
യാങ്കോണ്‍: പിറന്ന മണ്ണില്‍ ജനാധിപത്യം പുലരാന്‍ 15 വര്‍ഷം ഹോമിച്ച ആങ് സാന്‍ സ്യൂചിക്ക് മോചനം. സമാധാന പോരാളിയും നൊബേല്‍ സമാധാന പുരസ്കാര ജേത്രിയുമായ സ്യൂ ചിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസം പട്ടാളഭരണകൂടം ഒപ്പിട്ടിരുന്നു. ശനിയാഴ്ച ഉത്തരവ് നടപ്പാക്കി. യാങ്കോണില്‍ ഇക്കാലമത്രയും തടവില്‍ കിടന്ന ഇന്യ നദിക്കരയിലെ വീട്ടില്‍നിന്ന് കൈയടികളുടെയും പൂമാലകളുടെയും നടുവിലേക്കു കൈവീശി പുഞ്ചിരിയോടെ സ്യൂചി ഇറങ്ങിവന്നു. ആരോ അവര്‍ക്ക് ഒരു പൂവ് എറിഞ്ഞു കൊടുത്തു. അതെടുത്തവര്‍ തലയില്‍ ചൂടി. ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തോട് അവര്‍ പറഞ്ഞു: ''നമ്മള് ഒന്നിച്ചു പ്രവര്‍ത്തിക്കും.'' ജനാധിപത്യത്തിനായുള്ള പോരാട്ടം തളരാതെ തുടരുമെന്ന, പട്ടാളത്തിനുള്ള മുന്നറിയിപ്പുകൂടിയായി ആ വാഗ്ദാനം.
ജനക്കൂട്ടത്തിന്റെ ആര്പ്പുവിളികള്മൂലം സ്യൂചിക്ക് ഏറെയൊന്നും പറയാനായില്ല. തന്റെ പ്രസംഗം കേള്‍ക്കാന്‍ ഞായറാഴ്ച പാര്‍ട്ടി ആസ്ഥാനത്തേക്കു വരാന്‍ എല്ലാവരെയും ക്ഷണിച്ച് അവര്‍ വീടിനുള്ളിലേക്കു തിരിച്ചു കയറി. സ്യൂചിയെ ഒരു നോക്കു കാണാന്‍ രണ്ടു ദിവസമായി വീടിനുമുന്നില്‍ കാത്തിരുന്നവര്‍ അപ്പോഴും അവിടെ പറ്റിക്കൂടിനിന്നു. സ്യൂചിയുടെ പടങ്ങളേന്തിയ അവര്‍ ''ഞങ്ങള്‍ സ്യൂചിക്കൊപ്പം'' എന്നെഴുതിയ ടീ ഷര്‍ട്ടുകളും അണിഞ്ഞിരുന്നു.
യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സ്യൂചിയുടെ മോചനത്തെ സ്വാഗതം ചെയ്തു. 1989 മുതല്‍ 2010 വരെയുള്ള 21 വര്‍ഷങ്ങളില്‍ 15 വര്‍ഷവും സ്യൂചി വീട്ടുതടങ്കലിലായിരുന്നു. ഇതിനിടെ 1995-ലും 2002-ലും പട്ടാളം അവരെ മോചിപ്പിച്ചു. തടവിന്റെ ആ ഇടവേളകളില്‍ ജനാധിപത്യ വിശ്വാസികളായ അണികളെക്കൂട്ടി അവര്‍ പട്ടാളത്തിന്റെ സ്വേച്ഛാഭരണത്തിനെതിരെ പൊരുതി. അവരെ പേടിച്ച ഭരണകൂടം ഓരോ കാരണങ്ങളുണ്ടാക്കി വീണ്ടും തടവിലാക്കി. 2003-ല്‍ തുടങ്ങിയ ഒടുവിലെ തടങ്കല്‍ ക്കാലം കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ അവരുടെ കായലോര വസതിയിലേക്ക് ഒരു അമേരിക്കക്കാരന് നീന്തിക്കയറിയെന്ന് ആരോപിച്ച് 18 മാസത്തേക്ക് തടവ് നീട്ടി. നവംബര്‍ 13-ന് തടവുകാലം തീര്‍ന്നു. ഇത്തവണ പുതിയ കാരണങ്ങള്‍ കണ്ടെത്താതെ പട്ടാളം അവരെ വിട്ടയച്ചു.
20 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ച മ്യാന്മറില് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കാരണവശാലും സ്യൂ ചി അതില്‍ പങ്കെടുക്കാതിരിക്കാന്‍ പട്ടാളം പുതിയ നിയമങ്ങളുണ്ടാക്കി. തടവില്‍ കഴിയുന്നവര്‍ക്കോ കഴിഞ്ഞവര്‍ക്കോ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് ഉത്തരവിറക്കി. പട്ടാളത്തിന്റെ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. അതോടെ സര്‍ക്കാര്‍ പാര്‍ട്ടി പിരിച്ചുവിട്ടു. ഇതിന്റെ പേരില്‍ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടായി.
സ്യൂചി തിരിച്ചുവരുമ്പോള്‍ അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്ല. അവര്‍ പാര്‍ട്ടി പുനസ്സംഘടിപ്പിക്കുകയോ പുതിയ എന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തുകയോ വേണം. ഞായറാഴ്ച നടത്തുന്ന പ്രസംഗത്തിലൂടെ ഭാവികാര്യങ്ങള്‍ അവര്‍ ലോകത്തോടു പറയും എന്നാണ് അണികളുടെ പ്രതീക്ഷ. എന്തായാലും ഇന്റര്‍നെറ്റ് യുഗത്തില്‍ കഴിയുന്ന പുതുതലമുറയോട് സംവദിക്കാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങാന്‍ സ്യൂചിക്ക് ഉദ്ദേശ്യമുണ്ടെന്ന് അവരുടെ അഭിഭാഷകന് ന്യാന് വിന് പറഞ്ഞു.
രക്തരഹിത വിപ്ലവവുമായി മുന്നോട്ടുപോയ സ്യൂ ചിയെത്തേടി 1991-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമെത്തി. അതു വാങ്ങാന്‍ മ്യാന്മര് ഭരണകൂടം അവരെ അനുവദിച്ചില്ല. അമ്മയ്ക്കുവേണ്ടി മൂത്തമകന് അലക്സാണ്ടര്‍ അത് ഏറ്റുവാങ്ങി. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവ് മൈക്കല്‍ ആരിസിന് മരണത്തിനുമുമ്പ് മ്യാന്മറിലെത്തി ഭാര്യയെക്കാണാന്‍ പട്ടാളം വിസ നല്‍കിയില്ല. വ്യക്തിപരമായ നഷ്ടങ്ങളിലും സ്യൂചി പതറിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം പുറംലോകത്തെത്തുന്ന അമ്മയെ കാണാന്‍ ഇളയമകന് കിം ബാങ്കോക്കിലെത്തിയിട്ടുണ്ട്. സ്യൂ ചിയെ സന്ദര്‍ശിക്കാന്‍ പട്ടാളം അനുമതി കൊടുത്തോ എന്ന് വ്യക്തമായിട്ടില്ല.