കോഴിക്കോട്:  കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശം.
 ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗവേദിയില്‍വെച്ചാണ് ഡി.ജി.പിക്ക് മുന്നില്‍ മന്ത്രി തെരുവുനായ പ്രശ്നം അവതരിപ്പിച്ചത്. തെരുവുനായ്ക്കളെ കൊല്ലുന്ന ക്രൂരത കേരളത്തില്‍ രൂക്ഷമാണെന്ന് മന്ത്രി പറഞ്ഞു. നായ്ക്കളെ കൊന്നൊടുക്കുന്നതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണ്. അവരെ കണ്ടെത്തി കേസെടുക്കണം. ശല്യക്കാരല്ലാത്ത പട്ടികളേയും കൊന്നൊടുക്കുകയാണ്. ഇതനുവദിക്കരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചതായി ഡി.ജി.പി പറഞ്ഞു.
 കേന്ദ്രനിയമം ലംഘിച്ച് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയെ അറിയിച്ചതായും ബെഹ്റ പറഞ്ഞു. 
ദേശീയ കൗണ്‍സില്‍ യോഗത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെത്തിയ സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനാണ് ഡി.ജി.പി എത്തിയത്.