ബര്‍മീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും ദേശീയവാദിയുമായ ജനറല്‍ ആങ് സാന്റെയും കിന്‍ ചിയുടെയും മകളായി 1945 ജൂണ്‍ 19-ന് ആങ് സാന്‍ സൂചി ജനിച്ചു. വൈദേശികാധിപത്യത്തില്‍ നിന്നും ബര്‍മയെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അച്ഛനായ ആങ് സാന്‍ നേതൃത്വം നല്‍കി. പക്ഷേ, സ്വാതന്ത്ര്യപ്രാപ്തിക്ക് ആറുമാസം മുന്‍പ് 1947 ജൂലായ് 19 -ന് അദ്ദേഹം വധിക്കപ്പെട്ടു. സൂ ചിയും രണ്ട് സഹോദരന്മാരും (ആങ് സാന്‍ ലിന്‍, ആങ്് സാന്‍ ഊ) അമ്മയുടെ സംരക്ഷണയില്‍ റങ്കൂണില്‍ വളര്‍ന്നുവന്നു. ഏറെ പ്രിയപ്പെട്ട സഹോദരന്‍ ലിനിന്റെ മരണം സൂചിയെ ഏറെ തളര്‍ത്തി. കുടുംബം ഇന്യ തടാകത്തിനടുത്തേക്ക് താമസം മാറ്റി.

മൂത്ത സഹോദരന്‍ പിന്നീട് യു.എസ്. പൗരത്വം സ്വീകരിച്ച് കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ താമസമാക്കി. മെതഡിസ്റ്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ സൂ ചി വിദ്യാഭ്യാസമാരംഭിച്ചു. ഇതിനിടെ ബര്‍മീസ് ദേശീയ രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്ക് അമ്മ കിന്‍ ചി ഉയര്‍ന്നിരുന്നു. 1960-ല്‍ ഇന്ത്യയിലേക്കും നേപ്പാളിലേക്കുമുള്ള അംബാസഡറായി കിന്‍ ചി നിയോഗിക്കപ്പെട്ടു. അമ്മയോടൊപ്പം ഇന്ത്യയിലെത്തിയ സൂചി ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ ബിരുദപഠനമാരംഭിച്ചു. 1964-ല്‍ രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്തശേഷം സൂ ചി ഒക്‌സ്ഫഡിലെ സെന്റ് ഹ്യൂസ് കോളജില്‍ ചേര്‍ന്നു.

1969 ആയപ്പോഴേക്കും സൂ ചി ധനതത്ത്വശാസ്ത്രത്തിലും, ഫിലോസഫിയിലും കൂടി ബിരുദം നേടിയിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ബജറ്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഒക്‌സ്ഫഡില്‍ വെച്ചു കണ്ടുമുട്ടിയ ഡോ.മൈക്കിള്‍ ഏരിസുമായി സൂചിയുടെ വിവാഹം 1972-ലെ പുതുവത്‌സരദിനത്തില്‍ നടന്നു. ഇംഗ്ലണ്ടുകാരനെങ്കിലും, ഭൂട്ടാനിലായിരുന്നു ടിബറ്റന്‍ സംസ്‌കാരത്തെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ഏരിസിന്റെ അക്കാലത്തെ താമസം. സൂചിയും ഏരിസിനൊപ്പം ഭൂട്ടാനില്‍ താമസമാക്കി 1973-ല്‍ സൂ ചി തന്റെ ആദ്യപുത്രനായ അലക്‌സാണ്ടറിന് ജന്മം നല്‍കി. രണ്ടാമത്തെ മകനായ കിം 1977-ല്‍ ജനിച്ചു. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൂ ചി 1985-ല്‍ ഡോക്ടറേറ്റെടുത്തു യൂണിവേഴ്‌സിറ്റിയുടെ ഓണററിഅംഗത്വം 1990-ല്‍ സൂചിക്കു ലഭിച്ചു.


