1962-മുതല്‍ മ്യാന്‍മറിന്റെ ഗതി അതാണ്- പട്ടാളത്തിന്റെ കിരാതഭരണത്തിന്‍ കീഴില്‍ കഴിയുക. ഇവിടെ ജനത്തിന് സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസത്തിന് സൗകര്യമില്ല. ജനസംഖ്യയുടെ നാലില്‍ മൂന്നുഭാഗവും കഴിയുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെ. പട്ടാളം ക്ഷണിച്ചുവരുത്തിയ ഉപരോധങ്ങള്‍ വേറെ. ജീവനു സുരക്ഷയോ ജീവിതത്തില്‍ സമാധാനമോ സാധ്യമല്ലാത്ത ഒരു നാടായി മാറിയിരിക്കുന്നു മ്യാന്‍മര്‍.

വീട്ടുതടങ്കലില്‍ നിന്ന് ശനിയാഴ്ച മോചിതയായ ആങ് സാന്‍ സ്യൂചിയുടെ പിതാവ് ആങ് സാനും കൂട്ടരും ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി 1948-ല്‍ നേടിയെടുത്ത സ്വാതന്ത്ര്യം പുതുതലമുറയ്ക്ക് അന്യമാണ്. അവര്‍ പറയാനറയ്ക്കുന്ന പദമാണ് രാഷ്ട്രീയം; അപകടം പിടിച്ച വാക്ക്. അടിച്ചമര്‍ത്തി ഭരിക്കുന്ന പട്ടാളം ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പു മാത്രം നേടുമ്പോള്‍ അവസരങ്ങളും വിദ്യാഭ്യാസവും ആഘോഷങ്ങളും നിഷേധിക്കപ്പെട്ട ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയം അങ്ങനെയായില്ലെങ്കിലേ അത്ഭുതമുണ്ടാകേണ്ടൂ.

അഞ്ചു പതിറ്റാണ്ടായി അടക്കിഭരിക്കുന്ന പട്ടാളം ആകെ ചെയ്ത സംഭാവന ബര്‍മയെ മ്യാന്‍മറും തലസ്ഥാനമായ റങ്കൂണിനെ യാങ്കോണുമാക്കിയതാണ്.

1820-കള്‍ മുതല്‍ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു മ്യാന്‍മര്‍. 1948 ജനവരി നാലിന് സ്വതന്ത്രമായി. ജനാധിപത്യത്തിലധിഷ്ഠിതമായ പാര്‍ലമെന്ററി സംവിധാനം നിലവില്‍ വന്നു. 1962 വരെ അതങ്ങനെത്തന്നെയായിരുന്നു. '62ല്‍ ജനറല്‍ നെ വിന്‍ സര്‍ക്കാറിനെ അട്ടിമറിച്ചു. പിന്നീടൊരിക്കലും മ്യാന്‍മര്‍ പഴയപടിയായില്ല. 1988-ലാണ് ഇപ്പോഴത്തെ രീതിയിലുള്ള ഭരണസംവിധാനം നിലവില്‍ വന്നത്. പഴിയൊഴിവാക്കാന്‍ അവര്‍ പാര്‍ലമെന്ററി ജനാധിപത്യ മാതൃകയില്‍ 1990-ല്‍ തിരഞ്ഞെടുപ്പു നടത്തി. അപ്പോഴേക്കും രാജ്യത്തെ ജനാധിപത്യവാദികള്‍ ആങ് സാന്‍ സ്യൂചിയുടെ കീഴില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) രൂപവത്കരിച്ച് ശക്തരായിക്കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അവര്‍ നേടി. എന്നാല്‍, അധികാരക്കൊതി മൂത്ത പട്ടാളം ജനവിധി അംഗീകരിച്ചില്ല. അവര്‍ സ്വേച്ഛാഭരണം തുടര്‍ന്നു; ഇപ്പോഴും തുടരുന്നു. അതിന് സാധുത കിട്ടാനായി നവംബര്‍ ഏഴിന് മറ്റൊരു പാര്‍ലമെന്ററി തിരഞ്ഞെടുപ്പും നടത്തി. പാതിഫലം വന്നപ്പോള്‍ത്തന്നെ പട്ടാളം ജയം ഉറപ്പിച്ചു. പ്രധാന പ്രതിപക്ഷകക്ഷിയായ എന്‍.എല്‍.ഡി. വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ പട്ടാളത്തിന് മത്സരംപോലും വേണ്ടി വന്നില്ല. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്യൂചി പുറത്തുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചു. അതിനായി കഴിഞ്ഞവര്‍ഷം തീരേണ്ട അവരുടെ തടവ് തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടി. അവരുള്‍പ്പെടെ രാജ്യത്തെ രാഷ്ട്രീയത്തടവുകാര്‍ക്കാര്‍ക്കും മത്സരിക്കാന്‍ കഴിയാത്തവണ്ണം നിയമങ്ങളുണ്ടാക്കി. പുതിയ പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റും പട്ടാളത്തിനായി മാറ്റിവെച്ചു. തങ്ങളുടെ പ്രതിനിധികള്‍ക്ക് 75 ശതമാനത്തിലേറെ വോട്ട് കിട്ടുംവിധം ഭരണഘടന മാറ്റിയെഴുതി.

