കോഴിക്കോട്:   കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഒരു ശക്തിക്കും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാകില്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ വിഷയത്തില്‍ ഭരണഘടന അംഗീകരിക്കാത്ത ആരുമായും ചര്‍ച്ചക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം. കശ്മീര്‍ വിഷയത്തില്‍ ആരുമായും വിട്ടുവീഴ്ചക്കില്ല. ഭീകരവാദത്തെ പാകിസ്താന്‍ പരസ്യമായി പിന്തുണയ്ക്കുന്നു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ അന്തിമ വിജയം ഇന്ത്യയ്ക്കാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തിനെ ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയാകാം. എന്നാല്‍ കശ്മീര്‍ വിട്ടുകിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്നും സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് തീര്‍ത്ഥസ്ഥലമാണെന്നും ഇവിടെവച്ചാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. 

ജനസംഘത്തില്‍ നിന്ന ബി.ജെ.പിവരെയുള്ള 50 വര്‍ഷത്തെ യാത്ര അനുസ്മരിച്ചുകൊണ്ടാണ് അമിത്ഷാ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.  ദീനദയാല്‍ ഉപാധ്യായയുടെ ജന്‍മ ശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരില്‍വരെ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് വിശദീകരിച്ചു. മാത്രമല്ല വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അവിടെ അധികാരത്തിലെത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. രാവിലെ ഒമ്പതരക്കാണ് യോഗം ആരംഭിച്ചത്.  പ്രധാനമന്ത്രി സമ്മേളനത്തിന് പതാക ഉയര്‍ത്തി. ഇന്ന് വൈകിട്ട് നാലിനാണ് പ്രധാനമന്ത്രി സംസാരിക്കുക. വിവധ വിഷയങ്ങളില്‍ കൗണ്‍സില്‍ പ്രമേയം പാസാക്കും.