desert
  ഫോട്ടോ; വിനയന്‍ കെ.ആര്‍

പ്രവാസം എന്ന വാക്കിനെയും അവസ്ഥയെയും ഏറ്റവും തെറ്റായ രീതിയില്‍ മനസ്സിലാക്കിയിട്ടുള്ള സമൂഹങ്ങളിലൊന്നാണ് മലയാളികള്‍. മൂലധനത്തിന്റെ സഞ്ചാരത്തിനും കുന്നുകൂടലിനും അനുസൃതമായി സ്വാഭാവികമായും ലോകത്തെവിടെയും സംഭവിക്കാവുന്ന തൊഴില്‍കുടിയേറ്റങ്ങളെയാണ് നാം മലയാളികള്‍ പ്രവാസമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നത്. മലയാളി യുദ്ധം അനുഭവിച്ചിട്ടില്ല എന്നു പറയുന്നതുപോലെ, യഥാര്‍ഥ പ്രവാസത്തിന്റെ നൊമ്പരവും അനുഭവിച്ചിട്ടില്ല. യുദ്ധത്താലോ രാഷ്ട്രീയതിരസ്‌കാരത്താലോ എല്ലാം നഷ്ടപ്പെട്ട് സ്വന്തം ഭൂമി വിട്ട് അജ്ഞാതദേശങ്ങളിലേക്ക് ഓടിപ്പോകേണ്ടിവരുന്നതിനു തുല്യമല്ല നിറയെ സ്വപ്‌നങ്ങളും മനസ്സിലിട്ട് ഗള്‍ഫിലേക്കോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ പുറപ്പെടുന്ന മലയാളിയുടെ അവസ്ഥ. പ്രവാസത്തിന്റെ ഭീതിദമായ അനിശ്ചിതാവസ്ഥയെ മലയാളി എന്നെങ്കിലും നേരിട്ടിട്ടുണ്ടെങ്കില്‍ അത് കുവൈത്ത് യുദ്ധസമയത്ത് അവിടത്തെ മലയാളികള്‍ അനുഭവിച്ചതു മാത്രമാണ്.

തിരസ്‌കരിക്കപ്പെട്ടവന്റെ വേദനയുടെ പേരാണ് പ്രവാസം. കുടിയിറക്കപ്പെട്ടവന്റെ അവസാന അത്താണിയാണ് പ്രവാസം. നിഷ്‌കാസിതന്റെ വിലാപമാണ് പ്രവാസം. അഭയാര്‍ഥിയുടെ നിസ്സഹായതയാണ് പ്രവാസം. ഇക്കൂട്ടത്തിലെവിടെയും കുടിയേറ്റക്കാരനായ മലയാളി പെടും എന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഗള്‍ഫിലേക്കോ മറ്റേതെങ്കിലും രാജ്യങ്ങളിലേക്കോ ചേക്കേറിയ മലയാളികളെ പ്രവാസികള്‍ എന്നു വിശേഷിപ്പിക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നു.

green-zoninu-veliyil-ninnu-ezhuthumbol
 പുസ്തകം വാങ്ങാന്‍ 

അര്‍ഥവും തൊഴിലും തേടിയുള്ള യാത്ര ആരംഭിച്ച കാലംമുതല്‍ ഈ ഭാഗ്യാന്വേഷകര്‍ക്ക്- എന്തു തൊഴിലുമെടുക്കാം, ഏതു സാഹചര്യത്തെയും അതിജീവിക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതലായുണ്ടായിരുന്നത്. മലബാറിലേക്കും ഇടുക്കിയിലേക്കുമുള്ള കുടിയേറ്റക്കാരന്റെയും ആസാംപണിക്കാരന്റെയും മുംബൈയിലേക്കും ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും ഇതര രാജ്യങ്ങളിലേക്കും ഭാഗ്യം തേടിപ്പോയവന്റെയും മാനസികാവസ്ഥ ഇക്കാര്യത്തില്‍ ഒന്നായിരുന്നു.

