കൊല്ലം മുതല്‍ തൃശൂര്‍ കോട്ടപ്പുറം വരെ കയാക്കില്‍ തുഴഞ്ഞ് ഒരു യാത്ര! തെക്കന്‍ കേരളത്തിലെ കായലുകളെയും പുഴകളെയും കനാലുകള്‍ വഴി ബന്ധിപ്പിച്ച് 'ദേശീയജലപാത - 3' യാഥാര്‍ഥ്യമായതോടെയാണ് ഇങ്ങനെയൊരു തുഴച്ചില്‍ യാത്രയ്ക്ക് സാധ്യത ഒരുങ്ങിയത്. ഏതാണ്ട് 200 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കേരളത്തിലെ ഈ ദേശീയ ജലപാതയിലൂടെ ജനുവരിയില്‍ കയാക്കില്‍ തുഴഞ്ഞ അനീസ് മഠത്തില്‍, വിപിന്‍ രവീന്ദ്രനാഥ്, മുരുകന്‍ കൃഷ്ണന്‍ എന്നീ മൂന്ന് സുഹൃത്തുക്കളുടെ 'എക്‌സ്‌പെഡീഷന്‍ എന്‍.ഡബ്ല്യു-3' എന്ന് പേരിട്ട കയാക്കിങ് യാത്രയുടെ അനുഭവക്കുറിപ്പ്.

Kayaking Kerala

കയാക്കിങ്ങ് യാത്ര ആരംഭിക്കേണ്ട 2014 ജനവരി 13-ന് തലേദിവസം രാവിലെ, മൂന്ന് കയാക്കുകളുമായി ഞങ്ങള്‍ മൂന്നു പേരും ആലപ്പുഴ നെടുമുടിക്കടുത്ത് അക്കരെക്കളം എന്ന സ്ഥലത്തു നിന്നും ഒരു ബോട്ടില്‍ യാത്ര തിരിച്ചു. ദേശീയ ജലപാതയിലൂടെ തന്നെയാണ് യാത്ര. വൈകുന്നേരത്തോടെ ഞങ്ങള്‍ കൊല്ലം ആശ്രമം ബോട്ട് ജെട്ടിയില്‍ എത്തി. അന്ന്‌രാത്രി അഷ്ടമുടി കായലിന്റെ തീരത്തുള്ള യാത്രി നിവാസില്‍ താമസിച്ചു. ജലപാതയിലൂടെയുള്ള കയാക്കിങ് ആസ്വദിക്കുന്നതിനു പുറമേ രണ്ടു ലക്ഷ്യങ്ങള്‍ കൂടി ഞങ്ങളുടെ യാത്രയ്ക്ക് ഉണ്ടായിരുന്നു. അനുദിനം നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കായലുകളെയും നദികളെയും സംരക്ഷിക്കണമെന്ന് കുട്ടികളെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുക. പിന്നെ, പഴയ തലമുറയിലെ അവശേഷിക്കുന്ന കടത്തുകാരെ ആദരിക്കുക.

ജനവരി 13 തിങ്കള്‍: 

അധികം ദൂരെയല്ലാത്ത പുതിയകാവ് എന്ന സ്ഥലമാണ് ലക്ഷ്യം. വെയില്‍ പ്രതിരോധം സൃഷ്ടിച്ചെങ്കിലും കാറ്റും വേലിയിറക്കവും ഞങ്ങള്‍ക്ക് അനുകൂലമായി. ആദ്യ ദിവസത്തിന്റെ ഉത്കണ്ഠകള്‍ ഉണ്ടായിരുന്നെങ്കിലും തുഴച്ചിലും പ്രകൃതിയും അനുഭവങ്ങളും ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. വളരെ കുറഞ്ഞ ദൂരമാണ് ആദ്യ ദിവസം തുഴയാന്‍ പദ്ധതി ഇട്ടിരുന്നത്. പന്ത്രണ്ടു മണിയോടെ പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളിനു സമീപം ഞങ്ങളെത്തി. അടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണത്തിന് ശേഷം കുട്ടികളെ കായലുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചു. വിവിധ ജല വിനോദോപാധികളെ കുറിച്ച് ഒരു അവതരണവും നടത്തി. 

വിശ്രമത്തിന് ശേഷം അടുത്ത ലക്ഷ്യ സ്ഥാനമായ ദളവാപുരത്തേക്ക് തുഴഞ്ഞു. കൊല്ലം ടൌണില്‍ നിന്നകലുമ്പോഴെക്കും മാലിന്യത്തിന്റെ തോത് കുറഞ്ഞിരുന്നു. ഏതാണ്ട് സന്ധ്യയോടെ കല്ലടപ്പുഴ, അഷ്ടമുടിക്കായലുമായി ചേര്‍ന്ന് കടലിലേക്ക് ഒഴുകുന്ന നീണ്ടകരയ്ക്ക് അടുത്തെത്തി. വേലിയിറക്കസമയമായതിനാല്‍ കായലിലെ മണല്‍ തിട്ടകള്‍ കാണാമായിരുന്നു. പല സ്ഥലങ്ങളിലും കഷ്ടിച്ച് ഒരു അടി മാത്രമേ ആഴം ഉണ്ടായിരുന്നുള്ളൂ. ഒരുപാട് മീന്‍പിടിത്തക്കാര്‍ കായലില്‍ ഉണ്ടായിരുന്നു. ഇവരോടൊക്കെ കുശലം പറഞ്ഞും ഫോട്ടോകളെടുത്തുമായിരുന്നു യാത്ര. മണല്‍ തിട്ടയില്‍ പെടാതെ പോകാന്‍ വഴി ഇവര്‍ കാണിച്ചു തന്നു എങ്കിലും, ഫോട്ടോ പിടിത്തത്തിനിടയില്‍ വഴി മാറി ഞങ്ങള്‍ രണ്ടു പേരുടെ കയാക്ക് മണല്‍ തിട്ടയില്‍ കയറി കുടുങ്ങി. ഇറങ്ങി തള്ളേണ്ടി വന്നു.

