വസാനത്തെ കൈ പേനയാല്‍ തുഴഞ്ഞ ദൂരങ്ങള്‍ എന്ന പുസ്തകത്തില്‍ മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ ഇളയമകള്‍ സുലോചന നാലപ്പാട്ട് ഇങ്ങനെ എഴുതി: 'കാല്‍പ്പാട് സൂക്ഷിക്കാത്ത കാറ്റിന്റെ മഹാവീഥിയില്‍ രാവും പകലും നിലയുറപ്പിച്ചിരിക്കുന്ന ദേവാത്മാക്കളോട് ഞാന്‍ പറയുന്നു: നോക്കൂ, നിങ്ങളെക്കാള്‍ മേന്മയുള്ളൊരു വസ്തു.' താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മല്‍ അഷ്‌റഫിന്റെ ജീവിതം നിങ്ങള്‍ വായിക്കാനൊരുങ്ങുമ്പോള്‍ ജന്മവാസനയുടെ കരിമ്പാറക്കൂട്ടങ്ങളെ തുടരത്തുടരെ ആ ജീവിതം ഞെട്ടിച്ചുണര്‍ത്തുകതന്നെ ചെയ്യും. അഷ്‌റഫിന്റെ ജീവിതം തുറന്നുകാണിക്കാന്‍ നാം മടിക്കേണ്ടതില്ല. നിരങ്ങിയും ഞരങ്ങിയും ജീവിതത്തെ ശാപമാക്കുന്നവര്‍ക്കിടയില്‍ ഒരു ജീവിതം പൊതുസമൂഹത്തിന് മുന്നില്‍ ഇടര്‍ച്ചയറിയിക്കാതെ തീക്ഷ്ണപ്രകാശം ചൊരിഞ്ഞ് നിലനില്ക്കുകയാണ്. സമാനതകളില്ലാത്ത ഒരു മനുഷ്യഹൃദയം മരിച്ചവര്‍ക്കുവേണ്ടി നമ്മുടെ അടുത്തുനിന്ന് മിടിക്കുന്നുണ്ട്. ഓരോ മനുഷ്യനും ജീവിതം സമരമാണ്. ജീവന്റെ അവസാനപിടച്ചില്‍ തോറ്റവന്റെയോ ജയിച്ചവന്റെയോ, കീഴടങ്ങലോ വിജയഭേരിയോ ആവാം. മരിച്ചവന് യാത്രാമംഗളമോതാന്‍ അഷ്‌റഫ് നിറഞ്ഞെത്തുമ്പോള്‍ ആത്മസമര്‍പ്പണത്തിന്റെ ഒരു വലിയ ഭൂപടം വരയ്ക്കപ്പെടുകയാണ്. ചില മനുഷ്യരുടെ ജീവിതങ്ങളെ നാം സ്‌നേഹിച്ചുതുടങ്ങുമ്പോള്‍ നാം നമ്മുടെ ജീവിതത്തെ വെറുത്തുതുടങ്ങണം.

1931 ഒക്‌ടോബര്‍ 11 ന് സമദര്‍ശിയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ കേസരി സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ബ്രിട്ടനിലെ രാജാവായ എഡ്വേര്‍ഡ് ഏഴാമന്‍ തന്നെ കാണാന്‍ വന്നൊരു പ്രഭുവിനോട് ഒരു കസേര ചൂണ്ടിക്കാണിച്ചിട്ട്, 'ഈ കസേര ജോണ്‍ ബേണ്‍സ് എന്നൊരു തൊഴിലാളിനേതാവിരുന്ന കസേരയാണ്. നിങ്ങള്‍ക്കതിലിരിക്കാന്‍ അര്‍ഹതയുണ്ടോ?' നാം എഴുന്നള്ളിച്ചുകൊണ്ടുനടക്കുന്ന പത്മശ്രീക്കാരെയും അവാര്‍ഡ് ജേതാക്കളെയും സൂപ്പര്‍മാര്‍ക്കറ്റ് മുതലാളിമാരെയും നോക്കി കാലം ഒരു ചോദ്യമുന്നയിച്ചേക്കാം. എഡ്വേര്‍ഡ് ഏഴാമന്‍ ചോദിച്ചതുപോലെ അഷ്‌റഫിനെപ്പോലുള്ളവര്‍ സഞ്ചരിക്കുന്ന ത്യാഗത്തിന്റെ ഇടവഴിയിലൂടെ ഒരടിവെക്കാന്‍ മാധ്യമത്തമ്പ്രാക്കള്‍ ജീവചരിത്രം എഴുതിയെഴുതി നക്ഷത്രത്തിളക്കമുള്ളവരാക്കിത്തീര്‍ത്ത അല്പന്മാര്‍ക്ക് കഴിയുമോ? അവസാനകാലത്ത് ഇങ്ങനെ സ്വയം പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും ലഭിച്ച തൂവലുകള്‍ മുഴുവന്‍ കൊഴിഞ്ഞ് വെറും ഇറച്ചിത്തൂക്കം മാത്രമായി ഇവരുടെ ജീവിതം മാറുന്നത് പലപ്പോഴും കാലം കണ്ടതാണ്.

parethorkkoral
 പുസ്തകം വാങ്ങാന്‍

സഹജീവിയോട്, കാലത്തോട്, വേദനകളോട് പുറംതിരിഞ്ഞു നടന്ന അരാഷ്ട്രീയജീവിതം, അശ്ലീലമായ ഒരിറച്ചിക്കൂടു മാത്രമായി ഒതുങ്ങിപ്പോവും. ഇടുങ്ങിയ ഭിത്തികളുള്ള സുഖശീതളിമയില്‍നിന്ന് താത്പര്യങ്ങളുടെ അതിരുകള്‍ ലംഘിക്കാനുള്ള ഏതൊരു സടകുടയലും ശ്ലാഘിക്കപ്പെടേണ്ടതുതന്നെയാണ്. ഉടഞ്ഞ കണ്ണാടിപോലെയായിത്തീര്‍ന്ന നമ്മുടെ ദൈനംദിനജീവിതവ്യവഹാരങ്ങളില്‍നിന്ന് നന്മയുടെ ഉദയം തേടി പോകുന്ന ഒരു മനുഷ്യന്റെ ദിനരാത്രങ്ങള്‍ നമുക്ക് നമ്മെത്തന്നെ കഴുകിവൃത്തിയാക്കാനുള്ള അറിവായിത്തീരുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പകച്ചും കിതച്ചും നിന്ന് എന്റെ വഴി എവിടെയെന്ന് ചോദ്യമെറിയുന്ന ഉദാത്തദൈന്യത്തിന്റെ പേരല്ല അഷ്‌റഫ് എന്നത്. അത്രയൊന്നും മാതൃകകളില്ലാത്ത ഒരിടത്ത് ഒരു മാതൃകയും മാതൃത്വവുമായി ഈ മനുഷ്യന്‍ പരിണമിക്കുന്നു. ആയിരത്തിയറുനൂറിലേറെ മൃതദേഹങ്ങള്‍ പത്തു വര്‍ഷംകൊണ്ട് അഷ്‌റഫ് ബന്ധുക്കളുടെ കൈകളിലോ, സ്വീകരിക്കാനാളില്ലാത്തവയെ ശ്മശാനങ്ങളുടെ മൗനങ്ങളിലേക്കോ എത്തിച്ചുകഴിഞ്ഞു. മോര്‍ച്ചറിയുടെ കൊടുംതണുപ്പില്‍നിന്ന് മണ്ണിന്റെ വിരിമാറിലേക്കു നടക്കാന്‍ ഓരോ മൃതദേഹത്തിനും ആശ്രയം അഷ്‌റഫിന്റെ കൈ - അവസാനത്തെ കൈ - മാത്രമായിത്തീരുന്നു, പലപ്പോഴും.