പക്ഷേ, ചെന്നുചേര്‍ന്ന ഇടങ്ങളില്‍ വ്യത്യസ്തതരം ജീവിതസാഹചര്യങ്ങളും അനുഭവങ്ങളുമാണ് അവനു നേരിടേണ്ടിവന്നത്. കുറഞ്ഞ കൂലി കൊടുക്കേണ്ടുന്ന തൊഴില്‍സേനകളെയായിരുന്നു ഭൂരിഭാഗം കുടിയേറ്റയിടങ്ങളിലും വേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ ചെന്നുചേരുന്ന ഇടങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍ക്കും ജീവിതകഥകള്‍ക്കും സമാനതയുണ്ട്. ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും ആഫ്രിക്കയിലേക്കും വെസ്റ്റിന്‍ഡീസിലേക്കും കപ്പല്‍ കയറിപ്പോയ തമിഴന്റെയും പഞ്ചാബിയുടെയും ദുരിതങ്ങളില്‍നിന്നും അത്രയൊന്നും വ്യത്യസ്തമല്ല ഇന്നത്തെ ഗള്‍ഫുകാരന്റെയും അവസ്ഥ. അതേസമയം മനോബലംകൊണ്ടും കഠിനാധ്വാനംകൊണ്ടും ചിലപ്പോള്‍ കച്ചവടക്കാരനായോ തൊഴില്‍ദാതാവായോ ഭൂപ്രഭുവായോ രാഷ്ട്രീയക്കാരനായോ സ്വയം പരിവര്‍ത്തനം ചെയ്തു വിജയിച്ച കഥകളും ഇതില്‍ അന്യമല്ല. ചിലര്‍ക്ക് ആ യാത്ര ഒരു ഭാഗ്യമായിത്തീര്‍ന്നു, ചിലര്‍ക്ക് ദൗര്‍ഭാഗ്യവും.

ഇന്നും കുടിയേറ്റഭൂമികളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനേകം തിക്താനുഭവങ്ങളും ദുരിതങ്ങളും മലയാളിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി കാണാനോ പെരുപ്പിച്ചു കാണിക്കാനോ ഞാനാഗ്രഹിക്കുന്നില്ല. മലയാളിയും തമിഴനും ബംഗാളിയും സിലോണിയും പാകിസ്താനിയും സുഡാനിയും ഫിലിപ്പിനിയും അടങ്ങുന്ന തൊഴില്‍പ്പട നേരിടുന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. ഇതാവട്ടെ, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്നു പോയ മുന്‍കാല കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളില്‍നിന്ന് വിഭിന്നവുമല്ല. യഥാര്‍ഥ പ്രവാസത്തിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് സത്യത്തില്‍ അവരാണെന്നു പറയാം. എത്തപ്പെട്ട ഇടങ്ങളില്‍ ഒന്നും രണ്ടും തലമുറകള്‍ പിന്നിട്ടുപോയ ഇവര്‍ നേരിടുന്ന വംശീയപ്രശ്‌നങ്ങളും സാമൂഹികപദവിക്കുവേണ്ടിയുള്ള സമരങ്ങളും വേരറുക്കപ്പെട്ടുപോയതിന്റെ വ്യഥകളും എത്തപ്പെട്ട ഇടങ്ങളിലെ സാമൂഹികസാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രയാസങ്ങളും ഭാഷാപ്രശ്‌നങ്ങളും ഒന്നും നമ്മുടെ ഗൗരവമായ ശ്രദ്ധയില്‍ ഇതുവരെ പതിഞ്ഞിട്ടില്ലെന്നുവേണം അനുമാനിക്കാന്‍. അവരെ നാം അകന്നുപോയവരായി പരിഗണിക്കുന്നു; അവരോ, അവരുടെ വേരുകളും പേരുകളും ഇന്ത്യയില്‍ മുറുകെപ്പിടിക്കാനും. അതിന്റെ സംഘര്‍ഷങ്ങള്‍ ചെറുതായിരിക്കില്ല. ഇവരില്‍ മിക്കവരും സ്വയംപ്രവാസത്തിലേക്കോ കുടിയേറ്റത്തിലേക്കോ ഇറങ്ങിത്തിരിച്ചവരായിരുന്നില്ല. ബ്രിട്ടീഷ് പട്ടാളം അവരുടെ കരിമ്പിന്‍തോട്ടങ്ങളിലേക്ക്, റബ്ബര്‍ത്തോട്ടങ്ങളിലേക്ക്, തെങ്ങിന്‍തോപ്പുകളിലേക്ക്, തേയിലത്തോട്ടങ്ങളിലേക്ക്, മറ്റു കൃഷിയിടങ്ങളിലേക്ക്, തൊഴില്‍ശാലകളിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോയവരായിരുന്നു. പിന്നെ മടങ്ങിവരാന്‍ വിധിയില്ലാത്തവരായിരുന്നു.

