമുക്കൊന്ന് മന്ത്രിയെ കണ്ടിട്ടു വരാം.'

ഞെട്ടല്‍ മാറിയില്ലെങ്കിലും ലാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെ തരമുണ്ടായിരുന്നില്ല.
ലാലിന് അച്ഛന്‍ വഴി നേരത്തെ വ്യവസായമന്ത്രിയെ പരിചയമുണ്ട്. ചെറിയാന്‍ ഒന്ന് ശങ്കിച്ചു. 'കുട്ടിക്കാലത്ത് എടുത്തുകൊണ്ടുനടന്നയാളൊക്കെയാണ്. പക്ഷേ, കുടുംബങ്ങള്‍ അകന്നശേഷം കണ്ടിട്ട് വര്‍ഷങ്ങളായി. എന്താവും പ്രതികരണമെന്ന് അറിയില്ല. അച്ഛനോടുണ്ടായിരുന്ന ശത്രുത തെല്ലും മാറിയിട്ടില്ല. ഇനിയിപ്പോ സിനിമയുടെ ഉള്ളടക്കം അറിഞ്ഞാണ് വരവെങ്കില്‍ കേമമായി. എന്തായാലും പോവുക തന്നെ.'

ഓടി താഴെയെത്തിയപ്പോള്‍ മുന്നില്‍ ഗൗരിയമ്മ. സഖാവ് സേതുലക്ഷ്മിയേക്കാള്‍ തലയെടുപ്പോടെ. മുഖവുരകളില്ലാതെ തന്നെ ലാല്‍ കുശലാന്വേഷണമായി. എന്നിട്ട് ചെറിയാനെ ചൂണ്ടി ചോദിച്ചു: 'ഇതാരാണെന്ന് മനസിലായോ? സഖാവിന് വേണ്ടപ്പെട്ടൊരാളുടെ മകനാണ്. സഖാവ് വര്‍ഗീസ് വൈദ്യന്റെ മകന്‍, ചെറിയാന്‍.'
ഗൗരിയമ്മ ഒന്നും മിണ്ടിയില്ല. കുറേ നേരം ചെറിയാന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിനിന്നു. പിന്നെ മെല്ലെ അളന്നുമുറിച്ചുകൊണ്ട് രണ്ടുവാക്ക്: 
'അമ്മയ്ക്ക് സുഖമാണോ.? അന്വേഷിച്ചുവെന്ന് പറയണം'
ഉവ്വെന്ന ഉത്തരത്തിന് സിനിമയെക്കുറിച്ചോ ഷൂട്ടിങ്ങിനെക്കുറിച്ചോ മറുചോദ്യമുണ്ടായില്ല.
മന്ത്രി മെല്ലെ അകത്തെ മുറിയിലേയ്ക്ക് വാതിലടച്ച് മടങ്ങുമ്പോള്‍ മനസില്‍ തിരയടിച്ചത് എന്താവാം.
സിനിമ വെളിച്ചം കാണുമ്പോഴുള്ള ഗൗരിയമ്മയുടെ പ്രതികരണമാണോ? അതോ ഗൗരിയമ്മയും ടി.വി.തോമസും വര്‍ഗീസ് വൈദര്യരുമെല്ലാം ചേര്‍ന്ന് തീപിടിപ്പിച്ച ആ പഴയ വിപ്ലവകാലമോ? മൂന്ന് പതിറ്റാണ്ടിനിപ്പുറത്ത് ദേശീയപാതയോരത്തെ കല്‍പകവാടിയിലിരുന്ന് ഓര്‍മകളുടെ റീല്‍ മെല്ലെ പിന്നോട്ട് ഓടിക്കുമ്പോഴും നിശ്ചയമില്ല ചെറിയാന്.

lalsalam
മോഹൻലാലും ഗീതയും ലാൽസലാമിൽ. Photo Courtesy: youtube

'ഗൗരിയമ്മയെ സേതുലക്ഷ്മിയും ടിവി തോമസിനെ ഡി.കെ. ആന്റണിയുമാക്കുമ്പോള്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍ ഞങ്ങള്‍ക്ക്. പക്ഷേ, സിനിമയുടേതായ ചില മിനുക്കലുകളല്ലാതെ ഉള്ളതു മാത്രമേ അതില്‍ കാണിച്ചിട്ടുള്ളൂ. അതുകൊണ്ട് ഭയമൊന്നുമുണ്ടായിരുന്നില്ല. ഗൗരിയമ്മയ്ക്ക് ഇതിന്റെ പേരില്‍ മോശമല്ലാത്ത രീതിയില്‍ നീരസമുണ്ടായിരുന്നു. സിനിമയില്‍ പക്ഷേ, ഞാന്‍ അവരെ മോശമായി കാണിച്ചിട്ടേയില്ല.  അന്നും ഇന്നും അവരോട് ബഹുമാനമേയുള്ളൂ. ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങളും വേദനകളും സഹിക്കേണ്ടിവന്നയാളാണ് അവര്‍. കേരളത്തിന്റെ വിപ്ലവ പ്രസ്ഥാനത്തില്‍ അങ്ങനെയൊരു സ്ത്രീ വേറെയില്ല.'