നമ്മുടെ ജീവിതയാത്ര ഏതു വഴിക്കാണ് തിരിച്ചുവിടേണ്ടത് എന്ന സാങ്കേതികവും ഭാവനാപരവുമായ പ്രതിസന്ധി നമ്മെ ചൂഴ്ന്നു നില്‍പുണ്ട്. മൂല്യങ്ങളുടെയും ത്യാഗസന്നദ്ധതകളുടെയും ആകാശച്ചെരുവിലേക്ക് പറക്കണോ, ഇടുങ്ങിയ ദുര്‍ഗന്ധം ചുരത്തുന്ന വഴിയിലൂടെ സമ്പാദ്യങ്ങളുടെ ഭാണ്ഡവും പ്രശസ്തിയുടെ വര്‍ണവെളിച്ചവും നേടിയെടുക്കണോ? ആര്‍ക്കാണീ വെളിച്ചത്തില്‍ കുളിച്ചുനില്ക്കാന്‍ മോഹമില്ലാത്തത്! എന്നാല്‍, തന്റെ ദാര്‍ശനികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ജീവിതം കത്തിച്ച് ആ വെളിച്ചത്തിലൂടെ വര്‍ത്തമാന ജീവിതാശ്ലീലതകളുടെ ഇരുട്ടിനെ കീറിമുറിച്ച് അഷ്‌റഫ് നടത്തുന്ന യാത്ര ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയല്ലെന്നു കൂടി നാം തിരിച്ചറിയണം. കാരണം, മരിച്ചവര്‍ക്ക് അഷ്‌റഫിന് നന്ദിയറിയിക്കാന്‍ വഴികളേതുമില്ല. ആത്മഹത്യ ദിനേന കൂടിക്കൂടിവരുന്നു. അറ്റാക്കും അപകടമരണങ്ങളും ഏറിവരുന്നു ഗള്‍ഫ് മേഖലയില്‍. ആത്മഹത്യ ചെയ്യുന്നതില്‍ ഏറെയും മലയാളികള്‍തന്നെ. സ്വദേശികളെക്കാള്‍ ഇന്ത്യക്കാരാണ് ഇവിടെ കൂടുതല്‍ എന്നതുകൊണ്ട് മരണനിരക്കിലും നമുക്കുതന്നെയാണ് ഒന്നാംസ്ഥാനം.

അഷ്‌റഫ് ഓരോ മൃതദേഹവും കയറ്റിയയച്ച് ഉടനെ എന്നെ വിളിക്കും: 'ബഷീര്‍ക്കാ, ഇന്ന് രണ്ട് തൂങ്ങിമരണം, ഒരറ്റാക്കും.' പിന്നെ എന്നത്തേയുംപോലെ ഒരു നെടുവീര്‍പ്പിനൊടുവില്‍ അയാള്‍ പറയും: 'എന്താ ചെയ്യാ... ഇങ്ങനെ ചെയ്താല്‍ എന്താ ചെയ്യാ ...' ഈ ലോകത്തിലെ ഏറ്റവും നല്ല അനുഭവം മരണമാണെന്ന് പറയാന്‍ ജീവിക്കുകയും എഴുതുകയും വളരെ പെട്ടെന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത ആളായിരുന്നു ഇടപ്പള്ളി. ഇടപ്പള്ളിക്ക് തോന്നിയത് ഈ ലോകം ഒരൊറ്റ കാര്യത്തിനുവേണ്ടി മാത്രം സംവിധാനിച്ച് വെച്ചിരിക്കുന്നു, അത് മരണത്തിനുവേണ്ടി മാത്രമാണ് എന്നാണ്. മരണം ജീവിതത്തിന്റെ അര്‍ഥമാക്കിത്തീര്‍ക്കുകയും മരണംകൊണ്ട് ജീവിതത്തില്‍ ചിത്രമെഴുതുകയും, പലപ്പോഴും ജീവിച്ചിരിക്കുന്നവര്‍ മരിക്കുകയും മരിക്കുന്നവര്‍ ജീവിച്ചിരിക്കുകയുമാണ് ചെയ്യുന്നതെന്ന് നമ്മോട് പേര്‍ത്തും പേര്‍ത്തും പറയുകയും ചെയ്തത് ഇടപ്പള്ളിയായിരുന്നു.

വന്‍സ്വപ്‌നങ്ങളുടെ ചുമടുമായി ഈ മരുഭൂമിയില്‍ പറന്നിറങ്ങിയവര്‍ ജീവിതം നല്കുന്ന വേദനയുടെ ആഴിയില്‍ ശ്വാസം കിട്ടാതെ ഉഴലുന്നു. പിന്നെ ഭാരമായ ജീവിതത്തെ ദൂരേക്ക് വലിച്ചെറിയുന്നു. ഈ സ്വപ്‌നഭൂമിയില്‍നിന്നുതന്നെ ജീവിതത്തെ ഇറക്കിക്കിടത്തുന്നു - ഇടപ്പള്ളിയെപ്പോലെ. ഇവിടങ്ങളിലാണ്, മരണം മണക്കുന്ന ഈ ഇടങ്ങളിലാണ് അഷ്‌റഫ് മേഞ്ഞുനടക്കുന്നത്. ജീവിച്ചിരിക്കുന്നവരെ വാനോളം പുകഴ്ത്താനും സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍, സഹായിക്കാന്‍, സ്‌നേഹിക്കാന്‍, കടം കൊടുക്കാന്‍, ഒന്നിച്ചുനിന്ന് കുതികാല്‍വെട്ടാന്‍ അങ്ങനെ എല്ലാറ്റിലും എല്ലാറ്റിനും ആളെ കിട്ടുന്നു. മരിച്ചവന്റെ അവസാനയാത്രയ്ക്ക് വഴിവെട്ടാന്‍ ആര്‍ക്കുണ്ട് നേരം? എന്തുണ്ട് കാര്യം? നമ്മുടെയൊക്കെ മാന്യതകളിലെ അമാന്യതകളെ തന്റെ സമര്‍പ്പണംകൊണ്ട് കഴുകി വെടിപ്പാക്കാന്‍ നിശ്ശബ്ദമായി ശ്രമിക്കുകയാണ് ഈ പ്രവാസിമലയാളി.

മരണം വന്ന് കൊല്ലുന്നതുവരെ നമ്മെപ്പോലെ ഉടുത്തൊരുങ്ങി, മുടി ചീകി, പടുത്തുയര്‍ത്തേണ്ട ജീവിതത്തെക്കുറിച്ച് കിനാവു കണ്ട് നടന്നവനാണ് ചേതനയറ്റു കിടക്കുന്നത്. മരണംകൊണ്ട് ജീവിതത്തിന്റെ അര്‍ഥം അടയാളപ്പെടുത്തിയവന്‍. എഴുന്നേറ്റുനിന്ന് ചുണ്ടനക്കാനോ ചൂണ്ടുവിരല്‍ ഉയര്‍ത്താനോ കൈ നീട്ടാനോ കഴിയുന്നില്ല. എങ്കിലും അവര്‍, മരിച്ചവര്‍, നമ്മള്‍തന്നെയാണ്. അവരില്‍ ഒരാള്‍തന്നെയാണ് നമ്മളും, അവരാവേണ്ടവര്‍ തന്നെയാണ് നമ്മളും എന്ന ഒരു ചെറുബോധ്യം നമ്മില്‍ അങ്കുരിപ്പിക്കുകയാണ് അഷ്‌റഫ് എന്ന മനുഷ്യന്‍ ചെയ്യുന്ന കര്‍മം. വലിയ വ്യാമോഹങ്ങള്‍കൊണ്ട് തീര്‍ത്ത ആകാശത്തിനു കീഴേ കൊടിയ മോഹഭംഗങ്ങളാണെന്ന് തിരിച്ചറിയുമ്പോള്‍ ജീവിതവിഷാദത്തിന്റെ ആഴം വര്‍ധിച്ച് ആത്മഹത്യ ചെയ്ത എത്ര പ്രവാസികള്‍! 'ഈ നരകത്തില്‍നിന്ന് കരകയറ്റിത്തരേണേ' എന്ന പ്രാര്‍ഥനപോലും ഉരുവിടാതെ ജീവിതത്തിന്റെ മറുകര കണ്ടെത്തുകയാണ് ഈ പാവം മനുഷ്യര്‍. രോഷവും ഉത്കണ്ഠയും നിരാശയും മോഹഭംഗങ്ങളും ഒപ്പം പുതിയ കാലത്തിന്റെ കെണികളും തീര്‍ക്കുന്ന വലയം. രാത്രി ഭാര്യയോട് സംസാരിച്ച് കുളിര്‍മയായി ഓര്‍മകളുടെ മാധുര്യം നുണഞ്ഞ് രാത്രിയുറക്കത്തില്‍ മരണത്തിലേക്ക് പോവുന്നവര്‍. അഷ്‌റഫ് എപ്പോഴും പറയും: 'എന്തിനാ ഇതൊക്കെ, എന്താ ഇവരൊക്കെ ഇങ്ങനെ.' നൂറുകണക്കിനു മനുഷ്യരെയാണ് അഷ്‌റഫ് ദിനേന കാണുന്നത്. അവരുടെ ജീവിതം അറിയുന്നത്. ചിലപ്പോള്‍ മരിച്ചവര്‍ക്ക് അഡ്രസ് പോലും ഉണ്ടാവില്ല. ഏറെദൂരം താണ്ടി മേല്‍വിലാസം തേടിപ്പിടിക്കും. പിന്നെ ബന്ധുക്കളെ അറിയിക്കുക എന്ന ഏറ്റവും ദുഃഖകരമായ കാര്യം. അവരുടെ സമ്മതപത്രം, ഗവണ്‍മെന്റ് ഓഫീസുകളില്‍ കയറിയിറങ്ങല്‍. ഭാരിച്ച സംഖ്യ ചെലവുണ്ട്; അത് കണ്ടെത്താനുള്ള നെട്ടോട്ടം. അവസാനം നാട്ടിലേക്ക് കയറ്റിയയയ്ക്കാന്‍ എയര്‍ ടിക്കറ്റിനുവേണ്ടി എത്രയോ മനുഷ്യരുടെ കാലുപിടുത്തം. മറ്റേതൊരാളും ഒരുവട്ടംകൊണ്ടവസാനിപ്പിക്കുന്ന കര്‍മമേഖല.

