ബുദാബിയിലെ ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തൊമ്പത് മാര്‍ച്ച് ആദ്യവാരത്തിലാണ് യു.എ.ഇയിലേക്കു പുറപ്പെട്ടത്. അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററിന്റെ ക്ഷണമാണ്. ഇന്ത്യയില്‍ നിന്നും എഴുത്തുകാരും സംഗീതജ്ഞരും സാമൂഹികപ്രവര്‍ത്തകരുമൊക്കെ നേരത്തേ എത്തിക്കഴിഞ്ഞിരുന്നു. രണ്ടാഴ്ചയായി നടക്കുന്ന ഈ സാംസ്‌കാരികോത്സവത്തിന്റെ സമാപനച്ചടങ്ങിലാണ് എനിക്കു പങ്കെടുക്കേണ്ടത്.

ഇ മെയിലായി  വിശദമായ കാര്യപരിപാടി അയച്ചു കിട്ടിയിരുന്നു. അവസാനദിവസത്തെ വേദിയില്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസായ എ. എം. അഹമ്മദിയുടെ ഒപ്പം എന്റെ പേരുകൂടി കണ്ടപ്പോള്‍ അഹമ്മതിയല്ല, ഭയമാണ് ഉണ്ടായത്. ഒപ്പം ഇത് കാണിച്ചുകൊടുക്കാന്‍ അച്ഛനില്ലാതായതിന്റെ സങ്കടവും.

കരിപ്പൂരില്‍ നിന്നു പുലര്‍ച്ചേ അഞ്ചരയ്ക്കുള്ള വിമാനത്തില്‍ എനിക്കരികെ മൂന്നു ബലിഷ്ഠകായന്മാര്‍ ഇരുന്നിരുന്നു. പാന്‍ ചവച്ചുകൊണ്ട് ഉറങ്ങാതെ കഴിച്ചുകൂട്ടുന്ന മൂന്നു പേരേയും കണ്ടാല്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ക്വട്ടേഷന്‍ ഗുണ്ടകളാണെന്നു തോന്നും. സമയം പോക്കാന്‍ അവരെ പരിചയപ്പെട്ടു.

അത്ഭുതം, അവരും എനിക്കു പങ്കെടുക്കാനുള്ള അതേ ഉത്സവത്തിലേക്കാണ്‍ ഷാര്‍ജയില്‍ വിമാനമിറങ്ങി, തബലയും സിത്താറും അടക്കംചെയ്ത വലിയ ബാഗേജുകളുമായി അവര്‍ ഒപ്പം നടക്കുമ്പോള്‍ ആളുകളെ മുഖഛായ നോക്കി വിലയിരുത്തുവാനുള്ള എന്റെ കഴിവുകേടിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു: സമാപനച്ചടങ്ങില്‍ ജുഗല്‍ബന്ദി അവതരിപ്പിക്കുവാനുള്ള കേമന്മാരെയാണ് ഞാന്‍ ഗുണ്ടകളെന്നു കരുതിയത്! ഉസ്താദ് റഫീക്ക് ഖാനും അദ്ദേഹത്തിന്റെ ഇരട്ടസഹോദരനും; പുതു തലമുറയിലെ തബലവാദകരില്‍ പ്രമാണിയായ പണ്ഡിറ്റ് രാജേന്ദ്ര നാക്കോഡാണ് മൂന്നാമന്‍.

എന്റെ അബദ്ധത്തെപ്പറ്റി പറഞ്ഞപ്പോള്‍ മൂന്നാളും തുറന്നു ചിരിച്ചു മൂന്നുതരം ചിരികളുടെ ജുഗല്‍ബന്ദി. എന്നെ കണ്ടപ്പോള്‍ ആദ്യം അവര്‍ എന്തായിരിക്കും ഊഹിച്ചിരിക്കുക? മരുഭൂമിയില്‍ ഭാഗ്യം തേടിപ്പോകുന്ന മലയാളി? 

പരിപാടിയുടെ സംഘാടകര്‍ക്ക് എയര്‍ അറേബ്യയാണ് വിമാന ടിക്കറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. അതുകൊണ്ട് വരവും പോക്കും ഷാര്‍ജ വിമാനത്താവളം വഴിയാണ്. അതേ വിമാനത്തില്‍ ഉണ്ടായിരുന്ന കഥാകൃത്ത് വി. എസ്. അനില്‍കുമാറിനോടും അദ്ദേഹത്തിന്റെ ഭാര്യ രത്‌നമ്മ ടീച്ചറോടും ഒപ്പം ഷാര്‍ജ എയര്‍പോര്‍ട്ടിലെ ക്യൂവില്‍ 'കണ്ണടയാളം' പതിപ്പിക്കാന്‍ കാത്തു നിന്നു. യു.എ.ഇ.യില്‍ വരുന്ന ഓരോരുത്തന്‍േറയും കണ്ണുകളെ കമ്പ്യൂട്ടര്‍ രേഖപ്പെടുത്തുന്നു.

