കോഴിക്കോട്: ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് കാവിക്കടല്‍ തീര്‍ത്ത പതിനായിരക്കണക്കിന് ബി.ജെ.പി. പ്രവര്‍ത്തകരെ ആവേശത്തിന്റെ ആകാശത്തെത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. ദേശീയകൗണ്‍സിലിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം പ്രവര്‍ത്തകരുടെയും ദേശീയ നേതാക്കളുടെയും സാന്നിധ്യംകൊണ്ട് ചരിത്രമായി. പാര്‍ട്ടിപ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ചും പാകിസ്താനെ പേടിപ്പിച്ചും പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ കോഴിക്കോടിനെ കീഴടക്കിക്കളഞ്ഞു നരേന്ദ്രമോദി.

മോദിപ്രഭാവത്തിനുമുന്നില്‍ വേദിയിലുണ്ടായിരുന്ന പാര്‍ട്ടിയിലെ പഴയ പടക്കുതിരകളായ എല്‍.കെ. അദ്വാനിയും മുരളീമനോഹര്‍ ജോഷിയും നിഷ്പ്രഭരായി.
അടുത്തകാലത്ത് കോഴിക്കോട് കണ്ട ഏറ്റവുംവലിയ ജനക്കൂട്ടമാണ് നരേന്ദ്രമോദിയെ കാണാന്‍ ശനിയാഴ്ച കടപ്പുറത്ത് ഒത്തുകൂടിയത്. പൊരിവെയിലില്‍ ഉച്ചമുതല്‍ പലവഴികളിലൂടെ ജനമൊഴുകിയെത്തുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വന്‍സാന്നിധ്യം ശ്രദ്ധേയമായി. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്ന് പ്രവര്‍ത്തകരെത്തിയിരുന്നു.      മലയാളത്തില്‍ തുടങ്ങി ഹിന്ദിയിലേക്കുമാറിയ മോദിയുടെ പ്രസംഗം ഒരുമണിക്കൂറിലേറെ നീണ്ടു. പാകിസ്താനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ പരിഭാഷയ്ക്ക് മുമ്പുതന്നെ ജനം  കൈയടിയോടെ എതിരേറ്റു. പ്രസംഗം പരിഭാഷപ്പെടുത്തിയത് മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ്.

കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് തനിക്ക് പവിത്രമായ വികാരമാണെന്ന് വ്യക്തമാക്കിയ മോദി പഴശ്ശിരാജാവിനെയും കുഞ്ഞാലിമരയ്ക്കാരെയും അനുസ്മരിച്ചു. മലയാളികളുടെ അധ്വാനശീലം വിദേശരാജ്യങ്ങളില്‍പോലും പ്രശംസ നേടിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതേ ഭൂമിയിലാണ് ദീനദയാല്‍ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. അന്ന് കേരളത്തിലെ മാധ്യമങ്ങള്‍ എത്രത്തോളം ഈ സംഭവം റിപ്പോര്‍ട്ടുചെയ്യാനും ജനസംഘത്തെക്കുറിച്ച് എഴുതാനും താത്പര്യമെടുത്തിരുന്നു എന്നറിയില്ല. എന്നാല്‍ ഇന്ന്, 125 കോടിയിലധികം ജനങ്ങളും ഒട്ടേറെ ഭാഷകളും സംസ്‌കാരങ്ങളും ഭക്ഷണരീതികളുമുള്ള നമ്മുടെ രാജ്യത്തെ ഒന്നാംനമ്പര്‍ പാര്‍ട്ടിയായി ഭാരതീയ ജനതാപാര്‍ട്ടി വളര്‍ന്നിരിക്കുന്നുവെന്ന് മോദി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, ജെ.പി. നഡ്ഡ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, പവന്‍ചന്ദ് ഗെലോട്ട്, പിയൂഷ്‌ േഗായല്‍, പ്രകാശ് ജാവദേക്കര്‍, രാജ്വര്‍ധന്‍ സിങ് റാത്തോഡ്, രവിശങ്കര്‍പ്രസാദ്, വെങ്കയ്യ നായിഡു, സുരേഷ് പ്രഭു, മനോജ് സിന്‍ഹ, ബന്ദാരു ദത്താേത്രയ, നിര്‍മല സീതാരാമന്‍, രാധാമോഹന്‍ എന്നിവരും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പാര്‍ലമെന്ററി ബോര്‍ഡംഗങ്ങളായ രാംലാല്‍, ശിവരാജ് സിങ് ചൗഹാന്‍, അനന്തകുമാര്‍, ഒ. രാജഗോപാല്‍ ദേശീയ സെക്രട്ടറി എച്ച്. രാജ, സഹപ്രഭാരി നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ് ഗോപി എം.പി. എന്നിവരും വേദിയിലുണ്ടായിരുന്നു.
സ്വാഗതസംഘം കണ്‍വീനറും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി. ശ്രീശന്‍ ചടങ്ങിന് സ്വാഗതംപറഞ്ഞു.