സീറ്റിനുവേണ്ടി വനിതാ നേതാക്കള്‍ക്ക് തല മുണ്ഡനം ചെയ്യേണ്ടിവരുന്ന കാലത്തിരുന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവസാനം വരെ സകല താന്‍പോരിമകള്‍ക്ക് മുന്നിലും തലയുയര്‍ത്തി തന്നെ നിന്ന ഗൗരിയമ്മയുടെ പ്രസക്തി വ്യക്തമാണ് ചെറിയാന്റെ വാക്കുകളില്‍. അതുതന്നെയാണ് ചെറിയാന്‍ സ്വന്തം വീട്ടിലെ മഷിയില്‍ മുക്കിയെഴുതിയ ലാല്‍ സലാമിനെ ഇന്നും കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ പ്രസക്തമാക്കുന്നതും. പാര്‍ട്ടിയുടെ പേശിബലത്തിന് വഴങ്ങാതെ പടിയിറങ്ങിപ്പോയ കാലത്ത് ജനവും ചീഫ് മിനിസ്റ്റര്‍ കെ.ആര്‍.ഗൗതമിയും പോലുള്ള ചിത്രങ്ങളും വന്നിരുന്നു ഗൗരിയമ്മയുടെ കഥയുമായി വെള്ളിത്തിരയില്‍. അതിനൊന്നും പക്ഷേ, ലാല്‍ സലാമിനോളം മികവ് അവകാശപ്പെടാനുണ്ടായിരുന്നില്ല എന്നതിന് ബോക്‌സ്ഓഫീസ് കണക്കുകള്‍ മാത്രമല്ല, ഗൗരിയമ്മയുടെ തന്നെ പില്‍ക്കാല പ്രതികരണം തന്നെ തെളിവ്. ഫാക്ട് മാത്രമല്ല, ഫിക്ഷനും കൂടിയാണെന്ന് ചെറിയാനും വേണുനാഗവള്ളിയും പണ്ടുമുതലേ ആണയിടാറുണ്ടെങ്കിലും വെള്ളിത്തിരയുടെ കാല്‍പനികത മാത്രമല്ല, ഗൗരിയമ്മയും ടി.വി. തോമസും വര്‍ഗീസ് വൈദര്യരുമെല്ലാം ചോരനീരാക്കിയ ചേര്‍ത്തലയിലെയും കുട്ടനാട്ടിലെയും ചേറില്‍ കുഴച്ചെടുത്ത ആ ചരിത്രം തന്നെയാണ് ലാല്‍ സലാമിന്റെ കരുത്ത്. ബയോപിക്കോ പൂര്‍ണമായ അര്‍ഥത്തില്‍ ഒരു ചരിത്രാഖ്യായിയോ അല്ലാതിരുന്നിട്ടും അതിനെ ഇന്നും ഗൗരിയമ്മയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതും വായിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

