കോഴിക്കോട്: ബി.ജെ.പി. ദേശീയകൗണ്‍സില്‍ സമ്മേളനത്തിന് തുടക്കമിട്ടുനടന്ന പൊതുസമ്മേളനം കഴിഞ്ഞുമടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന വി.ഐ.പി.കള്‍ അരമണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങി.

ശനിയാഴ്ച രാത്രി ഏഴേകാലോടെ കോഴിക്കോട് കടപ്പുറത്തെ സമ്മേളനനഗരിയില്‍നിന്ന് മടങ്ങിയ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്ഗരി, വെങ്കയ്യനായിഡു, ജെ.പി. നഡ്ഡ, പിയൂഷ് ഗോയല്‍, രവിശങ്കര്‍പ്രസാദ്, പ്രകാശ് ജാവദേക്കര്‍, മുരളീമനോഹര്‍ ജോഷി തുടങ്ങിയവരാണ് കസ്റ്റംസ് റോഡില്‍ 20 മിനിറ്റിലേറെ കുടുങ്ങിയത്.

വി.വി.ഐ.പി.കള്‍ മിക്കവരും താമസിക്കുന്ന ഹോട്ടല്‍ താജിലേക്കും കടവു റിസോര്‍ട്ടിലേക്കും പോകുന്നതിന് പ്രത്യേകമായി നിശ്ചയിച്ച റോഡിലൂടെയാണ് ഇവര്‍ സഞ്ചരിച്ചത്. എന്നാല്‍, മറ്റുപല റോഡുകളിലൂടെയും സമ്മേളനം കഴിഞ്ഞെത്തിയവര്‍ ഈ റോഡിന്റെ അറ്റത്തേക്ക് കയറിയതാണ് ഗതാഗത തടസ്സമുണ്ടാക്കിയത്.