ള്‍ഫ് വീണ്ടും ഒരു അവധിക്കാലത്തിന്റെ ആലസ്യത്തിലേക്ക് വീഴാനൊരുങ്ങുന്നു. മിക്ക കുടുംബങ്ങളും ഏറെക്കാലത്തെ സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി നാട്ടിലേക്ക് പുറപ്പെട്ടു പോരുന്ന കാലമാണിത്. എത്രയൊക്കെ കാല്പനീകം എന്നു പറഞ്ഞാലും നാടും നാടിന്റെ പച്ചപ്പും മഴയും പ്രകൃതിയും നന്മയും വിദേശങ്ങളില്‍ ചെന്നുപാര്‍ക്കാന്‍ വിധിക്കപ്പെട്ട ഓരോ മലയാളിയെയും നിരന്തരം കൊതിപ്പിക്കുകയും കൊത്തിവലിക്കുകയും ചെയ്തതുകൊണ്ടെയിരിക്കുന്നുണ്ട്.

എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും എത്ര അവധികള്‍ക്ക് വന്നുപോയാലും ആ കൊതി അവരില്‍ അവസാനിക്കുകയേയില്ല. ഒരു അവധിക്കാലം വന്നെത്താന്‍ വേണ്ടിയാണ് ഇക്കണ്ടകാലമെല്ലാം അവര്‍ മരുഭൂമിയില്‍ ചിലവിട്ടത് എന്നു തോന്നുവിധമുള്ള ഒരാസക്തി അതിലുണ്ട്. കുടുംബത്തില്‍ നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്നവരുടെ കാര്യങ്ങള്‍ കൂറെക്കൂടി തീക്ഷ്ണമാണ്. അവരുടെ ദൈനംദിന ജീവിതത്തിനുള്ള പാഥേയമാണ് അവധി എന്ന സ്വപ്നം എന്നു പറഞ്ഞാല്‍ നാട്ടിലുള്ള എത്ര പേര്‍ക്ക് അതിന്റെ യുക്തിയും തീക്ഷ്ണതയും മനസിലാവും എന്ന് സംശയമുണ്ട്. എന്നാല്‍ അതാണ് യാഥാര്‍ത്ഥ്യം. 

പണ്ടൊക്കെ കടകളായകടകളെല്ലാം കയറിയിറങ്ങി സ്വന്തക്കാര്‍ക്കും ബന്ധുക്കാര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വരെ സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒരു ശീലവും അഭിമാനപ്രശ്‌നവുമായിരുന്നു. സമ്മാനങ്ങള്‍ കൊടുത്ത് കൊടുത്ത് അവരുടെ കീശകള്‍ വറ്റിപ്പോയതല്ലാതെ സമ്മാനങ്ങള്‍ എവിടെയും നിറയുകയോ അടയാളപ്പെടുത്തുകയോ ചെയ്തില്ല എന്ന് അവര്‍ പിന്നെ എപ്പോഴോ നിരാശയോടെ മനസിലാക്കി. ആ സമ്മാനങ്ങള്‍ ഒന്നും അവരോടുള്ള നമ്മുടെ സമീപനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല എന്നതാണ് സത്യം. അതിന്റെ പിന്നിലെ അധ്വാനത്തെയും വിയര്‍പ്പിനെയും ആരും ഗൌനിച്ചതുമില്ല വിലമതിച്ചതുമില്ല. പരിഭവവും പരാതിയും കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവനായി സാധാരണ ഗള്‍ഫ് മലയാളി ഇന്നും തുടരുകയും ചെയ്യുന്നു. 

ഇപ്പോള്‍ നാട്ടിലെ മാളുകളില്‍ കിട്ടാത്തതായി ഒന്നുമില്ല എന്ന തിരിച്ചറിവില്‍ നിന്നാവണം ആ കെട്ടുകളുടെ വലുപ്പം ഇത്തിരി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയൊരു പതിവ് ആരംഭിച്ചിട്ടുണ്ട്. നാട്ടില്‍ വന്നാല്‍ വീട്ടുകാരെയും ബന്ധുജനങ്ങളെയും കൂട്ടി എര്‍ണ്ണാകുളത്തേക്ക് ഒരു തീര്‍ത്ഥയാത്ര. പകല്‍ ഒരു ജലകേളിയും വൈകിട്ട് ഒരു  വാങ്ങിക്കൂട്ടല്‍ മഹോത്സവവും. ആവശ്യക്കാരുടെ ആധിക്യത്തില്‍ അവിടെയും കീശ കാലിയാക്കാനാണ് അവന്റെ വിധി. 

ഗള്‍ഫ് പ്രവാസികള്‍ അവധിയ്‌ക്കെത്തുന്ന കാലം അവരെക്കാളും അവരുടെ ബന്ധുക്കളെക്കാളും ഒക്കെ നന്നായി അറിയാവുന്നത് നാട്ടിലെ കച്ചവടക്കാര്‍ക്കാണ്. അതുകൊണ്ടാണല്ലോ ഇപ്പോള്‍ നാടുനീളെ എന്‍.ആര്‍. ഐ ഫെസ്റ്റ് എന്നൊരു കച്ചവടമാമാങ്കം അരങ്ങേറുന്നത്. സ്വര്‍ണ്ണക്കടയിലും തുണിക്കടയിലും ഫര്‍ണീച്ചര്‍ കടയിലും ഇലക്‌ട്രോണിക്‌സ് ഷോപ്പിലും എന്നുവേണ്ട നാട്ടിലെ പാക്കരന്‍ ചേട്ടന്‍ മുറുക്കാന്‍ കടയില്‍ വരെ ഇന്ന് എന്‍. ആര്‍.ഐ ഫെസ്റ്റിന്റെ ബോര്‍ഡ് കാണാം. ലക്ഷ്യം ഒന്നുതന്നെ. ഗള്‍ഫ് മലയാളിയുടെ ഒടുങ്ങാത്ത ബന്ധുസ്‌നേഹം എന്ന വീക്ക്‌നസ്. 