desert
ഫോട്ടോ; നാസര്‍ എന്‍.എ

ശ്രീലങ്കയിലെ തമിഴന്റെ പ്രശ്‌നങ്ങള്‍ നമുക്കറിയാം. രാഷ്ട്രീയപരമായോ സാമൂഹികപരമായോ പരിഹാരമില്ലാത്ത ഒരു മുറിവാണത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് അധ്യാപനത്തിനും കച്ചവടത്തിനും തൊഴിലിനുമായി പോയവരോ അവരുടെ അനന്തരതലമുറകളില്‍പ്പെട്ടവരോ ആയ പതിമൂന്നു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇന്നും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ട്. ഗള്‍ഫ് ഡയസ്‌പോറയോളംതന്നെ വലുതാണതും. അവര്‍ അവിടെ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആരെങ്കിലും ആകുലപ്പെടുന്നോ എന്നുപോലും സംശയമാണ്. ആഫ്രിക്കയിലെ കടുത്ത വംശീയപ്രശ്‌നങ്ങള്‍തന്നെയാണ് അവരെയും ബാധിച്ചിരിക്കുന്നത്. ടാന്‍സാനിയയിലും സാന്‍സിബാറിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും അവരുടെ സ്ഥിതി ഏറ്റവും ദുഷ്‌കരമാണ്. 1972 -ല്‍ എഴുപത്തിയയ്യായിരത്തോളം ഇന്ത്യക്കാരോടാണ് പെട്ടിയും കിടക്കയുമെടുത്ത് മൂന്നു മാസത്തിനകം രാജ്യം വിട്ടോളാന്‍ ഈദി അമീന്‍ ആജ്ഞാപിച്ചത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ബ്രിട്ടനിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി കഴിയുന്ന ആ കുടിയിറക്കപ്പെട്ടവരുടെ വേരുകള്‍ ഇപ്പോള്‍ എവിടെയാണ്? ഏതു രാജ്യക്കാര്‍ എന്ന വിലാസത്തിലാണ് അവര്‍ അവിടെ കഴിയുന്നത്? അവര്‍ ഏതു വംശപാരമ്പര്യത്തില്‍ ഉള്‍പ്പെടും?

മലേഷ്യയിലെയും സിംഗപ്പൂരിലെയും കരീബിയന്‍ ദ്വീപുകളിലെയും കഥ നമുക്കത്ര പരിചിതമല്ലായിരിക്കാം. എന്നാല്‍, ആധുനിക കുടിയേറ്റത്തില്‍പ്പെട്ട ഓസ്‌ട്രേലിയയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പത്രവാര്‍ത്തകളാണ്. യു.കെയിലും കാനഡയിലും ഇന്ത്യക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എണ്‍പതുകള്‍ക്കുശേഷം ഫിജിയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നമുക്കറിയാം. ഇവരുടെയൊക്കെ മാത്രമല്ല, ടിബറ്റുമുതല്‍ കാനഡവരെ നീളുന്ന എത്രയോ വംശീയപ്രശ്‌നങ്ങളാല്‍ ഭൂമി നഷ്ടപ്പെട്ട എത്രയോ ജനങ്ങള്‍, വംശങ്ങള്‍, സമൂഹങ്ങള്‍ ലോകത്തെമ്പാടുമായി അശരണരായി കഴിയുന്നു. അവരുടെ വിലാപങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ടാണ് സ്വയം വീടുവിട്ടിറങ്ങിയ മലയാളി, പ്രത്യേകിച്ച് ഗള്‍ഫ് മലയാളി, പ്രവാസത്തിന്റെ ദുഃഖകഥ പാടുന്നത്.

