ആദ്യമന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ പാവങ്ങളുടെ മോശം ജീവിതസാഹചര്യമായിരുന്നു പ്രശ്നം. ജോലിക്ക്‌ മതിയായ കൂലിയില്ല, കർഷകത്തൊഴിലാളികൾക്കും കയർത്തൊഴിലാളികൾക്കും ജീവിക്കാൻ ബുദ്ധിമുട്ട്, ഭൂരഹിതർ അനേകം, കുടികിടപ്പുകാർ, കുടിയാന്മാർ അവരുടെ പ്രശ്നങ്ങൾ വേറെ... പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങളുടെ അവസ്ഥയും ഗൗരവമുള്ളതായിരുന്നു. പറയാനേറെയുണ്ട് അക്കാലത്തെ ദുരിതങ്ങൾ.പെൺകുട്ടികളൊക്കെ സ്കൂളിൽപ്പോയി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അക്കാലത്ത്.

ഇന്ന് നമ്മൾ സാക്ഷരതയിൽ നൂറുശതമാനം നേടി. പക്ഷേ, പെണ്ണുങ്ങൾക്ക്‌ വഴിയിലിറങ്ങി നടക്കാനാവില്ല. യൗവനകാലത്ത്, സാമാന്യം നല്ല സൗന്ദര്യമുണ്ടായിരുന്ന എനിക്ക് ബസ്സിറങ്ങി രാത്രിയിൽ വീട്ടിൽ പോകാൻ ആരെയും പേടിക്കണ്ടായിരുന്നു. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം സ്ത്രീസുരക്ഷയാണ്. അഴിമതിയും മറ്റുകാര്യങ്ങളും അതുകഴിഞ്ഞേയുള്ളൂ. ധൈര്യപൂർവം ഒരു സ്ത്രീക്ക് വഴിനടക്കാൻ കഴിയുന്നില്ലെങ്കിൽപ്പിന്നെ ജീവിതനിലവാരം ഉയർന്നിട്ടെന്തുകാര്യം? സാക്ഷരത നൂറുശതമാനമായതുകൊണ്ട്‌ എന്തുനേട്ടം?

സ്ത്രീയും പുരുഷനും ഐക്യപ്പെട്ടുപോകാൻ പാകത്തിൽ സമൂഹം വളരുകയാണ് ഇതിന്‌ പ്രതിവിധി. പെണ്ണുങ്ങൾ നല്ലവരാണ്. അവരെ ചീത്തയാക്കുന്നത് ആണുങ്ങളാണ്. ജാതിവികാരം എക്കാലത്തുമുണ്ട്. അന്ന് ജാതിവിചാരത്തിൽ ആത്മാർഥതയുണ്ടായിരുന്നു. ഇന്ന് അതില്ല. ഇന്ന് സ്വന്തം കാര്യം സാധിക്കാനാണ് ജാതി പറയുന്നത്.വല്യ നേതാവല്ലേ അച്യുതാനന്ദൻ? അങ്ങേരും പറയുന്നുണ്ട് ജാതി. പാർട്ടിയിലുണ്ടായിരുന്നപ്പോൾ എന്നെ വി.എസിന്റെ ഭാഗത്തേക്കുവിളിച്ചു.

അവസാനം കാര്യംവന്നപ്പോൾ പാർട്ടിയിൽ എനിക്കെതിരെ വോട്ടും ചെയ്തു. ആദ്യമന്ത്രിസഭയിൽ മന്ത്രിമാരുടെ ശമ്പളം 500 രൂപയാക്കി നിശ്ചയിച്ചു.  പാർട്ടിയുടെ ‘പോഴത്ത’മായിരുന്നു അത്. നാട്ടിൽനിന്ന്‌ വരുന്നവരെല്ലാം മന്ത്രിമന്ദിരത്തിലെത്തും. എല്ലാവർക്കും ചായകൊടുക്കാൻ പാലിനുപോലും പ്രയാസം. ഒടുവിൽ അവിടെ പശുവിനെ വളർത്തേണ്ടിവന്നു.   ഇന്ന് ഇവിടെ നടക്കുന്നതെല്ലാം മഹാഭാരതത്തിൽ എഴുതിവെച്ചിട്ടുണ്ട്.  ഭാരതത്തിന്റെ അവസാന അധ്യായം വായിച്ചാൽ മതി. എല്ലാം ദീർഘവീക്ഷണം ചെയ്തിരിക്കുകയാണതിൽ. പെണ്ണുങ്ങളുടെ അവസ്ഥയും മനുഷ്യന്റെ ആർത്തിയും എല്ലാം അതിൽ പറയുന്നുണ്ട്.