കേരളത്തില്‍ ഏതുതരം തട്ടിപ്പു നടന്നാലും അതില്‍ ആദ്യം കാലെടുത്ത് കുത്തുന്നത് ഗള്‍ഫ് മലയാളികളായിരിക്കും എന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമായി നിലനില്ക്കുകയാണ്. ആടുമാഞ്ചിയം തുടങ്ങി ഫ്‌ലാറ്റിലും സോളാറിലും വരെ ഈ കഥ തടസമില്ലാതെ തുടരുകയാണ്. വിദേശത്ത് കൂടുതല്‍ ജീവിക്കുന്തോറും നിങ്ങള്‍ കൂടുതല്‍ മണ്ടന്മാരും കേരളത്തില്‍ ജീവിക്കാന്‍ പ്രാപ്തിയില്ലാത്തവരും ആയിത്തീരും എന്ന നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഓരോ കഥകള്‍ കേള്‍ക്കുമ്പോഴും തോന്നിപ്പോകാറുണ്ട്. ആ കഥകളുടെ ആവര്‍ത്തനം പ്രതീക്ഷിച്ചുകൊണ്ടാണ് ഇത്തരം മേളകള്‍ നടത്തപ്പെടുന്നത്.

തോരണങ്ങള്‍ തൂക്കിയലങ്കരിച്ച പൂമുഖവും ആകര്‍ഷകമായ സമ്മാനങ്ങളുടെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡുകളും കാണുമ്പോള്‍ അത് സ്വന്തം കീശ കാലിയാക്കാനുള്ള ഒരു മോഹവലയാണെന്ന് ഓരോ ഗള്‍ഫ് മലയാളിയും ഓര്‍ക്കേണ്ടതുണ്ട്. സ്വന്തം ഉത്തരവാദങ്ങള്‍ക്കും കടമകള്‍ക്കും അനുസരിച്ച് വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതില്‍ ആര്‍ക്കും പരിഭവം ഉണ്ടാവില്ല. അല്ലെങ്കില്‍ പിന്നെ എന്തിനാണ് മരുഭൂമിയില്‍ കിടന്ന് ഇങ്ങനെ ഒക്കെ അധ്വാനിക്കുന്നത്. അതേ സമയം ആവശ്യത്തിലധികം സാധനങ്ങള്‍ വാരിക്കൂട്ടാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വിപണിയുടെ പ്രലോഭനത്തെ തിരിച്ചറിയുകയും വേണം. 

ഇന്ന് ഗള്‍ഫില്‍ നിന്ന് വരുന്ന കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവര്‍ക്ക് നാട്ടില്‍ പഠിച്ചു വളരുന്ന കുട്ടികളുടെ പരിജ്ഞാനമോ പാരിസ്ഥിതികബോധമോ സാമൂഹികാവബോധമോ ഇല്ലെന്നതാണ്. അവരുടെ കുഴപ്പമല്ല ഫ്‌ലാറ്റില്‍ ജീവിക്കുന്നതിന്റെ പരിമിതിയാണത്. ഗള്‍ഫ് മലയാളികള്‍ വലിയ വായനക്കാരാണെങ്കിലും അവരുടേ കുട്ടികളില്‍ മിക്കവരും അക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന് ദുഖത്തോടെ സമ്മതിക്കേണ്ടി വരും.

നാട്ടില്‍ വന്ന് തുടര്‍ വിദ്യാഭ്യാസം നടത്തേണ്ടി വരുമ്പോഴും മത്സരപരീക്ഷകള്‍ അഭിമുഖിക്കേണ്ടി വരുമ്പോഴുമാണ് അവര്‍ അതിന്റെ കുഴപ്പം മനസിലാക്കുക. അവര്‍ പലപ്പോഴും പിന്‍ തള്ളപ്പെട്ടു പോകുന്നു. വീണുകിട്ടുന്ന അവധിക്കാലമാണ് അത് പരിഹരിക്കാനുള്ള സമയം. ഷോപ്പിംഗ് മാളുകള്‍ക്കും ജലകേളികള്‍ക്കും അപ്പുറത്ത് മറ്റൊരു കേരളമുണ്ടെന്ന് അവര്‍ മനസിലാക്കട്ടെ. അത്തരത്തില്‍ ക്രമപ്പെടുത്തിയ സഞ്ചാരങ്ങള്‍ ഈ അവധിക്കാലത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

നമ്മുടെ നാടും സംസ്‌കാരവും ചരിത്രവും ചുറ്റുപാടുകളും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനും അവരെ ഇക്കാലത്ത് പ്രാപ്തരാക്കേണ്ടതുണ്ട്. അതിനു ഉതകുന്ന തരം പുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കുകയും വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ അവധിക്കാലത്ത് അവര്‍ക്ക് കൊടുക്കാവുന്ന മികച്ച സമ്മാനങ്ങള്‍ ഒന്ന്. സമയം പണവും ധൂര്‍ത്തടിച്ച് ദരിദ്രരായല്ല അക്ഷരങ്ങളില്‍ സമ്പന്നരായി അവര്‍ മടങ്ങിപ്പോകട്ടെ.