ഗള്‍ഫിലോ ഇതര കുടിയേറ്റഭൂമികകളിലോ പീഡനങ്ങള്‍ ഇല്ലെന്നല്ല, അവന്‍ ദുരിതം അനുഭവിക്കുന്നില്ല എന്നല്ല, പക്ഷേ, അവയെ സ്വീകരിക്കാന്‍ തയ്യാറായാണ് മലയാളി എന്നും കപ്പലും വിമാനവും കയറിയിട്ടുള്ളത്. അല്ലെങ്കില്‍ എത്രയോ കഥകള്‍ കേട്ടിട്ടും അവന്‍ എന്തുകൊണ്ട് പിന്നെയും പിന്നെയും വീടുവിട്ടിറങ്ങുന്നു. അന്‍പതു വര്‍ഷത്തിനിപ്പുറവും മലയാളി കാത്തിരിക്കുന്നതും അവന്റെ ജീവിതത്തെ പാകപ്പെടുത്തുന്നതും വിദേശവാസത്തെ സ്വപ്‌നം കണ്ടുകൊണ്ടുതന്നെയാണ്.

ഇന്ന് വിദേശത്തു കഴിയുന്ന മലയാളിയുടെ ആശ്വാസം എന്തെന്നാല്‍ അവന് തിരിച്ചുചെല്ലാന്‍ ഒരുതുണ്ട് ഭൂമി ബാക്കിയുണ്ടെന്നതാണ്. അത് അവനു നല്കുന്ന ആശ്വാസം ചെറുതല്ല. തന്നെ ആര്, എവിടെനിന്ന് ഇറക്കിവിട്ടാലും നിഷ്‌കാസിതനാക്കിയാലും തനിക്കു മടങ്ങിപ്പോകാന്‍ ഒരിടമുണ്ടെന്ന ആശ്വാസം, ഈ ഇടത്തിനോടുള്ള ഒടുങ്ങാത്ത ഇഷ്ടം, അവയെ ചുറ്റിപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍, അതിനുവേണ്ടിയുള്ള സമ്പാദനങ്ങള്‍- ഇതാണ് ഒരു സാധാരണ വിദേശമലയാളിയുടെ സ്വപ്‌നങ്ങള്‍. അതുകൊണ്ടാണ് അവന്‍ വിദേശത്തെത്തിയാല്‍ ആദ്യം തനിക്കു സ്വന്തമായൊരു വീടിനെക്കുറിച്ച് ആലോചിക്കുന്നത്. വിദേശത്തുള്ള ഒരു തമിഴന്‍ സ്വന്തമായ ഒരു കൃഷിഭൂമിയും പഞ്ചാബി സ്വന്തമായി ഒരു വര്‍ക്ക്‌ഷോപ്പും സ്വപ്‌നം കാണുമ്പോള്‍ മലയാളി സ്വപ്‌നം കാണുന്നത് വീടാണ്. നേരത്തേ അത് ഗള്‍ഫ് മലയാളികളുടെ മാത്രം സ്വപ്‌നമായിരുന്നെങ്കില്‍ ഇന്നത്തെ എല്ലാ പുതു കുടിയേറ്റക്കാരനും മടങ്ങിവരവ് സ്വപ്‌നം കാണുകയും നാട്ടില്‍ വീടു പണിയുകയും ചെയ്യുന്നു.