pic

ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് അഷ്‌റഫ് നമുക്ക് മുന്നിലൂടെ ഖദര്‍ ധരിക്കാതെ, നെഞ്ചു വിരിക്കാതെ നടന്നുപോകുന്നു. നിറഞ്ഞ നിശ്ചയങ്ങള്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യന്‍. ഹൃദയവേഴ്ചയുടെ സ്വകാര്യതയിലല്ല, ആള്‍ക്കൂട്ടത്തിലെ പ്രദര്‍ശനോത്സുകതയിലാണ് പുതിയ കാലത്തിന്റെ മോഹാവേശം. ലോകബോധ്യത്തിനുള്ള കെട്ടുകാഴ്ചകളായി ഏറെപ്പേരും ജീവിതം ആഘോഷിച്ച് തീര്‍ക്കുകയാണ്. പണം, പ്രശസ്തി, സ്ഥാനമാനങ്ങള്‍ ഇത്യാദി അല്പായുസ്സുകളായ പ്രലോഭനങ്ങളില്‍നിന്നുള്ള വിമുക്തിയാണ് അഷ്‌റഫിന്റെ ജീവിതാഹ്ലാദം എന്ന് ഈ പുസ്തകം വായിച്ചുതീരുമ്പോള്‍ നിങ്ങള്‍ക്കു ബോധ്യപ്പെടും. ഇരമ്പുന്ന ഇന്നത്തെ അശ്ലീലതകള്‍ക്കിടയിലെ അസ്വാസ്ഥ്യജനകമായ അന്തരീക്ഷത്തില്‍പ്പോലും സ്വച്ഛമായ ജീവിതലാളിത്യത്തിന്റെ അര്‍ഥസാംഗത്യം സ്വമേധയാ അനുഭവിച്ച് തീര്‍ക്കുകയാണ് അഷ്‌റഫ്. വെട്ടിപ്പിടിക്കുന്നതിന്റെ വിജയോന്മാദമില്ല. ആത്മപ്രദര്‍ശനത്തിലെ സ്വയംപ്രീണനവുമില്ല. തന്റെ പരിമിതികളില്‍ സംതൃപ്തി തേടുന്ന മനസ്സാന്നിധ്യത്തിനു മാത്രമേ ത്യാഗം മാത്രം ഭക്ഷിച്ച് മുന്നോട്ട് കുതിക്കാന്‍ കഴിയൂ. ലാളിത്യബോധവും ഹൃദയസംസ്‌കാരവുമാണ് സ്വാസ്ഥ്യവും സമാധാനവും നേടിത്തരുന്നത് എന്നു വെപ്രാളപ്പെട്ട് ഓടുന്ന എത്ര മനുഷ്യര്‍ക്കറിയാം. പുറംപകിട്ടുകളില്‍ വ്യാമുഗ്ധരാവുന്നവര്‍ക്കോ തന്നെത്തന്നെ ഉയര്‍ത്തി തലയിലേറ്റി മുതുക് വളഞ്ഞവര്‍ക്കോ സ്വപ്‌നം കാണാന്‍ കഴിയില്ല യഥാര്‍ഥ മാനവികതയുടെ നിറച്ചാര്‍ത്ത്. അങ്ങനെ അഷ്‌റഫ് മനുഷ്യസ്‌നേഹത്തിന്റെ വള്ളിപ്പടര്‍പ്പ് തന്റെ അധ്വാനംകൊണ്ട് നനച്ച് വളര്‍ത്തുകയാണ്. നമുക്ക് മാതൃകാവ്യക്തിത്വങ്ങളുണ്ടോ, കരുണയുള്ളവരുണ്ടോ എന്നൊക്കെ തോന്നിത്തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, ഇടയ്‌ക്കെങ്കിലും റൂമിയെപ്പോലെ നാം തലകുലുക്കി സമ്മതിക്കും, ഈ ഇരുട്ടിനുള്ളിലും എവിടെയോ വെളിച്ചമുണ്ടെന്ന്. ഒരുപക്ഷേ, ആ വെളിച്ചമാവും നമ്മുടെ ജീവിതത്തില്‍ പ്രത്യാശ നിറയ്ക്കുന്നത്. ജീവന്‍ പിടഞ്ഞടങ്ങിയ അതേസമയത്ത് ബന്ധുക്കളോ നാട്ടുകാരോ സുഹൃത്തുക്കളോ എത്തുന്നതിനു മുന്‍പ് അഷ്‌റഫ് ഓടിയെത്തിയിരിക്കും. കണ്ണുകള്‍പോലും ധൃതിയില്‍ അടയ്ക്കാന്‍ മറന്ന ആ മൃതദേഹത്തിനരികെ അഷ്‌റഫ് മൂക്കത്ത് വിരല്‍വെച്ച് നില്ക്കുകയല്ല. വേദന അനുഭവിക്കുന്നതായി അഭിനയിക്കുകയുമല്ല. മറിച്ച്, ഈ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കാമെന്ന ചിന്തയോടെ അഷ്‌റഫ് പണിതുടങ്ങിക്കഴിഞ്ഞിരിക്കും.

സഫ്ദര്‍ ഹഷ്മി കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് എഴുതിയ ഒരു പാട്ടില്‍: 'തന്റെ രക്തത്തിനുള്ളതിനെക്കാള്‍ ചൂട് അപരന്റെ രക്തത്തിനുണ്ടെന്നും തന്റെ ജീവനുള്ളതിനെക്കാള്‍ തുടിപ്പ് അപരന്റെ ജീവനുണ്ടെന്നും കരുതണമെന്ന്' പറയുന്നുണ്ട്. അപരനെക്കുറിച്ച് ഒരു കരുതലുമില്ലെന്നു പറയാന്‍വരട്ടെ, ദിശതെളിച്ച് നടക്കാന്‍ മാതൃകകളില്ലെന്നു പറയാന്‍വരട്ടെ, ഭുജിക്കുന്നവര്‍ക്കിടയില്‍ ത്യജിക്കുന്നവരില്ലെന്നു പറയാന്‍വരട്ടെ, സഹനത്തിന്റെ, ത്യാഗത്തിന്റെ നന്മ ചേര്‍ന്ന കര്‍മത്തിന്റെ, മനുഷ്യത്വത്തിന്റെ വെളിച്ചങ്ങളൊക്കെ ഇരുട്ട് വിഴുങ്ങിക്കളഞ്ഞുവെന്ന് പറയാന്‍വരട്ടെ, നമ്മുടെ കൃതാര്‍ഥമായ ചരിത്രസ്മൃതികളില്‍ ഇടം നേടിയവരൊക്കെ അവരുടെ ജീവിതത്തിന്റെ ഒരു വലിയ പങ്ക് മനുഷ്യരാശിയുടെ നന്മയ്ക്കും പുരോഗതിക്കും ഏതെങ്കിലും രീതിയില്‍ സംഭാവന ചെയ്തിട്ടുള്ളവരാകും. എന്നാല്‍, സ്വാര്‍ഥവും പരാര്‍ഥവുമായി തങ്ങളുടെ ജീവിതത്തെ പങ്കുവെക്കാതെ അവരുടെ ദുഃഖം തങ്ങളുടേതാക്കി ജീവിച്ചവര്‍ നന്നേ കുറഞ്ഞുവരുന്ന കാലമായതുകൊണ്ടാണ്, ഒരു ചെറിയ സമയംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന വലിപ്പം നേടിയെടുക്കാന്‍ കഴിഞ്ഞ അഷ്‌റഫിന്റെ ജീവിതപുസ്തകം നാം മറിച്ചുനോക്കാന്‍ തുനിയുന്നത്.