സമരപാതയില്‍രോഗബാധിതയായ അമ്മയെ പരിചരിക്കാന്‍ സൂ ചി 1988-ല്‍ ബര്‍മയിലെത്തി. രാജ്യത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു സൂ ചിയുടെ മടങ്ങിവരവ്. സമരത്തെത്തുടര്‍ന്ന് നില്‍ക്കക്കളിയില്ലാതായ രാജ്യത്തെ പട്ടാള ഏകാധിപതി ജനറല്‍ നെവിന്‍ സ്ഥാനമൊഴിഞ്ഞു. ജനാധിപത്യ പുനഃസ്ഥാപനം ആവശ്യപ്പെട്ട് രാജ്യത്തെമ്പാടും സമരം പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭം ആരംഭിച്ചത് 1988 ആഗസ്ത് 8-നായിരുന്നു. ഫ്ര8888 സമരംയ്ത്ത എന്ന പേരില്‍ തന്മൂലം പ്രക്ഷോഭം അറിയപ്പെട്ടു. റങ്കൂണിലെ പ്രശസ്തമായ ഷ്വെദഗൗണ്‍ പഗോഡയുടെ മുന്നില്‍ വെച്ച് അന്‍പത് ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രകടനത്തെ അഭിസംബോധന ചെയ്ത് ആങ് സാന്‍ സൂ ചി ജനകീയമുന്നേറ്റത്തിന്റെ മുന്‍നിരയില്‍ എത്തി. ബുദ്ധമത സന്ന്യാസികള്‍, കുട്ടികള്‍, സര്‍വകലാശാലാവിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി നാനാതുറയില്‍ നിന്നുള്ളവരുടെ യോജിച്ച പ്രക്ഷോഭമായിരുന്നു സു ചിയുടെ നേതൃത്വത്തില്‍ നടന്നത്.

പ്രക്ഷോഭം പട്ടാളം അടിച്ചമര്‍ത്തി. ആയിരങ്ങള്‍ മരിച്ചുവീണു. സ്റ്റേറ്റ് ലോ ആന്‍ഡ് ഓര്‍ഡര്‍ റെസ്റ്ററേഷന്‍ കൗണ്‍സില്‍ (SLOR) എന്ന പേരില്‍ പുതിയ പട്ടാള നേതൃത്വം രാജ്യത്ത് അധികാരത്തിലെത്തി. ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി (NLH) എന്ന പേരില്‍ പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിക്കപ്പെട്ടു. സൂ ചി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. ബുദ്ധമതതത്ത്വങ്ങളും മഹാത്മാഗാന്ധിയുടെ അഹിംസാസിദ്ധാന്തവും അടിസ്ഥാനമാക്കി ആങ് സാന്‍ സൂ ചി സമരരംഗത്തിറങ്ങി. സൂ ചി സൃഷ്ടിച്ച ആവേശതരംഗത്തിനു തടയിടാന്‍ സൈനിക ജുന്റ സൂ ചിയെ വീട്ടുതടങ്കലിലാക്കി. 1989 ജൂലായ് 20-ന് തടവിലാക്കപ്പെട്ട സൂ ചിക്ക് രാജ്യം വിട്ടുപോകാന്‍ അനുവദിക്കാമെന്ന വാഗ്ദാനം സൈന്യം നല്‍കി. പക്ഷേ, തിരികെ നാട്ടിലേക്കു മടങ്ങാന്‍ സാധിക്കില്ല എന്നറിയാമായിരുന്ന സൂ ചി അത് നിരസിച്ചു.


