കോഴിക്കോട്:  കേരളസദ്യക്ക് ബി.ജെ.പി. സമ്മേളന ഊട്ടുപുരയിൽ നൂറിൽ നൂറു മാർക്ക്. ചോറും കറികളും കൂട്ടി തൂശനിലയിൽ സദ്യ ആസ്വദിച്ചു കഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയെ നേരിട്ട് അഭിനന്ദിച്ചു.

വിശാലമായ ഊട്ടുപുരയിൽ മറച്ചുകെട്ടിയ മുറിയിലായിരുന്നു വിശിഷ്ടവ്യക്തികൾക്ക് സദ്യ.  പാർട്ടി പ്രസിഡന്റ് അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് എന്നിവർക്കൊപ്പമാണ് മോദി ഇരുന്നത്. മുരളീമനോഹർ ജോഷി, ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി, മന്ത്രിമാരായ അനന്ത്കുമാർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.

ചോറിനൊപ്പം മോദിയടക്കം ഉത്തരേന്ത്യയിൽ നിന്നുവന്നവർ ചപ്പാത്തിയും കഴിച്ചു. പരിപ്പ്, സാമ്പാർ, പച്ചടി, കിച്ചടി, ഓലൻ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, കൂട്ടുകറി, ഉപ്പിലിട്ടത് എന്നിവയെല്ലാം വിളമ്പി. ആസ്വദിച്ചുകഴിച്ച പ്രധാനമന്ത്രിയും രാജ്നാഥും ചില വിഭവങ്ങൾ വീണ്ടും ചോദിച്ചു വാങ്ങി.  സദ്യ കഴിഞ്ഞ് പാചകക്കാരൻ പഴയിടം നമ്പൂതിരിയെയും മകൻ യദുകൃഷ്ണനെയും പ്രധാനമന്ത്രിക്കു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്  പരിചയപ്പെടുത്തി. പ്രധാനമന്ത്രി പറഞ്ഞു- ‘‘സദ്യ ഗംഭീരം’’.