നന്മയുള്ള ജീവിതം, മാതൃകയാക്കാന്‍ കഴിയുന്ന ജിവിതം. ആ വലിയ ജീവിതത്തിന് ഒരു ചെറിയ ജീവിതചരിത്രമെങ്കിലും ഉണ്ടാവണം. എന്നാല്‍ നന്നേ ചെറിയ ജീവിതം ജീവിച്ച് അതിനെക്കാള്‍ ഇടുങ്ങിയ ഒരു ജീവിതപരിസരം തന്നത്താന്‍ സൃഷ്ടിച്ച് ബാങ്ക് ബാലന്‍സിന്റെയും രാഷ്ട്രീയ ഇരപ്പാളികളുടെയും കാലുപിടിച്ച് സ്വയം ചന്ദനസിംഹാസനങ്ങള്‍ നിര്‍മിച്ച് അതിലിരുന്ന് വിലസുന്നവന് വലിയ ജീവചരിത്രങ്ങള്‍ നിര്‍മിക്കാന്‍ മാധ്യമത്തമ്പ്രാക്കള്‍ മത്സരിക്കുമ്പോള്‍, അരുക്കാക്കപ്പെട്ട എത്ര നക്ഷത്രങ്ങളാണ് ഒന്നും മോഹിക്കാതെ ജീവിതത്തെ വിശുദ്ധമായ വഴിയായി തിരഞ്ഞെടുക്കുന്നത്. അഷ്‌റഫ് അത്തരം ഒരു നക്ഷത്രമാണ്. നമുക്ക് തൊടാന്‍ കഴിയുന്ന അത്രയും അടുത്തുനിന്ന് പ്രകാശം ചൊരിയുന്ന നക്ഷത്രം. ഓടിയോടി വിയര്‍ത്ത് തളരുമ്പോഴും മടുപ്പുവന്ന് മൂടുന്നേയില്ല. എല്ലാം ഒരു ചെറിയ സമയംകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന വലിപ്പം വറ്റിവരണ്ടുപോവുന്നല്ലോ.  എല്ലാം യാന്ത്രികമായിപ്പോകുന്നല്ലോ എന്ന് സ്വാനുഭവങ്ങളിലൂടെ അഷ്‌റഫിന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നീരൊഴുക്കും വറ്റിയിട്ടില്ലാ എന്നേ അഷ്‌റഫ് പറയൂ. എന്റെ നിയോഗം ഇതാണ്. എന്റെ കര്‍മമേഖലയും ഇതുതന്നെയെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് ഉള്‍വലിയുകയല്ല, പ്രവൃത്തിയില്ലാതെ നിവൃത്തിയില്ല എന്ന അറിവ്. അതൊരനുഭൂതിയായി തന്നെ വലയം ചെയ്യുന്നുണ്ടെന്ന് അഷ്‌റഫ് പറയും. ഇത്തരം സ്വയംബോധ്യത്തിന്റെ അത്യഗാധതകളില്‍നിന്നാണ് സമാനതകളില്ലാത്ത സമര്‍പ്പണത്തിലേക്ക് അഷ്‌റഫ് വന്നണയുന്നത്. അതുകൊണ്ടാണ്, മരുഭൂമിയിലെ വെള്ളച്ചാട്ടംപോലെ ഈ മനുഷ്യന്‍ നമ്മെ വിസ്മയിപ്പിക്കുന്നത്.
അത്യുജ്ജ്വലമാതൃകയായി നമ്മെ പൊള്ളിക്കുകയാണ് അഷ്‌റഫിന്റെ ജീവിതം. ഒരു പൂമ്പാറ്റയെപ്പോലെ തന്റെ ചിറകിലെ ചിത്രങ്ങള്‍കൊണ്ട്, വര്‍ണങ്ങള്‍കൊണ്ട് ഈ ലോകത്തെ സൗന്ദര്യമയമാക്കിക്കളയാം എന്ന വിനയം. ഒരുപാടു വളവുകളും തിരിവുകളും നിറഞ്ഞ വിജയങ്ങളെ നാം താലോലിക്കുമ്പോള്‍ ആരുടേതാണ് യഥാര്‍ഥജീവിതമെന്ന ചോദ്യം പോലും ഉയരുന്നില്ല ഈ കാലത്ത്. ഒരു കിനാവുമില്ല, കൊട്ടാരസദൃശമായ വീടുവെക്കുന്നതിനെക്കുറിച്ചോര്‍ത്ത് പ്രഷര്‍ കൂട്ടുന്നുമില്ല. വിശ്വാസദൃഢതയാല്‍ ബന്ധിതനായ ഈ മനുഷ്യന് മറ്റൊന്നിലും മതിമറന്നാടാന്‍ കൊതിയുമില്ല. മറ്റൊന്നും ഈ മനസ്സിനെ മഥിക്കുന്നുമില്ല. ഈയുള്ളവന്‍ അവതരിപ്പിച്ച ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ തന്നെക്കുറിച്ച് അഷ്‌റഫിന് ഏറെയൊന്നും പറയാനുണ്ടായിരുന്നില്ല. ആ ഇന്റര്‍വ്യൂ അവസാനിപ്പിക്കുന്നതിനു മുന്‍പ് എന്റെ അവസാനചോദ്യം ഇങ്ങനെയായിരുന്നു: 'മക്കളെ ആരാക്കി വളര്‍ത്താനാണ് മോഹം?' ആലോചിക്കേണ്ടിവന്നില്ല, അഷ്‌റഫിന്, ഏറെനേരം. മറുപടി ഇങ്ങനെയായിരുന്നു: 'എന്നെപ്പോലെത്തന്നെ അനാഥ മയ്യത്തുകളും തേടി നടക്കട്ടെ എന്റെ മക്കളും' ഡോക്ടറോ എഞ്ചിനീയറോ ബിസിനസ്സുകാരനോ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ഥിയോ ഇങ്ങനെ എന്തെങ്കിലുമായിരുന്നു ഞാന്‍ പ്രതീക്ഷിച്ച ഉത്തരം. 

അഗാധമായൊരു പുണ്യകര്‍മത്തിന്റെ അത്യപൂര്‍വമായ ഒരു ശക്തിസൗന്ദര്യത്തെ അഷ്‌റഫ് സ്വന്തം ജീവിതത്തിലൂടെ തുറന്നിടുകയാണ്. കാലത്ത് എഴുന്നേറ്റ് ഉള്ളത് കഴിച്ചെന്നുവരുത്തി അയാള്‍ യാത്ര തിരിക്കും. ഈ അടുത്തകാലത്ത് രണ്ടോ മൂന്നോ മരണങ്ങളില്ലാത്ത ദിനങ്ങള്‍ കുറവാണ്. ഒന്ന് ദുബൈയിലാണെങ്കില്‍ മറ്റൊന്ന് അജ്മാനില്‍. വേറൊന്ന് അല്‍ ഐനില്‍. ഇവിടങ്ങളിലൊക്കെ നിയമങ്ങള്‍ വെവ്വേറയാണുതാനും. ഉച്ചഭക്ഷണം അപൂര്‍വമായി മാത്രം. രാത്രി ഏറെ വൈകി വീട്ടിലെത്തിയാല്‍ നാളെ എത്തേണ്ട ഇടങ്ങളെക്കുറിച്ചുള്ള ആകുലത.