Kayaking Kerala

കായലില്‍ ഇരുന്ന് അസ്തമയം ആസ്വദിച്ചു കൊണ്ട് പതുക്കെ പാലത്തിനടുതെത്തിയ ഞങ്ങളെ വരവേറ്റത് പാലത്തിന്റെ മുകളില്‍ നിന്നും ഒരു കൂട്ടം യുവാക്കളുടെ ഭീഷണിയായിരുന്നു. കല്ലെറിയും, ബോട്ട് മുക്കിക്കളയും എന്നൊക്കെ വിളിച്ചു പറഞ്ഞു ഇവര്‍ പാലത്തിനു താഴേക്ക് ഓടി വരാന്‍ തുടങ്ങി. അപകടം മനസിലാക്കി ഞങ്ങള്‍ വളരെ വേഗത്തില്‍ ദൂരേക്ക് തുഴഞ്ഞു നീങ്ങി. ഒരുപാട് ദൂരെ മാറി സുരക്ഷിതം എന്ന് തോന്നിയ സ്ഥലത്ത് എത്തിയ ഞങ്ങള്‍ പരിചയമുള്ള ഒന്ന് രണ്ടു പേരെ ഫോണില്‍ വിളിച്ചു. പാലത്തിനടുത്തുള്ള ചര്‍ച്ചിലേക്ക് തുഴയാന്‍ അവര്‍ പറഞ്ഞു. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ജോസഫ് ചേട്ടനുണ്ടായിരുന്നു. 75 വയസ്സുള്ള ജോസഫ് ചേട്ടന്‍ റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനാണ്. വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കും. നല്ല ചുറുചുറുക്കും. ഭക്ഷണമൊക്കെ വാങ്ങി തന്നു, രാത്രി 12 മണി വരെ ഞങ്ങള്‍ക്ക് കാവലിരുന്നാണ് പുള്ളി വീട്ടിലേക്ക് പോയത്. എന്നിട്ടോ, രാവിലെ നാല് മണിക്ക് എഴുന്നേറ്റ ഞങ്ങള്‍ കാണുന്നത് ഞങ്ങളെ യാത്ര അയക്കാന്‍ വന്ന ജോസഫ് ചേട്ടനെയാണ്.

Kayaking Kerala

ജനവരി 14 ചൊവ്വ: 

ജോസഫ് ചേട്ടനോടും ആ സമയത്ത് അവിടെ മീന്‍ പിടിക്കാനായി എത്തിയ മറ്റു കുറേപേരോടും യാത്ര പറഞ്ഞ് അതിരാവിലെ ഞങ്ങള്‍ പുറപ്പെട്ടു.ഹെഡ് ലാംപ് ഉണ്ടായിരുന്നു വെളിച്ചത്തിന്. നല്ല ഓളങ്ങള്‍, ഇരുട്ട്. അതി വേഗത്തില്‍ കടലിലേക്ക് പോകുന്ന വലിയ ബോട്ടുകള്‍. വേലിയേറ്റം, വേലിയിറക്കം പൊഴി, ഇവയൊക്കെ നേരിട്ട് അറിയാന്‍ തുടങ്ങിയിരിക്കുന്നു. വെളിച്ചം വരുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ചവറ തോട്ടിലെക്ക് പ്രവേശിച്ചു.

Kayaking Kerala

പിറകില്‍ സൂര്യന്‍ ഉദിക്കുന്നു. നീലയും ചുകപ്പും കലര്‍ന്ന അന്തരീക്ഷം. ഒരുപാട് പക്ഷികള്‍ കൂട്ടമായി പറക്കുന്നു. ഇളം കാറ്റ്. ശരിക്കും സ്വപ്നത്തിലെന്ന പോലെ. കനാലില്‍ പ്രവേശിച്ചപ്പോഴേക്കും തികച്ചും സാഹചര്യങ്ങള്‍ ശാന്തമായി. ഓളങ്ങള്‍ ഇല്ല. ചവറ കനാല്‍ ശരിക്കും ഒരു അഴുക്കു ചാല്‍ ആയിരുന്നു. പരിസര വാസികളും കമ്പനികളും മുഴുവന്‍ മാലിന്യങ്ങളും തള്ളുന്നത് ഈ കനാലിലേക്ക് ആയിരുന്നു. പ്രാതലിനായി ഒരു അമ്മച്ചിയുടെ ഹോട്ടലില്‍ കയറിയ ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന് കാഴ്ചയാണ് വരവേറ്റത്. പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണ മാലിന്യവും വേര്‍തിരിച്ച്, പ്ലാസ്റ്റിക് പുറത്തേക്ക് വില്‍പ്പന ചെയ്തും മറ്റുള്ളവ സംസ്‌കരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. ചവറ തോട് കടന്നു വട്ടക്കായലില്‍ പ്രവേശിച്ച ഞങ്ങളെ കാത്തിരുന്നത് ഉഗ്രന്‍ കാറ്റായിരുന്നു. ഇത് കടന്നു വേണം ടി.എസ് ചാനലിലേക്ക് കയറാന്‍. ടി.എസ്  ചാനലിലൂടെ ഉള്ള യാത്ര സുഖകരമായിരുന്നു. വിവിധ തരം പക്ഷികള്‍. ഒരു പാട് തോണികള്‍. ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങുകള്‍ വെയിലിനെ പൂര്‍ണമായും തടഞ്ഞു. ശാന്തമായ യാത്ര. ഇവിടെ ഞങ്ങള്‍ ഒരു പാട് ജെല്ലിഫിഷുകളെ കണ്ടു. പേടിയില്ലാതെ അവ ഞങ്ങളുടെ ബോട്ടിനോട് ചേര്‍ന്ന് നീന്തുന്നു.