പ്രഹസനമായ തിരഞ്ഞെടുപ്പ്വര്‍ധിച്ചുവന്ന അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് സൈനിക സര്‍ക്കാര്‍ 1990-ല്‍ പൊതുതിരഞ്ഞെടുപ്പു നടത്തി. എന്‍.എല്‍.ഡി. മൊത്തം വോട്ടുകളില്‍ 59 ശതമാനവും പാര്‍ലമെന്റ് സീറ്റുകളില്‍ 80 ശതമാനവും നേടി. എന്‍.എല്‍.ഡി.യുടെ നേതാവ് എന്ന നിലയില്‍ സൂ ചി പ്രധാനമന്ത്രി സ്ഥാനത്തെത്തും എന്നു മനസിലായതോടെ പട്ടാളം കളം മാറ്റിച്ചവിട്ടി. തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ സൈനികനേതൃത്വം അധികാരം ജനാധിപത്യസര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. സൂ ചി വീണ്ടും വീട്ടുതടങ്കലിലായി.


തടങ്കലില്‍കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് 14 വര്‍ഷവും ആങ് സാന്‍ സൂചി വീട്ടുതടവിലായിരുന്നു. അന്താരാഷ്ട്ര നേതാക്കളെയും, പാര്‍ട്ടിപ്രവര്‍ത്തകരെയും കാണാന്‍ ഈ സമയങ്ങളില്‍ സൂ ചിയെ അനുവദിച്ചിട്ടില്ല. രണ്ടു പരിചാരികമാരോടൊപ്പം സ്വന്തം ഭവനത്തിലെ പാരതന്ത്ര്യത്തില്‍ കഴിയുന്ന സൂ ചിയെ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിക്കുന്നത് അവരുടെ ഡോക്ടര്‍ക്കു മാത്രമാണ്. ധ്യാനത്തിലും പുസ്തകങ്ങളിലും പിയാനോയിലുമായി ഏകാന്തതതയ്ക്ക് പ്രതിവിധി കണ്ടെത്തി സൂ ചി കഴിയുന്നു. ബര്‍മീസ് ജനതയില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും സൂ ചിയെ പരമാവധി അകറ്റി നിറുത്താനാണ് ഭരണകൂടത്തിന്റെ ശ്രമം.

ഇറ്റാലിയന്‍ യാത്രികനും പത്രപ്രവര്‍ത്തകനുമായ മൗറീസിയോ ഗിലിയാനോ 1998-ല്‍ സൂ ചിയെ സന്ദര്‍ശിച്ചു. സൂ ചിയുടെ ഫോട്ടോയെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഫിലിമുകളും മറ്റുപകരണങ്ങളുമെല്ലാം ബര്‍മീസ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത സംഭവം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ അഞ്ചുവര്‍ഷം വരെ തടങ്കലില്‍ വെയ്ക്കാമെന്ന രാജ്യസുരക്ഷാ നിയമത്തിലെ വകുപ്പാണ് സര്‍ക്കാരിന് സൂചിയെ തടവില്‍ കുടുക്കിയിടാന്‍ അവസരമൊരുക്കുന്നത്. സൂചി മാത്രമല്ല രണ്ടായിരത്തിലേറെപ്പേര്‍ രാഷ്ട്രീയ തടവുകാരായി ബര്‍മയിലുണ്ട്.


മൈക്കിള്‍ ഏരിസിന്റെ മരണംഏരിസിന്റെ 1995-ലെ ബര്‍മാ സന്ദര്‍ശനം സൂ ചിയുമായുള്ള അവസാന കൂടിക്കാഴ്ചയായി. 1997-ല്‍ അദ്ദേഹം കാന്‍സര്‍ ബാധിതനായി. അവസാന നാളുകളില്‍ ഭാര്യയുടെ അടുത്തെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. സൂ ചിയെ വേണമെങ്കില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോകാന്‍ അവദിക്കാം എന്നായി സൈന്യത്തിന്റെ നിലപാട്. പക്ഷേ, രാജ്യത്തേക്കു തിരികെ വരാന്‍ അനുമതി നല്‍കാം എന്ന സൈന്യത്തിന്റെ ഉറപ്പ് ഒരു തന്ത്രമാണെന്നറിയമായിരുന്ന സൂ ചി അതിനു വിസമ്മതിച്ചു.

