തിരുവനന്തപുരം: കേരളത്തില്‍ ആദ്യ ജനാധിപത്യ ഭരണകൂടം അധികാരത്തിലേറിയത് ഇന്നേക്ക് ആറു പതിറ്റാണ്ട് മുമ്പ്. തെരഞ്ഞെടുപ്പിലൂടെ ലോകത്തിലെ രണ്ടാമത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരണമേറ്റ 1957 ഏപ്രില്‍ അഞ്ചിന്റെ നേര്‍സാക്ഷികളിലൊരാള്‍ ആ കാലമോര്‍മ്മിച്ച് വിശ്രമജീവിതത്തിലാണിപ്പോള്‍. 

കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ സി.പി.ഐ നേതാവ് ഇ.ചന്ദ്രശേഖരന്‍ നായര്‍. സര്‍ക്കാറിന്റെ ഭാഗമായിരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ കെ.ആര്‍ ഗൗരിയാണെന്ന് അദ്ദേഹം പറയുന്നു.

കേരള വികസന മാതൃകയ്ക്ക് അടിത്തറ പാകിയ സര്‍ക്കാര്‍

കേരള വികസന മാതൃകയ്ക്ക് അടിത്തറ പാകിയത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരാണെന്ന് 88ാം വയസിലും നിസ്സംശയം പറയുകയാണ് ചന്ദ്രശേഖരന്‍ നായര്‍. എല്ലാ ഒഴിപ്പിക്കലും അവസാനിപ്പിച്ച് ഏക സമ്പത്തായ ഭൂമിയുടെ നീതിപൂര്‍വമായ വിതരണം ഉറപ്പാക്കുന്ന നിയമം നടപ്പാക്കിയത് ആദ്യ സര്‍ക്കാരാണ്. 

E Chandrasekharan Nair

പ്രൈമറി സ്‌കൂളുകള്‍ എല്ലായിടത്തും സ്ഥാപിച്ചു. മലബാര്‍ മേഖലയില്‍ 67 ഹൈസ്‌കൂളുകള്‍ സ്ഥാപിച്ചു. അദ്ധ്യാപകര്‍ക്ക് സ്ഥിരജോലി കൊടുക്കുകയും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തുകയും ചെയ്തു. ഗ്രാമങ്ങളില്‍വരെ ആശുപത്രികള്‍ വ്യാപിപ്പിച്ചു. ഇതൊക്കെ ചെയ്ത് അവസാനംവരെ ഭൂരിപക്ഷം നിലനിര്‍ത്തിയിട്ടും അടിസ്ഥാന ജനാധിപത്യം ഇല്ലാതാക്കി, നെഹ്റുവിന്റെ കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തെ പ്രഗത്ഭരെ കൂടാതെ പ്രതിപക്ഷവും മികച്ച സാമാജികരാല്‍ നിറഞ്ഞിരുന്നു. പട്ടം താണുപിള്ള, പി.ടി ചാക്കോ, സി.എച്ച് മുഹമ്മദ് കോയ എന്നിങ്ങനെ.. സഭയില്‍ വാദപ്രതിവാദങ്ങളായിരുന്നു കൂടുതലും. വാക്കൗട്ട് പോലും അപൂര്‍വമായിരുന്നു.

തൊഴിലാളികളുടെ സ്വന്തം സര്‍ക്കാര്‍

പെന്‍ഷനും ബോണസും ആവശ്യപ്പെട്ട് 1954ല്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് സമരത്തില്‍ താനുള്‍പ്പെടെ ജയിലിലായതായി ചന്ദ്രശേഖരന്‍ നായര്‍ ഓര്‍ക്കുന്നു. അതേ ആളുകള്‍ അധികാരത്തിലേറിയപ്പോള്‍ വാക്ക് മാറിയില്ല. ആദ്യം നടപ്പാക്കിയത് തൊഴിലാളികളുടെ ആവശ്യമായിരുന്നു. ടി.വി തോമസായിരുന്നു തൊഴില്‍മന്ത്രി. ഇന്നും ഇവിടെ കര്‍ഷകത്തൊഴിലാളിക്ക് നല്ല കൂലി കിട്ടുമ്പോള്‍ ആദ്യ സര്‍ക്കാറിന്റെ ഇടപെടല്‍ മറക്കാനാകില്ല. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുകയായിരുന്നു സര്‍ക്കാര്‍.