ഈ കഥകള്‍ നിറഞ്ഞ കല്‍പകവാടിയില്‍ പണ്ടേ വിരുന്നുകാരനായിരുന്നു വേണു നാഗവള്ളി. സര്‍വകലാശാലയ്ക്കുശേഷം അങ്ങനെയൊരിക്കല്‍ വിരുന്നുവന്നപ്പോഴാണ് വേണുവില്‍ ഒരാശയം വിപ്ലവം പോലെ മുളപൊട്ടുന്നത്. വര്‍ഗീസ് വൈദ്യന്‍ ഉറങ്ങാതെ രാത്രികളെ സമ്പന്നമായ പുന്നപ്രയിലെയും വയലാറിലെയും കുട്ടനാട്ടിലെയും കഥകളുള്ളപ്പോള്‍ നമ്മള്‍ എന്തിന് ഒരു കഥയ്ക്കുവേണ്ടി പുറത്ത് അലയണം. നമുക്ക് ഇതുതന്നെയാക്കിയാലോ അടുത്ത ചിത്രം. ചെറിയാന്‍ കഥകളെല്ലാം പരമാവധി പിടിച്ചെടുക്കൂ, ഒന്നും വിടേണ്ടെന്നൊരു ഉപദേശം കൂടി കൊടുത്തു എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന കഥാകാരന് വേണു നാഗവളളി. കുട്ടിക്കാലം മുതല്‍ കുറേയൊക്കെ കാണുകയും അതിലേറെ കേള്‍ക്കുകയും ചെയ്ത ഈ കഥകളില്‍ നിന്ന് അങ്ങനെയാണ് ചെറിയാന്‍ ലാല്‍ സലാമിന്റെ വിത്തുതേടിയിറങ്ങുന്നത്. സിനിമയ്ക്കുവേണ്ട കഥകളും രംഗങ്ങളും കണ്ടെത്തുകയായിരുന്നില്ല, കണ്‍മുന്നിലെ കാല്‍പ്പരപ്പിനേക്കാള്‍ വിശാലമായി പരന്നുകിടക്കുന്ന ഈ കഥകളെ ഒരു സിനിമയടെ ഇത്തിരിവട്ടത്തിലേയ്ക്ക് വെട്ടിയൊതുക്കലായിരുന്നു ചെറിയാന്റെ മുന്നിലെ പ്രധാന വെല്ലുവിളി. അങ്ങനെയാണ് രണ്ടുകൂട്ടരിലേയ്ക്കായി സിനിമ ഒതുങ്ങിയത്. ഒരു ഭാഗത്ത് രാഷ്ട്രീയത്തിനുവേണ്ടി കുടുംബം ഉപേക്ഷിച്ചവരും മറുഭാഗത്ത് കുടുംബത്തിനുവേണ്ടി രാഷ്ട്രീയം ഉപേക്ഷിച്ചയാളും. സിനിമയുടേതായ മിനുക്കലുകളോടെ, അങ്ങനെ നാലു പ്രധാന കഥാപാത്രങ്ങളിലൂടെ ചരിത്രം മെല്ലെ ലാല്‍സലാമായി പുതുപ്പിറവിയെടുക്കുകയായി. ഗൗരിയമ്മ സേതുലക്ഷ്മിയായി. ടി.വി. തോമസ് ഡി.കെ. ആന്റണിയായി. പൂപ്പള്ളി തറവാട്ടിലെ തങ്കമ്മ അന്നമ്മയായി, വര്‍ഗീസ് വൈദ്യര്‍ നെട്ടൂരാനും. ജോസ് ചേലങ്ങാടിയെപ്പോലുള്ളവര്‍ ഉണ്ണിത്താനായി. ജീവിതത്തില്‍ നിന്ന് കഥാപാത്രങ്ങള്‍ അങ്ങനെ പിന്നെ ഒരുപാട് കയറിവന്നു കഥയിലേയ്ക്ക്. കഥ കണ്ടെത്തുകയല്ല, കൈയില്‍ കിട്ടിയ കഥകള്‍ മാറ്റി നിര്‍ത്തുകയായിരുന്നു ചെറിയാന്റെ മുന്നിലെ പ്രധാന വെല്ലുവിളി. മുത്തുകള്‍ പോലുള്ള കഥകള്‍ പലതും കണ്ടില്ലെന്ന് നടിക്കേണ്ടിവന്നു. പലതും നിഷ്‌കരുണം തള്ളേണ്ടിവന്നു. ഇങ്ങനെ തള്ളിയ കഥകള്‍ വേണുനാഗവള്ളിക്കൊപ്പം മറ്റൊരു സിനിമയാക്കി ചെറിയന്‍; പുന്നപ്ര വയലാര്‍ പോരാട്ടത്തിന്റെ പശ്ചാത്തത്തലത്തില്‍ സര്‍ സി.പി.യുടെയും സി.പിയെ വെട്ടിയ മണിയുടെയും കഥ പറഞ്ഞ രക്തസാക്ഷികള്‍ സിന്ദാബാദ്.

തിരുവനന്തപുരം പട്ടത്തെ ഫ്‌ളാറ്റിലായിരുന്നു ലാല്‍ സലാമിന്റെ രചന. ഒരൊറ്റ ഇരിപ്പില്‍ ഒഴുക്ക് നീന്തിക്കടന്നു ചെറിയാന്‍. കുട്ടിക്കാലം മുതല്‍ കുറേയൊക്കെ കാണുകയും പില്‍ക്കാലത്ത് അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും നിരന്തരം കേള്‍ക്കുകയും ചെയ്ത കഥ തിരക്കഥയിലേയ്ക്ക് കുത്തിയൊഴുകി. ആലപ്പുഴയില്‍ വച്ചുതന്നെയായിരുന്നു ചിത്രീകരണം. സിനിമ ക്ഷണത്തില്‍ യാഥാര്‍ഥ്യമായി. ചെറിയാന്റെയും വേണുനാഗവള്ളിയുടെ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം. പക്ഷേ, ലാല്‍സലാമിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വലിയൊരു നഷ്ടമുണ്ട് ചെറിയാന്റെ മനസില്‍. സിനിമ വെള്ളിത്തിരയിലെത്തും മുന്‍പ് തന്നെ വര്‍ഗീസ് വൈദ്യര്‍ യാത്രയായി. ഗൗരിയമ്മ അടക്കമുള്ള ഒരൊറ്റ കമ്മ്യൂണിസ്റ്റ് നേതാവ് പോലും എത്തിയില്ല സംസ്‌കാരച്ചടങ്ങുകള്‍ക്ക് എന്നത് അടുത്ത ദു:ഖം. ഗൗരിയമ്മ പോലും എത്രമാത്രം അകന്നുപോയെന്ന് ചെറിയാന്‍ തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അത്. അപ്പോള്‍ അച്ഛന്‍ പറഞ്ഞ കഥകള്‍ വെള്ളിത്തിരയില്‍ കാണുമ്പോള്‍ എന്താവും പ്രതികരണം. കഥാനായകരില്‍ ഇനി അവശേഷിക്കുന്നത് ഗൗരിയമ്മയും അമ്മയും പിന്നെ ടി.വി.തോമസിന്റെ മകനും മാത്രമാണ്. കല്‍പിത കഥയാണെന്ന് വാദിക്കാമെങ്കിലും ഗൗരിയമ്മ ഇതിനെ കാണുന്നത് എങ്ങനെയായിരിക്കും എന്നൊരു ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു ചെറിയാന്റെ മനസില്‍. അതും ഇടതുഭരണം നിലനില്‍ക്കുന്ന കാലം. ഗൗരിയമ്മ മന്ത്രിയായി വാഴുന്ന കാലം.

