യങ്കോണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ മുപ്പതുവര്‍ഷത്തിലേറെയായി പോരാടുകയാണ് ആങ് സാന്‍ സ്യൂചി എന്ന ആവേശം വറ്റാത്ത പോരാളി. പുറത്തിറങ്ങിയാല്‍ അപകടകാരിയാവുമെന്ന ഭയം തന്നെയാണ് 15 വര്‍ഷമായി അവരെ തടങ്കലില്‍ വെക്കാന്‍ പട്ടാള ഭരണാധികാരികളെ പ്രേരിപ്പിച്ചത്. അവരെ വിട്ടയയ്ക്കാനുള്ള ഉത്തരവില്‍ ഭരണാധികാരികള്‍ വെള്ളിയാഴ്ചയാണ് പട്ടാള ഭരണകൂടം ഒപ്പുവെച്ചുവെച്ചത്.

എന്നാല്‍ സ്യൂചി പുറത്തുവന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ മാത്രമേ മോചനം യാഥാര്‍ഥ്യമെന്ന് വിശ്വസിക്കാനാവൂ. കാരണം, ജനാധിപത്യത്തോടുള്ള ഒരു ജനതയുടെ അഭിവാഞ്ജയെ ഇത്രകാലം അടക്കിഭരിക്കാനും ലോകത്തിന്റെ അഭ്യര്‍ഥനയെ നിസാരവത്കരിക്കാനും കഴിഞ്ഞവര്‍ക്ക് ഓരോകാരണങ്ങള്‍ കണ്ടെത്തി ജീവിതകാലം മുഴുവന്‍ സ്യൂചിയെ തടവിലിടാന്‍ സങ്കോചം തെല്ലുമുണ്ടാവില്ല.

മ്യാന്‍മറിന്റെ സ്വാതന്ത്ര്യ സമരനായകന്‍ ആങ് സാന്റെയും ആദര്‍ശധീരയായ ഖിന്‍ കിയുടെയും മകളാണ് അറുപത്തിയഞ്ചുകാരിയായ സ്യുചി. അവരുടെ രണ്ടാം വയസ്സില്‍ അച്ഛന്‍ ലോകത്തോട് വിടപറഞ്ഞു. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലും ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലും വിദ്യാഭ്യാസം. 1972-ല്‍ ബ്രിട്ടീഷുകാരനായ വിദ്യാഭ്യസ വിചക്ഷണന്‍ മൈക്കല്‍ ആരിസിനെ വിവാഹം കഴിച്ചു. പട്ടാളഭരണത്തിനെതിരെ ജനാധിപത്യവാദികള്‍ സമരം നടത്തിക്കൊണ്ടിരുന്ന 1988-ല്‍ അവര്‍ മ്യാന്‍മറില്‍ തിരിച്ചെത്തി. രോഗിയായ അമ്മയെ ശുശ്രൂഷിക്കാനായിരുന്നു വരവ്.

എന്നാല്‍ പിതാവിന്റെ രാഷ്ട്രീയബോധം സിരകളിലുണ്ടായിരുന്ന അവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം കൂടി. സമരം മുന്നില്‍ നിന്ന് നയിച്ചു. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) എന്ന പാര്‍ട്ടി സ്ഥാപിച്ചു. അതിന്റെ സെക്രട്ടറി ജനറലായി. പട്ടാളഭരണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി സമരങ്ങള്‍ നടത്തി. അതോടെ അവര്‍ പട്ടാളത്തിന്റെ കണ്ണിലെ കരടായി. രാജ്യത്തിന് ഭീഷണിയാണെന്നാരോപിച്ച് 1989-ല്‍ അവരെ വീട്ട് തടങ്കലിലാക്കി. ആദ്യത്തെ തടവ്. സ്യൂചി തടവില്‍ കഴിയുമ്പോഴും അവരുടെ പാര്‍ട്ടി എന്‍.എല്‍.ഡി. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആകെയുള്ള 485 സീറ്റില്‍ 392-ഉം നേടി. മുപ്പതു വര്‍ഷത്തിനിടെ മ്യാന്‍മറില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അത്.

എന്നാല്‍ ഈ വിജയം പട്ടാളം അംഗീകരിച്ചില്ല. അധികാരം വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. സ്യുചിയുടെ തടവും പട്ടാളത്തിന്റെ ഭരണവും മ്യാന്‍മറില്‍ തുടര്‍ന്നു. ജനാധിപത്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്യൂ ചിക്ക് 1991-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1999-ല്‍ ബ്രിട്ടനില്‍ വെച്ച് അവരുടെ ഭര്‍ത്താവ് മരിച്ചു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലേക്കയയ്ക്കാം എന്ന് പട്ടാളം വാഗ്ദാനം ചെയ്‌തെങ്കിലും സ്യൂചി അത് തള്ളി. പിന്നീട് ഒരിക്കലും മ്യാന്‍മറില്‍ തിരിച്ചെത്താന്‍ ഭരണകൂടം അനുവദിക്കില്ലെന്ന് അവര്‍ ഭയന്നു.

1995-ല്‍ പട്ടാളം അവരെ തടവില്‍ നിന്ന് വിട്ടയച്ചിരുന്നു. പക്ഷേ, സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചില്ല. യാങ്കോണിന് വെളിയില്‍ കടക്കുന്നതില്‍ നിന്നും തന്റെ അണികളെ കാണുന്നതില്‍ നിന്നും വിലക്കി. പിന്നീട് വീണ്ടും വീട്ടു തടങ്കല്‍. 2002-ല്‍ വീണ്ടും മോചനം. അന്ന് അവര്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ ജനം തിങ്ങിക്കൂടിയത് പട്ടാളഭരണകൂടത്തെ അസ്വസ്ഥമാക്കി. 2003-ല്‍ ഡെപായിന്‍ പട്ടണത്തില്‍ വെച്ച് സ്യൂചിയുടെ വാഹനവ്യൂഹത്തെ പട്ടാളത്തിന്റെ അനുകൂലികള്‍ ആക്രമിച്ചു.

സ്യൂചിയെ വീണ്ടും തടവിലാക്കി. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍ എഴുപതിലേറെപ്പേര്‍ മരിച്ചെന്നാണ് എന്‍.എല്‍.ഡി.യുടെ കണക്ക്. ആ തടവ് തീരേണ്ടത് കഴിഞ്ഞവര്‍ഷം സപ്തംബറിലായിരുന്നു. എന്നാല്‍ സ്യൂചി തടവില്‍ കഴിയുന്ന കായലോര വസതിയില്‍ ഒരു അമേരിക്കക്കാരന്‍ നീന്തിക്കയറിയെന്നും ഇത് വീട്ടുതടങ്കലിന്റെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് ഭരണകൂടം അവരുടെ തടവ് 18 മാസത്തെക്കു കൂടി നീട്ടി.

അതിന്റെ കാലാവധിയാണ് ശനിയാഴ്ച അവസാനിച്ചത്. സ്യൂചി പുറത്തുവരും മുമ്പ് പട്ടാളം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തി. അതില്‍ പങ്കെടുക്കാന്‍ എന്‍.എല്‍.ഡി. തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത പാര്‍ട്ടിയെ ഭരണകൂടം പിരിച്ചുവിടുകയും ചെയ്തു. പ്രഹസനമായി മാറിയ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോലും സ്യൂചിക്ക് അനുമതി ലഭിച്ചില്ല.