വിരലടയാളത്തേക്കാള്‍ വിലപിടിച്ച രേഖ. എമിഗ്രേഷന്‍ കൗണ്ടറിലേക്കു നടക്കുമ്പോള്‍ അടച്ചിട്ട വലിയൊരു ചില്ലുമുറിയില്‍ ആളുകള്‍ കൂടിനിന്ന് പുകവലിക്കുന്നത് കണ്ടു. മറ്റുള്ളവര്‍ക്കു ശല്യമാകാതെ പുകവലിക്കാനുളള സ്‌മോക്കിങ് ഏരിയയാണ്.

എമിഗ്രേഷന്‍ കടമ്പയും കടന്ന് ഞങ്ങളെ കാത്തുകിടന്നിരുന്ന സംഘാടകരുടെ കാറില്‍ കയറി. പേന പിടിച്ച എഴുത്തുകാരെപ്പോലെ സ്വതന്ത്രരല്ല, സിത്താറും തബലയുമായി വന്ന സംഗീതജ്ഞരെന്നു മനസ്സിലായി. അവര്‍ക്കായി ഉപകരണങ്ങള്‍ക്കുകൂടി സ്ഥലമുള്ള കുറേക്കൂടി വലിയ ഒരു വാഹനം സംഘാടകര്‍ ഒരുക്കിയിരുന്നു. അങ്ങനെ രണ്ടു വാഹനങ്ങളിലായി ഞങ്ങള്‍ ഷാര്‍ജയില്‍നിന്നു പുറപ്പെട്ടു. ദുബായി വഴി അബുദാബിയിലേക്ക്.

ലോകം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണ്. അമേരിക്കയേക്കാള്‍ അതിന്റെ കഷ്ടനഷ്ടങ്ങള്‍ പേറുന്നത് ദുബായിയാണെന്ന് വായിച്ചിരുന്നു. നിമിഷാര്‍ദ്ധംകൊണ്ട് അംബരചുംബികള്‍ പണിതുയര്‍ത്തി മണലില്‍ മായക്കാഴ്ചകള്‍ ചമച്ചിരുന്ന ദുബായ് ഏതാണ്ട് സ്തംഭനാവസ്ഥയിലാണെന്ന് കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള പണമൊഴുക്ക് പറ്റേ നിലച്ചിരിക്കുന്നു. മാന്ദ്യത്തിന്റെ ആദ്യലക്ഷണങ്ങള്‍ വന്നുതുടങ്ങിയതുമുതല്‍ക്ക് പതിനായിരക്കണക്കിന് മലയാളികള്‍ പണിയില്ലാതെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

പാതയിലൊരിടത്ത് പെട്രോള്‍ബങ്കു കണ്ടപ്പോള്‍ വാഹനം നിന്നു. രണ്ട് മണിക്കൂറോളം നീളുന്ന യാത്രയ്ക്കുള്ള പെട്രോളും ബങ്കിനോടുചേര്‍ന്നുള്ള ഭക്ഷണശാലയില്‍നിന്ന് പ്രാതലും. 
വെള്ളത്തേക്കാള്‍ കൂടുതല്‍ എണ്ണകിട്ടുന്ന നാട്ടില്‍ ഭക്ഷണത്തേക്കാള്‍ കുറച്ചേ പെട്രോളിനായുള്ളു എന്നറിഞ്ഞപ്പോള്‍ രത്‌നമ്മ ടീച്ചര്‍ ഒരത്ഭുത ലോകത്തില്‍പ്പെട്ടതുപോലെയായി. കാറില്‍ കയറുംമുമ്പ് മറ്റൊരു കാര്യത്തിലും അത്ഭുതപ്പെടേണ്ടിയിരുന്നു. തണുത്ത കാറ്റ്! വെയിലിനു കുറവൊന്നുമില്ലെങ്കിലും ഞങ്ങള്‍ കിടുകിടാ വിറയ്ക്കുന്നു. വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ ഈ മണലാരണ്യങ്ങള്‍ തണുപ്പിന്റെ പിടിയിലായിരിക്കും. മൂന്നു ഡിഗ്രിയിലേക്കു താഴ്ന്ന് തണുപ്പില്‍ റെക്കോഡിട്ട സമയങ്ങളും ഉണ്ടത്രേ!


