സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര ഭരണം
പിരിച്ചുവിട്ടത്‌ വിമോചന  സമരത്തെത്തുടർന്ന് 1959 ജൂലായ്‌ 31

1957-ലെ കേരളസർക്കാർ ഒരു പരീക്ഷണം മാത്രമല്ല, ഒരു ദാർശനിക സംഭാവനകൂടിയായിരുന്നു. മൂന്നാം ലോകത്തെ ഒരു മുതലാളിത്തരാജ്യത്ത്, തിരഞ്ഞെടുക്കപ്പെടുന്ന കമ്യൂണിസ്റ്റ് സർക്കാരുകൾക്ക് എങ്ങനെ പ്രവർത്തിക്കാം എന്നതിന് ഒരു തത്ത്വം സൃഷ്ടിക്കപ്പെട്ടു, പില്ക്കാലത്ത് പശ്ചിമബംഗാളും ത്രിപുരയും ഈ സർക്കാരിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു. സോവിയറ്റ് യൂണിയനും ചൈനയ്ക്കും ഒപ്പമുള്ള ഒരു സോഷ്യലിസ്റ്റ് പരീക്ഷണമാണ് കേരളം എന്നുപറയാൻ കഴിയുകയില്ല. സോഷ്യലിസത്തിലേക്ക് മുന്നേറാനുള്ള  ജനകീയമുന്നണി വളർത്തിയെടുക്കുന്നതിൽ ഇത്തരം പരീക്ഷണങ്ങൾക്കുള്ള പങ്കിന്റെ പ്രധാന്യം നമ്മൾ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനങ്ങൾ നാളത്തെ ജനാധിപത്യ, സോഷ്യലിസ്റ്റ് പ്രയോഗങ്ങൾക്ക് അവഗണിക്കാനാവാത്ത ഒരു ചരിത്രമാണ്.

1957-നുശേഷം ലോകവും കേരളവും ഒരുപാടു മാറി. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ വളർച്ച ലോകമുതലാളിത്തത്തിന് പുതിയ പിടിവള്ളികൾ നല്കി.  ഭൂപരിഷ്കരണം നടന്നെങ്കിലും സമൂഹത്തിലെ ഏറ്റവും താഴെയുള്ള ദളിതരിലൊരുവിഭാഗം ഇന്നും ഭൂരഹിതരായി കഴിയുന്നു. ഈ പ്രശ്നം അഭിമുഖീകരിക്കുക കേരളത്തിന്റെയും കമ്യൂണിസ്റ്റുകാരുടെയും മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.  വിദ്യാഭ്യാസരംഗത്ത് വലിയ വളർച്ചയുണ്ടായി. പക്ഷേ, ഇക്കാലത്തുണ്ടായ മുതലാളിത്തവത്‌കരണം കച്ചവടവിദ്യാഭ്യാസത്തെ കൂടുതൽ വളർത്തി. അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ചമാതൃക കേരളമാണ്. ‘സ്വാതന്ത്ര്യലബ്ധിയും കേരളസംസ്ഥാന രൂപവത്‌കരണവും കഴിഞ്ഞാൽ ഈ സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ വിപ്ലവകരമായ പ്രസ്ഥാനമാണ് ജനകീയാസൂത്രണം’ - എന്ന് സഖാവ് ഇ.എം.എസ്. പറഞ്ഞിട്ടുണ്ട്.   ആധുനികീകരണവും സാമ്പത്തികവളർച്ചയും പുതിയസാഹചര്യത്തിൽ എങ്ങനെയാവണം എന്നതിനുള്ള പദ്ധതികളുണ്ടാക്കാൻ കമ്യൂണിസ്റ്റുകാർക്കേ കഴിയൂ.  ഇത് പാരിസ്ഥിതികസന്തുലനത്തോടെയേ ആകാവൂയെന്നതിൽ സംശയമൊന്നുമില്ല. 

സ്ത്രീകളുടെ തുല്യസ്ഥാനത്തിനും ജാതിമതസ്വത്വങ്ങളുടെപേരിൽ സമൂഹത്തെ വിഘടിപ്പിക്കുന്നതിനെതിരെ പോരാടാനുമുള്ള കടമ കമ്യൂണിസ്റ്റുകാരുടേതാണ്.1959-ലെ വിരുദ്ധമുന്നണിയുടെ തുടർച്ചയാണ് കേരളത്തിലെ വർഗീയതയുടെയും ജാതീയതയുടെയും വളർച്ച. ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു പാർട്ടി ഇന്ന് ഡൽഹിയിൽ അധികാരത്തിലിരിക്കുമ്പോൾ ഈ വിരുദ്ധമുന്നണിയെ നേരിടുന്നതിന് പുതിയ ആലോചനകൾ വേണം. കേരളത്തിനായി (ഇന്ത്യയുടെ ഭാഗമായി) സിദ്ധാന്തത്തിലും പ്രയോഗത്തിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് പദ്ധതി കമ്യൂണിസ്റ്റുകാരുടെ പൂർത്തിയാക്കപ്പെടാത്ത കടമയാണ്.