Kayaking Kerala

രാവിലത്തെ തുഴച്ചില്‍ ആലുംകടവ് എന്ന സ്ഥലത്ത് അവസാനിച്ചു. കടവില്‍ തന്നെയുള്ള ബാബു ഏട്ടന്റെ ഹോട്ടലും വീടും. അവിടെ ഞങ്ങള്‍ക്ക് വസ്ത്രം അലക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നു. ഇളം കാറ്റ് കൊണ്ട്, വരാന്തയില്‍ കിടന്നു മയങ്ങി. ഭക്ഷണം റെഡി ആയാല്‍ വിളിക്കാം എന്ന് ബാബു ഏട്ടന്‍ പറഞ്ഞിരുന്നു. കടയില്‍ ഉള്ള മുഴുവന്‍ ഭക്ഷണ വിഭവങ്ങളും ബാബു ഏട്ടന്‍ ഞങ്ങളെ കൊണ്ട് കഴിപ്പിച്ചു. ശരിക്കും നാടന്‍ രുചി. വൈകുന്നേരം 4 മണിക്ക് ഞങ്ങള്‍ രണ്ടാമത്തെ സെഷന്‍ ആരംഭിച്ചു. ശാന്തമായ കായലിലൂടെ ശരിക്കും ആസ്വദിച്ചു കൊണ്ട് പത്തു കിലോ മീറ്ററുകള്‍ തുഴഞ്ഞു വള്ളിക്കാവ് എത്തി. അമൃതപുരിയിലെ ഒരു നാടന്‍ ചായക്കടയില്‍ രുചികരമായ ദോശയും കക്കയിറച്ചിയും മുട്ടയുമായിരുന്നു ഭക്ഷണം. അതിനു ശേഷം ഞങ്ങള്‍ ടെന്റ് തയ്യാറാക്കി കിടന്നു.

Kayaking Kerala

ജനവരി 15 ബുധന്‍: 

തലേന്ന് തന്നെ എല്ലാം പായ്ക്ക് ചെയ്തു വച്ചിരുന്നതിനാല്‍, എഴുേന്നറ്റ ഉടനെ വഞ്ചിയിറക്കി യാത്ര തുടങ്ങി. ഇത്തിരി ദൂരം കനാലിലൂടെ തുഴഞ്ഞു കായംകുളം കായലില്‍ പ്രവേശിച്ചു. ഒന്ന് രണ്ടു ഫിഷിങ് ബോട്ടുകള്‍ ഞങ്ങളെ ശരിക്കും തള്ളിമാറ്റി കടന്നു പോയി. സിഗ്‌നല്‍ കൊടുത്തിട്ട് പോലും ഇവര്‍ വേഗം കുറക്കാന്‍ തയ്യാറാകുന്നില്ല. കായംകുളം കായല്‍ ഇവിടെ കടലുമായി ചേരുന്ന അഴിയുണ്ട്. പക്ഷെ അധികം കാറ്റുണ്ടായിരുന്നില്ല. എളുപ്പത്തില്‍ അഴി കടന്ന ഞങ്ങളെ കായം കുളം കായലില്‍ സ്വാഗതം ചെയ്തത് കിലോ മീറ്ററുകള്‍ നീണ്ടു കിടക്കുന്ന ചീനവലകള്‍ ആയിരുന്നു. ഇരുവശത്തും ചീനവലകളുടെ ഇടയിലൂടെ തുഴഞ്ഞു, മീന്‍പിടിത്തം നേരിട്ട് കണ്ടു ആസ്വദിച്ചു. എല്ലാവരുമായും വിശേഷം പങ്കു വെച്ച് ഇത്തിരി മുന്‍പോട്ടു പോയി. മീന്‍ പിടിത്തക്കാര്‍ പറഞ്ഞതനുസരിച്ച് വലിയഴീക്കലിനടുത്തുള്ള ബാപ്പുജിയുടെ കടയില്‍ നിന്നും നല്ല ചൂട് പുട്ടും കടലയും കഴിച്ചു.

Kayaking Kerala

ഭക്ഷണത്തിന് ശേഷം കായംകുളം കായലിലൂടെ യാത്ര തുടര്‍ന്നു എന്‍.ടി.പി.സി ക്കടുത്തുള്ള വെട്ടത്തു കടവില്‍ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ചു. ഇന്ന് ഇനി വൈകുന്നേരം തുഴയില്ല. ഇവിടെ തന്നെയാണ് ക്യാമ്പ്. പക്ഷെ അടുത്ത ദിവസം ഇന്നത്തെ ദൂരം കൂടെ കവര്‍ ചെയ്യണം. യാത്ര ഇത്തിരി സാഹസികമായി മാറി കൊണ്ടിരിക്കുന്നു. ഉച്ചക്ക് ശേഷം മംഗളം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. രാത്രി നാട്ടുകൂട്ടവും നടത്തി. പിറ്റേന്ന് പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ഉറങ്ങി.