മണല്‍പ്പരപ്പുകള്‍ക്കിടയിലൂടെ മണിക്കൂറില്‍ നൂറ്റിയിരുപതു കിലോമീറ്റര്‍ വേഗതയില്‍ കാറു പായുന്നു. നൂറ്റിനാല്പതുവരെ വേഗത കൂട്ടാം. അതിനുമീതെ പറന്നാല്‍ വഴിയരികിലെ റഡാറുകള്‍ കണ്ണു വയ്ക്കും. പിഴ അല്പം ഭീമമാണ്. നൂറ്റിയിരുപത് ലംഘിക്കുമ്പോള്‍ തന്നെ ഒരു ബീപ് ശബ്ദം കാറില്‍ സെറ്റുചെയ്തിരിക്കുന്നത് മുന്‍കരുതലിനായാണ്.

രണ്ടായിരത്തി അറുന്നൂറു ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഷാര്‍ജ എമിറേറ്റില്‍ എട്ടു ലക്ഷമാണ് ജനസംഖ്യ. ബില്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇപ്പോഴത്തെ സുല്‍ത്താന്‍. അയ്യായിരം വര്‍ഷത്തെ ചരിത്രമുള്ള നഗരത്തെ പതിനെട്ടാം നൂറ്റാണ്ടിലാണ് ഖാസിമി കുടുംബം തങ്ങളുടെ വരുതിയിലാക്കിയത്. യു. എ. ഇയില്‍പ്പെടുന്ന ഏഴു സംസ്ഥാനങ്ങളില്‍, ദുബായിയാണ് ഏറെ പ്രശസ്തമെങ്കിലും, അബുദാബിയാണ് തലസ്ഥാനമെങ്കിലും, ഈ ഷാര്‍ജയ്ക്കാണ് 'സാംസ്‌കാരിക തലസ്ഥാനം' എന്ന ബഹുമതി.

പണക്കൊഴുപ്പിനുമാത്രം പേരുകേട്ട ഒരു പ്രദേശത്തിന് ഇങ്ങനെയൊരു സല്‍പ്പേര് ലഭിച്ചതിനു പിന്നില്‍ ഇവിടുത്തെ സുല്‍ത്താന്റെ മനോഭാവമുണ്ട് വര്‍ഷം തോറും ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പുസ്തകച്ചന്ത വിവരമുള്ളവര്‍ക്കിടയില്‍ ദുബായ്‌ഷോപ്പിങ് ഫെസ്റ്റിവലിനേക്കാള്‍ പ്രസിദ്ധമാണ്. ഒമാനിലെ മസ്‌ക്കറ്റില്‍ രണ്ടുവര്‍ഷം മുമ്പ് ചെന്നപ്പോള്‍ ദുബായില്‍ നിന്നും ഒരു സംഘം ചെറുപ്പക്കാര്‍ എന്നെ കാണാനും പരിചയപ്പെടാനും വന്നതോര്‍ത്തു.

അഞ്ചുമണിക്കൂര്‍ കാര്‍യാത്രചെയ്താണ് അന്നവര്‍ രാജ്യം കടന്ന് മസ്‌ക്കറ്റിലെത്തിയത്. അതേ റൂട്ടിലാണ് തിരികെ ഞാനിപ്പോള്‍ പോകുന്നത്. സാഹിത്യം തുറന്നുകൊടുക്കുന്ന സൗഹൃദത്തിന്റെ രാജപാതകള്‍.

കാറിലെ എഫ്.എം. റേഡിയോയില്‍ മലയാളം പതയുന്നു. മണലും വെയിലും മാത്രമേ ഇവിടെ അന്യമായുള്ളൂ. പറയാനും കേള്‍ക്കാനും മാതൃഭാഷതന്നെയുള്ളപ്പോള്‍ അമ്മയുടെ മടിയിലെ കുഞ്ഞിനെപ്പോലെ ഒരു സുരക്ഷിതത്വം. ദുബായ് വഴിയാണ് അബുദാബിയിലേക്കുള്ള യാത്ര. ഷാര്‍ജ കഴിഞ്ഞപ്പോള്‍ തന്നെ ആകാംക്ഷ കാറിനുള്ളില്‍ കുമിഞ്ഞു. എവിടെ ദുബായ്? നഗരത്തില്‍ നിന്നു വിട്ടുമാറിയാണ് അബുദാബിക്കുള്ള പാത. അകലെ കോണ്‍ക്രീറ്റിന്റെ കൊടുംകാട്ടില്‍ നിന്നും പണത്തിന്റെ മുരള്‍ച്ച... കുറച്ചു കഴിഞ്ഞപ്പോഴേക്കും ദുബായ് മുഖം കാണിച്ചുതുടങ്ങി. ഇപ്പോള്‍ ഒരു ദൂരക്കാഴ്ച മാത്രം. അബുദാബിയിലെ പരിപാടി കഴിഞ്ഞ് വിശദമായ ചുറ്റിക്കറക്കം സംഘാടകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉച്ചയ്ക്കുമുമ്പേ ഞങ്ങള്‍ അബുദാബിയിലെത്തി. മലയാളം അറബ് വിവര്‍ത്തകനായ ഖുദ്‌സിയുടെ വീട്ടിലാണ് ഞങ്ങള്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. അദ്ദേഹത്തെ നേരത്തേ പരിചയമുണ്ട്. കോഴിക്കോട്ടെ എഴുത്തുകാരുടെ കുടുംബസംഗമത്തില്‍ ഒരിക്കല്‍ അദ്ദേഹവും പത്‌നിയും അതിഥികളായി പങ്കെടുത്തിട്ടുണ്ട്.

