ഒരു ലക്ഷ്യമെന്ന നിലയില്‍ സമാധാനം മാതൃകാപരമായ ആശയമാണ്. ഏറ്റവും യുദ്ധപ്രിയരായ രാജ്യത്തിനോ ഭരണകൂടത്തിനോ പോലും അതിനോട് മത്സരിക്കാനാവില്ല -ആങ് സാന്‍ സ്യൂ ചിഒരു സ്ത്രീക്കെതിരെ രാജ്യത്തെ മുഴുവന്‍ പട്ടാളവും അണിനിരക്കുക- ഈ അസംബന്ധ നാടകമാണ് കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി മ്യാന്‍മര്‍ എന്ന ബര്‍മയില്‍ നടന്നുകൊണ്ടിരുന്നത്. ഒരു പട്ടാളഭരണകൂടം, ഈ സ്ത്രീയെ ഭയക്കുന്നു എന്നതിനര്‍ഥം അവര്‍ അസാമാന്യ കരുത്തുള്ള ആള്‍ തന്നെയാണെന്നാണ്.

ആങ് സാന്‍ സ്യൂചിയുടെ വീട്ടുതടങ്കലിന്റെ ഒടുവിലത്തെ ഖണ്ഡം കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ പതിനഞ്ചുകൊല്ലവും അവര്‍ ഇന്യ എന്നുപേരുള്ള തടാകത്തിന്റെ കരയിലെ തന്റെ വീട്ടില്‍ തടവില്‍കഴിയുകയായിരുന്നു. പുറത്ത് തോട്ടത്തിലോ വളപ്പിലോ ഇറങ്ങാന്‍പോലും അവര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. രണ്ടു പരിചാരകര്‍കൂടി ഈ വീട്ടുതടങ്കല്‍ ഏറ്റുവാങ്ങിയിരുന്നു. ശരിയാണ്, പട്ടാളം അവര്‍ക്ക് ഭക്ഷണവും മരുന്നും നല്‍കി. ഇടയ്ക്ക് വൈദ്യപരിശോധനയും. രണ്ടാഴ്ച കൂടുമ്പോള്‍ സ്വന്തം വക്കീലിനും അവരെ കാണാന്‍ അനുമതി നല്‍കി. എന്നാല്‍ ഇന്യയ്ക്കപ്പുറത്തുള്ള ലോകം അവര്‍ക്ക് അപ്രാപ്യമായിരുന്നു. അവിടേക്ക് കടക്കാന്‍ അവരെ അനുവദിച്ചാല്‍, മ്യാന്‍മറില്‍ മുഴുവന്‍ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നാണ് പട്ടാള ഭരണകൂടം പ്രചരിപ്പിച്ചിരുന്നത്.

ജനാധിപത്യത്തിന്റെ പര്യായം


രാജ്യത്തെ ജനാധിപത്യത്തിന്റെ പര്യായപദമാണ് ഇന്ന് സ്യൂചി. അവരെ അങ്ങനെ ആക്കിത്തീര്‍ത്തത് പട്ടാളമാണെന്ന് പറയേണ്ടിവരും. ആധുനിക ബര്‍മയുടെ പിതാവെന്ന് അറിയപ്പെടുന്ന ആങ് സാന്റെ മകളാണ് സ്യൂചി. ബര്‍മയുടെ സ്വാതന്ത്ര്യത്തിന്റെ കപ്പിത്താനായിരുന്ന ആങ്‌സാന്‍ വധിക്കപ്പെടുകയായിരുന്നു. ആങ് സാന്റെ മരണസമയത്ത് സ്യൂചി ചെറിയ കുട്ടിയാണ്. അവര്‍ പിന്നീട് ഡല്‍ഹിയിലും ഓക്‌സ്‌ഫെഡിലും വിദ്യാഭ്യാസം നേടി. ന്യൂയോര്‍ക്കില്‍ യു.എന്നിനുവേണ്ടി പണിചെയ്തു. 1972-ല്‍ മൈക്കല്‍ ആരിസ് എന്ന ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ചു; രണ്ടുകുട്ടികളുടെ അമ്മയായി. രോഗബാധിതയായ സ്വന്തം അമ്മയെ ശുശ്രൂഷിക്കാന്‍ 88-ല്‍ സ്വരാജ്യത്തെത്തിയതോടെയാണ് അവരുടെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. പട്ടാള ഭരണകൂടത്തിനെതിരെ ജനാധിപത്യശക്തികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ആങ് സാന്റെ മകള്‍ ശ്രമിച്ചു. അന്നു മുതല്‍ അവര്‍ പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായി.

'നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി' എന്ന പാര്‍ട്ടിക്ക് അവര്‍ രൂപം നല്‍കി. 2008 ആഗസ്ത് എട്ടിന് സ്യൂചിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനാധിപത്യാനുകൂല പ്രസ്ഥാനത്തിന് '8888' കലാപം എന്ന പേരുവീണു. '89-മുതല്‍ അവര്‍ വീട്ടുതടങ്കലിലുമായി. '90-ല്‍ പട്ടാളഭരണാധികാരികള്‍ തിരഞ്ഞെടുപ്പു നടത്താന്‍ തയ്യാറായി. സ്യൂചി വീട്ടുതടങ്കലില്‍ കഴിയുമ്പോഴാണിതു നടന്നത്. 59 ശതമാനം വോട്ടും 80 ശതമാനം പാര്‍ലമെന്റ് സീറ്റും സ്യൂചിയുടെ പാര്‍ട്ടി നേടി. അവര്‍ മ്യാന്‍മര്‍ ഭരിക്കേണ്ടതായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് പിന്നീട് പട്ടാളഭരണകൂടം റദ്ദാക്കി.

ലോകശ്രദ്ധയിലേക്ക്


ഇതോടെ, ലോകം മുഴുവന്‍ മ്യാന്‍മറിലെ ജനാധിപത്യ ധ്വംസനം ശ്രദ്ധിച്ചു. ശ്രദ്ധിച്ചുവെന്നുമാത്രമല്ല, കറയറ്റ പിന്തുണ സ്യൂചിക്കു പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തിലെ പ്രബല രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയുമൊക്കെ സ്യൂചിയുടെ വിടുതലിനു വേണ്ടി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അവരെത്തേടിയെത്തി. സമ്മര്‍ദങ്ങള്‍ക്ക് ഒരുപകരണമായി പാശ്ചാത്യരാഷ്ട്രങ്ങള്‍ ചിലപ്പോഴൊക്കെ പ്രയോഗിക്കാറുള്ള ഒരു ആയുധവും ഇക്കൂട്ടത്തില്‍പ്പെടും - സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.

ഗ്വാണ്ടനാമാ ബേയിലെ തടവുപുള്ളികളോടു താരതമ്യം ചെയ്താല്‍ സ്യൂചി അത്രയൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല. ജൂതന്മാരെ ഹിറ്റ്‌ലര്‍ പീഡിപ്പിച്ചതുപോലെയോ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ഭരണകൂടങ്ങള്‍ നടത്തിയ കിരാതപീഡനങ്ങള്‍ പോലെയോ ഒന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല എന്നു പറയാം. എങ്കിലും അന്താരാഷ്ട്ര നിയമങ്ങളും മ്യാന്‍മറിലെത്തന്നെ നിയമങ്ങളും ലംഘിച്ചാണ് പട്ടാളഭരണകൂടം സ്യൂചിയെ വര്‍ഷങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ചത്. ഫോണ്‍, ടി.വി., ഇന്റര്‍നെറ്റ് തുടങ്ങി ആളുകളുമായി ബന്ധപ്പെടാനുള്ള ഒരു സൗകര്യവും നല്‍കിയില്ല. വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഒരു റേഡിയോ, ഏതാനും പുസ്തകങ്ങള്‍ ഇത്രമാത്രം.

