പാരിസ്: ആങ് സാന്‍ സ്യൂചിക്ക് വിവിധ രാഷ്ട്രനേതാക്കളും മനുഷ്യാവകാശ സംഘടനകളും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് സ്വാഗതം ആശംസിച്ചു. സ്യൂചിയുടെ മോചനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മ്യാന്‍മറിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും പട്ടാളഭരണകൂടം വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ ആരാധനാപാത്രമെന്നാണ് സ്യൂചിയെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്യൂചിയെ നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും പട്ടാളഭരണകൂടം അസാധാരണ നടപടികളാണ് സ്വീകരിച്ചത്. എന്നിട്ടും അവര്‍ ജനാധിപത്യത്തിനും സമാധാനത്തിനുമായുള്ള പോരാട്ടം ധീരമായി തുടര്‍ന്നു. മ്യാന്‍മറിലെ മാത്രമല്ല ലോകമെങ്ങുമുള്ള മനുഷ്യാവകാശ പോരാളികള്‍ക്ക് പ്രചോദനമാണ് സ്യൂചിയുടെ ജീവിതം -ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.സ്യൂചിയെ വിട്ടയച്ച നടപടിയെ ഫ്രാന്‍സ് സ്വാഗതം ചെയ്തു. സ്യൂചിക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി മ്യാന്‍മര്‍ ഭരണകൂടത്തിനു മുന്നറിയിപ്പ് നല്‍കി.

അഭിപ്രായസ്വാതന്ത്രത്തിലും ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും വിശ്വസിക്കുന്ന മുഴുവനാളുകള്‍ക്കും സ്യൂചി ആവേശം പകരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തെ പിന്തുണച്ചു പോരുന്ന ചൈന ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നവംബര്‍ 15ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മ്യാന്‍മറിലെ ജനതയ്ക്ക് സ്യൂചിയുടെ മോചനം പുതിയ പ്രതീക്ഷ പകരുമെന്ന് നൊബേല്‍ ജേതാവും എല്‍ഡേര്‍സ് എന്ന ഉന്നത വ്യക്തികളുടെ കൂട്ടായ്മയുടെ ചെയര്‍മാനുമായ ഡസ്മണ്ട് ടുട്ടു പറഞ്ഞു.
ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തിലെ വെല്ലുവിളികളെ നേരിടാന്‍ മ്യാന്‍മറിലെ അധികൃതര്‍ തയ്യാറാകുന്നുവെന്നതിന്റെ സൂചനയാണ് സ്യൂചിയുടെ മോചനമെന്ന് യു.എന്‍. മനുഷ്യാവകാശ കമ്മീഷണര്‍ നവി പിള്ള പറഞ്ഞു. രാജ്യത്തു തടങ്കലില്‍ കഴിയുന്ന 2200 രാഷ്ട്രീയക്കാരെ മോചിപ്പിക്കണമെന്നും അവര്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മ്യാന്‍മറിനെതിരായ ഉപരോധങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടും

യാങ്കോണ്‍: ആങ്‌സാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍നിന്നു മോചിപ്പിക്കാനുള്ള തീരുമാനം മ്യാന്‍മറിനു മേലുള്ള പാശ്ചാത്യ ഉപരോധങ്ങളെ വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുന്നു. മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിനെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് പാശ്ചാത്യരാജ്യങ്ങള്‍ മ്യാന്‍മറിനു മേല്‍ ഉപരോധങ്ങള്‍ കൊണ്ടുവന്നത്. സ്യൂചിയുടെ മോചനം ജനാധിപത്യപോരാട്ടത്തിന്റെ വിജയംകൂടിയായി ഗണിക്കപ്പെടുമ്പോള്‍ ഉപരോധങ്ങളുടെ ഭാവിയെന്തായിരിക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, ഉപരോധങ്ങള്‍ പലതും പരാജയമായിരുന്നെന്നും വിമര്‍ശനം ഉണ്ടായിരുന്നു.