നഗരഹൃദയത്തിലെ ഒരു അപ്പാര്‍ട്ടുമെന്റില്‍ ഒമ്പതാം നിലയിലാണ് അദ്ദേഹത്തിന്റെ വീട്. അപ്പാര്‍ട്ടുമെന്റുകള്‍ക്കൊന്നിനും സ്വന്തമായി കാര്‍പാര്‍ക്കിങ് സൗകര്യങ്ങളില്ല എന്നത് കൗതുകകരമായിരുന്നു. യാത്രകഴിഞ്ഞെത്തുമ്പോള്‍ പാതയോരത്ത് കിട്ടുന്ന സ്ഥലത്ത് കാറിട്ട് സ്വന്തം വീട്ടിലേക്ക് ടാക്‌സി പിടിക്കുന്നവരും ഇവിടെയുണ്ട്!

മുപ്പതു വര്‍ഷത്തോളമായി ഖുദ്‌സിയും അദ്ദേഹത്തിന്റെ പത്‌നിയും മക്കളുമൊത്ത് ഇവിടെ താമസമാണ്. ലിഫ്റ്റ് ഓരോനിലയിലുമായി തുറന്നടയുമ്പോള്‍ അതതു നിലകളിലെ താമസക്കാരുടെ ഒരേകദേശരൂപം പലതരം ഗന്ധങ്ങളായി ലിഫ്റ്റിലേക്കു വരുന്നു. കോഴിക്കോടന്‍ ബിരിയാണിയുടെ, സാമ്പാറിന്റെ, ഊദിന്റെ, അത്തറിന്റെ, ഇഞ്ചിത്തൈരിന്റെ, വെറും പച്ചമനുഷ്യന്റെ, മുന്തിയ മദ്യത്തിന്റെ... ഭിന്നഭിന്നമായ ഗന്ധങ്ങള്‍.കോഴിക്കോടന്‍ ആതിഥ്യമര്യാദകളുടെ മൂര്‍ത്തരൂപമായ ഖുദ്‌സിയുടെ പത്‌നി ഷമീമ ഞങ്ങള്‍ക്കായി ഗംഭീരമായ ഒരു വിരുന്നു തന്നെ ഒരുക്കിയിരുന്നു. കോഴിയും മാടും മുതല്‍ ഏട്ട മത്സ്യത്തിന്റെ മുട്ട വരെ...

ഉഗ്രനൊരു ഉച്ചയുറക്കവും കഴിഞ്ഞ് വൈകുന്നേരം ഞങ്ങള്‍ അബുദാബി കാണാനിറങ്ങി. തണുത്ത കാറ്റ് അടങ്ങിയിരുന്നില്ല. ജനസാന്ദ്രതയില്‍ ദുബായ് കഴിഞ്ഞാല്‍ എമിറേറ്റുകളില്‍ രണ്ടാം സ്ഥാനമുള്ള അബുദാബിയുടെ തെരുവുകള്‍. കവണയുടെ ആകൃതിയില്‍ കടലിലേക്കു തള്ളിക്കിടക്കുന്ന ഈ എമിറേറ്റാണ് ലോകത്തെ എണ്ണയുത്പാദകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശങ്ങളിലൊന്ന്. 