അപൂര്‍വദിവസങ്ങളിലേ അഷ്‌റഫിന് ഒഴിവു കിട്ടൂ. അന്ന് ആരാലും തിരിഞ്ഞുനോക്കാനില്ലാത്ത രോഗികള്‍ക്കടുത്തായിരിക്കും. അഷ്‌റഫിന്റെ ജീവിതത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ വര്‍ത്തമാനകാലവ്യവസ്ഥിതി നമ്മോട് ചോദിക്കുന്ന വൃത്തികെട്ട ചോദ്യങ്ങളുണ്ട്. ഇവിടെ വന്നത് സമ്പാദിക്കാനല്ലേ? ഇയാളെന്തിനാ ജീവിതത്തെ ഇങ്ങനെ പരിഹാസ്യമാക്കുന്നത്? ഒരു കെട്ടകാലത്തിന്റെ ദുര്‍ഗന്ധങ്ങളില്‍ നില്ക്കുന്നവര്‍ക്ക് അങ്ങനെയേ ചോദിക്കാന്‍ കഴിയൂ. 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന വിളികള്‍ക്കിടയില്‍ നന്മയുടെ ഒരു തുരുത്തോ എന്ന് ചിലര്‍ സംശയംകൂറും. അദ്ഭുതാദരവോടെ സംഭാഷണവും സംവാദവും ആയിത്തീരേണ്ട ഇത്രയും നിറമുള്ള ജീവിതങ്ങളെ, ഒരേകഭാഷണമായ വെളിവുകളെ എത്ര മിടുക്കോടെയാണ് നാം അരികിലാക്കിക്കളയുന്നത്. നമ്മുടെ ഭരണകൂടശിങ്കിടികളും, കൂട്ടിക്കൊടുത്തും കിഴിച്ചുകൊടുത്തും തന്‍കാര്യം ഒപ്പിക്കുന്നവരും ആരെയാണ് പൊന്നാട ചാര്‍ത്തി ഘോഷയാത്രയുടെ മുന്നില്‍ നിര്‍ത്തി ആനയിക്കുന്നത്! ചിലര്‍ക്കെങ്കിലും സംശയം തോന്നാം. സ്വകാര്യസങ്കടങ്ങളെ മറികടക്കാനാവും സ്വയം തിരഞ്ഞെടുത്ത ഈ വഴിയെന്ന്. തന്റെ വഴിയേ സഞ്ചരിക്കാന്‍ തനിക്ക് കരുത്തു നല്കുന്നത് ഭാര്യയും മക്കളും തന്റെ പ്രായമായ ഉമ്മയുമാണെന്ന് അഷ്‌റഫ് പറയും. പരിഭവിക്കാത്ത, മുഖം കൂര്‍പ്പിക്കാത്ത, പിറുപിറുക്കാത്ത ഭാര്യ. ഫോണ്‍ ബെല്ലടിക്കുമ്പോള്‍ത്തന്നെ പാന്റ്‌സും ഷര്‍ട്ടുമെടുത്ത് തയ്യാറായി നില്ക്കുന്ന ഭാര്യ. സത്കര്‍മങ്ങള്‍ക്ക് ധന്യമായ തണലാണാ സ്ത്രീ.

അഷ്‌റഫ് എന്ന, വലിയ അക്കാദമി ബിരുദങ്ങളില്ലാത്ത ഒരു മനുഷ്യന്റെ ജീവിതം വായിക്കുന്നതോടെ നമുക്ക് മുന്നിലൂടെ ഒഴുകിപ്പോകുന്നത് അകത്തെ അലങ്കാരങ്ങളാണ്, അഴുക്കുകളാണ്. വൃത്തിയില്ലാത്ത ജീവിതം ജീവിച്ച ആ മൃതശരീരം വെളുത്ത വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് കിടത്തിയപ്പോള്‍ നാം ഓര്‍ക്കുന്നത് അക്കിത്തത്തിന്റെ വരികളായിരിക്കും.
എന്റെതല്ലെന്റെതല്ലീ കൊമ്പനാനകള്‍
എന്റെതല്ലീ മഹാക്ഷേത്രവും മക്കളേ
ജീവിച്ചിരുന്നപ്പോള്‍ ഒരു തോര്‍ത്തുമുണ്ട് വാങ്ങിക്കൊടുത്ത് സഹായിക്കാത്തവര്‍ ഭംഗിയായി പൊതിയാന്‍ വെള്ളത്തുണി വാങ്ങാന്‍ മത്സരിച്ചോടുന്നു. ചലനമറ്റ ദേഹത്തിനരികെ വിരഹവേദന മുഖത്തണിഞ്ഞ് ഒന്നിച്ചു നില്ക്കുന്നു.
മണമിറ്റിച്ചു പൂക്കളും
നിറം ചാലിച്ച് തളിരും
മധുരം നിറച്ച് പഴങ്ങളും
നാം കേടാക്കിയ ലോകത്തെ നല്ലതാക്കാന്‍
കിണഞ്ഞു ശ്രമിക്കുന്നുണ്ട്
മഴ കഴുകി വെടിപ്പാക്കുന്നുണ്ട് 
കാറ്റ് തുടച്ചുവെക്കുന്നുണ്ട്
കണ്ടിട്ടുണ്ടോ
നാളേക്കുള്ള വല്ലതും 
ഉണക്കി സൂക്ഷിക്കുന്ന 
തിരക്കില്ലാത്ത വെയിലിനെ. (വീരാന്‍കുട്ടി)
അഷ്‌റഫിന്റെ ഈ ജീവിതവഴിയോട് ഇനിയും വിയോജിക്കുന്നവരുണ്ടാകാം. ധനാത്മകവിഹായസ്സില്‍ മാത്രം കണക്കുകള്‍ കൂട്ടി പറക്കുന്നവര്‍ക്ക് പുച്ഛം മാത്രമേ കാണൂ. മോര്‍ച്ചറിയില്‍ തണുത്തുവിറച്ച് അനാഥമായി കിടക്കുന്ന ജഡം ഒരാളുടെ കൈസ്പര്‍ശത്തിന്റെ കനിവുജലം തട്ടി വിടരുന്നു. ആ ജഡത്തിന് ഒന്ന് ഹൃദയമറിഞ്ഞ് നന്ദിയോടെ പുഞ്ചിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അഷ്‌റഫിന് അതെങ്കിലും ഒന്ന് ആസ്വദിക്കാമായിരുന്നു. 
ഒട്ടും മധുരമില്ലാത്തൊരു കുട്ടിക്കാലം. മഴ പെയ്താല്‍ രാത്രി ചേമ്പില ചൂടി നേരം വെളുപ്പിക്കുന്ന ദയനീയബാല്യം. കയ്പു നിറഞ്ഞ ആ കാലത്തെ ഓര്‍മകള്‍ ഒരുപക്ഷേ, കൊണ്ടുചെന്നെത്തിക്കേണ്ടിയിരുന്നത് എങ്ങനെയെങ്കിലും കാശുണ്ടാക്കുക, സമ്പാദിക്കുക, സമ്പത്തിന്റെ വെളിച്ചത്തില്‍ ആറാടുക തുടങ്ങിയ ചിന്തകളിലായിരുന്നു. അങ്ങനെ ചിന്തിക്കാനേ, അങ്ങനെ പ്രവര്‍ത്തിക്കാനേ ആര്‍ക്കും കഴിയൂ. അവിടെയാണ് അഷ്‌റഫ് വ്യത്യസ്തനാകുന്നത്. എന്തിനാ സമ്പാദ്യം എന്നാണ് അഷ്‌റഫ് ചോദിക്കുന്നത്. എന്നിട്ട് ഒരുപാടു സമ്പാദിച്ചവര്‍ മരിച്ചുകിടക്കുന്നത് കാണിച്ചുതരും. 'എന്റെ നിയോഗമിതാവാം. ജീവന്‍ വിട്ടേച്ച് പോകുന്നവര്‍ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും-അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പ് തേടി ഞാന്‍ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്ല.' എങ്ങോട്ടാണ് കരകയറ്റങ്ങള്‍ അല്ലേ എന്നാവും അഷ്‌റഫ് ചോദിക്കുക. 'വിജയത്തുരുത്തിലേക്ക് ഞാന്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു, സമ്പാദ്യവിജയത്തിലേക്കല്ല.' കര്‍മത്തിന്റെ ഇല്ലായ്മകളുടെ ജീവിതച്ചരടില്‍ ബന്ധിതനായി എവിടേക്കെല്ലാമാണ് മനുഷ്യന്‍ പറന്നുപോകുന്നത്. 'ഒന്നു ചേക്കേറാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരു കര്‍മഭൂമിയുണ്ട്. ഞാനെന്റെ വഴി കണ്ടെത്തിയെന്നു മാത്രം. അത് കര്‍മമോ ധര്‍മമോ എന്നൊന്നും എനിക്കറിയില്ല. ഒന്നെനിക്കറിയാം, ഇതാണെന്റെ ജീവിതം. ഇതുമാത്രമാണെന്റെ ജീവിതം.'
'എല്ലാ വല്ലായ്മകളെയും നല്ലായ്മകളാക്കി ഞാന്‍ ജീവിതത്തെ ആശ്ലേഷിക്കുന്നു.' മുഖം നിറയുന്ന ചിരിയാണ് അഷ്‌റഫിന്റെ കൈമുതല്‍. സ്‌നേഹത്തിന്റെ പൂര്‍ണഭാവത്തിലുള്ള ആ നിഷ്‌കളങ്കമായ ചിരി വിശാലമാണ്. ഒരു മുഷിപ്പുമില്ലാതെ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുമ്പോള്‍ ആ മുഖത്തുള്ള പ്രസന്നത നമ്മെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും. എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ വര്‍ണവെളിച്ചങ്ങളില്‍നിന്ന് ഒരാള്‍ ഒരു മീസാന്‍കല്ലിന്റെ അടയാളം മാത്രമായി മാറുന്നത്. എത്ര പെട്ടെന്നാണ് എള്ളും പൂവും ചന്ദനവും നിറച്ച സങ്കടങ്ങളുടെ മണ്‍കുടമായി ജലത്തില്‍ ലയിക്കുന്നത്. ഇറ്റാലിയന്‍ കവി സാല്‍വറ്റോര്‍ ക്വാസി മോദയുടെ ഒരു കവിത: 
നമ്മുടെ ഏകാന്തതയെ 
താമരമലരിന്‍മണമായി നുകരാന്‍
ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷ
സൂര്യകിരണത്താല്‍ പിളര്‍ക്കപ്പെട്ട 
ഭൂമിയുടെ ഹൃദയത്തില്‍ 
ഓരോ മനുഷ്യനും ഏകാകിയാണ്
നമ്മുടെ മുന്നില്‍ ഏറെ സുതാര്യമായിരിക്കേ നമുക്ക് അഷ്‌റഫ് അതാര്യമായിരിക്കുന്നു. ഏറെ അടുത്തുനിന്ന് ഈ ജീവിതത്തെ നോക്കിനില്ക്കുമ്പോള്‍ നമുക്കൊക്കെ എത്രയോ അന്യമാണ് യഥാര്‍ഥജീവിതം എന്ന് നാം തിരിച്ചറിയുന്നു. നാട്യങ്ങളേതുമില്ലാതെ അവ്യാേഖ്യയമായ പ്രപഞ്ചത്തിന്റെ സംഭ്രമിപ്പിക്കുന്ന മൗനത്തിന്റെ തേരിലേറി അഷ്‌റഫ് സഞ്ചരിക്കുന്നു. ജീവിതം യഥാര്‍ഥത്തില്‍ പൂക്കേണ്ടത് ബാങ്ക് അക്കൗണ്ടില്‍ അല്ലെന്നും വലിയ വീട്ടിലല്ലെന്നും അഷ്‌റഫ് വിശ്വസിക്കുന്നു. എല്ലാം കഴിഞ്ഞ് ഉറക്കം വിഴുങ്ങുന്നതിനു മുന്‍പ് ഒരു നെടുവീര്‍പ്പിനൊടുവില്‍ അയാള്‍ അനുഭവിക്കുന്ന ആത്മസംതൃപ്തി. ഈ ലോകം ഏത് വലിപ്പത്തെക്കാളും വലുതാണെന്ന് അയാള്‍ കരുതുന്നു. മനസ്സ് നീറി പകയുടെയും വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ഭൂമിയില്‍നിന്ന് നിഷ്‌കാസിതനാവാതെ ഉറങ്ങാന്‍ കിടക്കുന്നവന് ഉറക്കം വന്ന് അനുഗ്രഹം ചൊരിയില്ല. എന്നാല്‍, അഷ്‌റഫ് അപ്പോള്‍ തന്റെ ഉറക്കിന്റെ ആഴങ്ങളില്‍ ഊളിയിട്ടു കഴിഞ്ഞിരിക്കും. 

