കോഴിക്കോട്: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മുന്നറിയിപ്പ്. 18 ധീരജവാന്‍മാരെ കൊലപ്പെടുത്തിയ ആ സംഭവം ഇന്ത്യ മറക്കില്ലെന്നും മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജവാന്‍മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ല. തീവ്രവാദം കയറ്റുമതിചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. അവര്‍ക്കുമുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  

ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് പാകിസ്താനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. ഉറി സംഭവത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

കശ്മീരിനുവേണ്ടി ഇന്ത്യയുമായി ആയിരംവര്‍ഷം യുദ്ധംചെയ്യാന്‍ തയ്യാറാണെന്നാണ് പാകിസ്താനിലെ നേതൃത്വം പറയുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കുമെതിരെയുള്ള യുദ്ധത്തിന് പാകിസ്താന്‍ തയ്യാറുണ്ടോ? ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും നവജാതശിശുമരണത്തിനും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്കുമെതിരെയുള്ള യുദ്ധമാണ് നടത്തേണ്ടത്.

ഏഷ്യയിലെ എല്ലാ രാജ്യങ്ങളും സാമ്പത്തികശക്തിയായി വളരാന്‍ ശ്രമിക്കുമ്പോള്‍ പാകിസ്താന്‍മാത്രം തീവ്രവാദം അഴിച്ചുവിടുന്നു. ഏഷ്യയില്‍ എവിടെയൊക്കെ തീവ്രവാദമുണ്ടോ അവിടെയെല്ലാം ഈ രാജ്യമാണ് കുറ്റവാളി.
 അടുത്തിടെമാത്രം അയല്‍രാജ്യം 17 തവണ അതിര്‍ത്തിയിലൂടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ ശ്രമിച്ചു. എന്നാല്‍, ഇന്ത്യന്‍സൈന്യം ശക്തമായി ഈ നീക്കം ചെറുത്തു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച 110 തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. അല്ലെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു? ഉറി സംഭവത്തിനുശേഷം ഇന്ത്യയില്‍ മുഴുവന്‍ പാകിസ്താനെതിരെ രോഷം പുകയുകയാണ്. രാജ്യത്തിന്റെ ആത്മബലമാണ് സൈനികരുടെ ശക്തി. രാജ്യത്തിന്റെ ആത്മബലം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മോദി പറഞ്ഞു.

പാക് നേതാക്കള്‍ 'ഭീകരഗീതം' പാടുന്നു

പാകിസ്താനിലെ നേതൃത്വം ഭീകരവാദികള്‍ എഴുതിയ ഗീതം പാടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭീകരരുടെ പ്രസംഗം വായിക്കുന്ന നേതാക്കളോട് ഇന്ത്യക്ക് ഒന്നും പറയാനില്ല. എന്നാല്‍, പാക് ജനതയോട് ചിലത് പറയാനുണ്ട്. 1947-നുമുമ്പ് പാക്ജനതയുടെ പൂര്‍വികരും ഇന്ത്യന്‍മണ്ണില്‍ പ്രണാമംചെയ്തല്ലേ ജീവിച്ചതെന്ന് പ്രധാനമന്ത്രി ചോദിച്ചു.