ഇന്ന് കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കേണ്ടതില്ലാത്തതുകൊണ്ട് ധാരാളം സമയമുണ്ട്. ആദ്യം കേരള സോഷ്യല്‍ക്‌ളബിലേക്കു തന്നെ പുറപ്പെട്ടു. ഇന്നവിടെ ചില അറേബ്യന്‍ സിനിമകളുടെ പ്രദര്‍ശനവും ചലച്ചിത്രകാരന്മാരുമായുള്ള സംവാദവുമാണ്. ഇന്നു പങ്കെടുക്കേണ്ട മലയാളി സിനിമാക്കാരന്‍ റസൂല്‍ പൂക്കുട്ടിയാണ്.

നോട്ടീസില്‍ അദ്ദേഹത്തിന്റെ വിശേഷണം 'ഓസ്‌ക്കാര്‍ നോമിനി' എന്നാണ്. പക്ഷേ, നോട്ടീസിനും പരിപാടിക്കുമിടയില്‍ അദ്ദേഹം 'ഓസ്‌ക്കാര്‍ ജേതാവാ'യിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ കേരളത്തില്‍ സ്വീകരണത്തിരക്കുകളായതിനാല്‍ അബുദാബിയില്‍ വരാന്‍കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുള്ളതായി സംഘാടകര്‍ പറഞ്ഞു.

ഫോണിലൂടെയും ഇമെയിലിലൂടെയുംമാത്രം പരിചയമുള്ള നിരവധി പേര്‍ കള്‍ച്ചറല്‍ സെന്ററില്‍ ഞങ്ങളെ കാത്തുനിന്നിരുന്നു. അതിലൊരാള്‍, ഇരുപതു വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിക്കുന്ന ഉദയന്‍, ഞങ്ങളെ അബുദാബി കാണിക്കുന്ന ചുമതല ഏറ്റെടുത്തു. പൊടിക്കാറ്റില്‍ പൂണ്ടുപോയ തന്റെ കാറിന്റെ നിറവ്യത്യാസത്തില്‍ ക്ഷമിക്കണമെന്ന ആമുഖത്തോടെ അദ്ദേഹം ഞങ്ങളെ കാറില്‍ കയറ്റി നഗരപ്രദക്ഷിണം തുടങ്ങി.

അത്ഭുതകരമായ ഒരു കാര്യം അപ്പോഴാണറിഞ്ഞത് അബുദാബിയില്‍ ബസ് സര്‍വീസ് ആരംഭിച്ചത് ഈ വര്‍ഷം മാത്രമാണ്‍ കഴിഞ്ഞ വര്‍ഷം അവസാനം അബുദാബി നിരത്തില്‍ ബസ്സുകളിറങ്ങിത്തുടങ്ങി ആളുകളെ വശീകരിക്കാന്‍ തികച്ചും സൗജന്യമായിട്ടായിരുന്നു രംഗപ്രവേശം. ബസ്സില്‍ സുഖപ്രദമായ എ.സി.യാത്ര കുറഞ്ഞ ചെലവില്‍ ഈ വര്‍ഷാരംഭത്തില്‍ തുടങ്ങിയതോടെ പഠാണികളുടെ ടാക്‌സിക്കാറുകള്‍ക്ക് ആളുകുറഞ്ഞു തുടങ്ങിയത്രേ. പക്ഷേ, ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വികസനപ്രക്രിയ പൂര്‍ണമാകുന്ന ഘട്ടത്തില്‍ നഗരത്തില്‍ ഉണ്ടാകുമെന്നു കണക്കുകൂട്ടിയിരുന്നതിനേക്കാളും അധികമാണ് ഇപ്പോഴത്തെ ജനസംഖ്യ. അതുകൊണ്ടുതന്നെ നഗരം രാവണന്‍കോട്ടപോലെ സങ്കീര്‍ണ ഘടനയുള്ളതായിക്കഴിഞ്ഞിരിക്കുന്നു. ഉദ്ദേശിച്ച സ്ഥലത്ത് അന്വേഷിച്ചുപിടിച്ചെത്താന്‍ ബസ്സിനേക്കാള്‍, സ്വന്തം കാറിനേക്കാള്‍, ഏതെങ്കിലുമൊരു ടാക്‌സിയില്‍ കയറിക്കൂടുന്നതാണ് എളുപ്പം.