അഷ്‌റഫ് ഇവാന്‍ ഇലിയച്ചിന്റെ മരണമൊന്നും വായിച്ചിരിക്കാനിടയില്ല. 'എനിക്കെന്താണ് ഇനി വേണ്ടത്, ബഹുമാനപ്പെട്ട ജഡ്ജ് ഇതാ വരുന്നു എന്നു കോടതിയിലെ ഗുമസ്തന്‍ വിളിച്ചു പറഞ്ഞിരുന്ന കാലത്തിലേക്ക് വീണ്ടും തിരിച്ചുപോയി ജിവിക്കണമോ' എന്ന് രോഗക്കിടക്കയില്‍ അശാന്തനായി കേഴുന്ന ഇവാന്‍ ഇലിയച്ചിനോട് അയാളുടെ മനസ്സാക്ഷി ചോദിക്കുന്നുണ്ട്. മരണക്കിടക്കയില്‍ കിടന്ന് ഓര്‍ത്തെടുക്കുമ്പോഴും ഇവാന്‍ ഇലിയച്ച് എന്ന ന്യായാധിപന് അത് ഒട്ടുമേ വേണ്ട. കാരണം, ഇതുവരെ ജീവിച്ചതൊന്നും ശരിയായിരുന്നില്ല എന്ന് ഓരോ ബന്ധുവിനെയും ഓരോ സഹപ്രവര്‍ത്തകനെയും കാണുമ്പോള്‍ അയാള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. കുറച്ചു നാള്‍ മുന്‍പുവരെ അയാള്‍ ജീവിച്ചിരുന്ന നിരര്‍ഥകജീവിതം വളരെ അവധാനതയോടെ അവരൊക്കെ അപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇവാന്‍ ഇലിയച്ചിന് രോഗം കീഴടക്കിക്കഴിഞ്ഞതിനുശേഷം വന്ന ബോധ്യം അഷ്‌റഫിന് മുന്‍പേ വന്നണഞ്ഞു. 'കാലം ഏറെയില്ല, ചെയ്യാന്‍ ഏറെയും' എന്ന് അഷ്‌റഫ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
മരിച്ചവന്റെ മേലും ഒരു നല്ല മനസ്സിന് ഏറെ ചെയ്യാനുണ്ട്. നിലംപതിച്ച പോരാളിയാണ് മരിച്ചവന്‍. ജീവിതം അവനെക്കൊണ്ട് എന്നും പടവെട്ടിച്ചുകൊണ്ടേയിരുന്നു. പോര്‍ക്കളത്തില്‍നിന്ന് അവന്‍ തിരിഞ്ഞുനടക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൈയൊപ്പ് അഷ്‌റഫ് നല്കുന്നു. മരിച്ചവരോട് അടുത്ത് ഇടപഴകുമ്പോള്‍ താന്‍ ജീവിച്ചിരിക്കുന്നു എന്ന ബോധ്യം തനിക്കുണ്ടാവുന്നു എന്നയാള്‍ കരുതുന്നു. മരണത്തിന്റെ വാള്‍മുനയില്‍നിന്ന് രക്ഷനേടാനാവാത്തവന്‍ മനുഷ്യസ്‌നേഹത്തിന്റെ ഈര്‍പ്പമുള്ള കൈകളിലേക്കാണ് വന്നുവീഴുന്നത്.

അഷ്‌റഫിന്റെ ഫോണ്‍ ശബ്ദിക്കുന്നത് അപ്പോള്‍ കണ്ട വാര്‍ത്തയിലെ അശ്ലീലത പങ്കുവെക്കാനാവില്ല. അറുപതു കഴിഞ്ഞ സൂപ്പര്‍സ്റ്റാറുകളുടെ മസില്‍പവറിനെക്കുറിച്ച് വാതോരാതെ പറയാനുമാവില്ല. അല്ലെങ്കില്‍ താന്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന്റെ, മതസംഘടനയുടെ എതിരാളികളെപ്പറ്റി പേര്‍ത്തും പേര്‍ത്തും പറയാനുമാവില്ല. അഷ്‌റഫിന്റെ ഫോണിന്റെ അങ്ങേത്തലക്കയ്ല്‍ ഒരു മനുഷ്യന്റെ മരണവിവരം മാത്രമാവും. അത് പോലീസ് ഓഫീസര്‍മാരാവാം, പാകിസ്താനിയോ ബംഗാളിയോ ആഫ്രിക്കക്കാരനോ ഇംഗ്ലീഷുകാരനോ ആവാം. ഒരാള്‍ അരങ്ങൊഴിഞ്ഞിരിക്കുന്നു. മണ്ണിന്റെ നെഞ്ചിലേക്ക് എടുത്തുകിടത്താന്‍ ഒത്തിരി കടമ്പകള്‍, കയറ്റിറക്കങ്ങള്‍. മുന്‍പു ചെയ്ത് പരിചയമുണ്ടാവില്ല ഒരാള്‍ക്കും. അവിടെയാണ് അഷ്‌റഫിന്റെ പരിചയസമ്പത്ത്. കയറില്‍ കുരുങ്ങി തലതാഴ്ത്തി നില്ക്കുന്നവനെ, അപകടങ്ങളില്‍ ചിന്നിച്ചിതറിയവരെ, തീ നക്കിത്തുടച്ചവരെ, ഏതൊക്കെ രൂപത്തിലുള്ളവരെ! ഏതൊക്കെ ഭാവത്തിലുള്ളവരെ...!