വാക്കൗട്ട് അപൂര്‍വമായ സഭ

അധികാരത്തിലെത്തുമെന്ന് താനുള്‍പ്പെടെ പാര്‍ട്ടിക്കാര്‍ക്ക് പോലും ആത്മവിശ്വാസമില്ലാതിരുന്നിട്ടും സെക്രട്ടറി എം.എന്‍ ഗോവിന്ദന്‍നായര്‍ക്ക് അതുണ്ടായിരുന്നു. എല്ലാവരും കമ്മ്യൂണിസ്റ്റുകാരാകാന്‍ ആഗ്രഹിച്ച കാലത്ത് താല്‍ക്കാലിക സ്പീക്കറായ റോസമ്മ പുന്നൂസിന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരമേറ്റത്. പിന്നീട് ശങ്കരനാരായണന്‍ തമ്പി സ്പീക്കറായി. ഭരണപക്ഷത്തെ പ്രഗത്ഭരെ കൂടാതെ പ്രതിപക്ഷവും മികച്ച സാമാജികരാല്‍ നിറഞ്ഞിരുന്നു. പട്ടം താണുപിള്ള, പി.ടി ചാക്കോ, സി.എച്ച് മുഹമ്മദ് കോയ എന്നിങ്ങനെ.. സഭയില്‍ വാദപ്രതിവാദങ്ങളായിരുന്നു കൂടുതലും. വാക്കൗട്ട് പോലും അപൂര്‍വമായിരുന്നു.

E Chandrasekharan Nair

പടിയിറക്കിയ പരിഷ്‌കാരങ്ങള്‍

ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമാണ് സര്‍ക്കാറിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ആയുധമാക്കിയത്. ഭൂപരിഷ്‌കരണത്തില്‍ ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സായിരുന്നു ആദ്യം വന്നത്. ഭൂനയ ബില്ലിനായി രൂപീകരിച്ച ഒമ്പതംഗ കമ്മിറ്റിയില്‍ താനും അംഗമായിരുന്നു. തര്‍ക്കങ്ങളില്ലാത്ത ബില്ല് അച്യുതമേനോന്‍ അവതരിപ്പിക്കുകയും കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. 37 ലക്ഷം കുടികിടപ്പുകാര്‍ക്ക് ജീവന്റെ ഭീഷണി ഇല്ലാതാക്കുന്നതായിരുന്നു ബില്ല്. എന്നിട്ടും കേന്ദ്രസര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ കോണ്‍ഗ്രസും വിവിധ സാമുദായിക സംഘടനകളും അതിനെതിരെ സമരം ചെയ്ത് സര്‍ക്കാറിനെ പടിയിറക്കുകയായിരുന്നു. വികെ കൃഷ്ണമേനോന്‍ അന്ന് പിരിച്ചുവിടലിന് എതിരായിരുന്നു.

സര്‍ക്കാര്‍ താഴെയിറങ്ങേണ്ട സാഹചര്യമൊന്നും അന്നില്ലായിരുന്നു. പക്ഷേ, പ്രശ്നം കൂടുതല്‍ രൂക്ഷമായപ്പോള്‍തന്നെ സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് പാര്‍ട്ടിയ്ക്ക് ധാരണയുണ്ടായിരുന്നു. അന്നത്തെ ദേശീയ സെക്രട്ടറി അജയഘോഷ് ചെയ്യാനുള്ളതൊക്കെ ചെയ്തോളാന്‍ നേരത്തെ വിളിച്ചു പറഞ്ഞതും ഓര്‍ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമായിരുന്നു അത് -അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.