സ്വതന്ത്രമായ ഒരു നീതിന്യായവ്യവസ്ഥ ഇല്ല, മ്യാന്‍മറില്‍. കോടതി നോക്കുകുത്തിയാണവിടെ. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളും നീതിന്യായവ്യവസ്ഥയുമാണിപ്പോഴും പിന്തുടരുന്നത്. ന്യായമായ വിചാരണ പ്രതീക്ഷിക്കുകയേ വേണ്ട. സുപ്രീംകോടതിയാണ് പരമോന്നത നീതിപീഠം. അതിന്റെ തലപ്പത്തിരിക്കുന്നതും പട്ടാളത്തിന്റെ ആളുകള്‍.

സാമ്പത്തികനില മെച്ചപ്പെടുത്താന്‍ പൊതുമുതല്‍ വിറ്റുതുലയ്ക്കുകയാണ് പട്ടാള ഭരണകൂടം. നൂറിലേറെ സര്‍ക്കാര്‍ കെട്ടിടങ്ങളും ദേശീയ എയര്‍ലൈനിന്റെ നല്ലൊരു ശതമാനവും വിറ്റിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി തുടങ്ങിയതാണിത്. ജനങ്ങള്‍ ദരിദ്രരായി കഴിയുമ്പോള്‍ വിനോദത്തിനായി ഗോള്‍ഫ് കോഴ്‌സുകള്‍ നിര്‍മിക്കുകയാണ് പട്ടാളം.

രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും 15-നും 25-നും മധ്യേ പ്രായമുള്ളവരാണ്. ഇവര്‍ക്ക് പഠിക്കാന്‍ മതിയായ വിദ്യാഭ്യാസ സൗകര്യങ്ങളില്ല. ദേശീയ ബജറ്റിന്റെ ഒരു ശതമാനം മാത്രമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1980-കളിലും '90-കളിലും രാജ്യത്തുനടന്ന ജനാധിപത്യപ്രക്ഷോഭങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി സര്‍വകലാശാലകള്‍ അടച്ചിട്ടവരാണ് ഭരണാധികാരികള്‍. പ്രൈമറി സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാതിവഴിയില്‍ പഠനമുപേക്ഷിച്ചു പോവുന്നവരുടെ എണ്ണം ഏറെയാണ്.

2200 പേരാണ് മ്യാന്‍മറില്‍ രാഷ്ട്രീയത്തടവുകാരായി കഴിയുന്നത്. പത്രപ്രവര്‍ത്തകരെയും ജനാധിപത്യപ്രവര്‍ത്തകരെയും സന്നദ്ധസേവകരെയും ഒരു വര്‍ഷം മുമ്പ് അടിച്ചമര്‍ത്തി. ഐരാവതി തടത്തില്‍ 2008-ല്‍ വീശിയടിച്ച നര്‍ഗീസ് ചുഴലിക്കാറ്റില്‍പ്പെട്ടവരെ സഹായിക്കാനെത്തിയെന്നതായിരുന്നു അപരാധം. 85,000 പേര്‍ മരിക്കുകയും 54,000 പേരെ ഇനിയും കണ്ടെത്താന്‍ കഴിയാതിരിക്കുകയും ഏഴുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്ത പ്രകൃതിദുരന്തത്തില്‍ സഹായ ഹസ്തവുമായെത്തിയ പാശ്ചാത്യരാജ്യങ്ങളെയും സന്നദ്ധസംഘടനകളെയും രാജ്യത്തു കടക്കാന്‍ പട്ടാളം അനുവദിച്ചില്ല. സഹായങ്ങള്‍ക്കൊപ്പം ജനാധിപത്യത്തിന്റെ വിത്തും അവര്‍ ജനങ്ങള്‍ക്കിടയില്‍ വിതയ്ക്കുമെന്ന ഭീതിയായിരുന്നു ജനങ്ങളുടെ ജീവനെയും സുരക്ഷയെയുംകാള്‍ പട്ടാളമനസ്സില്‍ നിറഞ്ഞു നിന്നത്.