tyre careദുബായ്: ദൂബായിയില്‍ ചൂട് കൂടുകയാണ്. വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുടെ കാലമാണ് മുന്നില്‍. അതിനാല്‍ നാട്ടില്‍ അവധിയൊക്കെ ആഘോഷിച്ച് തിരിച്ച് എത്തുമ്പോള്‍  വാഹനങ്ങളുടെ ചക്രങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ ദുരന്തത്തില്‍നിന്ന് രക്ഷപ്പെടാം. ഉന്നതനിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. ചെറിയലാഭത്തിനുവേണ്ടി വിലയും നിലവാരവും കുറഞ്ഞ ചക്രങ്ങള്‍ തിരഞ്ഞെടുത്താല്‍ ഒരു പക്ഷെ ജീവിതത്തില്‍ വലിയ വിലയായിരിക്കും അതിന് നല്‍കേണ്ടി വരുകയെന്ന് അറിയുക.
  • കമ്പനി നിര്‍ദേശിക്കുന്ന ചക്രം മാത്രം ഘടിപ്പിക്കുക
  • രണ്ടാഴ്ച കൂടുമ്പോള്‍ കാറ്റ് പരിശോധിക്കണം
  • ദിവസവും രാവിലെ ചക്രം ശ്രദ്ധിച്ച ശേഷമേ വാഹനം ഓടിക്കാന്‍ പാടുള്ളൂ
  • ചക്രം തണുത്തിരിക്കുമ്പോള്‍ മാത്രം കാറ്റിന്റെ അളവ് പരിശോധിക്കുക
  • ചക്രത്തിന്റെ വാല്‍വ് റബ്ബര്‍ അടപ്പ് കൊണ്ട് മൂടി വെക്കുക
  • അലൈന്‍മെന്റ് യഥാസമയം പരിശോധിച്ച് ശരിയാക്കുക
  • വാഹനം അമിതമായി കുലുങ്ങുന്നുവെങ്കില്‍ ചക്രത്തെ സംശയിക്കുക
  • ചക്രങ്ങള്‍ പരസ്​പരം മാറ്റിയിടുന്നത് ആയുസ്സ് കൂട്ടും
  • വളയം പിടിക്കുന്നയാളുടെ കയ്യിലാണ് ചക്രത്തിന്റെ ആയുസ്സ്
  • വാഹന കമ്പനി നിര്‍ദേശിക്കുന്ന ചക്രം മാത്രം ഉപയോഗിക്കുക
  • ചക്രം മാറ്റിയിടുന്നതിന് വിദഗ്ധ തൊഴിലാളികളുടെ സേവനം തേടുക
  • പുതിയ ചക്രം ഘടിപ്പിച്ചാല്‍ ആദ്യ ഓട്ടം പ്രത്യേകം ശ്രദ്ധിക്കണം
വാഹനത്തിന് കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം മാത്രമേ ഘടിപ്പിക്കാവൂ. അത് ചക്രത്തിന്റെയും വാഹനത്തിന്റെയും ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാറ്റാണ്. അതിനാല്‍ കാറ്റിന്റെ അളവ് കൃത്യമാണെന്ന് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പാക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ ചക്രത്തിലെ കാറ്റിന്റെ അളവ് പരിശോധിക്കണം. ദീര്‍ഘദൂര യാത്രയ്ക്കു മുമ്പ് ഈ പരിശോധന നിര്‍ബന്ധമായും നടത്തണം. ദിവസവും രാവിലെ വാഹനം എടുക്കുന്നതിനുമുമ്പ് ചക്രങ്ങള്‍ ശ്രദ്ധിക്കുന്നത് ശീലമാക്കണം.
 
കൂടുതല്‍ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ ചക്രത്തില്‍ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ ചക്രത്തില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ചക്രം തണുത്തിരിക്കുമ്പോള്‍ മാത്രമേ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ പാടുള്ളൂ. ഏറെനേരം ഓടിക്കഴിഞ്ഞുള്ള പരിശോധയില്‍ ഫലം കൃത്യമാകണമെന്നില്ല. ചക്രത്തിന്റെ ഉള്ളിലെ കാറ്റ് മര്‍ദ്ദം കൊണ്ട് ചൂടാകുന്നതിനാലാണിത്.
 
ചക്രത്തിന്റെ വാല്‍വ് റബ്ബര്‍ അടപ്പ് കൊണ്ട് അടച്ചിടണം. എപ്പോഴും റബ്ബര്‍ അടപ്പുകള്‍ വാഹനത്തില്‍ കരുതുന്നതും നല്ലതാണ്. പൊടിയും ചളിയും കയറി വാല്‍വ് അടയുന്നത് റബ്ബര്‍ അടപ്പുകള്‍ തടയും. ചക്രങ്ങളുടെ അലൈന്‍മെന്റ് യഥാസമയം പരിശോധിച്ച് ശരിയാക്കേണ്ടതാണ്. അതിലുള്ള മാറ്റം ചക്രങ്ങളുടെ ആയുസ് കുറക്കും. വാഹനത്തിന്റെ ഇന്ധന ക്ഷമതയും കുറക്കും. ഓട്ടത്തിനിടയില്‍ വാഹനം അമിതമായി കുലുങ്ങുന്നുവെങ്കില്‍ ആദ്യം സംശയിക്കേണ്ടത് ചക്രത്തെയാണ്. തുടക്കത്തില്‍ തന്നെ അത് പരിശോധിച്ച് പ്രശ്‌നം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അപകടമാണ്.
 
