ദോഹ: കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 19 പേരുടെ മരണത്തിനിടയാക്കിയ വില്ലാജിയോ മാള്‍ ദുരന്തത്തിലെ പ്രതികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വിധിക്കെതിരെ ജനറല്‍ പ്രോസിക്യൂട്ടര്‍ അപ്പീല്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കീഴ്ക്കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി അവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യയുടെ ഉത്തരവാദിത്വം വ്യാപാര സമുച്ചയത്തിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനിക്കാണെന്നായിരുന്നു അപ്പീല്‍കോടതി വിധി. എതിര്‍കക്ഷികള്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് ദയാധനം ഉള്‍പ്പടെ നഷ്ടപരിഹാരം നല്‍കണം എന്നും അപ്പീല്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍, പ്രതികളായ അഞ്ച് പേരും നിരപരാധികളാണെന്നോ അവരെ വെറുതെവിടുകയാണെന്നോ എന്ന് വിധിയില്‍ പരാമര്‍ശിച്ചിരുന്നില്ല. ഏറെ വിമര്‍ശം ഉയര്‍ത്തിയ ആ വിധിക്കെതിരെ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷനോട് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതെയ്സ് അല്‍മറി ആവശ്യപ്പെടുകയായിരുന്നു. 

2012 മെയ് 28നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. വില്ലാജിയോ മാളിലെ ജിംപാന്‍സി പകല്‍ സംരക്ഷണ കേന്ദ്രത്തിലെ കുട്ടികളായിരുന്നു മരണമടഞ്ഞവരില്‍ 13 പേര്‍. ഏഴ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും. നാല് അധ്യാപകരും രണ്ട് സിവില്‍ ഡിഫന്‍സ് ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടും. ഫിലിപ്പീന്‍സ്, സ്പാനിഷ് തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നുള്ളവരായിരുന്നു മരിച്ചവര്‍. 

ദോഹ അല്‍ വഅബ് സ്ട്രീറ്റില്‍ ഖലീഫാ സ്റ്റേഡിയമുള്‍പ്പെടുന്ന ആസ്പെയര്‍ സോണിന് അരികെയുള്ള വില്ലേജിയോ മാളിന്റെ ഗേറ്റ് നമ്പര്‍ മൂന്നിലെ ഒരു കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമായി കണ്ടെത്തിയിരിക്കുന്നത്. 2011 ജൂണിലാണ് കേസുമായി ബന്ധപ്പെട്ട കോടതി നടപടിക്രമം ആരംഭിച്ചത്. 17കോടതി സെഷനുകള്‍ അവസാനിച്ചത് 2013 ജൂണില്‍. 19പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അഞ്ചുപേര്‍ കുറ്റക്കാരാണെന്നായിരുന്നു വിധി. നഴ്സറിയുടെ ഉടമസ്ഥരും വില്ലേജിയോ മാളിന്റെ ചെയര്‍മാനും മാനേജരും ജിംപാന്‍സി നഴ്സറിയുടെ കൊമേഴ്സ്യല്‍ പെര്‍മിറ്റ് ഒപ്പിട്ട വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പ്രതിനിധിയെയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്ക് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ തടവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി മുഖേന രണ്ട് ലക്ഷം ഖത്തര്‍ റിയാല്‍ വീതം ദയാധനം നല്‍കാനും കോടതി വിധിച്ചിരുന്നു.

എന്നാല്‍ വിധിക്കെതിരായി അപ്പീല്‍ നല്‍കപ്പെട്ടു. പത്തൊന്‍പത് പേര്‍ വെന്തുമരിച്ച വില്ലാജിയോമാള്‍ ദുരന്തത്തില്‍ കുറ്റക്കാരെന്ന് കീഴ്ക്കോടതി വിധിച്ച അഞ്ച് പേരെയും ഖത്തര്‍ അപ്പീല്‍ കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയിരുന്നു. കേസില്‍ കുറ്റാരോപിതരായ അഞ്ചുപേരും തടവ് അനുഭവിക്കേണ്ടതില്ലെന്നാണ് ഏറ്റവും ഒടുവിലായി വിധി ഉണ്ടായിരിക്കുന്നത്. 

വില്ലാജിയോ മാള്‍ ദുരന്തവുമായി ബന്ധപ്പെട്ടുളള നിയമ യുദ്ധം ഇനിയും തുടരുമെന്ന് വ്യക്തമായിരിക്കുകയാണ്. എന്നാല്‍ വേനല്‍ അവധിക്ക് ശേഷം മാത്രമേ കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക് വരുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിലെ കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരത്തേ വ്യക്തമാക്കിയിരുന്നു.