lal salam
ലാൽ സലാം എന്ന ചിത്രത്തിൽ ഗീത, മോഹൻലാൽ, മുരളി. Photo Courtesy: youtube

പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നില്ല സിനിമയ്ക്ക്. പാര്‍ട്ടിയുടെ പോരാട്ടചരിത്രവും നേതാക്കളുടെ യാതനകളുമെല്ലാം പ്രവര്‍ത്തകരും നെഞ്ചേറ്റി. വലിയ സ്വീകാര്യത ബോക്‌സ് ഓഫീസിലും. എന്നാല്‍, അതായിരുന്നില്ല ഗൗരിയമ്മയുടെ പ്രതികരണം. സിനിമയെ കുറിച്ച് കേട്ടതുമുതല്‍ അസ്വസ്ഥയായിരുന്ന അവര്‍. പിന്നെ സിനിമ കണ്ടതോടെ രോഷം ഇരട്ടിച്ചു.

സിനിമയിലെ ഡി.കെ. ആന്റണിയുടെ പരസ്ത്രീബന്ധമായിരുന്നു ഗൗരിയമ്മയെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചത്. ടി.വി.തോമസിന്റെ ഈ ബന്ധമായിരുന്നല്ലോ അവരുടെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യത്തിന്റെ തുടക്കം. പിന്നെ പാര്‍ട്ടിയെ പോലെ ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞതിന്റെ കാരണവും ഇതുതന്നെ. ഈ കഥ വെള്ളിത്തിരയില്‍ കാണുന്നത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ഗൗരിയമ്മയ്ക്ക്. ആലപ്പുഴക്കാര്‍ക്ക് പരിചിതമായിരുന്നു സഖാവ് ടി.വി.യുടെ വിപ്ലവജീവിതത്തിലെ ഈ ഉപകഥ. എന്നാല്‍, അത് വെള്ളത്തിരയിലെത്തിയതോടെ കേരളം മുഴുവന്‍ പാട്ടായില്ലെ എന്നതായിരുന്നു ഗൗരിയമ്മയുടെ ന്യായം. അതിനു നിമിത്തമായതാവട്ടെ പഴയ സഖാവ് വര്‍ഗീസ് വൈദ്യന്റെ മകന്‍ ചെറിയാന്‍, പിന്നെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിശ്വനാഥന്‍ നായരുടെ മകന്‍ മോഹന്‍ലാല്‍, പോരാത്തതിന് കറകളഞ്ഞ കമ്മ്യൂണിസ്റ്റായ മുരളിയും. ഗൗരിയമ്മയുടെ മുറിവിന്റെ ആഴം കൂടാന്‍ ഇതും കാരണമായിരിക്കാം. പല വേദികളിലും അവര്‍ സിനിമയ്ക്കും ചെറിയാനുമെതിരേ വാളെടുത്തു. അവനെന്തറിയാം എന്ന് ചോദിച്ച് അഭിമുഖങ്ങളില്‍ പൊട്ടിത്തെറിച്ചു. എന്നാല്‍, ഒരിക്കല്‍പ്പോലും തന്നെ വിളിച്ച് ഗൗരിയമ്മ തന്റെ നീരസം പറഞ്ഞിരുന്നില്ലെന്ന് പറയുന്നു ചെറിയാന്‍. ഗൗരിയമ്മ പാര്‍ട്ടിയുമായി മെല്ലെ അകന്നു തുടങ്ങിയതിനാലാവണം, സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ കാര്യമായ എതിര്‍പ്പൊന്നുമായില്ല. ആരും വലിയ പ്രതികരണവുമായി ഇടപെട്ടതായും ഓര്‍മയില്ല ചെറിയാന്. പടം നൂറും നൂറ്റമ്പതും ദിവസം കഴിഞ്ഞ് നിറഞ്ഞോടുമ്പോഴും ഗൗരിയമ്മയുടെ രോഷം അടങ്ങിയിരുന്നില്ലെന്ന് മാത്രം ചെറിയാന്‍ അറിഞ്ഞു. ചുട്ടുപഴുപ്പിച്ച കാരിരുമ്പിനൊത്ത ആ  മനസ് അത്ര വേഗം അലിയില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളാണല്ലോ വര്‍ഗീസ് വൈദ്യന്റെ മകന്‍.

