ഷോപ്പിങ്ങ് ഒരു ഹോബിയാക്കി മാറ്റിയവരാണ് പലരും. പക്ഷേ എങ്ങനെ ഷോപ്പിങ്ങ് നല്ലൊരു അനുഭവമാക്കി മാറ്റാമെന്നു പലര്‍ക്കുമറിയില്ല.  കൃത്യമായ പ്ലാനിങ്ങോടുകൂടി സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ഷോപ്പിങ്ങ്. ഇതിനായി ഇതാ ചില എളുപ്പവഴികള്‍.

ഒരു ലിസ്റ്റ് തയാറാക്കുക

ഷോപ്പിങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഷോപ്പിങ്ങ് നടത്തേണ്ട സാധനങ്ങളെക്കുറിച്ച് ഒരു ലിസ്റ്റ് തയാറാക്കുക. ഇങ്ങനെ ചെയ്യുന്നത് വേഗത്തില്‍ ഷോപ്പിങ്ങ് പൂര്‍ത്തിയാക്കാന്‍ സഹായിക്കും. പലരും ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയിട്ടാകും ഓര്‍മ്മിക്കുക  അതു വാങ്ങിയില്ലല്ലോ ഇതുവാങ്ങിയില്ലല്ലോ എന്നൊക്കെ. ലിസ്റ്റ് തയാറാക്കി വാങ്ങുമ്പോള്‍ വിട്ടുപോകാതെ ഷോപ്പിങ്ങ് നടത്താന്‍ സാധിക്കും. ഷോപ്പിങ്ങ് നടത്തുമ്പോള്‍ കണ്ണില്‍ കണ്ടതൊക്കെ വാങ്ങുന്നത് പലര്‍ക്കുമുള്ള  രീതിയാണ് എന്നാല്‍ ലിസ്റ്റ് തയാറാക്കി ഷോപ്പിങ്ങ് നടത്തുമ്പോള്‍ ആവശ്യമുള്ളവ മാത്രം വാങ്ങാന്‍  ഇതു നമ്മെ സഹായിക്കുന്നു.

ബജറ്റ് തയാറാക്കുക

ഷോപ്പിങ്ങ് നടത്തുന്നതിന് മുമ്പ് എത്ര രൂപയുടെ സാധനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നു ബജറ്റ് തയാറാക്കുക. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ഇതു നിങ്ങളെ സഹായിക്കുന്നു. 

ഷോപ്പിങ്ങിന് പണം തന്നെ ഉപയോഗിക്കുക

ഷോപ്പിങ്ങ് നടത്താന്‍ ഡെബിറ്റ് കാര്‍ഡോ, ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാതെ പണം തന്നെ  കഴിയുന്നതും  ഉപയോഗിക്കുക.  പഴ്‌സില്‍ നിന്നും കാശെടുത്ത് കൊടുത്ത് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ യഥാര്‍ത്ഥ ഷോപ്പിങ്ങ് നടത്തിയ അനുഭവം നിങ്ങള്‍ക്കുണ്ടാകും, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഈ അനുഭവം  ലഭിച്ചെന്നുവരില്ല. 

ഷോപ്പിങ്ങ് നടത്താന്‍ സമയം തയാറാക്കുക

ഇത്ര സമയത്തിനുള്ളില്‍ ഷോപ്പിങ്ങ് നടത്തിത്തീരുമെന്ന്‌ കൃത്യമായ  സമയം നിശ്ചയിക്കുക. അല്ലാത്ത പക്ഷം സമയം നീണ്ടുപോകുകയും ഇതുമൂലം നിങ്ങള്‍ ക്ഷീണിക്കുകയും ചെയ്യും.  

ഇഷ്ടമുള്ള  സമയം തിരഞ്ഞെടുക്കുക

നിങ്ങള്‍ക്ക് സമയമുള്ളപ്പോളല്ല ഷോപ്പിങ്ങ് നടത്തേണ്ടത്.. നിങ്ങള്‍ക്ക് ഷോപ്പിങ്ങ് നടത്താന്‍ ഇഷ്ടമുള്ള സമയത്താണ്,  അനുയോജ്യമായ സമയം തിരഞ്ഞെടുത്തില്ലെങ്കില്‍  നിങ്ങളുടെ ഷോപ്പിങ്ങിനെ അതു ബാധിക്കും.