ജനവരി 16 വ്യാഴം, 17 വെള്ളി: 

രാവിലെ 5 മണിക്ക് യാത്ര തുടര്‍ന്നു. രണ്ടു മൂന്നുപേര്‍ കരയില്‍ ഉണ്ടായിരുന്നു. വേലിയിറക്ക സമയത്ത് കിഴക്കും വേലിയേറ്റ സമയത്ത് പടിഞ്ഞാറും ചേര്‍ന്ന് പോകാന്‍ അവര്‍ ഉപദേശിച്ചു. നല്ലൊരു പാഠമായിരുന്നു അത്. വേലിയേറ്റ സമയത്ത് കിഴക്കും വേലി ഇറങ്ങുമ്പോള്‍ പടിഞ്ഞാറും ഓളങ്ങള്‍ കൂടുതലായിരിക്കും. ദേശീയ ജലപാതയില്‍ നിറയെ വഴി കാട്ടിയായി ചുകപ്പും പച്ചയും ബോയകള്‍ ഉണ്ട്. കായംകുളം കായലില്‍ നിന്നും പല്ലനയാറിലേക്ക് കയറാന്‍ ജി.പി.എസ്  ഉപയോഗിക്കേണ്ടി വന്നു. അതി മനോഹരമായിരുന്നു പല്ലനയാര്‍. പച്ച പുതച്ച കരകള്‍. തെളിഞ്ഞ വെള്ളം. ശാന്തമായ അന്തരീക്ഷം. വേലിയിറക്കമായതിനാല്‍ തുഴച്ചില്‍ ഇത്തിരി പ്രയാസമായിരുന്നു. തൃക്കുന്നപുഴ കടന്നു, അതിനടുത് കെ.വി  ജെട്ടിയില്‍ ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കരയിലേക്ക് കയറി. ഇത്തിരി വൈകിയതിനാല്‍ ഒന്നും തന്നെ കിട്ടിയില്ല.. നല്ലൊരു ദൂരം ഞങ്ങള്‍ തുഴഞ്ഞിരുന്നു. ഒരു ചായ പോലും കഴിച്ചില്ല. ശരിക്കും തളര്‍ന്നു. ഇനിയും 3 കിലോ മീറ്റര്‍ തുഴയണം അടുത്ത ഹോട്ടലിലേക്ക്. 

Kayaking Kerala

ഇത്തിരി ഇരുന്നു പോകാം എന്ന് കരുതി തീരത്ത് നില്‍ക്കുമ്പോള്‍ വളരെ രസകരമായ ഒരു കാഴ്ച കണ്ടു. ഒരു പാട് കര്‍ണാടക സ്വദേശികള്‍ കൊട്ടവഞ്ചിയിൽ കായലിലൂടെ വരുന്നു. കരയില്‍ ഇവരെ കാത്ത് കുറേയാളുകള്‍ നില്‍ക്കുന്നു. അടുത്ത് വന്ന തോണിക്കാരെ അവര്‍ കൈനീട്ടി വിളിച്ചു. സ്വന്തം കായലിലെ മീന്‍ വന്‍വില കൊടുത്ത് അന്യനാട്ടുകാരോട് വാങ്ങുന്ന മലയാളികള്‍! വീണ്ടും യാത്ര തുടര്‍ന്ന് അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു നീങ്ങി ഞങ്ങള്‍ തോട്ടപ്പള്ളിയിലെത്തി. തോട്ടപ്പള്ളി പാലത്തിനു സമീപത്തെ ഒരു മുക്കുവരുടെ വീട്ടില്‍ ഞങ്ങള്‍ വിശ്രമിച്ചു. കുളിയും അലക്കും എല്ലാം നടത്തി. ജീവിക്കാന്‍ എത്ര കുറവ് മാത്രം മതി എന്ന് പഠിച്ചു കൊണ്ടിരിക്കുന്നു. ഇത്തിരി ഉറക്കം നിര്‍ബന്ധമായും ആവശ്യമാണ് ഇന്ന്. കാരണം, ഇന്ന് രാത്രി, പൌര്‍ണമിയില്‍, ഞങ്ങള്‍ രാത്രി യാത്ര നടത്താന്‍ പോകുകയാണ്. ഇത്തിരി വിശ്രമിച്ചു, തൊട്ടടുത്തുള്ള സ്‌കൂളില്‍ ക്ലാസ് നടത്തി വൈകുന്നേരം ഞങ്ങള്‍ കരുമാടിയിലെക്ക് യാത്ര തിരിച്ചു. ഇത് വരെ സഞ്ചരിച്ചതില്‍ ഏറ്റവും ശുചിത്വം ഉള്ളതായിരുന്നു പമ്പാ നദിയുടെ കൈ വഴിയായ കരുമാടിത്തോട്. എല്ലാ വീടുകള്‍ക്കും തോട്ടിലേക്ക് ഇറങ്ങാന്‍ പടികളുണ്ട്. എല്ലാ വീടുകളിലും തോണികളും. ചെറിയ കുട്ടികള്‍ പോലും വള്ളം തുഴഞ്ഞു പോകുന്നു.