gowri amma
ഗൗരിയമ്മയുടെ വീട്ടിലെ കിടപ്പുമുറി. ഫോട്ടോ: സി.ബിജു

ഈ ചൂട് ചെറിയാന്‍ ശരിക്കും നേരിട്ടറിയുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുരളി ആലപ്പുഴയില്‍ മത്സരിക്കുമ്പോള്‍. വി.എം.സുധീരനുമായുള്ള കടുത്ത മത്സരമാണ്. വി.എസ് ആണ് പറഞ്ഞത് മുരളിയെയും കൂട്ടി ഗൗരിയമ്മയെ ഒന്ന് പോയി കാണാന്‍. ജെ.എസ്.എസ്. രൂപവത്കരിച്ച് ചരിത്രത്തില്‍ ആദ്യമായി മറുചേരിയിലേയ്ക്ക് ചേക്കേറാന്‍ ഒരുങ്ങിയിരിക്കുന്ന കാലമായിരുന്നു. ഒന്നും എളുപ്പം മറക്കുന്ന ആളല്ല ഗൗരിയമ്മ. അതുകൊണ്ട് തന്നെ ചെറിയൊരു ആശങ്കയുണ്ടായിരുന്നു ചേര്‍ത്തലയിലെ വീട്ടിലേയ്ക്ക് മുരുളിയെയും കൊണ്ടുപോകുമ്പോള്‍. വീട്ടിലേയ്ക്ക് നടന്നു ചെന്നുകയറുമ്പോള്‍ ഉമ്മറത്തിരിപ്പുണ്ട് ഗൗരിയമ്മ. കണ്ടപാടെ ഇടിവെട്ടുംപോലെ ഒരൊറ്റ ചോദ്യമാണ് മുരളിയോട്. 
'ഇവന്‍ പറഞ്ഞിട്ടായിരിക്കും താന്‍ നില്‍ക്കുന്നത്, അല്ലെ. സംശയം വേണ്ട, താന്‍ തോല്‍ക്കും. മുരളി അക്ഷരാര്‍ഥത്തില്‍ ഞെട്ടി. എന്നാല്‍, ഗൗരിയമ്മയില്‍ നിന്ന് മറുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല ചെറിയാന്‍. 
'അതാണവരുടെ സ്വഭാവം. ഒന്നും ഉള്ളില്‍ ഒളിപ്പിക്കാനറിയില്ല. എന്തും വെട്ടിത്തുറന്ന് പറയും.'
പിന്നെ മെല്ലെ തുണത്തശേഷം ഇരുവരെയും ചായ കൊടുത്ത് സത്കരിച്ചു. മുരളിയോട് തിരഞ്ഞെടുപ്പ് വിശേഷങ്ങളൊക്കെ ചോദിക്കുന്ന കൂട്ടത്തില്‍ വീണ്ടും ചെറിയാന് നേരെ. ഇക്കുറി സ്വതവേയുള്ള വിറയ്‌ക്കൊപ്പം അല്‍പം ഗൗരവം കൂടിയുണ്ട് വാക്കുകളില്‍.'
'നിനക്ക് എന്തറിയാം ടിവിയെ കുറിച്ച്. എന്തൊക്കെയാണ് സിനിമയില്‍ എഴുതിപ്പിടിപ്പിച്ചിരുക്കുന്നത്. നീ അകത്ത് കയറി ഒന്ന് നോക്ക്.'
 ടിവിയുടെ അപരരൂപമായ ഡി.കെയായി നിറഞ്ഞാടി മുരളിയെ നിര്‍ത്തിക്കൊണ്ടൊരു ആജ്ഞയായിരുന്നു. ചെറിയാന്‍ മെല്ലെ ശങ്കിച്ച് മറ്റാരും കണ്ടിട്ടില്ലാത്ത ഗൗരിയമ്മയുടെ കിടപ്പുമുറിയില്‍ കയറി. കയറിയപാടെ ചുമരു കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. ഉളളിലെ ആ ഞെട്ടല്‍ മുഖത്ത് ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല ചെറിയാന്. ചുമരു നിറയെ ടി.വിക്കൊപ്പമുള്ള ഗൗരിയമ്മയുടെ ചിത്രങ്ങള്‍. കല്ല്യാണത്തിന്റെ ഫോട്ടോയും സൂക്ഷിച്ചിട്ടുണ്ട് ഒട്ടും മങ്ങലേല്‍ക്കാതെ ഭദ്രമായി തന്നെ.
 ചെറിയാന്റെ മനസില്‍ ഒരു വലിയ കാലം ഒരൊറ്റ നിമിഷം കൊണ്ട് റീലുകളായി പിന്നോട്ടോടി. ഒപ്പം വലിയൊരു സങ്കടവും മനസില്‍ നിഴിലിട്ടു.
 'എന്തിന്റെ പേരില്‍ അകന്നതായാലും അതിന്റെ പേരില്‍ എന്തൊക്കെ കഥകളാണ് പ്രചരിച്ചതെങ്കിലും ഗൗരിയമ്മയും ടി.വിയും എത്രമാത്രം അഗാധമായി പരസ്പരം സ്‌നേഹിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും വേണ്ടിയിരുന്നില്ല എനിക്ക്. പുറമെ കാണുന്ന ഈ പരുക്കന്‍ പ്രകൃതത്തിന് പിറകിലെ നനവ് അന്നാണ് ഞാന്‍ ശരിക്കും തൊട്ടറിഞ്ഞത്. വല്ലാത്ത ബഹുമാനമാണ് എനിക്ക് അവരോട് തോന്നിയത്. ഒപ്പം സങ്കടവും. പാര്‍ട്ടിക്കുവേണ്ടിയല്ലെ അവര്‍ ഇതൊക്കെ ത്യജിച്ചത്. ഈ വേദന ഉള്ളില്‍പ്പേറിയല്ലെ അവര്‍ ഇത്രയും കാലം രാഷ്ട്രീയത്തില്‍ നിന്നത്‌ചെറിയാന്‍ പറഞ്ഞു.
ഞെട്ടല്‍ മറച്ചുവയ്ക്കാന്‍ പാടുപെട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും വിടാന്‍ ഒരുക്കമായിരുന്നില്ല ഗൗരിയമ്മ.
'നോക്കിക്കോ എന്റെ ആത്മകഥയില്‍ നിന്നെ കുറിച്ചായിരിക്കും ഞാന്‍ ഏറ്റവും അധികം എഴതുക.'

