ദോഹ: സൗരോര്‍ജ ഉത്പാദനത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഖത്തര്‍ പഠനം ഊര്‍ജിതമാക്കി. സൗരോര്‍ജ പാളികളുടെ ശേഷികൂട്ടാനും അവയുടെ ഉത്പാദനച്ചെലവ് കുറയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഖത്തര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ക്യു.ഇ.ഇ.ആര്‍.ഐ.) ആണ് ഈ മേഖലയില്‍ സജീവമായ പഠനം തുടങ്ങിയിരിക്കുന്നത്.

ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന് കീഴിലെ മൂന്ന് ഗവേഷണ സ്ഥാപനത്തില്‍ ഒന്നാണ് ക്യു.ഇ.ഇ.ആര്‍.ഐ. വലുപ്പവും വിലയും കുറഞ്ഞതും കൂടുതല്‍ ഊര്‍ജം പുറന്തള്ളുന്നതുമായ (അഡ്വാന്‍സ്ഡ് തിന്‍ ഫിലിം ഹൈബ്രിഡ് ലോ കോസ്റ്റ് ഫോട്ടോ വോള്‍ട്ടിക് എ.ടി.എച്ച്.എല്‍.ഒ.സി. പ്രോജക്ട്) സൗരോര്‍ജ പാളികള്‍ സൃഷ്ടിക്കാനുള്ള ഗവേഷണമാണ് സജീവമായി നടക്കുന്നതെന്ന് ക്യു.ഇ.ഇ.ആര്‍.ഐ. ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ സുബി പറഞ്ഞു.

നേര്‍ത്ത സൗരോര്‍ജ പാളി ഉണ്ടാക്കി 20 ശതമാനം അധികം ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു വാട്ടിന് 0.50 ഡോളര്‍ (33.76 രൂപ) മാത്രം ചെലവ് വരുന്ന തരത്തില്‍ വലിയ തോതില്‍ ഉത്പാദനത്തിനും ക്യു.ഇ.ഇ.ആര്‍.ഐ. പദ്ധതി തയ്യാറാക്കുകയാണ്. 

 കൂടുതല്‍ ഊര്‍ജം സംഭരിച്ച് വെക്കുന്നതിന് ലോകമെങ്ങും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള പെറോസ്‌കൈറ്റ് സൗരോര്‍ജ ബാറ്ററികളുടെ നിര്‍മാണത്തിനും ഖത്തര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്നും അല്‍ സുബി പറഞ്ഞു. അടുത്ത തലമുറയുടെ ഊര്‍ജ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ പദ്ധതികളാണ് ഖത്തര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
 
സൗരോര്‍ജ പാളിക്ക് മുകളിലും അടിയിലും പതിക്കുന്ന പ്രകാശം ഉപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാവുന്നതരത്തിലുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ് പുരോഗമിക്കുന്നത്. കെട്ടിടങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ അവയെ മാറ്റിയെടുക്കാനാണ് പഠനം നടക്കുന്നത്.

സൗരോര്‍ജ ഉത്പാദന മേഖലയില്‍ നടന്ന പഠനങ്ങളില്‍ എല്ലാം ഖത്തര്‍ ഏറെ മുന്നിലാണ്. പുതിയ സിലിക്കോണ്‍ പാളിയില്‍ നിന്ന് ജര്‍മനിയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ 40 ശതമാനം അധികം ഊര്‍ജം ഖത്തറില്‍ ലഭിക്കുന്നതായി പഠനം വ്യക്തമാക്കിയിട്ടുണ്ട്. സൗരോര്‍ജത്തിന്റെ തടസ്സമില്ലാത്ത ലഭ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.