സൂര്യന്‍ അസ്തമിക്കുമ്പോഴേക്കും ഞങ്ങള്‍ കരുമാടിയില്‍ എത്തി. തോട്ടില്‍ കുളിച്ചു. രാത്രി നാട്ടുകൂട്ടം നടത്തി. 11 മണി വരെ വിശ്രമിച്ചു. ചന്ദ്രന്‍ മാനത്ത് ഉയര്‍ന്നപ്പോള്‍ ഞങ്ങള്‍ ആലപ്പുഴ ലക്ഷ്യമാക്കി നീണ്ട ഒരു രാത്രി യാത്ര ആരംഭിച്ചു. പൂക്കൈതയാറില്‍ എത്തിയപ്പോഴേക്കും കുട്ടനാടിന്റെ ഭംഗി തെളിഞ്ഞു തുടങ്ങി. ഇരു കരയിലും പരന്നുകിടക്കുന്ന വയലുകള്‍, ചന്ദ്രന്‍ അതിന്റെ പൂര്‍ണ സൗന്ദര്യം വെളിവാക്കുന്ന രാത്രി, നാടും വീടുമെല്ലാം ഉറങ്ങുന്നു. നിരവധി ഹൌസ് ബോട്ടുകള്‍ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു. മൂളിപ്പാട്ടും പാടി ഞങ്ങള്‍ തുഴഞ്ഞു. ശാന്തത ഞങ്ങളെ മെല്ലെ ഉറക്കിലേക്ക് തള്ളി വിടുന്നതായി തോന്നി. വഴിവക്കില്‍ ഒരിടത്ത് നിര്‍ത്തി കരയില്‍ കയറി ഒരു മണിക്കൂര്‍ ഉറങ്ങി. ഏതാണ്ട് 4 മണിയോടെ എം.സി റോഡ് പാലത്തിനടുത്തെത്തി. ഒരു ചായ കിട്ടാതെ ഇനി ഒരടി മുന്നോട്ടു പോകില്ല എന്നുറപ്പായി. ഒരു ചായക്കട പോലും തുറന്നിട്ടില്ല. 

Kayaking Kerala

ദാഹവും ഉറക്കക്ഷീണവും കാരണം തളര്‍ന്ന ഞങ്ങള്‍, പാലത്തിനടുത്ത് കുറെ വീടുകള്‍ കണ്ട ഭാഗത്ത് കയാക്കുകള്‍ അടുപ്പിച്ചു. ഇത്തിരി ഉറങ്ങി, ചായക്കട തുറന്നാല്‍ യാത്ര തുടരാം എന്ന് കരുതി. ഞങ്ങളുടെ ശബ്ദം കേട്ട ഒരു പ്രായമേറിയ സ്ത്രീ വീട് തുറന്നു പുറത്തു വന്നു കാര്യങ്ങള്‍ അന്വേഷിച്ചു. ഉടന്‍ തന്നെ അകത്തു പോയി ഞങ്ങള്‍ക്ക് ചായയുമായി വന്നു. വെളുക്കും വരെ അവരുടെ വീടില്‍ കിടന്നു കൊള്ളാനും പറഞ്ഞു. ചായ കുടിച്ചു അവരുടെ വീടിന്റെ വരാന്തയില്‍ ഞങ്ങള്‍ കിടന്നു. 6 മണിക്ക് അവര്‍ വീണ്ടും ചായയുമായി വന്നു ഞങ്ങളെ ഉണര്‍ത്തി. ഒരു കൊച്ചു വീട്ടിലെ ഒരു പാവപ്പെട്ട  പ്രായമുള്ള സ്ത്രീ അസമയത്ത് കയറി വന്ന ഞങ്ങള്‍ക്ക് ചെയ്തു തന്ന കാര്യങ്ങള്‍ ശരിക്കും ഹൃദയത്തെ സ്പര്‍ശിച്ചു. ഞങ്ങള്‍ സ്‌നേഹത്തോടെ വെച്ച് നീട്ടിയ സംഖ്യ വാങ്ങാന്‍ അവര്‍ ശരിക്കും മടിച്ചു. ഒരു പാട് നിര്‍ബന്ധിച്ച് അവരെ ഒരു തുക ഏല്‍പിച്ചു, കൂടെ ഒരു ഫോട്ടോ എടുത്തു നന്ദി പറഞ്ഞു ഞങ്ങള്‍ ആലപ്പുഴ ലക്ഷ്യമാക്കി തുഴഞ്ഞു.

ആലപ്പുഴ ടൗണിലേക്ക് കനാല്‍ വഴി ഞങ്ങള്‍ പ്രവേശിച്ചു. അതിരാവിലെ, ആലപ്പുഴ ശരിക്കും സുന്ദരിയായിരുന്നു. രാവിലെ തന്നെ ട്രാന്‍സ്‌പോര്‍ട്ട് ബോട്ടുകള്‍ സര്‍വീസ് തുടങ്ങി കഴിഞ്ഞു. നിറയെ ആള്‍ക്കാരെയും കയറ്റി, ഈ ബോട്ടുകള്‍, ഹോണ്‍ മുഴക്കി അതിവേഗം പോകുന്നു. റോഡുകളില്‍ കാണുന്ന മത്സര ഓട്ടം ഇവിടെയും കണ്ടു. ഞങ്ങളെ കാണുമ്പോഴേക്കും വേഗത കുറയ്ക്കാതെ ഹോണ്‍ മുഴക്കി വരും. 

ഞങ്ങള്‍ കയാക്കുകളുമായി വശങ്ങളില്‍ ഒതുങ്ങി. ആലപ്പുഴ ബോട്ട് ജെട്ടി ടൂറിസ്റ്റുകളാല്‍ നിറഞ്ഞിരുന്നു. തൊട്ടടുത്തുള്ള, ഒരു വായനശാലയില്‍ കയാക്കുകള്‍ കയറ്റി വെച്ച്, ഭക്ഷണം കഴിക്കാന്‍ ഓടി. ഇത് വരെ ഉള്ള ഞങ്ങളുടെ എല്ലാ ക്യാമ്പുകളും ഗ്രാമങ്ങളിലും കടവുകളിലും ആയിരുന്നു. ഇന്നാണ് ആദ്യമായി പട്ടണത്തില്‍ എത്തുന്നത്. അതിന്റെ മാറ്റവും അനുഭവിച്ചു. ബസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അത്ര മോശമായിരുന്നു. കുളിക്കാനും മറ്റും സൗകര്യങ്ങള്‍ ഇല്ല. ഒടുവില്‍ ഒരു റിസോര്‍ട്ടില്‍ ചെന്ന് കുളിച്ചു ഫ്രഷ് ആയി. അടുത്തുള്ള സ്‌കൂളില്‍ ബോധവല്കരണം നടത്തി, 4 മണിക്ക് ഞങ്ങള്‍ വീണ്ടും യാത്ര തിരിച്ചു.