K. R. Gouri Amma and TV Thoas
ഗൗരിയമ്മയും ടി.വി.തോമസും വിവാഹിതരായപ്പോൾ. Photo: Mathrubhumi Archives

ചെറിയാന്‍ പിന്നെ ഗൗരിയമ്മയെ കാണുന്നത് അമ്മ മരിച്ചപ്പോഴാണ്. വര്‍ഷങ്ങള്‍ക്കുശേഷം അന്നാദ്യമായി അവര്‍ കല്‍പകവാടിയില്‍ വന്നു. കുറേ നേരം മൗനത്തിലാണ്ടിരുന്നു. എന്തൊക്കെയാവും അന്നാ മനസില്‍ തിരതല്ലിയതെന്ന് ചെറിയാന് നന്നായി അറിയാമായിരുന്നു. സിനിമയില്‍ മകന്‍ എഴുതിയത്തില്‍ കൂടുതലായിരുന്നു അക്കാലത്തെ തങ്ങളുടെ അനുഭവമെന്നായിരുന്നു സിനിമ കണ്ടശേഷം അമ്മയുടെ വെളിപ്പെടുത്തല്‍. 

'അക്കാലത്ത് ഞങ്ങളൊക്കെ അനുഭവിച്ചതിന്റെ നാലിലൊന്ന് പോലും സിനിമയില്‍ വന്നിട്ടില്ല. അത്രയും അനുഭവിച്ചിട്ടുണ്ട് ഞങ്ങളൊക്കെ അക്കാലത്ത്.' പതിനഞ്ചാം വയസില്‍ പ്രണയിച്ചയാളെ പിന്നെ മുപ്പത്തിയഞ്ചാം വയസില്‍ കണ്ട് ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയേണ്ടിവന്ന അമ്മയുടെ കഥ കാണിക്കാതെ പോയതില്‍ ഇന്നും സങ്കടമുണ്ട് ചെറിയാന്.