നാമൊക്കെ മാറിനിന്ന് സങ്കടം അഭിയനിച്ചുതീര്‍ക്കുമ്പോള്‍ അഷ്‌റഫ് തുണിസഞ്ചിയില്‍നിന്ന് കുറെ കടലാസുകള്‍ പുറത്തേക്കെടുക്കും. അത്രയ്ക്കും പണിയുണ്ട് ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍, അല്ലെങ്കില്‍ ഇവിടെ അടക്കം ചെയ്യാന്‍. മരിക്കാന്‍ എന്തെളുപ്പമാണല്ലേ? ഇന്ത്യക്കാരടക്കമുള്ള വിദേശികളാരെങ്കിലും യു.എ.ഇയില്‍ മരിച്ചാല്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലാണ് ആദ്യം വിവരം അറിയിക്കേണ്ടത്. പോലീസ്, കേസ് നമ്പര്‍ തരും. അതുമായി കോടതിയെ സമീപിച്ച് ക്ലിയറന്‍സിനായി സി.ഐ.ഡി. ഓഫീസിലേക്കോടും. മരണസര്‍ട്ടിഫിക്കറ്റിനായി രണ്ടു കത്തുകള്‍ വേണം. അതാത് എമിറേറ്റ്‌സിലെ മെഡിക്കല്‍ സെന്ററുകളിലാണ് ഈ പേപ്പര്‍ ഹാജരാക്കേണ്ടത്. ഷാര്‍ജയിലാണ് മരണമെങ്കില്‍ അവിടുത്തെ സി.ഐ.ഡി. ഓഫീസില്‍നിന്ന് അഞ്ചു പേപ്പറുകള്‍ നല്കും. ഒന്ന് ദുബൈ പോലീസിന്. മറ്റേത് ഷാര്‍ജാ വിമാനത്താവളം പോലീസിന്. മൂന്ന്, മൃതദേഹം ഏറ്റെടുക്കാന്‍ മോര്‍ച്ചറിയിലേക്ക്. നാല്, ആംബുലന്‍സ് സര്‍വീസിന്. അഞ്ച്, ആശുപത്രിയിലേക്ക്. തുടര്‍ന്ന്, വിസ റദ്ദാക്കിയതിനു ശേഷം എംബസിയെയോ കോണ്‍സുലേറ്റിനെയോ സമീപിച്ച് പാസ്‌പോര്‍ട്ട് കാന്‍സല്‍ ചെയ്യിക്കണം. ഇതുമായി ചെന്നാല്‍ ദുബൈ പോലീസ് നല്കുന്ന രണ്ട് ലെറ്ററുകളിലൊന്ന് ദുബൈ വിമാനത്താവളത്തിലും മറ്റേത് എംബാമിങ് കേന്ദ്രത്തിലും ഏല്പിക്കണം. അപ്പോള്‍ മൃതദേഹം റിലീസാക്കാന്‍ അനുമതിപത്രം തരും. അതുമായി ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ ചെന്നാല്‍ ആംബുലന്‍സ് കിട്ടും. പേപ്പര്‍ മുഴുവനും ഹാജരാക്കിയാല്‍ മൃതദേഹം സൂക്ഷിച്ചിട്ടുള്ള സ്ഥലത്തുനിന്ന് വിട്ടുതരും. പിന്നീട് കാര്‍ഗോയിലെ സ്ഥലസൗകര്യം പരിശോധിച്ച് മൃതദേഹത്തിന്റെ കൂടെ പോകുന്ന ആളുടെ വിമാന ടിക്കറ്റുമെടുത്ത് കാര്‍ഗോ വില്ലേജില്‍ അഥവാ എയര്‍പോര്‍ട്ടിലെത്തണം. എംബാമിങ് കഴിഞ്ഞാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വിമാന ടിക്കറ്റുമായി വീണ്ടും കോണ്‍സുലേറ്റിനെ സമീപിക്കണം.

കോണ്‍സുലേറ്റില്‍നിന്ന് സ്റ്റാമ്പു ചെയ്ത കത്തിന്റെ പകര്‍പ്പ് കാര്‍ഗോ വില്ലേജില്‍ ഹാജരാക്കണം. മൃതദേഹത്തിന്റെ ഭാരമനുസരിച്ച് ഏതാണ്ട് 500 മുതല്‍ 2000 ദിര്‍ഹം വരെ ലഗേജിന്, അതായത് മൃതദേഹത്തിന് തൂക്കക്കൂലി കൊടുക്കണം. ഇത്രയും ചെയ്യേണ്ട കാര്യങ്ങള്‍. എഴുതാനും വായിക്കാനും വളരെയെളുപ്പം. ഒരുവട്ടംതന്നെ നിരവധി തവണ കയറിയിറങ്ങിയാല്‍ ആര്‍ക്കും മടുക്കും. അഷ്‌റഫ് എന്നും പറയുക 'യു.എ.ഇയിലെ ഗവണ്‍മെന്റ് ഓഫീസുകളില്‍ ചെന്നാല്‍ ഒരു പ്രയാസവുമില്ല. ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോയാലാണ് യഥാര്‍ഥ ഭാരതസ്‌നേഹം നമ്മള്‍ തിരിച്ചറിയുക. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി മടക്കി അയയ്ക്കുന്നതിലാണ് അവര്‍ക്ക് താത്പര്യം. യഥാര്‍ഥത്തില്‍ അവര്‍ ചെയ്യേണ്ട ജോലിയാണിത്. ഒരു നയാപൈസ പ്രതിഫലം പറ്റാതെ സാമൂഹികപ്രവര്‍ത്തകനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തുകയാണ് നമ്മുടെ എംബസി അധികൃതര്‍ ചെയ്യുക'.
മുപ്പത്തിയെട്ടു രാജ്യക്കാരുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ അഷ്‌റഫിന് ഏറെ വേദനയും അമര്‍ഷവും തോന്നുന്ന കാര്യം എംബാമിങ് സര്‍ട്ടിഫിക്കറ്റ് രണ്ടാമതും ഹാജരാക്കി സ്റ്റാമ്പ് ചെയ്യിക്കണമെന്ന ഇന്ത്യന്‍ എംബസിയുടെ നിയമമാണ്. അത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മരിച്ചാലാണ് ഏറെ സങ്കടകരം. ജോലി ചെയ്യുന്ന കമ്പനി പലപ്പോഴും കൈകഴുകും. കൂടെ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാര്‍ പിരിവെടുത്താണ് കൂടെ പോരുന്ന ആളുടെ ടിക്കറ്റിന് പണം കണ്ടെത്തുന്നത്. നമ്മുടെ സ്വന്തം വികാരമായ എയര്‍ ഇന്ത്യ മാത്രമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. ജനാധിപത്യത്തിന്റെ വലിയ മുഴക്കമുണ്ടല്ലോ! പ്രവാസി സംഘടനകളുടെ ആയിരം ഗ്രൂപ്പുകള്‍ തിരിഞ്ഞുള്ള പോരാട്ടമോ, സാക്ഷരതയുടെ മേലാപ്പോ, അടുത്ത പതിറ്റാണ്ടില്‍ ലോകത്തിലെ നമ്പര്‍ വണ്‍ സാമ്പത്തികശക്തിയായി വളരുമെന്ന വീമ്പിളക്കലോ, ഡല്‍ഹിയിലെയും കേരളത്തിലെയും സര്‍ക്കാറുകളെ തന്റെ വിരല്‍ത്തുമ്പുകൊണ്ട് നിയന്ത്രിക്കുന്ന മുതലാളിമാരോ പാകിസ്താന്‍ സ്വദേശികള്‍ക്ക് സ്വന്തമല്ല. ബംഗ്ലാദേശുകാരനും ശ്രീലങ്കക്കാരനും നേപ്പാളിയും ഫിലിപ്പീന്‍സുകാര്‍ക്കും ഈവക സംഘബോധമൊന്നുമില്ല.