ഓടിക്കുന്നയാളിന്റെ കയ്യിലിരിപ്പ് പോലെയായിരിക്കും വാഹനത്തിന്റെ ചക്രത്തിന്റെ ആയുസ്. നിര്‍ത്തിയേടത്ത് നിന്ന് പെട്ടെന്ന് കുതിക്കുമ്പോഴും പെട്ടെന്ന് നിര്‍ത്തുമ്പോഴും പൊടിഞ്ഞ് പോകുന്നത് കിലോമീറ്ററുകള്‍ താണ്ടേണ്ട ചക്രത്തിന്റെ പുറംപാളികളാണ്. വളവുകളിലും തിരിവുകളിലും വേഗം കുറക്കാതെ വാഹനം ഓടിക്കുന്നതും പാറക്കല്ലുകളിലൂടെ അമിതവേഗത്തില്‍ ഓടിക്കുന്നതും ചക്രത്തെ പീഡിപ്പിക്കുന്നതിന് തുല്യമാണ്.
 
ചക്രങ്ങള്‍ പരസ്​പരം മാറ്റിയിടുന്നത് അവയുടെ ആയുസ്സ് കൂട്ടും. എന്നാല്‍ അത് ചെയ്യുന്നത് വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണം. ഓരോ 12,500 കിലോമീറ്ററിനും 17,000 കിലോ മീറ്ററിനും ഇടയില്‍ ചക്രങ്ങള്‍ സ്ഥാനം മാറ്റിയിടാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാറ്റിയിടാന്‍ വാഹനത്തില്‍ കരുതി വെക്കുന്ന ചക്രവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചക്രങ്ങള്‍ പരസ്​പരം മാറ്റുന്നതിനൊപ്പം അവയ്ക്കും ജോലി കൊടുക്കാവുന്നതാണ്. വാഹനത്തിന് ചെറിയ ചക്രമിടുന്നതും വലുതിട്ട് വീര്‍പ്പിക്കുന്നതും ചിലര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ അത് അപകടത്തിലേക്കുള്ള വഴിയാണ് തുറക്കുന്നത്. കമ്പനി ഉടമ നിര്‍ദേശിക്കുന്ന ചക്രം മാത്രം ഉപയോഗിക്കുന്നതാണ് ബുദ്ധി.
 
ചക്രം സ്വയം മാറ്റിയിടാതിരിക്കുന്നതാണ് നല്ലത്. പുതിയ ചക്രങ്ങള്‍ വില്‍ക്കുന്നിടത്തെല്ലാം അത് ഘടിപ്പിക്കാന്‍ പരിചിതരായ തൊഴിലാളികളും ഉണ്ടാകും. സ്വയം ചക്രം മാറ്റിയിടാനുള്ള ശ്രമം അത് നശിപ്പിക്കുന്നതിലേക്കോ അപകടത്തിലേക്കോ ആയിരിക്കും വഴി തുറക്കുക. പുതിയ ചക്രങ്ങള്‍ ഘടിപ്പിച്ചാല്‍ ആദ്യ കിലോമീറ്ററുകളില്‍ വാഹനം ഓടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ത്തുമ്പോഴും വേഗം കൂട്ടുമ്പോഴും വളയ്ക്കുമ്പോഴും മഴയത്ത് ഓടിക്കുമ്പോഴും ആയിരിക്കും പുതിയ ചക്രത്തിന്റെ മാറ്റം നിങ്ങള്‍ക്ക് അറിയാന്‍ കഴിയുക. പൊരിവെയിലത്ത് വാഹനം നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് നന്നാകും.
ദീര്‍ഘയാത്രയ്ക്ക് ഒരുങ്ങും മുമ്പ്
 
ദീര്‍ഘ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് വിദഗ്ധനായ മെക്കാനിക്കിനെക്കൊണ്ട് ചക്രം ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഭാഗങ്ങള്‍ പരിശോധിച്ച് നല്ല നിലയിലാണെന്ന് ഉറപ്പാക്കണം. ഓരോ വാഹനത്തിനും ഉപയോഗിക്കാനുള്ള ചക്രത്തിന്റെ അളവും കാറ്റിന്റെ മര്‍ദവും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ വാഹനങ്ങളെയും യാത്രക്കാരെയും ബാധിക്കും. വാഹനത്തില്‍ കയറ്റാവുന്ന ഭാരം സംബന്ധിച്ചുള്ള നിബന്ധനയും പാലിക്കണം. താങ്ങാന്‍ കഴിയാത്ത ഭാരം വഹിച്ചുള്ള ഓട്ടം വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിക്കുന്നതിലേക്കും ഗുരുതരമായ അപകടങ്ങള്‍ക്കും വഴിവെക്കും. കാറ്റിന്റെ മര്‍ദം കൂടുന്നതും കുറയുന്നതും അപകടത്തിലേക്കുള്ള വഴിയാണ്. ചക്രങ്ങളില്‍ രേഖപ്പെടുത്തിയ വേഗപരിധി പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.
 
