യാങ്കോണ്‍: പട്ടാള ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ മുപ്പതുവര്‍ഷമായി പോരാടുന്ന മ്യാന്‍മറിലെ സ്വാതന്ത്ര്യ പോരാളി ആങ് സാന്‍ സ്യൂചിയെ മോചിപ്പിച്ചു. ഇതോടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ 15 വര്‍ഷവും വീട്ടു തടങ്കലിലായിരുന്ന സ്യൂചിയുടെ തടവ് ജീവിതം ചരിത്രമായി. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്യൂചിയെ കാത്ത് സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍.എല്‍.ഡി.) പ്രവര്‍ത്തകര്‍ അടക്കം ആയിരക്കണക്കിന് പേര്‍ ശനിയാഴ്ച്ച വീടിന് പുറത്ത് കാത്തിരുന്നു.

ഇന്ത്യന്‍ സമയം വൈകീട്ട് 4.35 ഓടെയാണ് മോചന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. മോചിതയായ സ്യൂചി വീടിന് വെളിയില്‍ വന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം കഴിഞ്ഞദിവസമാണ് ഒപ്പുവെച്ചത്. സ്യൂചിയുടെ വീടിന് വെളിയിലും പ്രധാന സ്ഥലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്യൂചിയുടെ ഇപ്പോഴത്തെ തടവ് 2009 സപ്തംബറില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ തടവില്‍ കഴിയുന്ന കായലോര വസതിയിലേക്ക് ഒരാള്‍ നീന്തിക്കയറിയെന്നു പറഞ്ഞ് അധികൃതര്‍ തടവ് 18 മാസത്തേക്കുകൂടി നീട്ടുകയായിരുന്നു.