തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലിയാഘോഷങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. തുടര്‍ന്ന് 21 മുതല്‍ 26 വരെ വിപുലമായ ആഘോഷങ്ങള്‍ നടക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവര-പൊതുജനസമ്പര്‍ക്ക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്​പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്ഘാടനശേഷം പ്രഭാവര്‍മ്മ രചിച്ച് രമേശ് നാരായണന്‍ സംഗീതം നിര്‍വഹിച്ച് പി.ജയചന്ദ്രനും വൈക്കം വിജയലക്ഷ്മിയും ആലപിച്ച വജ്രജൂബിലി മുദ്രാഗാനത്തിന്റെ പ്രത്യേക കൊറിയോഗ്രാഫി അവതരിപ്പിക്കും. തുടര്‍ന്ന് പി.ജയചന്ദ്രന്റെയും പി.സുശീലയുടെയും നേതൃത്വത്തില്‍, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഗായകരുടെ ഗാനമേള നടക്കും.

തുടര്‍പരിപാടികള്‍ 21 മുതല്‍ 26 വരെ നിശാഗന്ധി ഓഡിറ്റോറിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലുമായി നടക്കും. വിവിധ വിഷയങ്ങളില്‍ ശില്പശാലകള്‍, വനിതാ പാര്‍ലമെന്റ്, ചിത്രപ്രദര്‍ശനം എന്നിവയുണ്ടാകും. എന്നും വൈകീട്ട് നിശാഗന്ധിയില്‍ പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ആഘോഷത്തിന്റെ ഭാഗമായി ആദ്യ നിയമസഭയില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ, ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ അവരുടെ വീടുകളിലെത്തി ആദരിക്കും.

ആഘോഷസമാപനം 26ന് വൈകീട്ട് അഞ്ചുമണിക്ക് നിശാഗന്ധിയില്‍ ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.