ചെറിയ ലാഭം; വലിയ നഷ്ടം

ഉന്നത നിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. ചെറിയ ലാഭത്തിന് വേണ്ടി വിലയും നിലവാരവും കുറഞ്ഞ ചക്രങ്ങള്‍ തിരഞ്ഞെടുക്കരുത്. ഒരു പക്ഷേ, ജീവിതത്തില്‍ വലിയ വിലയായിരിക്കും അതിന് നല്‍കേണ്ടി വരുക.വാഹനത്തിന് കമ്പനി നിര്‍ദേശിച്ച വലുപ്പവും നിലവാരവും ഉള്ള ചക്രം ഘടിപ്പിച്ചാല്‍ അത് ചക്രത്തിന്റെയും വാഹനത്തിന്റെയും ഉടമയുടെയും ആയുസ്സ് കൂട്ടും.

ചക്രത്തിന്റെ കാലാവധി പ്രത്യേകം ശ്രദ്ധിക്കുക. അത് ചക്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കാലാവധി കഴിഞ്ഞ ചക്രം ഉപയോഗിക്കുന്നത് അപകടത്തിലേക്കുള്ള വഴി തുറക്കലാണ്. കാലാവധി കഴിഞ്ഞ ചക്രങ്ങള്‍ക്ക് തേയ്മാനം സംഭവിച്ചില്ലെങ്കില്‍ കൂടിയും കരുത്തും ബലവും നഷ്ടമാകും. സുരക്ഷയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അതാത് സമയങ്ങളില്‍ ചക്രം മാറ്റണമെന്നും കാര്‍ വ്യാപാരികളിലൊരാള്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞതും വ്യാജവുമായ ചക്രങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചൂട് കനക്കുന്നതോടെ പഴയതും തേയ്മാനം സംഭവിച്ചതുമായ ചക്രങ്ങള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലുമാണ്.
 
ചക്രം ചതിച്ചാല്‍
 
വാഹനങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ചക്രങ്ങള്‍. അതിനെ വിശ്വസിച്ചാണ് എല്ലാവരും വാഹനങ്ങളില്‍ കയറുന്നതും അത് ഓടിക്കുന്നതും. ആ വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നത് ദുരന്തത്തിന് കാരണമാകുമെന്ന് ഉറപ്പ്.

കാലാവധി കഴിഞ്ഞ ചക്രങ്ങള്‍ ഒരു വാഹനത്തിലും ഉപയോഗിക്കപ്പെടരുത്. അത് അത്തരം വാഹനം ഓടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാണ്. അതുപോലെ തന്നെയാണ് നിലവാരം കുറഞ്ഞ ചക്രങ്ങളുടെയും സ്ഥിതി. ഓരോ വാഹനത്തിനും ഉപയോഗിക്കേണ്ട ചക്രങ്ങള്‍ സംബന്ധിച്ച് വാഹന നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശം നല്‍കുന്നുണ്ട്. അത് ലംഘിക്കുന്നത് അപകടത്തിലേക്കുള്ള യാത്രയാണ് എന്നതാണ് സത്യം.
ചക്രങ്ങള്‍ ശരിയായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് വാഹനം ഓടിക്കുന്നയാളുടെ ഉത്തരവാദിത്തമാണ്. ദീര്‍ഘ യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് വിദഗ്ധനായ മെക്കാനിക്കിനെക്കൊണ്ട് ചക്രം ഉള്‍പ്പെടെയുള്ള വാഹനത്തിന്റെ ഭാഗങ്ങള്‍ പരിശോധിച്ച് നല്ല നിലയിലാണെന്ന് ഉറപ്പാക്കണം.

അന്തരീക്ഷത്തില്‍ ചൂട് കൂടുകയാണ്. വാഹനങ്ങളുടെ ചക്രം പൊട്ടിത്തെറിച്ചുള്ള അപകടത്തിന് സാധ്യതയുള്ള സയം. ചക്രങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാം. ഉന്നത നിലവാരമുള്ള ചക്രങ്ങളാണ് വാഹനങ്ങള്‍ക്ക് ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉറപ്പാക്കുക. ചെറിയ ലാഭത്തിന് വേണ്ടി വിലയും നിലവാരവും കുറഞ്ഞ ചക്രങ്ങള്‍ തിരഞ്ഞെടുക്കരുത്. ഒരു പക്ഷേ, ജീവിതത്തില്‍ വലിയ വിലയായിരിക്കും അതിന് നല്‍കേണ്ടി വരുക.