Kayaking Kerala

തുഴഞ്ഞു നീങ്ങി പുന്നമടകായലില്‍ എത്തിയ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. കയാക്കുകളിലും കാനോകളിലും ഒരുപാട് സായ് വിദ്യാര്‍ഥികള്‍ അവിടെ കാത്തിരിക്കുന്നു. നാളെയുടെ പ്രതീക്ഷകള്‍. ഇവര്‍ ഈ കായലിലാണ് ദിവസവും പരിശീലനം നടത്തുന്നത്. ഞങ്ങളെ സ്വീകരിച്ചതിനു ശേഷം വേമ്പനാട് കായലിലേക്ക് അവര്‍ ഇത്തിരി ദൂരം ഞങ്ങളുടെ കൂടെ തുഴഞ്ഞു. ശരിക്കും ത്രില്‍ അടിച്ചുപോയി. അവര്‍ തിരിച്ചു പോയതിനു ശേഷം ഞങ്ങള്‍ വേമ്പനാട് കായലിലൂടെ മുഹമ്മ ലക്ഷ്യമാക്കി നീങ്ങി. ഏറ്റവും വലിയ കായല്‍. കരകാണാക്കായല്‍. ശരിക്കും കടലിനു നടുവില്‍ പെട്ടത് പോലെ. നല്ല ഓളങ്ങള്‍. ആടിയുലഞ്ഞു, ശക്തിയില്‍ തുഴഞ്ഞു നീങ്ങി. നിരവധി ഹൗസ് ബോട്ടുകള്‍ തലങ്ങും വിലങ്ങും കടന്നു പോകുന്നു. അവയുണ്ടാക്കുന്ന ഓളങ്ങള്‍ പോലും ഞങ്ങള്‍ക്ക് വെല്ലുവിളിയായി. രാത്രിയോടെ മുഹമ്മയിലെത്തി. കായല്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുമായി സംവദിച്ചു അവിടെ ഒരു വീടിന്റെ വരാന്തയില്‍ ഞങ്ങള്‍ കിടന്നു.

ജനവരി 18 ശനി:

നിലാവുള്ളതിനാലും പരന്നു കിടക്കുന്ന കായലായതിനാലും ഹെഡ് ലാമ്പിന്റെ ആവശ്യം ഉണ്ടായിരുന്നില്ല ഞങ്ങളുടെ മുഹമ്മയില്‍ നിന്നുമുള്ള യാത്രക്ക്. ലക്ഷ്യം തവണക്കടവാണ്. തണ്ണീര്‍മുക്കം ബണ്ട് കടന്നു പോകണം. ഇത്ര ദിവസം പിന്നിട്ടപ്പോഴേക്കും വെള്ളവുമായി സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു ഞങ്ങള്‍. അതിന്റെ ഭാവങ്ങളൊക്കെ ഇപ്പോള്‍ അടുത്തറിയാം. വലത്ത് ഇടത്ത് എന്നൊക്കെ പറഞ്ഞിരുന്നത് മാറി, കിഴക്ക് പടിഞ്ഞാറ്, അങ്ങനെ ദിശകളായി. വേലിയേറ്റവും ഇറക്കവും മനസിലാക്കിത്തുടങ്ങി. വിവിധ തരത്തില്‍ തുഴഞ്ഞു പുതിയ രീതികള്‍ പഠിച്ചു. വിവിധ ഘട്ടങ്ങളില്‍ വിവിധ രീതികള്‍ ഉപയോഗിച്ച് തുടങ്ങി. ഏറ്റവും കുറച്ചു എനര്‍ജി ഉപയോഗിച്ച് തുഴയാന്‍ ശ്രമിച്ചു. 

തുഴച്ചില്‍ ശരിക്കും ശ്രമകരമാണ്. ശാസ്ത്രീയമായ രീതിയില്‍ തുഴഞ്ഞില്ലെങ്കില്‍ ഇത്തിരി ദൂരം തുഴഞ്ഞാല്‍ പണി കിട്ടും. ഒരു യാത്ര എന്നത് മാറി ഇത് ഒരു ജീവിതം ആയി തുടങ്ങി. നാടും ജോലിയും എല്ലാം മറന്നു. വേമ്പനാട് കായലില്‍ നിറയെ മീനുകള്‍ ചാടുന്നു. ഇടയ്ക്ക് കുറച്ചെണ്ണം ദേഹത്തും വന്നിടിച്ചു. ലൈഫ് ഓഫ് പൈ എന്ന മൂവി ആണ് എനിക്ക് ഓര്‍മ വന്നത്. ചെറിയ കനാലുകളില്‍ തുഴയുന്നത് വളരെ എളുപ്പമായി തോന്നും. എളുപ്പത്തില്‍ മുന്നോട്ടു നീങ്ങുന്ന ഫീലിങ്.  വലിയ കായലില്‍ ഇത്തിരി ബുദ്ധിമുട്ടാണ്. കര കാണാത്ത വേമ്പനാട്ട് കായലില്‍ എത്ര തുഴഞ്ഞാലും നീങ്ങുന്നില്ല എന്ന് തോന്നും. മാത്രമല്ല ഒട്ടും തണല്‍ ഇല്ല. വെയില്‍ കാരണം വേഗം വിയര്‍ക്കുകയും തളരുകയും ചെയ്യും. 