അതുകൊണ്ട് തന്നെ അന്നും ഇന്നും ഗൗരിയമ്മയോട് അങ്ങേയറ്റത്തെ ബഹുമാനമേ തനിക്കുള്ളൂവെന്ന് പറയുകയാണ് ചെറിയാന്‍. ഒരിക്കലും ഗൗരിയമ്മയെ വേദനിപ്പിക്കാനും മോശക്കാരിയാക്കാനും അച്ഛനെ ഗ്‌ളോറിഫൈ ചെയ്യാനും എടുത്ത സിനിമയല്ല ലാല്‍സലാം. അതില്‍ അവരെ ഒരിക്കല്‍പ്പോലും മോശക്കാരിയാക്കിയിട്ടില്ല. സിനിമയിലുടനീളം നല്ല തന്റേടിയാണ് സേതുലക്ഷ്മി. ഒരിക്കലും കുറ്റക്കാരിയാകുന്നുമില്ല. ഒടുക്കം വരെ നല്ല വ്യക്തിത്വമുള്ള കഥാപാത്രം തന്നെയായിരുന്നു അവരുടേത്. മോഹന്‍ലാലിന്റെ നെട്ടൂര്‍ സ്റ്റീഫന്‍ നായകനായതുകൊണ്ടു മാത്രമാവും ആളുകള്‍ക്ക് സേതുലക്ഷ്മിയോട് അല്‍പമെങ്കിലും നീരസമുണ്ടായത്. പക്ഷേ, ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ ഏതൊരു സ്ത്രീയും പ്രതികരിക്കുന്നത് പോലെ മാത്രമേ സിനിമയില്‍ സേതുലക്ഷ്മിയും ജീവിതത്തില്‍ ഗൗരിയമ്മയും പ്രതികരിച്ചിട്ടുള്ളൂ. അതില്‍ അവരെ പഴിക്കാനാവില്ല. അതിനെല്ലാം ഭര്‍ത്താവിന് കൂട്ടുനിന്നു എന്നൊരു ധാരണയുടെ പേരിലാണ് അവര്‍ക്ക് അച്ഛന്‍ വര്‍ഗീസ് വൈദ്യരുമായുള്ള വൈരാഗ്യമുണ്ടാവുന്നത് തന്നെ. അതിനെ ഊതിപ്പെരുപ്പിക്കാന്‍ ആളുകളുണ്ടായിരുന്നു എന്നു മാത്രം. ടി.വി. വിലക്കിയതുകൊണ്ടുമാത്രമാണ് അച്ഛന്‍ അന്നൊന്നും ഗൗരിയമ്മയെ പോയി കാണാതിരുന്നത്. അതുകൊണ്ടുതന്നെ ഗൗരിയമ്മ അവസാനകാലം വരെ അച്ഛനില്‍ നിന്നും അകന്നുനിന്നു.

'ഗൗരിയമ്മയേക്കാള്‍ കൂടുതല്‍ വേദന അനുഭവിച്ചവരാണ് ടി.വിയുമായി ബന്ധമുണ്ടായിരുന്ന സ്ത്രീ. അവര്‍ ഒരുപാട് അപവാദങ്ങള്‍ സഹിക്കേണ്ടിവന്നു. സമൂഹം അന്നോളം അവരെ മോശക്കാരിയായാണ് കണ്ടത്. വലുതാവുംതോറും അവരുടെ മകനും. ഒരു കലാകാരന്‍ എന്ന നിലയില്‍ അവരുടെ സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് എന്റെ മനസ് പറഞ്ഞത്.  അവരുമായി നല്ല ബന്ധമുണ്ടയിരുന്നു എനിക്ക്. അവന്‍ അനുഭവിച്ച വേദന നേരിട്ട കണ്ടനുഭവിച്ചയാളാണ് ഞാന്‍. പടം ഇറങ്ങിയപ്പോള്‍ ഒരൊറ്റ കാര്യമേ അവര്‍ എന്നോട് പറഞ്ഞുള്ളൂ. 'എനിക്കിനി സമാധാനപരമായ മരിക്കാം.' മകനും പിന്നെ തലയുയര്‍ത്തി നടക്കാമെന്നായി.-ചെറിയാന്‍ പറഞ്ഞു.

ഇതിനിടെ ഗൗരിയമ്മയുടെ മറ്റൊരു മുഖവും ഇക്കാലത്തിനിടെ ചെറിയാന്‍ കണ്ടിരുന്നു. 'ഈയൊരൊറ്റ സംഭവമാണ് ടി.വിയോടും അച്ഛനോടും പില്‍ക്കാലത്ത് സിനിമയുടെ പേരില്‍ എന്നോടുമുള്ള നീരസത്തിന്റെ കാരണമെങ്കിലും ടി.വിയുടെ മരണശേഷം ഗൗരിയമ്മ തന്നെയാണ് ആ മകന്റെ പലപ്പോഴും നോക്കിയത്. പലപ്പോഴും അവര്‍ക്ക് ആവശ്യമായ പണവുമൊക്കെ നല്‍കുകയും ചെയ്തിരുന്നു. ഗൗരിയമ്മയിലെ യഥാര്‍ഥ അമ്മ ഉണരുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്.'