1999-ല്‍ തന്റെ 53-ാമത്തെ പിറന്നാള്‍ ദിനമായ മാര്‍ച്ച് 27-ന് മൈക്കിള്‍ ഏരിസ് അന്തരിച്ചു. 1989-ല്‍ സൂ ചി വീട്ടുതടങ്കലില്‍ ആയതിനു ശേഷം ആകെ അഞ്ചു തവണ മാത്രമാണ് അവര്‍ക്ക് ഭര്‍ത്താവിനെ കാണാന്‍ സാധിച്ചത്. ഒരു ജനതയുടെ സ്വാതന്ത്ര്യമോഹങ്ങള്‍ മൊത്തവും നെഞ്ചേറ്റിയതിന്റെ പേരില്‍, സ്വന്തം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട് സൂ ചി കഴിയുന്നു. കുട്ടികള്‍ രണ്ടും ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്.


അന്താരാഷ്ട്രതല പരിശ്രമങ്ങള്‍ഐക്യരാഷ്ട്ര സഭ സൂ ചിയുടെ മോചനത്തിനായി പലതവണ ശ്രമങ്ങള്‍ നടത്തി. 2002 മെയ് ആറിന് സൂ ചി താത്കാലികമായി വിട്ടയക്കപ്പെട്ടത് സൈനിക ജുന്റയും ഐക്യരാഷ്ട്രസഭയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ്. തുടര്‍ന്ന് സൂ ചിക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. പക്ഷേ, 2003 മെയ് 30-ന് വടക്കന്‍ ഗ്രാമമായ ദെപായനില്‍ വെച്ച് സര്‍ക്കാര്‍ ഗുണ്ടകള്‍ സൂ ചി സഞ്ചരിച്ചിരുന്ന വാഹനത്തിനും അനുയായികള്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടു.

എഴുപതില്‍പ്പരം എന്‍.എല്‍.ഡി പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. വിശ്വസ്തനായ ഡ്രൈവറുടെ ധൈര്യപൂര്‍വമായ ഇടപെടല്‍ നിമിത്തം സൂ ചി അക്രമികളില്‍ നിന്നും രക്ഷപെട്ടു. അറസ്റ്റിലായ സൂ ചി മ്യാന്‍മറിലെ കുപ്രസിദ്ധമായ ഇന്‍സെയിന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം സൂ ചി വീണ്ടും വീട്ടുതടങ്കലിലായി. ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദങ്ങളൊന്നും തന്നെ പിന്നീട് സൈനികനേതൃത്വത്തിന്റെ നിര്‍ബന്ധബുദ്ധിക്കു മുന്‍പില്‍ വിലപ്പോയില്ല.

2009 ജൂലായ് മാസത്തില്‍ ബര്‍മയിലെത്തിയ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് ആങ് സാന്‍ സൂ ചിയെ കാണാനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ജനതയില്‍ നിന്നകറ്റി നിറുത്തപ്പെടുന്നെങ്കിലും സൂചി മ്യാന്‍മാറിലെ സമരപോരാട്ടങ്ങള്‍ക്ക് പ്രചോദനമാണ്. 2007-ല്‍ ബുദ്ധസന്ന്യാസികള്‍ ഇന്ധനവില ഉയര്‍ത്തിയതിനെതിരെ തെരുവിലിറങ്ങി. തടങ്കലിലാണെങ്കിലും സൂ ചി വീടിനു പുറത്തിറങ്ങി പ്രക്ഷോഭകാരികളോടു സംസാരിച്ചു. സമരം അടിച്ചമര്‍ത്തപ്പെട്ടു. സമരക്കാര്‍ പലരും അറസ്റ്റ് ചെയ്യപ്പെട്ടു.