Kayaking Kerala

തണ്ണീര്‍മുക്കം ബണ്ടിനു വശത്ത് സ്പില്‍ വേ ഉണ്ട്. ഉപ്പു വെള്ളം കായലില്‍ കയറാതെ ബോട്ടുകള്‍ക്ക് കടന്നു പോകാനുള്ള ഗേറ്റ്. അവിടെ മുഴുവനും പോള പടര്‍ന്നിരിക്കുകയായിരുന്നു. ശരിക്കും ബുദ്ധിമുട്ടിയാണ് ഞങ്ങള്‍ ബണ്ട് കടന്നത്. ബണ്ടിനു സമീപം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഒരു ഹോട്ടലിൽ നിന്നും നല്ല നാടന്‍ ഭക്ഷണം കഴിച്ചു. അതിനടുത്തായി പനന്തടി കൊണ്ട് തുഴ ഉണ്ടാക്കുന്ന ഒരു വ്യക്തിയുടെ കയ്യില്‍ നിനും ഈ യാത്രയുടെ ഓര്‍മക്കായി തുഴകള്‍ വാങ്ങി.

11 മണിയോടെ ഞങ്ങള്‍ തവണകടവ് എത്തി. വൈക്കം എന്ന സ്ഥലത്തേക്ക് ബോട്ട് മാര്‍ഗം പോകാന്‍ കാത്തു നില്ക്കുന്ന നിരവധി ആളുകള്‍. ഞങ്ങള്‍ കരയില്‍ കയറിയപ്പോള്‍ ഒരുപാട് പേര്‍ ചുറ്റും കൂടി. വരുന്ന വഴിയില്‍ പല നാട്ടില്‍ നിന്നും ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിള്‍ അവിടെ വെച്ച് എന്‍.എസ്.എസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ഇത്തിരി വിശ്രമിച്ച ഞങ്ങള്‍ വൈകുന്നേരം എറണാകുളം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കായലില്‍ നിന്നും ഒരു തോട് വഴി കയറിപ്പോകാൻ പറ്റുന്ന ഒരു കൊച്ചു ചായക്കടയില്‍ ഇത്തിരി നേരം വിശ്രമിച്ചു. യാത്ര തുടര്‍ന്ന ഞങ്ങള്‍ക്ക് ഇരുട്ടുന്നതിനു മുമ്പ് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. പനങ്ങാടിനടുത്തുള്ള ചെപ്പനം ദ്വീപില്‍, സെയിലിങ് ക്ലബ് റിസോര്‍ട്ടിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. 

mathrubhumi sanchari post

നല്ല കാറ്റും ഓളവും ഇരുട്ടും കാരണം ശരിക്കും ബുദ്ധിമുട്ടി. ജി.പി.എസ്. ഉപയോഗിച്ച് ഒരുവിധം റിസോര്‍ട്ടിനു സമീപം എത്തി. ഇത്രയും ദിവസം കിടന്നുറങ്ങിയതെല്ലാം നിലത്തും ജെട്ടിയിലും വരാന്തയിലും കടത്തിണ്ണയിലും ആയിരുന്നു. ഇന്ന് ആദ്യമായി ഒരു റൂമില്‍ കട്ടിലില്‍ കിടന്നു ഉറങ്ങുകയാണ്.

ജനവരി 19 ഞായര്‍:

അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. റിസോര്‍ട്ട് ജീവനക്കാര്‍ പ്രാതല്‍ പാക്ക് ചെയ്തു തന്നു. ഇന്ന് കൊച്ചി കടക്കുന്നു. ഗ്രാമീണ ഭംഗി അവസാനിച്ചു. കൊച്ചിയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. എങ്ങും മാലിന്യങ്ങള്‍. തേവര കോളേജില്‍ ജോളി തോമസ് നടത്തുന്ന സെയിലിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറി അവിടെയുള്ള സംവിധാനങ്ങള്‍ കണ്ടു.

Kayaking Kerala

അവിടെ നിന്നും തുടര്‍ന്ന ഞങ്ങള്‍ കൊച്ചി കായലിലൂടെയുള്ള യാത്ര ശരിക്കും സാഹസികമായി. എവിടെയും നിര്‍ത്താന്‍ സുരക്ഷിതമായ സ്ഥലങ്ങളില്ല. വലിയ വലിയ കപ്പലുകള്‍ കുതിച്ചുപായുന്നു. അതിനു പുറമേ അനേകം യാത്രാ/മീന്‍/ടൂറിസ്റ്റ് ബോട്ടുകളും തലങ്ങും വിലങ്ങും. ഫോര്‍ട്ട് കൊച്ചി അടുപ്പിച്ച് പോകേണ്ട എന്നും ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞൊരു ഫോണ്‍കോള്‍. ആകെ പേടിച്ചരണ്ട് കപ്പലുകള്‍ക്കിടയില്‍ പരല്‍ മീനുകളെ പോലെ നീങ്ങുന്ന ഞങ്ങളെ സംശയം തോന്നി കോസ്റ്റ് ഗാര്‍ഡും പിടിച്ചു. ഒരു പാട് ചോദ്യങ്ങള്‍ക്കു ശേഷം ഫോട്ടോ എടുത്തു വിവരങ്ങള്‍ ശേഖരിച്ചു വിട്ടയച്ചു. മുന്നോട്ടു നീങ്ങിയ ഞങ്ങള്‍ക്ക് വിശ്രമിക്കാന്‍ പറ്റിയ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. ഒടുവില്‍ വല്ലാര്‍പ്പാടം ടെര്‍മിനലിലേക്ക് പോകുന്ന റെയില്‍പാതയുടെ കീഴില്‍ നിര്‍ത്തി ഭക്ഷണം കഴിച്ചു.

