കോഴിക്കോട്: 1957ലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിച്ചിരുന്നത് ടി വി തോമസായിരുന്നെങ്കില്‍ ആ മന്ത്രിസഭ ഒരു പക്ഷേ, കാലാവധി തികയ്ക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി എം പി പറഞ്ഞു. ''ടി വി തൊഴിലാളി നേതാവായിരുന്നു. തൊഴിലാളി നേതാക്കള്‍ നിത്യേന എത്രയോ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും മറ്റുമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ കുറെക്കൂടി സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ ടി വിക്ക് കഴിയുമായിരുന്നു.'' മാതൃഭൂമിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ വയലാര്‍ രവി ചൂണ്ടിക്കാട്ടി.

''ഇ എം എസ് മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിയോ വ്യക്തിത്വമോ കുറച്ചുകാണാനാവില്ല. പക്ഷേ, ടി വിക്ക് കാര്യങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ കൈകാര്യം ചെയ്യാനാവുമായിരുന്നു. സെല്‍ഭരണമാണ് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ശാപമായത്. ഇതിനെ നിയന്ത്രിക്കാതിരുന്നതാണ് മന്ത്രിസഭയുടെ പിരിച്ചുവിടലിന് വഴിയൊരുക്കിയത്.'' സെല്‍ഭരണം ശരിക്കും ഭീകരമായിരുന്നെന്ന് വയലാര്‍ രവി പറഞ്ഞു. ''സാധാരണക്കാര്‍ക്ക് ജീവിതം അസഹ്യമായി. പാര്‍ട്ടി അണികള്‍ നിയമം കൈയ്യിലെടുത്തതോടെ സമധാനമായി ജീവിക്കാന്‍ പറ്റാതായി.'' ഒരു യോഗം കഴിഞ്ഞ് വരവെ തന്നെ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് അടിക്കാന്‍ വന്നത് വയലാര്‍ രവി ഓര്‍മ്മിച്ചു. ''ചന്ദ്രപ്പന്റെ ചേട്ടന്‍ കൃഷ്ണപ്പനാണ് അന്നെന്നെ രക്ഷിച്ചത്. കൈയ്യൂക്ക് കൊണ്ട് എന്തും ചെയ്യാം എന്ന് കമ്മ്യൂണിസ്റ്റുകാര്‍ വിചാരിച്ചതാണ് പ്രശ്‌നമായത്.''

പുതുതായി രൂപം നല്‍കിയ കെ എസ് യുവിന്റെ പ്രവര്‍ത്തനങ്ങളുമായി പലയിടത്തും സഞ്ചരിക്കുകയായിരുന്നു അന്ന് വയലാര്‍ രവി. 1957ല്‍ രവിക്ക് 20 വയസ്സാണ് പ്രായം. യൗവ്വനതീക്ഷ്ണമായ ആ നാളുകളിലാണ് കേരളത്തില്‍ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രവി പക്‌ഷേ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍ ക്യാമ്പിലെ ശക്തനായ പ്രചാരകനും പ്രാസംഗികനുമായിരുന്നു. വിമോചന സമരത്തിലും ഇ എം എസ് മന്ത്രിസഭയെ നെഹ്‌റു സര്‍ക്കാര്‍ പിരിച്ചുവിട്ടതിലും ഖേദമൊട്ടുമില്ലെന്നും രവി പറഞ്ഞു.

mathrubhumi EMS Ministry
ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റെടുത്ത വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം

 

ജാതി-മത ശക്തികളുടെ കൂട്ടുകെട്ടാണ് വിമോചന സമരത്തിലൂടെ കമ്മ്യൂണസ്റ്റ് സര്‍ക്കാരിനെതിരെ തിരിഞ്ഞതെന്ന ആരോപണം വയലാര്‍ തള്ളിക്കളയുന്നു. ''ജാതി-മത ശക്തികളെ ഏറ്റവുമധികം കൂട്ടുപിടിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കേരളത്തില്‍ ശക്തമായ ക്രിസ്ത്യന്‍ വിരുദ്ധ പ്രചാരണം നടത്തിയാണ് 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചത്. ഈഴവ സമുദായ വോട്ടുകള്‍ ഏതാണ്ട് ഒന്നടങ്കം പിടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞതിന് പിന്നില്‍ ഈ പ്രചാരണമുണ്ടായിരുന്നു.''

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നതിന് സി ഐ എ പണം നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് വയലാര്‍ രവി വ്യക്തമാക്കി. ''വിമോചന സമരത്തിന് സി ഐ എ യുടെ പണം ആവശ്യമുണ്ടായിരുന്നില്ല. കേരളത്തിലെ പല ധനികരും ഈ സമരത്തിന് അനുകൂലമായിരുന്നു. സാമ്പത്തികമായി സഹായിക്കാന്‍ അവര്‍ക്ക് മടിയുമുണ്ടായിരുന്നില്ല.''

1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച സംഭാവന ഭൂപരിഷ്‌കരണം തന്നെയാണെന്ന് വയലാര്‍ രവി പറയുന്നു. ''പത്ത് സെന്റ് ഭൂമി കുടിയാന് നല്‍കാനുള്ള തീരുമാനം എന്തുകൊണ്ടും ഗംഭീരമായിരുന്നു. ഈ നേട്ടത്തിന്റെ ബഹുമതി ഇ എം എസ് സര്‍ക്കാരിന് നല്‍കുക തന്നെ വേണം.''