നാശം വിതച്ച 'നര്‍ഗിസ്'2008 മെയില്‍ ബര്‍മയില്‍ കനത്ത നാശം വിതച്ച 'നര്‍ഗിസ്' ചുഴലിക്കാറ്റ് സൂ ചിയുടെ വീടിനും തകരാറുണ്ടാക്കി. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതിബന്ധം താറുമാറായ ഭവനത്തില്‍ ദിവസങ്ങളോളം സൂ ചി ഇരുട്ടത്തു കഴിച്ചുകൂട്ടി. വീട്ടില്‍ ജനറേറ്ററിന് പട്ടാളം അനുമതി നല്‍കിയിരുന്നില്ല.


വീണ്ടും 'തിരഞ്ഞെടുപ്പി'ലേക്ക്നവംബര്‍ ഏഴിന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സൈനികനേതൃത്വം തീമാനിച്ചിരിക്കുകയാണ്. സൈന്യം നിയമിച്ച അംഗങ്ങള്‍ അടങ്ങിയ തിരഞ്ഞെടുപ്പു കമ്മിഷന്‍ തങ്ങളൂടെ കൂറ് കാണിക്കാതിരിക്കില്ല. മൊത്തം സീറ്റുകളില്‍ ഇപത്തിയഞ്ച് ശതമാനം പട്ടാളത്തിനായി നീക്കിവെച്ചിരിക്കുന്നു. ബാക്കി സീറ്റുകളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ്. ഭരണഘടനാഭേദഗതികള്‍ കൊണ്ടുവന്നതിന് എഴുപത്തഞ്ച് ശതമാനത്തിന്റെ അംഗീകാരം വേണം. ഭരണകൂടത്തിന്റെ കണ്ണില്‍ കരടായ ബുദ്ധസന്ന്യാസിമാരെ ഒഴിവാക്കാനായി, മതപുരോഹിതന്മാര്‍ക്ക് മത്സരിക്കാനാവില്ല എന്ന നിയമം കൊണ്ടുവന്നു. സജീവ ജനാധിപത്യവാദികളെ ഒതുക്കാന്‍ ഫ്രക്രിമിനല്‍ കുറ്റങ്ങള്‍യ്ത്തക്ക് ശിക്ഷിക്കപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നതില്‍ നിന്നും വിലക്കി.

ഇതസരിച്ച് ആങ് സാന്‍ സൂ ചിക്ക് മത്‌സരിക്കാന്‍ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. വോട്ടര്‍ ലിസ്റ്റില്‍ പേരുള്‍പ്പെടുത്തി സര്‍ക്കാര്‍ സൂ ചിയോട് 'ഔദാര്യം' കാട്ടി. നീതിപൂര്‍വകമല്ലാത്ത തിരഞ്ഞെടുപ്പു ചട്ടങ്ങളില്‍ പ്രതിഷേധിച്ച്, നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷനില്‍ നിന്നും വിട്ടുനിന്നു. 1990-ല്‍ വന്‍ വിജയം നേടിയ സൂ ചിയുടെ പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തില്ലെന്നു ചുരുക്കം. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ എന്‍.എല്‍.ഡി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സൈന്യത്തില്‍ നിന്നു വിരമിക്കുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രി തെയിന്‍ സെയിന്‍ പുതിയ രാഷ്ട്രീയകക്ഷി രൂപവത്കരിച്ചുകഴിഞ്ഞു. പട്ടാളത്തിന്റെ മനസ്സിലിപ്പ് ഇതോടെ വ്യക്തം.

ജുന്റ (Jprda)

സൈനിക ഓഫീസര്‍മാര്‍ മാത്രമടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഭരണത്തെയാണ് പൊതുവെ ജുന്റ എന്നു വിളിക്കുന്നത്. സ്​പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ നിന്നാണ് ഈ പദം പ്രചാരത്തിലായത്. ബര്‍മ, ഫിജി, ഗിനി, ലിബിയ, നൈജര്‍ എന്നീ രാജ്യങ്ങളുടെ ഭരണ നേതൃത്വം ഇപ്പോള്‍ ഇത്തരത്തിലുള്ള ജുന്റകള്‍ക്കാണ്.


കടപ്പാട്-തൊഴില്‍വാര്‍ത്ത-ഹരിശ്രീ