നഗരത്തിനുള്ളിലേക്കു തള്ളിക്കിടന്ന ഒരു കടല്‍ക്കഷണത്തിന്റെ  തീരത്ത്,പടുകൂറ്റന്‍ അംബരചുംബികളില്‍നിന്നൊഴിഞ്ഞ് അബുദാബി കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്റര്‍ എന്നു കണ്ടപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. മണ്ണുപൊതിഞ്ഞ് പഴയശൈലിയില്‍ നിര്‍മ്മിച്ച ദുര്‍ഗസദൃശമായ ഒരെടുപ്പ്. അതിനെ ചുറ്റി ഉണങ്ങിയ ഈന്തപ്പനയോല മെടഞ്ഞുകെട്ടിയ വേലി. ഉള്ളില്‍ ജലാശയത്തിനു ചാരെ നിരവധി പനയോലക്കുടിലുകള്‍. എല്ലാം വിനോദയാത്രികരെ ആകര്‍ഷിക്കുവാന്‍ വിദഗ്ധമായി കെട്ടിപ്പടുത്തത്. അതിലൂടെ നടക്കുമ്പോള്‍ മുജ്ജന്മത്തില്‍ നിന്നെന്നപോലെ വീശിയ ഒരു ഹൃദ്യ സുഗന്ധത്തിന്റെ പ്രഭവസ്ഥാനം ഞാന്‍ കണ്ടെത്തി. ഹുക്ക! ചെലവേറുമെന്നറിഞ്ഞിട്ടും ഞങ്ങള്‍ ഒരു വാടകഹുക്കയ്ക്കു പറഞ്ഞു.

ആപ്പിള്‍, വാനില, സ്‌ട്രോബെറി?, സുന്ദരനായ പരിചാരകന്‍ തിരക്കി. പുകയിലയില്‍ ചേര്‍ക്കുന്ന സുഗന്ധക്കൂട്ടുകളാണ്. അപ്പുറത്തെ മേശപ്പുറത്തുനിന്നു പ്രവഹിക്കുന്ന സുഗന്ധം വാനിലയുടേതാണ്. ഞാനും അതുതന്നെ പറഞ്ഞു. പ്രാവുകളെപ്പോലെ കുറുകുന്ന അതിസുന്ദരമായ ചില്ലുഹുക്കയില്‍ നിന്ന് ഞാനും അനില്‍ കുമാറും മാറിമാറി വലിച്ചു. ഒപ്പം ഓരോ സുലൈമാനിയും കുടിച്ചു. കട്ടന്‍ചായയ്ക്കും പുകയ്ക്കുമായി ബില്ലു വന്നപ്പോള്‍ കണ്ണുതള്ളി എഴുപത്തഞ്ച് ദിര്‍ഹം. 'വിവര്‍ത്തനം' ചെയ്താല്‍ ആയിരം രൂപയിലധികം!


കൃത്രിമമായി ഉണ്ടാക്കിയെടുത്ത പച്ചപ്പുകളാല്‍ സമൃദ്ധമാണ് അബുദാബി സിറ്റി. നാലുവരിപ്പാതകളെ രണ്ടായിത്തിരിക്കുന്ന മീഡിയനുകളെല്ലാം പൂന്തോട്ടങ്ങള്‍പോലെ സുന്ദരം. പൊടിക്കാറ്റടിച്ചു മങ്ങുന്ന ചെടികളെ കുളിപ്പിച്ചു സുന്ദരികളാക്കാന്‍ പ്രത്യേക ജലവാഹനങ്ങള്‍ തന്നെയുണ്ട്. കടല്‍ നികത്തിയെടുത്തുണ്ടാക്കിയ പുതിയ റോഡിലൂടെ പായുമ്പോള്‍ അതിബൃഹത്തായ കെട്ടിടങ്ങള്‍ക്കരികില്‍ ഒരു ഷഡ്പദത്തെപ്പോലെ അരിക്കുന്ന മനുഷ്യന്റെ നിസ്സാരത ഓര്‍മ്മിക്കണോ, അതോ ഇതെല്ലാം കെട്ടിപ്പൊക്കിയ അവന്റെ സൃഷ്ടിവൈഭവത്തെ വണങ്ങണോ എന്ന സന്ദിഗ്ധത നമ്മെ ഗ്രസിക്കുന്നു. പൂക്കളില്‍ വണ്ടുകളേയും ശലഭങ്ങളേയും പോലെ, മനുഷ്യരാണ് ഈന്തപ്പനകള്‍ക്ക് പരാഗണം നടത്തിക്കൊടുക്കുന്നതെന്ന് കേട്ടപ്പോള്‍ ഞാനൊരു സ്വപ്‌നത്തില്‍പെട്ടതുപോലെയും തോന്നിച്ചു.