നിലവില്‍, മ്യാന്‍മറിനെതിരായുള്ള പ്രധാന ഉപരോധങ്ങള്‍ ഇവയാണ്:


* യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ആയുധങ്ങളോ ആയുധ സാങ്കേതിക പരിജ്ഞാനമോ മ്യാന്‍മറിനു കൈമാറ്റം ചെയ്യാനോ വില്ക്കാനോ പാടില്ല. 1996ലാണ് യൂണിയന്‍ ഈ പൊതുനിലപാട് സ്വീകരിച്ചത്.
* 2007 സപ്തംബറില്‍ ബുദ്ധസന്ന്യാസിമാരുട നേതൃത്വത്തില്‍ നടന്ന ജനാധിപത്യാനുകൂല പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ യൂണിയന്‍ ഉപരോധം ശക്തമാക്കി. വിസ നിരോധനവും ആസ്തി മരവിപ്പിക്കലും അടക്കമുള്ള നടപടികള്‍ കൈക്കൊണ്ടു.
* 2009 ഏപ്രിലില്‍ യൂണിയന്‍ വിസാനിരോധനവും ആസ്തി മരവിപ്പിക്കലും ഒരു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന ആങ്‌സാന്‍ സ്യൂചിയെയും മറ്റു രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കി.
* ആഗസ്ത് 11ന് ഫ്രാന്‍സ് വ്യക്തമാക്കി: ആയുധവില്പനയില്‍ മ്യാന്‍മറിന് ആഗോള നിരോധനാജ്ഞ ഏര്‍പ്പെടുത്തണം. മ്യാന്‍മറിന്റെ പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ തടി, രത്‌നങ്ങള്‍ എന്നിവയ്ക്ക് സാമ്പത്തിക ഉപരോധവും ശക്തമാക്കി. മ്യാന്‍മറിന് ആയുധവില്പനയില്‍ ആഗോളനിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടന്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു.
* സ്യൂചിയെ വീട്ടുതടങ്കലിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച ജുഡീഷ്യറി അംഗങ്ങളെ പട്ടാള ഗവണ്‍മെന്റിന്റെ ഭാഗമായി കണക്കാക്കി ഇവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്നും ആസ്തി മരവിപ്പിക്കണമെന്നും വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും.
അമേരിക്കയും മ്യാന്‍മറിനു നേരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
* 1988ല്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോഴാണ് അമേരിക്ക ആദ്യമായി മ്യാന്‍മറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരോ സ്ഥാപനങ്ങളോ മ്യാന്‍മറില്‍ നിക്ഷേപം നടത്തരുതെന്ന് 1997ല്‍ അമേരിക്ക പ്രഖ്യാപിച്ചു.
* വാഷിങ്ടണ്‍ ഘട്ടംഘട്ടമായി മ്യാന്‍മറിനുമേലുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു. സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി)യുമായി സൗഹൃദം പുനഃസ്ഥാപിക്കാന്‍ പട്ടാളഭരണകൂടത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു അമേരിക്കയുടെ ഉദ്ദേശ്യം. സ്യൂചി ജയിലിലായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 1990ലെ തിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. വന്‍വിജയം നേടിയിട്ടും പുതിയ ഭരണകൂടം നിലവില്‍ വരാന്‍ പട്ടാളം അനുവദിച്ചിരുന്നില്ല.
* പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ മെയ്മാസം മ്യാന്‍മറിനെതിരായ ഉപരോധം പുതുക്കി ഉത്തരവിട്ടു.
* 2008 ജൂലായില്‍ യൂണിയന്‍ ഓഫ് മ്യാന്‍മര്‍ ഇക്കണോമിക്‌സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, മ്യാന്‍മര്‍ ഇക്കണോമിക് കോപ് തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്തികളും ഇടപാടുകളും അമേരിക്ക തടഞ്ഞുവെച്ചു.
ഓസ്‌ട്രേലിയ, കാനഡ, ന്യൂസീലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും മ്യാന്‍മറിനെതിരായ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്യൂചിയുടെ വീട്ടുതടങ്കല്‍ സംബന്ധിച്ച് ചൈനയും ഇന്ത്യയും പൊതുവെ നിശ്ശബ്ദത പാലിച്ചു.