കോഴിക്കോട്: കേരളത്തിലെ പട്ടിശല്യം അതിരൂക്ഷമാണെന്ന് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട്‌ അറിയിച്ചു.  കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. ഗസ്റ്റ്ഹൗസിൽ ശനിയാഴ്ച രാത്രിനടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്രമകാരികളായ തെരുവുപട്ടികൾ മൂലം ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് വിവരിച്ചപ്പോൾ വിവരങ്ങൾ അറിയാം ശ്രദ്ധിക്കാമെന്ന മറുപടിയും മോദി നൽകി.

റബ്ബറിന്റെ വിലയിടിവ്, കസ്തൂരിരംഗൻ വിഷയം, തീരപരിപാലന നിയമംമൂലം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരനിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, കർഷകർ അനുഭവിക്കുന്ന വന്യജീവിശല്യം  എന്നിവയാണ് ചർച്ചാവിഷയമായത്. തീരപ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അത്തരമൊരു സാഹചര്യത്തിൽ ജനിച്ചുവളർന്ന തനിക്ക് മനസ്സിലാകുമെന്ന് മോദി മറുപടിനൽകി. റബ്ബർ വിലയിടിവിന്  പരിഹാരമായി മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ചർച്ചയ്ക്കുമുമ്പായി ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രധാനമന്ത്രിയെ ഷാളണിയിച്ചു. ചർച്ചയ്ക്കൊടുവിൽ പ്രധാനമന്ത്രി എന്നനിലയിൽ താങ്കൾക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്ന് ബിഷപ്പ് അറിയിച്ചു. പ്രാർഥനയിൽ ഓർക്കുന്നതിൽ നന്ദിയുണ്ടെന്നും ദൈവത്തിന്റെ അനുഗ്രഹം വളരെ വിലപ്പെട്ടതാണെന്നും മോദി മറുപടിനൽകി.