കോഴിക്കോട്: സ്വപ്നനഗരിയില്‍ ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കുന്നത് കോഴിക്കോട്ടുകാരി സുധാ രഞ്ജിത്തിന്റെ ശബ്ദമാധുരിയിലാണ്. പ്രധാനമന്ത്രിക്കുമുമ്പില്‍ പാടാന്‍ അവസരം കിട്ടിയതില്‍ മനംനിറഞ്ഞ സന്തോഷത്തിലാണ് സുധ.

''പെട്ടെന്നുകൈവന്ന അവസരമാണ്. ഗുരുക്കന്‍മാരുടെ അനുഗ്രഹം തന്നെയാണിത്.  പ്രധാനമന്ത്രിയുടെ മുന്നില്‍ പാടാന്‍ പറ്റുകയെന്നത് എന്നെ സംബന്ധിച്ച് സ്വപ്ന നേട്ടമാണ്. കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട വി.വി.ഐ.പി.കളെല്ലാമുള്ള വേദി. ദേശാഭിമാന ഗീതങ്ങളാണ് പാടാന്‍ പറഞ്ഞിരിക്കുന്നത്. വന്ദേമാതരത്തിന്റെ സ്ഥിരം രീതിയില്‍നിന്നുമാറി എല്ലാ വരികളും ചേര്‍ത്ത് മുഴുവനായും പാടുന്നുണ്ട്. കൂടാതെ ഭജനുകളും തയ്യാറാക്കി വെച്ചിട്ടുണ്ട്. സമയത്തിനനുസരിച്ച് ആലപിക്കും''- സുധ പറഞ്ഞു.

കോഴിക്കോട് ചാലപ്പുറം സ്വദേശിയായ സുധാ രഞ്ജിത്ത് അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞയാണ്. നാലുവയസ്സില്‍ത്തന്നെ സംഗീതം  പഠിക്കാന്‍ തുടങ്ങിയ സുധയുടെ ആദ്യഗുരു മണ്‍മറഞ്ഞ നീലമണ്ണ കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു. ചെന്നൈയിലുള്ള പ്രശസ്ത കര്‍ണാടക സംഗീത വിദഗ്ധന്‍ സുഗുണ വരദാചാരിക്കു കീഴിലാണ് ഇപ്പോള്‍ പഠനം തുടരുന്നത്. വിവാഹശേഷം ഭര്‍ത്താവ് ഡോ. രഞ്ജിത്ത് നാരായണനും സുധയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി.

 2008-ലെ സൂര്യ സംഗീതോത്സവമാണ് സുധയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സൂര്യ ഫെസ്റ്റിവലിനൊപ്പം പത്തോളം വിദേശരാജ്യങ്ങളില്‍ അവര്‍ കച്ചേരി നടത്തി. അറിയപ്പെടുന്ന ഗസല്‍ ഗായിക കൂടിയാണ് സുധാ രഞ്ജിത്ത്.