Image
ചിരിമോടി... ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുമൊത്ത് ആഹ്ലാദം പങ്കിടുന്നു - ഫോട്ടോ: സി.സുനില്‍കുമാര്‍

 

 

കോഴിക്കോട്: ദളിത്-ന്യൂനപക്ഷ പീഡനങ്ങളെച്ചൊല്ലി കേന്ദ്രസര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതുകള്‍, പിന്നാക്കക്കാര്‍, മുസ്ലിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വികസനമാണ് എന്‍.ഡി.എ. സര്‍ക്കാറിന്റെ ലക്ഷ്യം. പാര്‍ട്ടിയും സര്‍ക്കാറും ഈ വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും മോദി പറഞ്ഞു. കൗണ്‍സില്‍യോഗം പാസാക്കിയ പ്രമേയത്തിലും ദളിത്-ന്യൂനപക്ഷ വികസനമായിരുന്നു ഉള്ളടക്കം.

ബി.ജെ.പി. ദേശീയകൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി, ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി. പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ പീഡനങ്ങളുയര്‍ത്തിയ വിവാദങ്ങളും ദളിത്പ്രക്ഷോഭവും കണക്കിലെടുത്ത് പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി ഈ വിഷയങ്ങളാണ് പരാമര്‍ശിച്ചത്. അടുത്ത് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പും ഈ പരാമര്‍ശങ്ങളുടെ രാഷ്ട്രീയപശ്ചാത്തലമാണ്. മുമ്പ് ജനസംഘത്തെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടവര്‍ ബി.ജെ.പി.യെ മനസ്സിലാക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നുവെന്ന് പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയത്. 

'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം' എന്നത് രാഷ്ട്രീയമുദ്രാവാക്യമല്ല; സമൂഹത്തിലെ ഏറ്റവും ഒടുവിലത്തെ മനുഷ്യനുപോലും വികസനമെത്തിക്കലാണ്. ദീനദയാലിന്റെ ഈ വീക്ഷണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. മതേതരത്വം, ദേശീയത എന്നിവയുടെ നിര്‍വചനങ്ങള്‍ ചിലര്‍ വളച്ചൊടിക്കുകയാണ്. ദേശീയതയ്ക്കുനേരേ ആക്ഷേപങ്ങളുയര്‍ത്തുന്ന സാഹചര്യംപോലുമുണ്ട് -പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും ദളിത്-ന്യൂനപക്ഷ വിഷയങ്ങളാണ് പരാമര്‍ശിച്ചത്. കോണ്‍ഗ്രസ്സിന്റെ നയവൈകല്യങ്ങള്‍മൂലം, സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും സാമൂഹികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല. സാമൂഹിക അസന്തുലിതാവസ്ഥ ഇതുമൂലം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രമേയം പറഞ്ഞു. സാമൂഹിക അസന്തുലിതാവസ്ഥ ഒഴിവാക്കുന്നതിനും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ വികസനധാരയിലെത്തിക്കുന്നതിനും സാമൂഹിക സൗഹാര്‍ദത്തിനും ബി.ജെ.പി. ഈ വര്‍ഷം ഊന്നല്‍നല്‍കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രമേയം അവതരിപ്പിച്ചത്. 

സി.പി.എമ്മിനെതിരെ മോദി

വ്യത്യസ്ത പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ആക്രമിക്കുന്നത് ജനാധിപത്യമാര്‍ഗമല്ല. കേരളത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്നത് ശാരീരികമായ അക്രമം. പോരാട്ടം ആശയങ്ങള്‍ തമ്മിലാവണം. അതിന് ബി.ജെ.പി. ഒരുക്കമാണ്. 

കേരളത്തിലെ അതിക്രമങ്ങള്‍ ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയാക്കണം. എല്ലാ മാധ്യമങ്ങളും ഇതുകാണണം. അങ്ങ് ഡല്‍ഹിവരെ ഇത് ചര്‍ച്ചചെയ്യപ്പെടണം. കേരളത്തില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ട്. അക്രമത്തിനിരയായി മൂന്നുമാസത്തോളം മരണത്തെ മുഖാമുഖംകണ്ട് കിടന്നകാര്യം ഉച്ചഭക്ഷണസമയത്ത് ഒരു പ്രവര്‍ത്തകന്‍ വന്ന് പറഞ്ഞു. ഇതൊന്നും വിവരിക്കാന്‍ വാക്കുകള്‍ മതിയാവുന്നില്ല -സി.പി.എമ്മിന്റെ പേര് പരാമര്‍ശിക്കാതെ നരേന്ദ്ര മോദി പറഞ്ഞു.