ദുബായ്: രാജ്യത്തെ പള്ളികളും ഈദ് ഗാഹുകളും ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് ഒരുങ്ങി. ഭരണാധികാരികളും രാജകുടുംബാംഗങ്ങളും അടക്കമുള്ളവര്‍ സാധാരണക്കാരായ വിശ്വാസികള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ഥനയില്‍ പങ്കുകൊള്ളും.

രാജ്യത്ത് നിരവധി പള്ളികളിലും ഈദ് ഗാഹുകളിലും മലയാള ഖുതുബയോടുകൂടി പെരുന്നാള്‍ നിസ്‌കാരം സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ദുബായ് അല്‍ ഖൂസില്‍ യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മലയാളം ഖുതുബയോടുകൂടി ഈദ് ഗാഹ് സംഘടിപ്പിക്കും. അല്‍ മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ രാവിലെ ആറിന് നടക്കുന്ന നിസ്‌കാരത്തിന് അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും.

റാസല്‍ഖൈമയില്‍ നഖീലിലെ അലി ബിന്‍ അബൂത്വാലിബ് മസ്ജിദില്‍ മലയാളി പണ്ഡിതന്‍ കുഞ്ഞുമുഹമ്മദ് കോക്കൂരിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ നിസ്‌കാരം നടക്കും. 5.50-നാണ് നിസ്‌കാരം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്നിലുള്ള ഫുട്‌ബോള്‍ ക്ലബ്ബ് മൈതാനത്തിലും മലയാള ഖുതുബയോടുകൂടിയ ഈദ് ഗാഹ് നടക്കും. 5.52-ന് ഹുസ്സൈന്‍ സലഫി നേതൃത്വം നല്‍കും.

ഷാര്‍ജയില്‍ പള്ളികളിലും ഈദ്ഗാഹുകളിലുമായി 153 പ്രാര്‍ഥനാകേന്ദ്രങ്ങളില്‍ ഈദ് നിസ്‌കാരത്തിന് സൗകര്യമൊരുക്കിയതായി ഇസ്ലാമിക കാര്യവകുപ്പ് അറിയിച്ചു. 111 പള്ളികള്‍ ഷാര്‍ജയിലും 16 എണ്ണം മധ്യപ്രവിശ്യയിലും 26 പള്ളികള്‍ കിഴക്കന്‍ പ്രവിശ്യകളിലുമാണ് സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരിയായ അബുദാബിയിലും ദുബായിലും വടക്കന്‍ എമിറേറ്റുകളിലും ശൈഖുമാര്‍ അടക്കമുള്ളവര്‍ അതിരാവിലെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കുകൊള്ളും. തുടര്‍ന്ന് ബന്ധുക്കളെയും മുതിര്‍ന്ന വ്യക്തികളെയും സന്ദര്‍ശിക്കുകയും മജ്‌ലിസുകളില്‍ അതിഥികളെ സ്വീകരിക്കുകയും ചെയ്യും.

പെരുന്നാള്‍ നിസ്‌കാര സമയം
അബുദാബി 5.51
ദുബായ് 6.00
ഷാര്‍ജ 5.52
അജ്മാന്‍ 6.00
റാസല്‍ഖൈമ 5.50