അബുദാബിയില്‍ എണ്ണ കണ്ടെത്തിയിട്ട് അമ്പതു വര്‍ഷമേ ആയിട്ടുള്ളു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി പത്തു വര്‍ഷം കഴിഞ്ഞിട്ടും ദരിദ്രമായിരുന്ന ഒരിടത്താണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്! ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ ഇടങ്ങളിലൊന്നില്‍. എയര്‍പോര്‍ട്ട് റോഡിലും കോര്‍ണീഷ്‌തെരുവിലും ഷേഖ് സയീദ, ഹംദാന്‍, ഖലീഫ തുടങ്ങിയ സ്ട്രീറ്റുകളിലും കറങ്ങിയ ശേഷം ഞങ്ങള്‍ പുലര്‍ച്ചെ രണ്ടുമണിക്ക് ഖുദ്‌സിയുടെ വീട്ടില്‍ മടങ്ങിയെത്തി. ഉറക്കമൊഴിവാക്കി അദ്ദേഹവും പത്‌നിയും അതാ ഞങ്ങളെ കാത്തിരിക്കുന്നു. 

ഉറങ്ങുംമുമ്പ് അദ്ദേഹം എന്റെ മുറിയില്‍ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് കൊണ്ടുത്തന്നു. വൈകിയതില്‍ അദ്ദേഹത്തിനു പരിഭവമില്ലെന്ന് തിരിച്ചറിയുന്ന ഒരു നല്ല നിമിഷം.
മൂന്നു ദിവസങ്ങളിലായി ഒട്ടേറെ സൗഹൃദങ്ങളിലൂടെ കടന്നുപോയി. സംവാദത്തിനും പ്രസംഗത്തിനുമായി രണ്ടു വട്ടം വേദിയില്‍ വരേണ്ടിയിരുന്നു. കഥ വായിച്ച ഇഷ്ടം കൊണ്ട് ചിലര്‍ക്ക് നമ്മള്‍ അതിഥിയല്ല, കുടുംബാംഗം തന്നെ: അബുദാബിയില്‍ ഖുദ്‌സിയും ജോഷിയും ഷംനാദും ദേവസേനയും, ദുബായില്‍ താമസിപ്പിക്കാന്‍ കുടുംബസമേതം വന്ന് എന്നെ കൊണ്ടുപോയ രാംമോഹനും പത്‌നി രശ്മിയും...

കൈയൊപ്പിട്ട എന്റെ പുസ്തകങ്ങള്‍ രാംമോഹന്‍ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു. അതിനുപകരമായി എന്നെ ബെല്ലി ഡാന്‍സ് കാണിക്കാമെന്നായിരുന്നു ഫോണിലൂടെയുള്ള കരാര്‍. 
രണ്ടുപേരും പരസ്പരം വാക്കു പാലിച്ചു. ദുബായില്‍ എല്ലാവരും വാഴ്ത്തുന്ന നഗരക്കാഴ്ച്ചകള്‍ക്കപ്പുറം എനിക്ക് മറ്റൊരിടത്തു കൂടി പോകണമായിരുന്നു: ദുബാല്‍ എന്നറിയപ്പെടുന്ന ദുബായ് അലൂമിനിയം കമ്പനി. നാട്ടില്‍ അച്ഛന്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ അലൂമിനിയം കമ്പനി അഥവാ ഇന്‍ഡാലിന്റെ ദുബായ് പതിപ്പ്. നാട്ടിലെ കമ്പനി വന്‍ നഷ്ടത്തെത്തുടര്‍ന്ന് ഏതാണ്ട് പൂട്ടിയ മട്ടാണ്. ഒരു തൊഴിലാളിയുടെ തിളയ്ക്കുന്ന ചോരയോടെ ദുബാലിന്റെ കേമത്തങ്ങളെക്കുറിച്ച് കേരളത്തിനു പുറത്ത് പോയിട്ടില്ലാത്ത അച്ഛന്‍ കൂടെക്കൂടെ പറയുമായിരുന്നു മരണം വരെയും. ആ അച്ഛന്റെ മകനായി നിന്ന് ദുബാലൊന്നു കാണണമെന്നു പറഞ്ഞപ്പോള്‍ രാംമോഹന് അതിലെ വികാരം മനസ്സിലായി. അത് ബെല്ലിഡാന്‍സിനും എത്രയോ അപ്പുറത്തുള്ള ഒരു കാഴ്ചയായിരിക്കും!