1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ടി.വി. തോമസ് ആലപ്പുഴയിലും ഗൗരിയമ്മ ചേര്‍ത്തലയിലും ജയിച്ചു. എന്നാല്‍, ഇന്ന് കുട്ടനാടായി മാറിയ തകഴിയില്‍ മത്സരിച്ച വര്‍ഗീസ് വൈദ്യന്‍ മാത്രം തോറ്റു. ജയിച്ചാല്‍ ടിവിക്കും ഗൗരിയമ്മയ്ക്കുമൊപ്പം മന്ത്രിയാകേണ്ടിയിരുന്ന വൈദ്യരെ അന്ന് കുട്ടനാട്ടില്‍ തമ്പടിച്ചു തോല്‍പിച്ചത് സ്വന്തം അളിയന്മായിരുന്നു. പൂപ്പുള്ളി വീട്ടില്‍ നിന്ന് പെങ്ങളെ ഇറക്കിക്കൊണ്ടുപോന്നതിന്റെ ശിക്ഷ. ടി.വി.യുടെ ഉപദേശപ്രകാരം വൈദ്യര്‍ പിന്നെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് കോണ്‍ട്രാക്ടറായി. വലിയ കാശുകാരനായി. പിന്നെ ക്രമേണ പാര്‍ട്ടിയില്‍ നിന്ന് അന്യനായി. ഡാങ്കോയിസ്റ്റായി. ഗൗരിയമ്മയില്‍ നിന്നടക്കം പഴികള്‍ പലതും കേള്‍ക്കേണ്ടിവന്നെങ്കിലും ടിവിയുടെ മരണം വരെ കൂടെയുണ്ടായിരുന്നു വൈദ്യര്‍. ഒടുക്കം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ടിവി അര്‍ബുദത്തിന് കീഴടങ്ങുമ്പോള്‍ മരണക്കിടയ്ക്കരികില്‍ ചെറിയാനുമുണ്ടായിരുന്നു.

പക്ഷേ, അന്നും ഇന്നും ഗൗരിയമ്മയോട് യാതൊരുവിധ വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്ന് ചെറിയാന്‍ ആണയിടുന്നു. എനിക്കെന്നും ഗൗരിയമ്മയോട് ബഹുമാനമേയുള്ളൂ. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിപ്ലവകാരി തന്നെയാണവര്‍. വലിയ സമ്പന്നതയില്‍ നിന്നാണ് അവര്‍ വിപ്ലവത്തിന്റെ പൊള്ളുന്ന തീയിലേയ്ക്ക് എടുത്തുചാടിയത്. വിപ്ലവത്തിന്റെ ബാക്കിപത്രമായി മന്ത്രിയൊക്കെയായി സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടായെന്ന് പറയുമ്പോഴും അവര്‍ അനുഭവിച്ച നഷ്ടങ്ങളും വേദനകളും നമ്മള്‍ കാണാതെ പോകരുത്. പാര്‍ട്ടിക്കുവേണ്ടി വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചയാളാണ് ഗൗരിയമ്മ. കിടപ്പുമുറിയുടെ ചുമരില്‍ മാത്രമല്ല, അവരുടെ ജീവിതത്തില്‍ ഉടനീളം ഞാനത് നേരില്‍ കണ്ടനുഭവിച്ചതാണ്. പാര്‍ട്ടിക്കു വേണ്ടി മാത്രമാണ് അവര്‍ രണ്ടാമതൊരു ചിന്തകൂടാതെ ടി.വി.യുമായി പിരിയുന്നത്. അതിലും വലിയ ത്യാഗമൊക്കെ അതിന്റെ ഹൃദയവേദനയും ഞാന്‍ ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. അങ്ങനെയൊരാളെ ഒരിക്കലും സിനിമയിലൂടെ പോലും വേദനിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഗൗരിയമ്മയ്ക്ക് അച്ഛനെയും എന്നെയും കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ അച്ഛന്റെ ആത്മകഥ അയച്ചുകൊടുത്തത്. അതില്‍ തെറ്റിദ്ധാരണ നീക്കാനുള്ള കാര്യങ്ങള്‍ അക്കമിട്ടുതന്നെ ഞാന്‍ നിരത്തിയിട്ടുണ്ട്. പുസ്തകം വായിച്ചശേഷം ഗൗരിയമ്മ വിളിച്ചിട്ടില്ല. അവര്‍ക്ക് പക്ഷേ, കാര്യങ്ങള്‍ മനസിലായിട്ടുണ്ടാവും എന്നു തന്നെയാണ് ആ മൗനത്തില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കുന്നത്. നേരെ വാ നേരേ പോ എന്നൊരു വഴി മാത്രമേ ഗൗരിയമ്മയ്ക്ക് അറിയൂ. ഒരുപക്ഷേ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും അങ്ങനെ ഒരാളേ ഉണ്ടാവൂ.-ലാല്‍ സലാം ഇറങ്ങി മുപ്പതാണ്ടിനുശേഷവും ചെറിയാന് സംശയം ഒട്ടുമില്ല.

Content Highlights: Cheriyan Kalpakavadi Opens Up About Movie Lal Salam And K. R. Gouri Amma Mohanlal TVThomas