വീടെന്ന സ്വപ്‌നം തിരിച്ചുചെല്ലുന്നിടത്തെ സുരക്ഷിതത്വത്തില്‍നിന്നുണ്ടാവുന്നതാണ്. അതുകൊണ്ടുതന്നെ നാട്ടിലെ ഏതൊരു ചെറിയ പ്രശ്‌നവും അവനെ ഉലയ്ക്കും. ചെറിയ കക്ഷിവഴക്കുകളെപ്പോലും ഭീതിയോടെ നോക്കിക്കാണും. ഏതു കൈയേറ്റങ്ങളെയും ചെറുക്കും. തനിക്കു സുരക്ഷിതമായി ഒരുക്കപ്പെട്ടിരിക്കുന്ന ഇടത്തിന് എന്തെങ്കിലും പറ്റുമോ എന്ന ആശങ്കയില്‍നിന്നാണ് അതുണ്ടാവുന്നത്.
സെമിറ്റിക് മതങ്ങളെല്ലാംതന്നെ പ്രവാസത്തെ ഒരു ശിക്ഷയായും ശാപമായും ആണ് കണ്ടിരുന്നത്. പ്രവാസത്തില്‍നിന്നുള്ള വിടുതലായിരുന്നു അവന്റെ എക്കാലത്തെയും വലിയ പ്രാര്‍ഥന. ഇന്ത്യയില്‍ത്തന്നെയും നാടുകടത്തുക എന്നത് പണ്ടേയുള്ള ഒരു ശിക്ഷാരീതിയായിരുന്നു. പാപമായിരുന്നു. എന്നാല്‍ ഇതേ വിശ്വാസസംഹിതകള്‍ പിന്തുടരുന്ന മലയാളി അതിനെ എത്ര കൃത്യമായാണ് നമ്മുടെ സൗഭാഗ്യമായി വിവര്‍ത്തനം ചെയ്തത്. അപ്പോള്‍ വിശ്വാസംപോലുമല്ല, മൂലധനത്തിന്റെ സഞ്ചാരത്തിനനുസരിച്ച് അതിനെ പിന്തുടരാനും അതിനെ തനിക്കനുകൂലമാക്കിത്തീര്‍ക്കാനുമുള്ള മലയാളിയുടെ ചോദനതന്നെയായിരുന്നു പ്രധാനം. അതില്‍നിന്നാണ് ഇന്നത്തെ പ്രവാസങ്ങള്‍ എന്നു വിളിക്കുന്ന കുടിയേറ്റങ്ങള്‍ എല്ലാംതന്നെ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഗള്‍ഫിലേക്കുള്ള താത്കാലിക കുടിയേറ്റങ്ങളെ മറ്റൊരു തലത്തില്‍ നിന്നുകൊണ്ടുവേണം കാണുവാന്‍. മറ്റെല്ലാ കുടിയേറ്റസമൂഹങ്ങളും എത്തപ്പെടുന്നിടത്ത് സ്വന്തം വേരുറപ്പിക്കുകയും അതിനോട് ഒട്ടൊക്കെ ലയിച്ചുചേരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അന്‍പതാണ്ടു പിന്നിട്ട ഗള്‍ഫ് കുടിയേറ്റത്തിന് അങ്ങനെയൊരു സാധ്യതയില്ല (ഇഷ്ടമല്ലാഞ്ഞിട്ടല്ല, സാധ്യമല്ലാത്തതുകൊണ്ടുതന്നെ). എത്രയൊക്കെ പറഞ്ഞാലും അവന്‍ അവിടെ വിദേശിയാണ്- ഒരു മതിലിനപ്പുറം നിര്‍ത്തപ്പെടേണ്ടവനാണ്. എപ്പോള്‍ വേണമെങ്കിലും തിരിച്ചയയ്ക്കപ്പെടാവുന്നവനാണ്. അതുകൊണ്ടുതന്നെ അവന്‍ അവിടെ ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളെയും പാഴായിപ്പോകലിന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുന്നത്. പരമാവധി പണം സമ്പാദിച്ച് എങ്ങനെയും തന്റെ സ്വന്തം മണ്ണില്‍ തിരിച്ചെത്താനുള്ള ആധിയും വെപ്രാളവുമാണ് അവന്റെ ജീവിതചര്യ. പക്ഷേ, നിരന്തരമായ ജീവിതപ്രശ്‌നങ്ങള്‍ അവനെ അവിടെത്തന്നെ തളച്ചിടുന്നു. രണ്ടു വര്‍ഷത്തേക്കെന്നു പറഞ്ഞ് വീടിന്റെ പടിയിറങ്ങുന്നവന് ഇരുപതു വര്‍ഷം കഴിഞ്ഞാലും മടങ്ങിവരാന്‍ കഴിയാതെപോകുന്നു. ഇന്നലെകളെക്കുറിച്ചുള്ള സ്വപ്‌നങ്ങളിലും നാളെകളെക്കുറിച്ചുള്ള ആശങ്കകളിലും മുഴുകി ഇന്നുകളെ നഷ്ടപ്പെടുത്തിക്കളയുന്നവനാണ് ഗള്‍ഫ് മലയാളി. സ്വപ്‌നങ്ങളില്‍ തുടങ്ങി സ്വപ്‌നങ്ങളില്‍ ഒടുങ്ങാനാണ് അവന്റെ വിധി. ഇത് കുടിയേറ്റമെന്നോ പ്രവാസമെന്നോ വിളിക്കാനാവാത്ത ഒരു പ്രഹേളികയില്‍ ജീവിക്കേണ്ടിവരുന്നവന്റെ മറ്റൊരു നിസ്സഹായാവസ്ഥയാണ്.