അധികം വിശ്രമിച്ചില്ല. വൈകുന്നേരം ആകുമ്പോഴേക്കും 14 കി.മി. തുഴഞ്ഞ് എടവനക്കാട് എത്തണം. നട്ടുച്ച. കനത്ത ചൂട്. കയ്യിലുള്ള വെള്ളം മുഴുവന്‍ തീര്‍ന്നു. ഇത് വരെ തുഴഞ്ഞതില്‍ ഏറ്റവും മോശം ഭാഗം ഇതാണെന്ന് തോന്നി. രണ്ടു കരയിലും ചെമ്മീന്‍ കെട്ടുകള്‍. അത് കാരണം തണല്‍ കിട്ടുന്നില്ല. വെയിലേറ്റ് ദാഹിച്ചു ക്ഷീണിച്ചപ്പോള്‍ വെള്ളത്തിനായി ഓട്ടം. ഒടുവില്‍ ഒരു ചെമ്മീന്‍ കെട്ടിനകത്തു ഒരു കുഞ്ഞു പട്ടിയെ കണ്ടു. കൂടെ ആളും ഉണ്ടാകും എന്ന പ്രതീക്ഷ വെറുതെയായില്ല. 

പ്രായമുള്ള മനുഷ്യന്‍ ഒരു കുടിലില്‍ നിന്ന് പുറത്തു വന്നു. വെള്ളം തന്നു. വെയില്‍ മുഴുവന്‍ കൊണ്ട്, ക്ഷീണിച്ച് ആറുമണിയോടെയാണ് ഞങ്ങള്‍ എടവനക്കാട് എത്തിയത്. അവിടെ എത്തിയപ്പോഴേക്കും അന്തരീക്ഷം മാറി. ഗ്രാമീണത തിരിച്ചുവന്നു. അവിടെ ഒരു പാട് പേര് ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നാട്ടുകൂട്ടം കഴിഞ്ഞു, ഒരു പഴയ വീട്ടില്‍ കിടന്ന് ഞങ്ങള്‍ ഉറങ്ങി.

ജനവരി 20 തിങ്കള്‍:

എടവനക്കാട് നിവാസികള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ യാത്രയുടെ അവസാന ദിനത്തിലേക്കു പ്രവേശിച്ചു. വളരെ പതുക്കെയാണ് തുഴയുന്നത്. ഇന്ന് അവസാനിക്കേണ്ടായിരുന്നു എന്ന് മനസ്സ് പറയുന്നു. ഈ ജീവിതം ശരിക്കും സന്തോഷം നിറഞ്ഞതാണ്. ഒരു പാട് പേരുടെയും നാടിന്റെയും സ്‌നേഹം വാങ്ങി, പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന്, വെള്ളത്തില്‍ ഒഴുകി ശരിക്കും ആവേശം നിറഞ്ഞ യാത്ര. മനോഹരമായ കായലിലൂടെ നീങ്ങി ഒരു പാട് ചീന വലകള്‍ക്ക് ഇടയിലൂടെ തുഴഞ്ഞ്, ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തി ഞങ്ങള്‍ നീങ്ങി. 

Kayaking Kerala

വഴിയില്‍ വീണ്ടും നല്ല നാടന്‍ ഭക്ഷണം. യാത്ര അവസാനിക്കാന്‍ പോകുന്നു. ഇപ്പോള്‍ വഴിയില്‍ കാണുന്ന മിക്കവര്‍ക്കും ഞങ്ങളെ അറിയാം. പത്രത്തില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട് അവര്‍. മുനമ്പം എന്ന സ്ഥലത്ത് എത്തിയ ഞങ്ങളെ, ചീന വല കൊണ്ട് മീന്‍ പിടിക്കുകയായിരുന്ന ലെനിന്‍ ചേട്ടന്‍ വീട്ടിലേക്ക് ക്ഷണിച്ചു. ചായ തന്നു. സുനാമിയില്‍ അദ്ദേഹത്തിന്റെ വീട് തകര്‍ന്നിരുന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹം വരച്ച മനോഹരമായ ചിത്രങ്ങള്‍ ഞങ്ങള്‍ ചുമരില്‍ കണ്ടു. 10 വര്‍ഷമായി ചേട്ടന്‍ വരച്ചിട്ടെന്ന് ഭാര്യ പറഞ്ഞു. വരച്ചു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ശ്രീകൃഷ്ണന്റെ ഒരു പെയിന്റിങ് അവര്‍ അകത്തു നിന്നും കൊണ്ടുവന്നു. പൂര്‍ത്തിയായില്ലെങ്കിലും അദ്ദേഹത്തിന്റെ വൈഭവം ആ ചിത്രത്തില്‍ പ്രകടമായിരുന്നു. കാശില്ലാത്തതിനാലാണ് അതു പൂര്‍ത്തിയാക്കാന്‍ പറ്റാത്തത് എന്ന് അറിഞ്ഞപ്പോള്‍ ഞങ്ങളുടെ മനസ് ശരിക്കും പിടഞ്ഞു. അദ്ദേഹത്തിന്റെ അഡ്രസ് വാങ്ങി, കുറേ പെയിന്റുകളും ബ്രഷുകളും അയച്ചു കൊടുക്കാന്‍ തീരുമാനിച്ചു. അവിടെ നിന്നും ഞങ്ങള്‍ ഇറങ്ങി.

ഇത്തിരി നേരം അലസമായി തുഴഞ്ഞു ഞങ്ങള്‍ കോട്ടപ്പുറം എത്തി അനുഭവസമ്പന്നമായ ഈ യാത്ര പൂര്‍ത്തിയാക്കി!