കോഴിക്കോട്‌: കേരളത്തിൽ ഭരണം പിടിക്കുമെന്ന് ബി.ജെ.പി.  നേതാക്കൾക്ക് ഉറപ്പ്. പ്രസംഗത്തിലുടനീളം ഈ ആത്മവിശ്വാസം അവർ പങ്കുവെച്ചു. 
കേരളത്തിൽ വർധിച്ചുവരുന്ന ജനപിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിയും എടുത്തുപറഞ്ഞു. ഹെലിപ്പാഡിൽനിന്ന് സമ്മേളനസ്ഥലത്തേക്ക് വന്നപ്പോൾ റോഡിന്റെ ഇരുഭാഗത്തും മനുഷ്യച്ചങ്ങലയല്ല, മനുഷ്യമതിലാണ് കണ്ടതെന്ന് നരേന്ദ്രമോദി പറഞ്ഞു.

കേരളത്തിൽ മാറ്റത്തിന്റെ തുടക്കമാവാൻ പോകുകയാണെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. കോഴിക്കോട് സമ്മേളനം അതിനുള്ള നിമിത്തമാണ്. 
കോഴിക്കോട്‌ സമ്മേളനംകൊണ്ട് ഒരുകാര്യംവ്യക്തമായി. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടാണ് ബി.ജെ.പി.ക്ക് ലഭിച്ചതെങ്കിൽ, അടുത്തതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യാവും ഭരിക്കാൻപോകുന്നത്.
കണ്ണെത്താത്ത ദൂരത്ത് ഇരിക്കുന്ന വൻജനാവലി അതുതന്നെയാണ് സൂചിപ്പിക്കുന്നത് -അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും കേരളത്തിലെ അടുത്തഭരണം  ബി.ജെ.പി.നേതൃത്വത്തിലുള്ളതാകുമെന്ന് ഉറപ്പിക്കുന്നു. നിയമസഭയിൽ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നാണ് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞത്. എന്നാൽ,  ഇപ്പോൾ അവിടെ ഒ. രാജഗോപാൽ ഇരിക്കുന്നത് ആന്റണി കാണുന്നില്ലേ. അസംബ്ലി സീറ്റുമാത്രമല്ല, ഭരണത്തിനുള്ള അംഗീകാരവും ഇനി ജനങ്ങൾ നൽകും. കേരളത്തിൽ അടുത്തത് ബി.ജെ.പി. ഭരണമായിരിക്കും -വെങ്കയ്യനായിഡു പറഞ്ഞു.