എന്നാല്‍, പുതിയ തലമുറയുടെ സിരകളില്‍ എത്രത്തോളം ഗള്‍ഫും കുടിയേറ്റജീവിതവും സ്വപ്‌നമായി കയറിയിട്ടുണ്ടെന്ന് അന്വേഷിക്കേണ്ട വസ്തുതയാണ്. ഉണ്ടെങ്കില്‍ത്തന്നെ അവന്റെ സ്വപ്‌നം ഒരിക്കലും ഗള്‍ഫല്ല. അത് ഒരുപക്ഷേ, ഇപ്പോഴും യൂറോപ്പും ഓസ്‌ട്രേലിയയും കാനഡയും ആണെന്നു തോന്നുന്നു. അവിടങ്ങളിലാകട്ടെ, നമ്മുടെ തൊഴില്‍സേനയെയല്ല ആവശ്യം, പ്രൊഫഷണലുകളെയാണ്. അതിന്റെപോലും നിറം ഇപ്പോള്‍ മങ്ങിവരുന്നു. നാട്ടില്‍ത്തന്നെ ജീവിക്കാം എന്നൊരു തോന്നല്‍ ചെറുപ്പക്കാരുടെ ഇടയില്‍ വളര്‍ന്നുവരുന്നു. വിദേശങ്ങളില്‍ സമ്പാദിക്കുന്നതിനെക്കാള്‍ തുക നാട്ടില്‍ നിന്നാല്‍ ലഭ്യമാകും എന്നൊരു യാഥാര്‍ഥ്യം പുതിയ തലമുറ തിരിച്ചറിഞ്ഞുവരുന്നു. ഇന്ന് തൊഴിലാളികളെയും പല ട്രേഡുകളിലേക്കുമുള്ള വിദഗ്ധരെയും കേരളത്തില്‍നിന്ന് കിട്ടാനില്ല. തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കും ബിഹാറിലേക്കുമാണ് ഇന്ന് തൊഴിലാളികളെ തേടി ഗള്‍ഫില്‍നിന്നും കമ്പനികള്‍ പോകുന്നത്. അതോടൊപ്പം ബംഗ്ലാദേശികളും ചൈനക്കാരും കുറഞ്ഞ കൂലിക്കു ലഭ്യമാണ് എന്നത് മലയാളിയുടെ ഡിമാന്‍ഡും കുറച്ചിട്ടുണ്ട്.

