ദോഹ: ഖത്തറിന്റെ സാംസ്‌കാരിക പൈതൃകതീരമായ കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ഒരുങ്ങുന്നു. വര്‍ഷം മുഴുവന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കടല്‍ത്തീരത്ത് കത്താറ ബീച്ച് ക്ലബ്ബ് ഒരുക്കാനാണ് പദ്ധതി തയ്യാറായിരിക്കുന്നത്.

കത്താറയോട് ചേര്‍ന്നുള്ള തീരത്തുതന്നെയാണ് ബീച്ച് ക്ലബ്ബ് ഒരുക്കുക. ആഗോളതലത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ ആഘോഷവേളകളിലും അവധിദിനങ്ങളിലുമെല്ലാം രാജ്യത്തെ ജനങ്ങളില്‍ അധികം പേരും എത്തുന്നത് കത്താറയിലേക്കാണ്.
 
വ്യത്യസ്തതയുള്ള പരിപാടികളും പ്രദര്‍ശനങ്ങളുമായി കത്താറ ജനങ്ങള്‍ക്കിടയില്‍ സജീവമായി നില്‍ക്കുന്നുമുണ്ട്. പ്രദര്‍ശനവും പരിപാടികളുമില്ലാതെ ഒരു ദിവസംപോലും കത്താറയില്‍ ഉണ്ടാകുന്നില്ല എന്നതും പ്രത്യേകതയാണ്.

നോമ്പുതുറക്കാനുള്ള സമയം അറിയിക്കുന്നതിന് പീരങ്കി മുഴക്കിയാണ് കത്താറ റംസാനില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങളാണ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കത്താറ അവതരിപ്പിച്ച പീരങ്കിമുഴക്കം കേള്‍ക്കാനും കാണാനും എത്തിയത്.

വികസനപദ്ധതിയുടെ ഭാഗമായി കത്താറയില്‍ പ്ലാനറ്റേറിയം, നീന്തല്‍ക്കുളം, ജ്യോതിശ്ശാസ്ത്ര തിയേറ്ററുകള്‍, പുസ്തകശാല എന്നിവയും ആരംഭിക്കുന്നുണ്ട്. കത്താറ ഹില്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

കള്‍ച്ചറല്‍ വില്ലേജില്‍ വാലിയും ചില്‍ഡ്രന്‍സ് മാളും നിര്‍മിക്കാന്‍ പദ്ധതി തയ്യാറായിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, ഓഫീസുകള്‍, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നിവയ്ക്കുപുറമേ കുട്ടികള്‍ക്ക് മാത്രമായുള്ള മാള്‍ ആണ് പുതിയപദ്ധതിയുടെ ആകര്‍ഷണം. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങിനുമുകളില്‍ അതിനായി കെട്ടിടം നിര്‍മിക്കും. 35,000 ചതുരശ്ര മീറ്ററിലാണ് കെട്ടിടം ഒരുക്കുന്നത്. 2016-17 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുമായാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്.

കത്താറയ്ക്കുള്ളില്‍ ആഡംബരവില്ലകള്‍ ഒരുക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. കത്താറ ഹില്‍സ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ പ്രമുഖര്‍ക്കുള്ള വില്ലകള്‍ ആണ് നിര്‍മിക്കുന്നത്. 6,06,280 ചതുരശ്ര മീറ്റര്‍ വസ്തീര്‍ണത്തിലുള്ള പദ്ധതി നിര്‍മാണ ഘട്ടത്തിലാണ്. പത്തുലക്ഷം ചതുരശ്രമീറ്ററില്‍ ലോകരാജ്യങ്ങളുടെ സംസ്‌കാരവും അവയുടെ പ്രത്യേകതകളുമായി ദോഹയുടെ തീരത്ത് ഒരുക്കുന്ന പൈതൃകഗ്രാമമാണ് കത്താറ കള്‍ച്ചറല്‍ വില്ലേജ്്.