സ്യൂചിയുടെ അവസ്ഥ ലോകമെമ്പാടും അവര്‍ക്ക് ഒരു വീരാംഗനയുടെ പരിവേഷം നല്‍കി. ഏറെ ആരാധകരും അവര്‍ക്കുണ്ടായി. ഇന്യ തടാകം രഹസ്യമായി നീന്തിക്കടന്ന് സ്യൂചിയെ കാണാനെത്തിയ അമേരിക്കക്കാരന്‍ ജോണ്‍ യെത്താ ആണ് അവരുടെ ശിക്ഷ ഒന്നുകൂടി നീട്ടാന്‍ (കഴിഞ്ഞ ആഗസ്തില്‍) ഇടയാക്കിയത്.

ചൈനയുടെ പിന്തുണ


മ്യാന്‍മറിന്റെ ഈ ജനാധിപത്യശബ്ദത്തെ അടിച്ചമര്‍ത്താന്‍ പട്ടാളം നടത്തുന്ന ശ്രമങ്ങള്‍ക്ക് ചൈനയാണ് ശക്തമായ പിന്തുണ നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. പട്ടാളഭരണകൂടത്തിനെതിരെ യു.എന്‍. രക്ഷാസമിതിയില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം വീറ്റോ ചെയ്തത് ചൈന ആയിരുന്നു. ''88-ല്‍ തുടങ്ങിയതാണ് മ്യാന്‍മറിലെ പട്ടാളഭരണകൂടവുമായി ചൈനയുടെ ഉറ്റബന്ധം. അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അടുപ്പത്തിലേറെ ചൈനയെ ഇതിനു പ്രേരിപ്പിച്ചത് സ്വന്തം താത്പര്യങ്ങളാണ്. മ്യാന്‍മര്‍ എന്തുകൊണ്ടും അവരുടെ ദക്ഷിണേഷ്യന്‍ തന്ത്രങ്ങളില്‍ നിര്‍ണായകമായിരുന്നു. വളരുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിരിനപ്പുറം എന്ന നിര്‍ണായക സ്ഥാനം മ്യാന്‍മറിനുണ്ടല്ലോ. മാത്രമല്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനയ്ക്ക് ഒരു പിടിവള്ളി മ്യാന്‍മറിലൂടെ മാത്രമാണ്. വന്‍വാണിജ്യക്കരാറുകളാണ് മ്യാന്‍മറുമായി ചൈന ഉണ്ടാക്കിയിട്ടുള്ളത്. എണ്ണയും പ്രകൃതി വാതകങ്ങളും വിലകൂടിയ ലോഹങ്ങളും ചൈനയിലേക്ക് പോകുമ്പോള്‍ ചൈനയുടെ വിലകുറഞ്ഞ ഉത്പന്നങ്ങള്‍ ടണ്‍കണക്കിന് മ്യാന്‍മറിലെത്തുകയാണ്.

ചൈനയ്ക്ക് മ്യാന്‍മറിനുമേലുള്ള വന്‍സ്വാധീനത്തിന് അഭിലഷണീയമല്ലാത്ത ഒരു രണ്ടാംപാദമുണ്ടായി. മ്യാന്‍മറിനെ പിണക്കാതിരിക്കുന്നതിന് ഇന്ത്യ നല്‍കുന്ന മുന്‍ഗണന അതാണ്. നെഹ്രുവിനും ഇന്ദിരയ്ക്കും ശേഷം ഇന്ത്യയുടെ വിദേശനയത്തില്‍ ക്രമേണയുള്ള ക്ഷീണം ഇവിടെ പ്രതിഫലിച്ചു. സ്യൂചിക്കുവേണ്ടി ചില ഔപചാരികവാക്കുകള്‍ ഉരിയാടാന്‍ തയ്യാറായെങ്കിലും ജനറല്‍ താന്‍ഷ്വെയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യയുടെ തൊട്ടയല്‍പക്കരാജ്യത്തിന്മേല്‍ ചൈന വന്‍സ്വാധീനം ചെലുത്തുമ്പോള്‍ ഇത് അനിവാര്യമായിത്തീരുന്നു എന്നാണ് ഔദ്യോഗിക നിലപാട്.
തിരഞ്ഞെടുപ്പ് പ്രഹസനം