എന്നാല്‍ ഒരു പാകിസ്താനി മരണപ്പെട്ടാല്‍ ദേശീയവിമാനക്കമ്പനിയായ പി.ഐ.എയിലും സ്വാകാര്യ വിമാനക്കമ്പനികളായ ഷഹീന്‍ എയര്‍, ബ്ലൂ എയര്‍ എന്നീ വിമാനങ്ങളിലും സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാം. നിരവധി രാജ്യങ്ങളിലേക്ക് മൃതദേഹങ്ങള്‍ സൗജന്യമായി കയറ്റി അയയ്ക്കാം. മരിച്ചവന്‍ മറ്റു പ്രവാസികളെപ്പോലെ ഇനി കാത്തിരിക്കില്ല. ഇന്ത്യയുടെ ഏതെങ്കിലും മെട്രോ നഗരത്തിലെ പ്രവാസികളുടെ ഉന്നമനത്തിനായി പ്രവാസി ദിവസ് എന്ന മാമാങ്കം - എത്രയെത്ര മാമാങ്കങ്ങള്‍ - നിവേദനങ്ങള്‍ എല്ലാം ഇവിടെനിന്ന് വിമാനം കയറുന്നതോടെ ശൂന്യമാകുന്നു.

മരണം എന്ന വാക്കുപോലും ഉള്‍ഭയത്തിന്റെ ആലയില്‍ കാച്ചിയെടുത്തതാണ്. ഒരാളുടെ ജീവിതവെപ്രാളങ്ങളിലേക്ക് മരണം അനുവാദമില്ലാതെ കടന്നുവരുമ്പോള്‍ ഉരുകിയൊലിക്കുന്ന നോവിന്റെ തളര്‍ച്ചയില്‍ ഉറ്റവരും ഉടയവരും പകച്ചു നില്ക്കും. അപ്പോള്‍ താങ്ങുംതണലുമായി, മരണം കൂട്ടിക്കൊണ്ടുപോയവരുടെ കൂട്ടുകാരനായി അഷ്‌റഫ് ഉണ്ടാകും, ഒപ്പം. ജീവകാരുണ്യവഴിയില്‍ വേറിട്ടൊരു വഴിതന്നെയാണിത്.

ഋതുഭേദങ്ങളില്ല, മഴയും വെയിലും ഹേമന്തവും ശിശിരവും ഒന്നും മരിക്കുന്നവര്‍ നോക്കാറുമില്ല. അതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയിലും അഷ്‌റഫിന് വിശ്രമമില്ല. അഷ്‌റഫിന്റെ ജീവിതത്തിലെ ആര്‍ദ്രത, ആര്‍ജവം, ആത്മീയത ഇവ ഇദ്ദേഹത്തിന്റെ സരളപ്രകൃതത്തില്‍നിന്നും ഊഷ്മളത നല്കുന്ന ഉണര്‍വില്‍നിന്നും വരുന്ന ഉറവകളായി മരിച്ചവന്റെ നേര്‍ക്ക് ഒഴുകുകയാണ്. ഈ സ്വത്വാംശങ്ങളിലെ ഉജ്ജ്വലത നമ്മുടെ അകം പൊള്ളിക്കുകതന്നെ വേണം. തുടിക്കുന്ന, കാലാതീതങ്ങളായ സത്യാവിഷ്‌കാരം നമ്മുടെ അന്തരാളത്തിലൊരു ഉണര്‍വിന്റെ പൊടിപ്പാവുന്നു. ത്യാഗത്തിലെ ധന്യതയെപ്പറ്റി അഷ്‌റഫിനോളം നമ്മോട് പറയാന്‍ ആര്‍ക്കാണ് കഴിയുക. മറ്റൊരു മനുഷ്യസ്‌നേഹിയും സാധ്യമാക്കിയിട്ടില്ലാത്ത അനുഭവത്തിന്റെ വൈചിത്ര്യപൂര്‍ണമായ ആത്മകഥ പറയുകയാണ് അയാള്‍. ഒരു പച്ചമനുഷ്യന്റെ അനുഭവതീക്ഷ്ണതയുടെ കഥ.

കഴിഞ്ഞ മണിക്കൂറില്‍ മണ്ണ് ചവുട്ടി നടന്നവന്‍ തുണ നില്ക്കാത്ത ജീവിതാവസ്ഥകള്‍ വിട്ട് അവസാനയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ അവിടേക്ക് നീണ്ടുചെല്ലുന്ന ഹൃദയശൂന്യതയാണ് ഈ പുസ്തകത്തിന്റെ നീതി. ജീവിക്കുക എന്നത് ഒട്ടും അനായാസമല്ലെന്നും അതിനെക്കാള്‍ പ്രയാസമുള്ളതായി മറ്റൊന്നുമില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന, ജീവിതത്തെ മാറ്റിനടേണ്ട മാര്‍ഗങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്ന ഓര്‍മപ്പുസ്തകംകൂടിയാണിത്. ഓര്‍മയുടെ ഉള്‍വനങ്ങളിലേക്ക് പിടിച്ചുകയറുമ്പോള്‍ ആരേയും വേദനിപ്പിക്കാതിരിക്കാന്‍ ചിലതെങ്കിലും മിലന്‍ കുന്ദേര പറഞ്ഞതുപോലെ മറവിയുടെ കടലിലാഴ്ത്തിക്കളയുന്നു അഷ്‌റഫ്. അഷ്‌റഫ് എന്ന പൂര്‍ണ അര്‍ഥത്തിത്തിലുള്ള മനുഷ്യന്റെ പ്രവര്‍ത്തനമേഖലയിലും അപൂര്‍വമായ ത്യാഗത്തിന്റെ വഴികളിലും ഒന്നെത്തിനോക്കുവാനേ എന്റെ ഈ വിനീതോദ്യമത്തിന് സാധിച്ചിട്ടുള്ളൂ.
മരിച്ചുകഴിയുന്നതോടെ കുരിശും രുദ്രാക്ഷവും പുണ്യാഹവും ഭസ്മക്കുറിയും നിസ്‌കാരവും ചേര്‍ന്ന് മരിച്ചവര്‍ക്ക് ജാതിയുണ്ടാവുന്നു, മതമുണ്ടാവുന്നു, അഷ്‌റഫ് ചാഞ്ഞിരുന്നുകൊണ്ട് ഒരു പ്രാര്‍ഥനപോലെ എനിക്ക് ചൊല്ലിത്തരികയാണ്. അപ്പോഴും ഫോണ്‍ ബെല്ലടിച്ചുകൊണ്ടേയിരുന്നു. ജീവിതം വിട്ടേച്ചുപോകുന്നത് ദിനേന കൂടിവരുമ്പോള്‍ അഷ്‌റഫിന് സ്വിച്ചോഫാക്കാന്‍ സമയമെവിടെ... അഷ്‌റഫ് എന്ന വെളിച്ചത്തെ വ്യക്തമായി കാട്ടിത്തരാനുള്ള കരളുറപ്പൊന്നും എനിക്കില്ല.

മരുഭൂമിയുടെ സൗന്ദര്യം അന്തമറ്റ മണല്‍പ്പരപ്പു മാത്രമല്ല, അതിലെവിടെയോ രഹസ്യമായും പരസ്യമായും നിലനില്ക്കുന്ന ജലസുഷിരങ്ങളാണ്. ഒരു ഹിമഭൂമിയുടെ സൗന്ദര്യം അറ്റമില്ലാത്ത ഹിമപ്പരപ്പു മാത്രമല്ല, അതിലെവിടെയോ സന്നിഹിതമായിരിക്കുന്ന ഉഷ്ണജലസ്രോതസ്സുകൂടിയാണ്. ശീതോഷ്ണങ്ങള്‍ ക്രമീകരിക്കപ്പെടുന്നതിലെ അന്തശ്ശോഭയാണത്. നമ്മുടെ അല്ലെങ്കില്‍ എല്ലാ ജീവന്റെയും ആവാസവ്യവസ്ഥയ്ക്ക് സ്‌നിഗ്ധതയാര്‍ന്ന ഒരു താളം അത് സമ്മാനിക്കുന്നു.

മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ബഷീര്‍ തിക്കോടിയുടെ പരേതര്‍ക്കൊരാള്‍ എന്ന പുസ്തകത്തില്‍ നിന്ന്