കോഴിക്കോട്: ബി.ഡി.ജെ.എസ്. ഉൾപ്പെടെ എൻ.ഡി.എ. ഘടകകക്ഷി നേതാക്കൾക്ക് ബി.ജെ.പി. ദേശീയ കൗൺസിൽ യോഗംനടന്ന സ്വപ്നനഗരിയിൽ ലഭിച്ചത് ഹൃദ്യമായ വരവേല്പ്. ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷ ഉദ്ഘാടനസമ്മേളനത്തിലും ഇവർ പങ്കെടുത്തു. 

പ്രധാനമന്ത്രിക്കൊപ്പം ഈ നേതാക്കളെ ഉച്ചയൂണിന് ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയും ക്ഷണിക്കപ്പെട്ടവരും രണ്ടിടത്തിരുന്നാണ് ഊണുകഴിച്ചത്. സുരക്ഷാകാരണങ്ങളാലാണ് ഇതെന്നാണ് വിശദീകരണം. രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയടക്കമുളള നേതാക്കളെത്തിയത്. ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസ്. ബി.രാധാകൃഷ്ണമേനോൻ തുടങ്ങിയവർ കവാടത്തിൽത്തന്നെയെത്തി ഇവരെ ആനയിച്ചു. തുടർന്ന് കൗൺസിൽ പ്രതിനിധികൾക്കുള്ള ഊട്ടുപുരയിൽ ഇലയിട്ട്‌ സദ്യവിളമ്പി. സമീപത്ത് കെട്ടിമറച്ച ചെറിയ മുറിയിലായിരുന്നു പ്രധാനമന്ത്രിയടക്കം പ്രമുഖർക്ക് സദ്യ. 

സദ്യയുണ്ടുകഴിഞ്ഞ് തുഷാർ വെള്ളാപ്പള്ളി, പി.സി. തോമസ്, രാജൻ ബാബു, കെ.കെ. പൊന്നപ്പൻ , കുരുവിള മാത്യു തുടങ്ങി ചിലർ പ്രധാനമന്ത്രിയെക്കണ്ട് ആശംസയറിയിച്ചാണ് മടങ്ങിയത്. ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി.കെ.ജാനു, എൽ.ജെ.പി. സംസ്ഥാന അധ്യക്ഷൻ എം.മെഹബൂബ്, രാജൻ കണ്ണാട്ട്, ആർ. പൊന്നപ്പൻ, വി. ഗോപകുമാർ തുടങ്ങിയവരും ക്ഷണം സ്വീകരിച്ച് എത്തിയവരിൽപ്പെടും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കടവ് റിസോർട്ടിൽ എൻ.ഡി.എ. യോഗം ചേരുന്നുണ്ട്. ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷായും പങ്കെടുക്കും.

എൻ.ഡി.എ.യെ ശക്തിപ്പെടുത്തും, ഞാൻ പറയുന്നതാണ് പാർട്ടി അഭിപ്രായം -തുഷാർ

കോഴിക്കോട് : സ്ഥാനമാനങ്ങൾക്കായല്ല എൻ.ഡി.എ.യുടെ ഭാഗമായതെന്ന് തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ.യെ ശക്തിപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യും. പാർട്ടിക്ക് ചില പദവികൾ ബി.ജെ.പി. നേതൃത്വം വാഗ്ദാനംചെയ്തിട്ടുണ്ട്. വൈകാതെ ലഭിക്കും.
ബി.ജെ.പി. വാക്കുപാലിച്ചില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയെന്നനിലയ്ക്കാണ്. ബി.ഡി.ജെ.എസിന്റെ അഭിപ്രായം പറയേണ്ടത് പാർട്ടിനേതാക്കളാണ്. 
താൻ പറയുന്നതാണ് പാർട്ടി അഭിപ്രായം. പിണറായി വിജയനെ വെള്ളാപ്പള്ളി കണ്ടത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്നനിലയ്ക്കാണെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും തുഷാർ വിശദീകരിച്ചു.