അങ്ങനെ ഞങ്ങള്‍ അന്വേഷിച്ചുപിടിച്ച് ദുബാലിലെത്തി. ശ്രീനി എന്ന ബാല്യകാല ചങ്ങാതിയേയും കമ്പനിയില്‍ നിന്നും തപ്പിപ്പിടിച്ചു. 'എടാ, നീ എങ്ങനെ ദുബായിലെത്തി?' എന്ന് അത്ഭുതത്തോടെ കെട്ടിപ്പിടിച്ച് ചോദിച്ചത് ശ്രീനിയല്ല, അച്ഛന്‍തന്നെയായിരുന്നു. ബോക്‌സൈറ്റില്‍നിന്നും അലൂമിനിയം ഉണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ചത് തന്റെ അച്ഛനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു കുട്ടി ഉള്ളിലിരുന്ന് വാവിട്ടും വാവുബലിയിട്ടും കരഞ്ഞു. അച്ഛാ, പരലോകത്തിരുന്നു നോക്കുമ്പോള്‍ പൊരിമണലില്‍ കാലുപൊള്ളിക്കരയുന്ന ഒരു കുട്ടിയെ കാണാമോ?
'മാന്ദ്യം കാരണം ദുബാലും നഷ്ടത്തിലേക്കാണ്,' ശ്രീനി പറഞ്ഞു: 'ആര്‍ക്കറിയാം, ഇതു പൂട്ടി നാട്ടിലേക്കു തിരിച്ചു ചെന്നാല്‍ ഞാന്‍ എന്തു പണിചെയ്യും?'

മലയാളിയുടെ സ്വപ്‌നനഗരത്തില്‍ ചേക്കേറിയ ഭേദപ്പെട്ട ഒരു തൊഴിലാളിയുടെ ഉല്‍ക്കണ്ഠ. അതു പങ്കുവെക്കുന്നത് ലക്ഷക്കണക്കിനു മലയാളികളാണ്. ദുബായ് എയര്‍പോര്‍ട്ടിനു പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന ധാരാളം കാറുകളെക്കുറിച്ച് രാംമോഹന്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ടുമടങ്ങുന്ന മലയാളികള്‍ ലോണടയ്ക്കാന്‍ വഴിയില്ലാതെ ഉപേക്ഷിച്ചുമടങ്ങുന്ന ആഡംബരക്കാറുകള്‍... പാതിവഴിക്കു പണിനിര്‍ത്തിയ കൂറ്റന്‍ കെട്ടിടങ്ങളുടെ അസ്ഥിപഞ്ജരങ്ങള്‍... പുതുതൊന്ന് കെട്ടിപ്പൊക്കാന്‍ ഇടിച്ചു താഴത്തിട്ട കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പോലും താല്പര്യമില്ലാതെ മന്ദിച്ച നിര്‍മാണമേഖല... കൊട്ടിഘോഷിച്ചുകൊണ്ടുവന്ന അതിവേഗ റെയില്‍പ്പാളങ്ങളില്‍ അങ്ങിങ്ങായി യാത്രകള്‍ സ്വപ്‌നം കണ്ടു കിടക്കുന്ന ട്രെയിന്‍ ബോഗികള്‍...

എങ്കിലും ജീവിതം ചലിക്കുക തന്നെയാണ്. ട്രാഫിക് ജാമുകളില്‍ നിന്നും വീണ്ടും രക്ഷപ്പെട്ട് കുതിക്കുന്ന വാഹനങ്ങളെപ്പോലെ ഈ സ്വപ്‌നനഗരവും അതിന്റെ ഗതിവേഗത്തില്‍ തിരിച്ചെത്തുകതന്നെ ചെയ്യും. രാത്രി ഷാര്‍ജ എയര്‍പോര്‍ട്ടിലേക്ക് മടക്കയാത്രയ്ക്കായി തിരിക്കുമ്പോള്‍, വന്നിറങ്ങുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന വിപരീതദിശയിലുള്ള രണ്ടു കാഴ്ചകള്‍ രാംമോഹന്‍ കാട്ടിത്തന്നു: 


ഒന്ന്: വിഖ്യാതമായ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ കണ്ണെത്താദൂരം പരന്ന കാമ്പസ്, വൈദ്യുത ദീപങ്ങളാല്‍ ചൂഴ്ന്നു ആലുവാശിവരാത്രിമണപ്പുറം പോലെ: ജ്ഞാനവിജ്ഞാനങ്ങളുടെ പ്രഭ പരത്തിക്കൊണ്ട്. ഇത്തരമൊരു സമ്പന്നനഗരിയില്‍ പ്രതീക്ഷിക്കാനാവാത്ത കാഴ്ചയാണ് രണ്ടാമത്തേത്: മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന അറബ് വാര്‍ദ്ധക്യങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം കെട്ടിപ്പടുത്ത ഒരു കൂറ്റന്‍ വൃദ്ധസദനം!

 സുഭാഷ് ചന്ദ്രന്റെ ഓര്‍മ്മകുറിപ്പുകളുടെ സമാഹാരം 'കാണുന്ന നേരത്ത്'എന്ന പുസ്തകത്തില്‍ നിന്ന്