കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗൺസിൽ യോഗത്തിൽ ആദ്യവസാനം പങ്കെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കോഴിക്കോട് വിട്ടത്. 

മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി എന്നിവരുടെ മുഴുവൻസമയ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പതിവിനു വിരുദ്ധമായി മാധ്യമങ്ങൾക്കുമുന്നിൽ മറയില്ലാതെയായിരുന്നു കൗൺസിൽ യോഗം.

ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ ഞായറാഴ്ച രാവിലെ 9.45-ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വപ്നനഗരിയിലെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനായി അഞ്ചുമിനിറ്റോളം കാത്തുനിന്ന ശേഷം പതാക ഉയർത്തി. ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായ്‌ക്കൊപ്പം എത്തുമ്പോൾ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി എന്നിവരും പാർട്ടി പാർലമെന്ററി ബോർഡംഗങ്ങളും വേദിയിലുണ്ടായിരുന്നു.  സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രതിനിധികളെയും നേതാക്കളെയും സ്വാഗതം ചെയ്തു. തുടർന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തു.  

തുടർന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംസാരിച്ചു. പ്രസംഗത്തിനിടെ വിഷയങ്ങളിൽനിന്ന് മാറിപ്പോയവരെ അമിത്ഷാ നിയന്ത്രിക്കുന്നുണ്ടായിരുന്നു. കാവേരി നദീജല തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും നദീ സംയോജനം യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടത് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴിശൈ സൗന്ദരരാജനാണ്. കേരളത്തിൽനിന്ന് 32 പ്രതിനിധികളുണ്ടായിരുന്നെങ്കിലും സംസാരിച്ചത് ഒ. രാജഗോപാൽ മാത്രമാണ്.

കശ്മീർ പ്രമേയം അമിത് ഷായും രാഷ്ട്രീയപ്രമേയം നിതിൻ ഗഡ്കരിയും അവതരിപ്പിച്ചു. പ്രമേയങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു.  കൗൺസിൽ യോഗത്തിൽ സംസാരിക്കാൻ പാർട്ടി മാർഗനിർദേശക് മണ്ഡൽ അംഗങ്ങളായ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും അവസരമുണ്ടായില്ല. എന്നാൽ പ്രസംഗിച്ചു മടങ്ങി ഇരിപ്പിടത്തിലെത്തിയ മോദിയെ അദ്വാനി അനുമോദിച്ചു.

ജന്മശതാബ്ദി ആഘോഷം തുടങ്ങി

3.30-ന് ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വേദിയിൽ ഉയർന്നുവന്ന ദീനദയാൽ ഉപാധ്യയുടെ പ്രതിമയിൽ നരേന്ദ്രമോദി പൂക്കളർപ്പിച്ചു. ഭരണരംഗത്ത് ബി.ജെ.പി. പുതിയ ദിശയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലിക്കറ്റ് കോഴിക്കോടായതുപോലെയാണ് ജനസംഘം ബി.ജെ.പി. ആയത്. 

ജനസംഘത്തിൽനിന്നു മാറിയെങ്കിലും ലക്ഷ്യത്തിൽനിന്നു പാർട്ടി വ്യതിചലിച്ചിട്ടില്ല. ജനസംഘം തീനാളമായിരുന്നെങ്കിൽ ഭാരതീയ ജനതാപാർട്ടി സൂര്യ തേജസ്സാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ ബി.ജെ.പി. ദേശീയ കൗൺസിലിന്റെ ഭാഗമായി നടത്തിയ സ്മൃതിസംഗമം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. 1967-ലെ ജനസംഘത്തിന്റെ നേതാക്കളെയും അടിയന്തരാവസ്ഥകാലത്തെ നേതാക്കളടക്കമുള്ള പഴയകാല പ്രവർത്തകരെയും അമിത്ഷായും മോദിയും ചേർന്ന് ആദരിച്ചു.