'90-നുശേഷം, മറ്റൊരു തിരഞ്ഞെടുപ്പ് മ്യാന്‍മറി നടക്കുന്നത് ഇപ്പോഴാണ്. ഈ തിരഞ്ഞെടുപ്പ് വിശ്വസനീയമല്ല എന്ന് മിക്ക രാജ്യങ്ങളും പ്രസ്താവിച്ചുകഴിഞ്ഞു. പട്ടാളം പിന്തുണയ്ക്കുന്ന യുണൈറ്റഡ് സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയാണ് വിജയിച്ചിരിക്കുന്നത്. ഉപരിസഭയില്‍ 86-ല്‍ 81-ഉം അധോസഭയില്‍ 147-ല്‍ 133 സീറ്റും അവര്‍ നേടി. തിരഞ്ഞെടുപ്പിനു മുന്‍പ് സ്യൂചിയെ പുറത്തുകൊണ്ടുവരാന്‍ ജനാധിപത്യവാദികള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം പട്ടാളഭരണകൂടം അവരെ സ്വതന്ത്രയാക്കി. മുന്‍പ് പലപ്പോഴും സംഭവിച്ചതുപോലെ ഹ്രസ്വകാലത്തേക്കാവാം ഈ സ്വാതന്ത്ര്യം.

65-കാരിയായ ഈ മെല്ലിച്ച സ്ത്രീ, ഒരു ബുദ്ധമതാനുയായി, ജനറല്‍മാരുടെ നട്ടെല്ലിലൂടെ ഇപ്പോഴും വിറ പായിക്കുന്നു എന്നത് നിശ്ചയമായും അവരുടെ വിജയംതന്നെയാണ്.


ആങ്‌സാന്‍ സ്യൂചി ജീവിതരേഖ


പ്രായം 66,
രണ്ട് ആണ്‍മക്കളുടെ അമ്മ


1945


യാങ്കോണില്‍ ജനനം. മ്യാന്‍മര്‍ സ്വാതന്ത്ര്യ സമരനായകന്‍ ആങ്‌സാന്റെ മകള്‍


1947


രണ്ടാം വയസ്സില്‍ പിതാവായ ജനറല്‍ ആങ്‌സാന്‍ വധിക്കപ്പെട്ടു


1964-67


ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പഠനം


1988


മ്യാന്‍മറില്‍ തിരിച്ചെത്തി. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി സ്ഥാപിച്ചു


1989-95


ആദ്യമായി വീട്ടുതടങ്കലിലാക്കി


1990


തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക് തകര്‍പ്പന്‍ ജയം. പട്ടാളം ജനവിധി അംഗീകരിച്ചില്ല


1991


നൊബേല്‍ സമ്മാനത്തിന് അര്‍ഹയായി


2000 - 2009


വീട്ടുതടങ്കലിന്റെ രണ്ടാംഘട്ടം. 2002-ല്‍ മോചിപ്പിച്ചെങ്കിലും '03-ല്‍ വീണ്ടും തടവിലാക്കി


മെയ് 2009


കായലോരവസതിയിലേക്ക് ഒരാള്‍ നീന്തിക്കയറിയെന്നു പറഞ്ഞ് വീട്ടുതടങ്കല്‍ നീട്ടി


നവം.2009


18 മാസത്തേക്കുകൂടി വീട്ടുതടങ്കലിന് കോടതി ശിക്ഷിച്ചു. ഇതിനെതിരായ അപ്പീല്‍ കോടതി തള്ളി


2010


ശനിയാഴ്ച വീട്ടുതടങ്കല്‍ അവസാനിച്ചു; മോചനം