ആലപ്പുഴ:  ആദ്യ മന്ത്രിസഭയെ നയിക്കാന്‍ ഇ.എം.എസിനെ എങ്ങനെയാണ്  തിരഞ്ഞെടുത്തത്? ഇതിനുപിന്നില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്കുള്ളില്‍ എന്തെങ്കിലും അന്തര്‍ നാടകമുണ്ടായിരുന്നോ? മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇപ്പോഴും സംശയം അവസാനിച്ചിട്ടില്ല.ആദ്യമന്ത്രിസഭാംഗങ്ങളില്‍  ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് കെ.ആര്‍. ഗൗരിയമ്മ. 97-ാം വയസ്സിലും അന്നത്തെ ഓര്‍മകള്‍ക്ക് കണ്ണാടിത്തിളക്കം. 

'1952 മുതല്‍ 57 വരെ തിരുക്കൊച്ചിയില്‍ പ്രതിപക്ഷനേതാവായിരുന്നത് ടി.വി. തോമസാണ്. ടി.വി.യെ മോശക്കാരനായി ആരും കണക്കാക്കിയിട്ടില്ല. പലസമരവും നയിച്ച് കഴിവുതെളിയിച്ച പ്രഗല്ഭന്‍. 57-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇ.എം.എസ്. എങ്ങനെ നിയമസഭാകക്ഷി നേതാവായെന്ന് എനിക്കറിയില്ല.  ജാതിയായിരുന്നോ കാരണമെന്നും അറിയില്ല'' -ഗൗരിയമ്മ പറഞ്ഞു.

''ഞാന്‍ പാര്‍ട്ടിയുടെ ജില്ലാക്കമ്മിറ്റി അംഗമായിരുന്നു. തീരുമാനം സംസ്ഥാനകമ്മിറ്റിയുടേതും.  സംസ്ഥാനകമ്മിറ്റിയില്‍ അന്ന് എന്താണ് നടന്നതെന്ന് അറിയില്ല. അന്ന് വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. '87-ലും സംഭവിച്ചതറിയില്ലേ ? 'കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും' എന്നായിരുന്നല്ലോ പ്രചാരണം. എല്‍.ഡി.എഫ്. നല്ല ഭൂരിപക്ഷവും നേടി. പിന്നെന്താ നടന്നത്? ഉറങ്ങിക്കിടന്ന ഇ.കെ. നായനാരെ വിളിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കി.''

അതില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് 'എന്തിന്?' എന്ന് ഉത്തരം. ''മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാവുന്ന കാര്യങ്ങള്‍ ചെയ്യുകയാണ് പ്രധാനം. അങ്ങനെ കുറേയൊക്കെ ചെയ്യാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം.''

കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ പ്രത്യയശാസ്ത്ര വൈരുധ്യങ്ങളെ ഗൗരിയമ്മ പരിഹസിച്ചു. ''സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കുമെന്നുപറഞ്ഞിട്ട് പിന്നീട് അതിനെ തള്ളിപ്പറഞ്ഞില്ലേ? അതുകൊണ്ടാണല്ലോ നക്‌സലുകള്‍ വളര്‍ന്നത്. എന്നെ സി.പി.എമ്മില്‍നിന്ന് 24 കൊല്ലംമുമ്പ് പുറത്താക്കി. ഈയിടെ വന്ന് നേതാക്കള്‍ പറഞ്ഞു, അത് തെറ്റായിപ്പോയെന്ന്. എം.വി. രാഘവനെയും ഇതുപോലെ പുറത്താക്കി. ഇപ്പോള്‍ എം.വി. രാഘവന്റെ പേരില്‍ മലബാറില്‍ ആശുപത്രി പണിയാന്‍ പോകുകയാണെന്നുകേട്ടു''. രാഷ്ട്രീയക്കാരെ പൊതുവേ വെറുത്തിരിക്കയാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍നിന്നുയര്‍ന്ന ഗൗരിയമ്മ പറയുന്നു-''എല്ലാം കള്ളന്മാരാണ്. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.''