കോഴിക്കോട്: കടപ്പുറത്തെ പൊതുസമ്മേളനം, സാമൂതിരി സ്കൂളിലെ സ്മൃതിസംഗമം, വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസിൽ സഭാനേതാക്കളുമായി ചർച്ച അങ്ങനെ ശനിയാഴ്ച ഒന്നിലധികം വേദികളിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. 

ഞായറാഴ്ച സ്വപ്നനഗരിയിൽ നടക്കുന്ന പരിപാടികളിൽമാത്രമാണ് നരേന്ദ്രമോദി പങ്കെടുക്കുന്നത്. ഇതിനുമുൻപായി ശ്രീകണ്ഠേശ്വര േക്ഷത്രത്തിൽ ദർശനം. കാരപ്പറമ്പ്-എരഞ്ഞിപ്പാലം-പി.എച്ച്.ഇ.ഡി.റോഡ് വഴിയാണ് രാവിലെ 9.30-ന് വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽനിന്ന് മോദി സ്വപ്നനഗരിയിൽ എത്തുക.  9.30-ന് സ്വപ്ന നഗരിയിൽ ദേശീയ കൗൺസിലിന്റെ പതാക ഉയർത്തും. 

ഉച്ചയ്ക്ക് പാർട്ടിനേതാക്കൾക്കൊപ്പം ഓണസദ്യയിൽ പങ്കെടുക്കും. തുടർന്ന് മൂന്നുമണിക്ക്‌ ഇതേ വേദിയിൽതന്നെ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടികൾ കഴിഞ്ഞ് സ്വപ്നനഗരിയിൽനിന്ന് പി.എച്ച്.ഇ.ഡി. റോഡ്-എരഞ്ഞിപ്പാലം-കാരപ്പറമ്പ്-ഈസ്റ്റ്ഹിൽ-ബാരക്സ് റോഡ് വഴി  വിക്രം മൈതാനിയിലെ ഹെലിപ്പാഡിലെത്തും. 5.20-നാണ് വിക്രം മൈതാനിയിൽനിന്ന് ഹെലിക്കോപ്റ്ററിൽ കോഴിക്കോട് വിമാനത്താവളത്തിലേക്ക് മടങ്ങുന്നത്. തുടർന്ന് ഡൽഹിക്കു പോവും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴുമുതൽ വെസ്റ്റ്ഹിൽ ഗസ്റ്റ് ഹൗസ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, അരയിടത്ത് പാലം, മാങ്കാവ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാവും.