ജീവിതം അപ്രതീക്ഷിതമായി വല്ലാത്തൊരു നിശ്ശബ്ദമായ താഴ്‌വാരങ്ങളിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടെത്തിക്കും. അനന്തമായ ആകാശവും അറ്റം കാണാത്ത ഭൂമിയും നമ്മുടെ മുന്‍പില്‍ നിരപരാധികളെപ്പോലെ നിവര്‍ന്നുനില്ക്കും. അതിനു മുന്‍പില്‍ അകപ്പെട്ടുപോകുന്ന ജീവിതം അകംചൂടുകൊണ്ട് വെന്തുനീറിക്കൊണ്ടേയിരിക്കും. ഇങ്ങനെ ജീവിതം അതിന്റെ അത്യുഷ്ണത്തില്‍ വിയര്‍ത്തുനില്ക്കുമ്പോള്‍ പറന്നെത്തുന്ന മഴയ്ക്കുപോലും ഇത്തരം ജീവിതത്തെ തണുപ്പിക്കാന്‍ കഴിയാറില്ല. മഴ പെയ്യുമ്പോഴും മനസ്സു കത്തിക്കൊണ്ടേയിരിക്കും. അതാകട്ടെ, പറഞ്ഞറിയിക്കാന്‍ കഴിയാത്ത, അനുഭവിച്ചറിയുന്ന അനുഭവമാണ്. അതുകൊണ്ടാണല്ലോ 'മരിച്ചിട്ടും എന്റെ മകനെ എന്തിനാണ് മഴയില്‍ നിര്‍ത്തുന്നത്' എന്ന് കക്കയത്തെ ക്യാമ്പില്‍ കശാപ്പു ചെയ്യപ്പെട്ട രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ ചോദിച്ചത്. ഒരേസമയം മരിച്ചുപോയ മകനും ജീവിച്ചിരിക്കുന്ന അച്ഛനും മഴ നല്കുന്ന തണുപ്പിനെ തണുപ്പായി അനുഭവിക്കാന്‍ കഴിയാത്തത് വ്യക്തിപരമാണെങ്കിലും അതിലൊരു പ്രകൃതി നന്നായി ജീവിക്കുന്നുണ്ട്. അതുകൊണ്ടാണ് കവി അയ്യപ്പന്‍ പറഞ്ഞത്, 'പ്രകൃതിയുടെ കണ്ണീരാണ് മഴ'യെന്ന്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നു എന്നൊരു ആധി നമ്മളെ വലയംചെയ്യുമ്പോള്‍ ജീവിതത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങളെ നിയന്ത്രിക്കാന്‍ നമുക്കു കഴിയാതെവരുന്നു. വീണ്ടും വീണ്ടും ഒറ്റപ്പെടലിന്റെ തുരുത്തിലേക്കുള്ള തീര്‍ഥയാത്രകള്‍ ആരംഭിക്കുന്നത് അതുകൊണ്ടാണ്. അവിടെ കാലവും ദേശവും വേഷപ്പകര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍തന്നെയാണ്. സ്വന്തം ദേശത്തെ പച്ചപ്പില്‍നിന്നും മരുഭൂമിയിലേക്കുള്ള പുറപ്പാട്, ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരുടെ കണ്‍മുന്‍പില്‍ അപൂര്‍വമായി കിട്ടുന്ന മഴ- അല്ലെങ്കില്‍ ഒരു മഴക്കാലസന്ധ്യ. ആ മഴപോലും കത്തുന്ന ചൂടായി അനുഭവിക്കേണ്ടിവരുന്ന ഒരുപാടു പേരുണ്ട് മരുഭൂമിയിലെ നഗരജീവിതത്തില്‍.

മാര്‍ച്ചിന്റെ മധ്യത്തോടെ മരുഭൂമിയില്‍ ചൂടിന്റെ വരവ് അറിയിച്ചുകൊണ്ട് ഒന്നോ രണ്ടോ നല്ല മഴ പതിവാണ്. അതു കഴിഞ്ഞാല്‍പ്പിന്നെ കാഴ്ചകളെ അപ്രത്യക്ഷമാക്കിക്കൊണ്ടുള്ള പൊടിക്കാറ്റ് ഒരു അറിയിപ്പാണ്, തൊട്ടുപിന്നാലെ ചൂടു വരവായി എന്നതിന്. പിന്നെ മുറിയില്‍ എ.സിയുടെ ശബ്ദം അരോചകമായ മൂളലായി ഒഴുകാന്‍ തുടങ്ങും. കാലത്ത് എഴുന്നേറ്റു പോകേണ്ടവര്‍ തലേന്നാള്‍ വലിയ ബക്കറ്റില്‍ വെള്ളം പിടിച്ചുവെച്ച് തണുപ്പിക്കും. ചൂടു കാലത്ത് ജീവിതത്തിന്റെ നടപടിക്രമങ്ങള്‍ മാറുകയാണ്. നിര്‍മാണത്തൊഴിലാളികളുടെ ജീവിതം നിത്യമായ ചൂടില്‍നിന്നും വെന്തുരുകുന്ന ചൂടിലേക്ക് ഇഴഞ്ഞിഴഞ്ഞ് പിന്നെ കത്തിനില്ക്കുമ്പോള്‍ മധ്യാഹ്നവിശ്രമം എന്ന അനുഗൃഹീത വിശ്രമസമയം കിട്ടുന്നു. ഇതൊരു ശാന്തിയാണ്. മൂന്നോ നാലോ മണിക്കൂര്‍ എന്നതല്ല. മറിച്ച്, സാക്ഷാല്‍ സൂര്യന്‍ തലയ്ക്കു മുകളില്‍ കത്തിനില്ക്കുമ്പോള്‍ സൂര്യനെ ബഹുമാനിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും കിട്ടുന്ന ശാന്തി. ഇത് സൂര്യനില്‍നിന്നുള്ള ഒളിച്ചോട്ടമല്ല. മറിച്ച്, സൂര്യനെക്കാള്‍ ചൂടുള്ള ജീവിതത്തോടു സ്വയം തോന്നുന്ന സ്‌നേഹമാണ്. ഇങ്ങനെയൊക്കെ ചൂടിനെക്കുറിച്ച്, കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഏപ്രില്‍മാസത്തെ ആദ്യത്തെ വ്യാഴാഴ്ച മരുഭൂമിയില്‍ ശക്തമായ ഇടിമിന്നലോടെ മഴയെത്തിയത്.

മഴ. മഴക്കാലത്തെ ഓര്‍മകള്‍. മഴക്കാലസന്ധ്യകള്‍, മൂടിപ്പുതച്ചുറങ്ങുമ്പോള്‍ പുറത്തെ മഴയുടെ സംഗീതം. അപ്രതീക്ഷിതമായ ഉണര്‍വില്‍ പുറത്തേക്കു നോക്കിയാല്‍ നിലാവുള്ള രാത്രിയിലാണെങ്കില്‍ ചേമ്പിലയിലും വാഴയിലയിലും വീണുടയുന്ന മഴത്തുള്ളികള്‍ക്ക് ആകാശത്തിന്റെ നിറമായിരിക്കും. നിലാവുള്ള രാത്രിയില്‍ മനോഹരമായ വര്‍ണത്താല്‍ അത് അണിഞ്ഞൊരുങ്ങി നില്ക്കുന്നതായി ഓര്‍മയുണ്ട്. ഇതൊക്കെ മലയാള മനസ്സില്‍ സൂക്ഷിക്കുന്ന മഴക്കാല അനുഭവങ്ങള്‍. പക്ഷേ, കര്‍ക്കടകം പിറക്കാത്ത മണ്ണില്‍ ഏപ്രില്‍മാസത്തെ ആദ്യദിനങ്ങള്‍ മഴകൊണ്ടു സമ്പന്നമായിരിക്കുന്നു. ഉഷ്ണകാലത്തിന്റെ വരവിനെ അറിയിച്ചുകൊണ്ടുള്ള ഈ മഴ നമ്മളെ മറ്റൊരു ദേശസംസ്‌കൃതിയുടെ നനവാര്‍ന്ന അനുഭവത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോവുകയാണ്.

വ്യാഴാഴ്ച ഉച്ചവരെയാണ് അവള്‍ക്ക് ഓഫീസ്. ഉച്ച കഴിഞ്ഞാല്‍ ഒറ്റജാലകം മാത്രമുള്ള ആ സ്റ്റുഡിയോഫ്‌ളാറ്റില്‍ അവള്‍ തനിച്ചാണ്. അവിടെ അവള്‍ക്കൊരു വലിയ ലോകമുണ്ട്. കൂട്ടിനു പതിവായി എത്താറുള്ള പക്ഷികള്‍. അവ ജാലകത്തിനു പുറത്ത് അവള്‍ ഒരുക്കിവെക്കുന്ന ഭക്ഷണം തിന്നാന്‍ എത്തും. എന്റെ വരവ് പലപ്പോഴും ഏറെ വൈകിയായിരിക്കും. എപ്പോഴും നേരത്തേ വരണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും അതു നടക്കാറില്ല. പക്ഷേ, എന്താണ് എന്നറിയില്ല, മഴ പെയ്ത ആ വ്യാഴാഴ്ചസന്ധ്യയ്ക്കു മുന്‍പേ ഞാന്‍ മുറിയില്‍ എത്തിയിരുന്നു. ജാലകത്തിലെ പാതി തുറന്നിട്ട ഒഴിവിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് പരന്നൊഴുകുന്നുണ്ടായിരുന്നു. സുഖകരമായ തണുപ്പിന്റെ തലോടല്‍. പുറത്തേക്കു നോക്കിയതുകൊണ്ട് കാര്യമില്ല. നാലു ചുമരുകള്‍ക്കു നടുവിലുള്ള ഒഴിവിലൂടെ വെളിച്ചം കാണണമെങ്കില്‍ മുകളിലേക്കു നോക്കണം. തൊട്ടടുത്ത രണ്ടു വശത്തെ മുറിയില്‍ ഫിലിപ്പൈന്‍സുകാരാണ്. നേരേ എതിര്‍വശത്ത് ഒരു അറബ്കുടുംബവും. ആ മുറിയില്‍നിന്നും നിരന്തരമായി ഒരു കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. അതു കേള്‍ക്കുമ്പോള്‍ അവള്‍ മറ്റൊരു ലോകത്തിലാണെന്ന് എനിക്കു തോന്നാറുണ്ട്. തണുത്ത കാറ്റിനു വീണ്ടും ശക്തി കൂടി. ഞാന്‍ തല പുറത്തേക്കു നീട്ടി ആകാശത്തേക്കു നോക്കി. മഴമേഘങ്ങള്‍കൊണ്ട് ആകാശം കനപ്പെട്ടിരിക്കുന്നു. മഴ തൂങ്ങിനില്ക്കുന്ന ആകാശം ഞങ്ങള്‍ക്കു പരിമിതമായ കാഴ്ചയേ നല്കിയുള്ളൂവെങ്കിലും ആ പരിമിതിക്കുള്ളില്‍ മഴ പെയ്യാന്‍ തുടങ്ങി. നാലു ചുമരുകള്‍ക്കുള്ളിലെ ഒഴിവിലേക്ക് മഴ പെയ്തു.
മഴ പെയ്യുകയാണ്. ആകാശം തൊട്ടുനില്ക്കുന്ന കെട്ടിടങ്ങളിലേക്ക് മഴ ഒഴുകിയെത്തി. നാട്ടിലെ മഴ ഇലയില്‍ വീണു തരുന്ന ആ മധുരസംഗീതത്തിനു പകരം മരുഭൂമിയില്‍ അതു നഗരകേന്ദ്രങ്ങളിലെ പടുകൂറ്റന്‍കെട്ടിടത്തില്‍ പതിച്ച് ഒരു പ്രതികാരത്തിന്റെ ശബ്ദമാണ് തരുന്നത്. (അത് വെറും തോന്നലാണോ?) ചില്ലുമേഞ്ഞ കെട്ടിടത്തിലും അലൂമിനിയത്തിന്റെ മനോഹരമായ നിര്‍മിതിയിലും മഴത്തുള്ളികള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ അതൊരു പുതിയ കാഴ്ചയായി മാറുകയാണ്. പക്ഷേ, മഴ ഇതൊന്നും അറിയുന്നില്ല. ഉണങ്ങിയതിനെ ഒക്കെയും മഴ നനച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ ജാലകത്തോടു ചേര്‍ത്തുകെട്ടിയ ഇരുമ്പുകമ്പിയില്‍ ഉണക്കാന്‍ വെച്ച തുണികള്‍ നനയുകയാണിപ്പോള്‍. അതു മഴയില്‍ വിറങ്ങലിച്ചു നില്ക്കുകയാണ്. അതിന് അകത്ത് ഒരു ഇടം നല്കാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നാളെ ധരിക്കേണ്ട വസ്ത്രങ്ങള്‍ നനഞ്ഞുനില്ക്കുന്നതു നോക്കിനില്ക്കാനേ കഴിയുന്നുള്ളൂ. അതിനിടയിലാണ് അതു ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ഒഴിവില്‍ നാട്ടില്‍ പോയപ്പോള്‍ അവള്‍ വാങ്ങിയ ചുവന്ന ചുരിദാറില്‍നിന്നും ചുവന്ന കളര്‍ താഴേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. അത് അവള്‍ക്കു കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:
'വാങ്ങുമ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞതല്ലേ ഈ തുണിയില്‍നിന്നും കളര്‍ പോകുമെന്ന്.'
പെട്ടെന്നായിരുന്നു അവളുടെ മറുപടി:
'അത് ചുവന്ന കളറല്ല. എന്റെ ഹൃദയത്തില്‍നിന്നും ഒഴുകിപ്പോകുന്ന ചോരയാണ്.'
ഒരു നിമിഷം മഴ കനത്തു. ആകാശത്തെ മിന്നലിന്റെ കൊള്ളിവെളിച്ചം മുറിയിലേക്ക് ആഞ്ഞുകൊത്തി. പിന്നാലെ വന്നു ഇടിയുടെ മുഴക്കം. അവളെ നോക്കിക്കൊണ്ട് ഞാന്‍ ചോദിച്ചു:
'സദാസമയം നിന്റെ ഹൃദയത്തെ തൊട്ടുനിന്ന എനിക്ക് കാണാന്‍ കഴിയാത്ത മുറിവുകള്‍ എങ്ങനെയാണ് നിന്റെ ഹൃദയത്തില്‍ സംഭവിച്ചത്.'
'ഏകാന്തത, ഒറ്റപ്പെട്ടുപോകുന്ന ജീവിതം, നേട്ടങ്ങളില്ലാത്ത കഴിഞ്ഞ ഏഴു വര്‍ഷത്തെ തൊഴില്‍ ജീവിതം. നഷ്ടപ്പെട്ട സന്ധ്യകള്‍, മക്കളെ, അച്ഛനെ, അമ്മയെ ഇവരെ ഒക്കെ അകന്നു ജീവിക്കുമ്പോള്‍ ഏതൊരു സ്ത്രീയുടെ ഹൃദയത്തിലും മുറിവുകള്‍ രൂപംകൊള്ളും. ഒരുപക്ഷേ, ഹൃദയം തുറന്ന് എത്ര വിശദമായി പരിശോധിച്ചാലും ഒരു ദൈവത്തിനും ആ മുറിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. ഗള്‍ഫിലെ ജീവിതത്തില്‍ പുരുഷന്റെ ജീവിത സാഹചര്യത്തില്‍നിന്നും ഒരുപാടു വ്യത്യസ്തമാണ് സ്ത്രീയുടെ ജീവിതം. നിങ്ങള്‍ക്ക് പുറംദേശങ്ങളില്‍നിന്നും കിട്ടുന്ന സൗഹൃദങ്ങളും സാമീപ്യങ്ങളും മനസ്സിന്റെ ഭാരം കുറയ്ക്കുമ്പോള്‍ സ്ത്രീക്ക് അതല്ല അനുഭവം. നേരേചൊവ്വേ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് തൊഴിലിടവും ജീവിതവും ഒറ്റപ്പെടലിന്റെ മറ്റൊരു മരുഭൂമിതന്നെയാണ്.
പുറത്തു മഴ ശക്തി പ്രാപിക്കുകയാണ്. ഞാന്‍ മഴ നോക്കിനില്ക്കുകയാണ്. എന്നെ തൊട്ട് അവളും. ഓരോ ഇടിമിന്നലിലും അവള്‍ ചെറുതായി ഞെട്ടുന്നുണ്ട്. ജാലകത്തിലൂടെ മഴ അകത്തേക്കു പ്രവേശിക്കുകയാണ്. ഞങ്ങള്‍ നനയുകയാണ്. അതിനിടയില്‍ ഞാന്‍ അവളെ ഓര്‍മപ്പെടുത്തി. കഴിഞ്ഞ പത്തു വര്‍ഷത്തെ എന്റെ ജീവിതത്തിലും ഏഴു വര്‍ഷത്തെ നിന്റെ ജീവിതത്തിലും ഇങ്ങനെ നമ്മള്‍ മഴ നനഞ്ഞു നിന്നിട്ടുണ്ടോ?
'ഇല്ല.'
'എങ്കില്‍ ഈ മഴ ഒരു അനുഗ്രഹമല്ലേ?'
'അനുഗ്രഹമാണ്. പക്ഷേ, ഈ മഴയ്ക്കും നമ്മുടെ ഉള്ളു നനയ്ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?'
ഇങ്ങനെ ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ ആകെ വരണ്ടുപോയിരിക്കുന്നു എന്നത് സത്യമാണ്. പക്ഷേ, അവളുടെ ഓരോ വരള്‍ച്ചയിലും ഞാനും ഉണങ്ങിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ വെള്ളം നല്കി വളര്‍ത്തിയെടുത്തതും അവള്‍തന്നെയായിരുന്നു. ഇപ്പോള്‍ ഞാന്‍ അറിയാത്ത ഒരു വളര്‍ച്ചാകാലത്തിലൂടെ അവള്‍ സഞ്ചരിക്കുന്നത് എനിക്കു കാണാന്‍ കഴിയുന്നില്ലേ? കുറച്ചു ദിവസമായി അവള്‍ അനുഭവിക്കുന്ന ഉള്‍ക്കനത്തിന്റെ ഭാരം ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഇപ്പോഴത്തെ ഓട്ടത്തില്‍ ഞാന്‍ വളരെ പുറകിലായതുപോലെ... എന്നിട്ടും അവള്‍ക്കൊരു ആശ്രയമാവാന്‍ ഞാന്‍ മുന്നോട്ടേക്ക് ഓടുകയാണ്. ആ ഓട്ടത്തിലാണ് മരുഭൂമിയിലെ ഈ മഴക്കാലസന്ധ്യ.
'ഈ മഴയ്ക്ക് ഒരു ഗന്ധമില്ലേ? അത് ഗന്ധകമണ്ണിന്റെ മണമാണ്.'
ഞാന്‍ വീണ്ടും അവളെയും കൂട്ടി മഴയിലേക്കു തിരിച്ചുവന്നു. ചുമരുകളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുകയാണ്. ഞാന്‍ ആ കാഴ്ച കാണുമ്പോഴും അവള്‍ മഴയ്ക്ക് അപ്പുറത്തെ ഏതോ ഒരു വരണ്ട ഭൂമികയിലാണെന്നാണ് തോന്നിയത്. 
'നിനക്ക് എന്താണ് പറ്റിയത്?'
അങ്ങനെ ചോദിക്കാനാണ് എനിക്കു തോന്നിയത്.
'ഒന്നുമില്ല. എത്ര മഴ പെയ്താലും ചില മനുഷ്യര്‍ നനയില്ല. അവര്‍ അവരുടെ കാര്യത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് നനയാത്ത നല്ല ജീവിതത്തിലൂടെയാണ് അവര്‍ സഞ്ചരിക്കുന്നത്. ആത്മാര്‍ഥമായി ജോലി ചെയ്താലും അത് പരിഗണിക്കാതെ എന്നും പുറംതള്ളപ്പെടുന്ന വലിയൊരു വിഭാഗം തൊഴിലാളികളുണ്ട് ഗള്‍ഫില്‍. അവര്‍ക്ക് നനയാന്‍ ഈ മഴ വേണമെന്നില്ല. മഴ പെയ്താലും പെയ്തില്ലെങ്കിലും അവര്‍ നനഞ്ഞുകൊണ്ടേയിരിക്കും.' അവള്‍ പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്‍പുതന്നെ എനിക്കു കാര്യം മനസ്സിലായി. തൊഴിലിടത്തെ അനുഭവങ്ങള്‍ ചിലര്‍ക്ക് അങ്ങനെയാണ്. അതിനെ അതിന്റെ വഴിക്കു വിട്ടാല്‍ ഈ ഉള്ളുനീറല്‍ ഉണ്ടാകില്ല എന്ന് പലവട്ടം പറഞ്ഞതാണ്. എന്നിട്ടും ഇപ്പോഴിതാ അപൂര്‍വമായി കിട്ടുന്ന മരുഭൂമിയിലെ ഈ മഴപോലും അവള്‍ക്ക് അന്യമാകുന്നു. അവളില്‍ ഇപ്പോള്‍ മഴ പെയ്യുന്നില്ല. പകരം ഹൃദയത്തിന്റെ ഓരോ തരിയിടവും മരുഭൂമിയായി വളരുകയാണ്. 
'നിനക്ക് മഴയെ വെറുപ്പാണോ?'
വെറുതേ ചോദിച്ചതാണെങ്കിലും ഉത്തരം അനുകൂലമായിരുന്നു.
'ഇഷ്ടപ്പെടുന്നു; ഉള്ളു നനയ്ക്കാന്‍ കഴിയുന്നില്ലെങ്കിലും പുറം നനയ്ക്കാന്‍ ഏതു മഴയ്ക്കും കഴിയുമല്ലോ?'
'എങ്കില്‍ വാ. നമുക്ക് പുറത്തേക്കിറങ്ങി മഴ നന്നായി അനുഭവിക്കാം.'
രണ്ടാമത്തെ നിലയില്‍നിന്നും ലിഫ്റ്റ്‌വഴി കോറിഡോറില്‍ എത്തി, ഗ്ലാസ് ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. പുറത്തെ സര്‍വീസ് റോഡില്‍ ചുവന്ന സിഗ്‌നല്‍ ലൈറ്റ് കത്തിച്ചുകൊണ്ട് വാഹനങ്ങള്‍ സ്തംഭിച്ചുനില്ക്കുന്നു. മഴ പെയ്താല്‍ അതിങ്ങനെയാണ്. റോഡില്‍ അസാധാരണമായ തടസ്സങ്ങള്‍ വന്നുപെടുന്നു. നിര്‍ത്തിയിട്ട വാഹനത്തിനു മുകളില്‍ മഴ പെയ്യുകയാണ്. അവ മുത്തുമണികളായും ചെറിയചെറിയ ഒഴുക്കുചാലായും റോഡിലേക്ക് വന്നുചേരുന്നു. വരാന്തയിലെ മാര്‍ബിള്‍ സ്റ്റെപ്പില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ആകാശത്തേക്കു നോക്കി. രാത്രിയിലെ ആകാശം കറുത്തിരിക്കുന്നു. കാഴ്ചകള്‍ക്കപ്പുറം ആകാശം മരുഭൂമിയിലേക്ക് മഴയെ വര്‍ഷിക്കുകയാണ്. അതു നോക്കിനില്ക്കുന്നതിനിടയിലാണ് അവളുടെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്.
'ആരാണ്?' ഞാന്‍ ചോദിച്ചു.
'അമ്മുമോളാണ്.'
'സംസാരിച്ചോ,' ഞാന്‍ പറഞ്ഞു.
അവള്‍ സംസാരിച്ചുതുടങ്ങി.
'ഇവിടെ നല്ല മഴയാണ്. ഇടിയും മിന്നലുമുള്ള മഴ. ഞാനും അച്ഛനും മഴ നോക്കിനില്ക്കുകയാണ്.'
'ഇവിടെ നല്ല ചൂടാണ് അമ്മേ.' മകളുടെ മറുപടി.
'പത്രത്തില്‍ കണ്ടു.'
'നിങ്ങള്‍ക്ക് അവിടെ എ.സി. ഉണ്ട്. ഇപ്പോള്‍ മഴയും,' മകള്‍.
'അതെ മോളേ. ഇവിടെ അച്ഛനും അമ്മയ്ക്കും എ.സിയും ഇപ്പോള്‍ മഴയും ഉണ്ട്. പക്ഷേ, എന്താണ് എന്നറിയില്ല, ഞങ്ങള്‍ ഇപ്പോഴും വിയര്‍ക്കുകയാണ്.'
സംസാരത്തിന്റെ ഗതി മാറും എന്നു തോന്നിയപ്പോള്‍ ഞാന്‍ ഫോണ്‍ വാങ്ങി ചോദിച്ചു?
'അമ്മൂ, അപ്പു എവിടെ?'
'അവന്‍ ഉറങ്ങി അച്ഛാ.'
'ഇത്ര നേരത്തേയോ?' 
'ഇവിടെ സമയം ഒന്‍പതു മണിയായില്ലേ? അച്ഛന്റെ വിളി കാത്ത് അവന്‍ കുറെ നിന്നിരുന്നു. പിന്നെ ഉറങ്ങി.'
'ശരി മോളേ. നാളെ വിളിക്കാം' എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ ഓഫ് ചെയ്തു.
പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. റോഡിലെ വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു. ചോര്‍ന്ന മഴയിലൂടെ കുറച്ചു നടക്കണമെന്ന് മനസ്സു പറയുന്നുണ്ട്. പക്ഷേ, അവള്‍ക്ക് അതിനു താത്പര്യമില്ലായിരിക്കാം. മരുഭൂമിയില്‍ അപൂര്‍വമായി ഒരു മഴ പെയ്തതിന്റെ അതിശയമൊന്നും അവളുടെ മുഖത്തു കാണുന്നില്ല. മക്കളെ പിരിഞ്ഞിരിക്കുന്ന അമ്മമാര്‍ക്ക് മരുഭൂമിയില്‍ മഴ പെയ്താലും മഞ്ഞു പുതച്ചു നിന്നാലും അവരുടെ മനം കത്തിക്കൊണ്ടേയിരിക്കുമെന്ന് കഴിഞ്ഞ ഏഴു വര്‍ഷത്തെ ഒന്നിച്ചുള്ള സഹവാസം കാണിച്ചുതന്നിരിക്കുന്നു.
എന്തു പറയണമെന്നറിയാതെ നില്‌ക്കേ ഞാന്‍ വീണ്ടും ആകാശത്തേക്കു നോക്കി. രാത്രിയിലെ ആകാശം വ്യക്തമായി കാണാന്‍ കഴിയുന്നില്ല. മഴമേഘങ്ങള്‍ വഴിമാറി പോയിരിക്കാം. പക്ഷേ, മഴയ്ക്കു പൂര്‍ണത വന്നതുപോലെ. ഇങ്ങനെയൊരു മഴസന്ധ്യ ഇനി എന്നാണ് വന്നെത്തുക? മരുഭൂമിയില്‍ ഇനി ഉഷ്ണകാലത്തിന്റെ ആരവമുയരും. നവംബര്‍വരെ അതു കത്തിപ്പടര്‍ന്നുകൊണ്ടേയിരിക്കും. ഇതു പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ മുറിയിലേക്കു തിരിച്ചുനടന്നത്. വരാന്തയില്‍ കയറി ലിഫ്റ്റിനരികിലെത്തിയപ്പോള്‍ മലയാളികളടങ്ങിയ കുടുംബങ്ങള്‍ പുറത്തേക്കിറങ്ങുകയാണ്. 
അതേ, ഇന്ന് വ്യാഴാഴ്ചയാണ്. 
രാത്രി ഏറെ വൈകുന്നതുവരെ എല്ലാവരും പുറത്തായിരിക്കും. അവര്‍ ഓരോ ആഴ്ചയിലും വ്യത്യസ്തമായ രുചിഭേദങ്ങളറിയുന്നു. അധികകുടുംബങ്ങളും അത്താഴത്തിനു ഹോട്ടലിലേക്കാണ് യാത്ര. ആഴ്ചയില്‍ അങ്ങനെയൊരു മാറ്റമില്ലെങ്കില്‍ ഈ ഫ്‌ളാറ്റ്ജീവിതത്തിന് എന്തര്‍ഥമാണുള്ളത്? അവിടെ ഒരു മലയാളിയും ഒരു ദിര്‍ഹത്തിന് 16 രൂപയാണെന്നു ചിന്തിച്ച് ആശങ്കപ്പെടാറില്ല. ഇവിടെയെല്ലാവര്‍ക്കും വ്യാഴാഴ്ച രാത്രി ആഘോഷത്തിന്റെ ആനന്ദം നല്കുന്നു. ഇന്ന് പ്രത്യേകിച്ച്, മഴ പെയ്തു തണുത്ത മരുഭൂമിയില്‍നിന്നും പറന്നെത്തുന്ന ഇളംകാറ്റേറ്റ് തുറന്നിടത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് ദുബായിയുടെ സൗന്ദര്യം ആസ്വദിക്കാം.
അതെ, പുറത്തെ റോഡില്‍ വീണ്ടും തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. എല്ലാവരും മഴ തോര്‍ന്ന ദുബായിയുടെ നഗരഹൃദയത്തിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ഞങ്ങള്‍ അകത്തേക്കു തിരിച്ചുനടക്കുകയാണ്. മഴ തോര്‍ന്നിട്ടും ചോര്‍ന്നൊലിക്കുന്ന രണ്ടു ഹൃദയവുമായി....
'പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന രാവിലൂടെ, പോന്നുവരുന്ന പുലരിയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. പ്രാര്‍ഥനയ്ക്കുവേണ്ടി അല്പം തങ്ങിയശേഷം മേഘാവൃതമായ നരച്ച പ്രഭാതത്തിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. അപരാഹ്നത്തോടെ മഴ തുടങ്ങി. വളരെ വേഗം വസ്ത്രങ്ങള്‍ ദേഹത്തു നനഞ്ഞൊട്ടി. ഒടുക്കം ഇടതുവശത്ത് ദൂരേ മാറിക്കിടക്കുന്ന ഒരു കൊച്ചുബദാവിത്താവളം* കണ്ടെത്തി. ആ കറുത്ത തമ്പുകളിലൊന്നില്‍ തങ്ങാന്‍ ഞങ്ങള്‍ നിശ്ചയിച്ചു.' 

 മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച  ഒരു  പ്രവാസിയുടെ ഏകാന്തദിനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും 

books

   പുസ്തകം വാങ്ങാന്‍