വിദേശങ്ങളിലായിരുന്ന രണ്ടാംതലമുറപോലും അവരുടെ ഭാവിജീവിതം സ്വപ്‌നം കാണുന്നത് ഇന്ത്യയുമായും അതിന്റെ ശോഭനമായ വളര്‍ച്ചയും ചേര്‍ത്തുവെച്ചുകൊണ്ടാണ്. മലയാളികളുടെ മടങ്ങിവരവ് അത്ര അധികമായിട്ടില്ലെങ്കിലും (ഗള്‍ഫില്‍നിന്ന് നിര്‍ബന്ധിതമായി തിരിച്ചയയ്ക്കപ്പെടുന്നവരല്ല, ചേക്കേറിയ ഇടങ്ങളില്‍ തുടരാനുള്ള നിയമവും സാമൂഹികവുമായ അവസ്ഥയുള്ളവരുടെ ഇടയില്‍നിന്ന്) മുംബൈയിലേക്കും ഗുജറാത്തിലേക്കും തിരിച്ചുവരുന്നവരുടെ അളവ് ഗണ്യമായി കൂടിയിട്ടുണ്ട്. അമേരിക്കയിലെ സാമ്പത്തികത്തകര്‍ച്ചയും രണ്ടായിരത്തിയിരുപതോടെ ഇന്ത്യ സാമ്പത്തികശക്തിയാകുമെന്ന പ്രവചനങ്ങളും ഈ തിരിച്ചുവരവിന് ആക്കംകൂട്ടിയിട്ടുണ്ട്.

മലയാളിയുടെ കൂട്ടക്കുടിയേറ്റത്തിന്റെ അവസാന ഇടമായിരുന്നു ഗള്‍ഫ് എന്നു വിചാരിക്കാന്‍ സാധ്യതയുണ്ട്. സമീപഭാവിയില്‍ അങ്ങനെയൊരു ശോഭനഭാവി എവിടെയും കാണാനില്ല. എന്നാല്‍, അവന്റെ കുടിയേറ്റമോഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുവാന്‍ മലയാളിക്ക് സാധ്യമാകും എന്നും തോന്നുന്നില്ല. ഭാവിയിലെ രണ്ടു സുപ്രധാന കുടിയേറ്റമേഖലയായിത്തീരാന്‍ പോകുന്നത് എത്യോപ്യയും ബ്രസീലുമാണെന്ന് പ്രവചനങ്ങള്‍ വരുന്നു. എന്നു മാത്രമല്ല, എത്യോപ്യയില്‍ ആഗോളകുത്തകകള്‍ വന്‍തോതില്‍ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിക്കഴിഞ്ഞു. അതിന്റെ സാധ്യത മണത്ത മലയാളികളില്‍ ചിലരും സംഘമായി ആയിരക്കണക്കിന് കൃഷിഭൂമി അവിടെ സമ്പാദിച്ചുകഴിഞ്ഞു എന്നാണ് അറിയാന്‍ കഴിയുന്നത്. ആ കൃഷിയിടങ്ങളിലേക്കു തൊഴിലാളികളെ ആവശ്യമായിവരും. ഇന്നലെകളില്‍ ബര്‍മയിലേക്കും മലേഷ്യയിലേക്കും ഫിജിയിലേക്കും ഒമാനിലേക്കും പോയ തോട്ടംതൊഴിലാളികളെപ്പോലെ നാളെ കേരളത്തിന്റെ മണ്ണില്‍നിന്നും ഈ കൃഷിയിടങ്ങളിലേക്കും നമ്മള്‍ യാത്രയാവില്ലെന്ന് ആര്‍ക്കു പറയാന്‍ കഴിയും?

 (മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഗ്രീന്‍ സോണിനു വെളിയില്‍നിന്ന് എഴുതുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)