ഗുണ്ടല്‍പേട്ട്: കര്‍ണാടക ഗ്രാമമായ ഗുണ്ടല്‍പേട്ടില്‍ സൂര്യകാന്തിപ്പാടങ്ങള്‍ പൂത്തതിനെത്തുടര്‍ന്ന് മലയാളികള്‍ കുടുംബമായി വയനാടന്‍ ചുരം കയറിത്തുടങ്ങി. മുന്നൂറുസെന്റീമീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന സുര്യകാന്തിച്ചെടികള്‍ വര്‍ഷത്തിലൊേന്ന പൂവിടാറുള്ളൂ.
 
'ഹെലിയാന്തസ് അന്നൂസ്' എന്ന ശാസ്ത്രീയ നാമമുള്ള ഇവയുടെ ജന്മദേശം അമേരിക്കന്‍ ഭൂഖണ്ഡമാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെത്തിപ്പെട്ടത്. മുപ്പതു സെന്റീമീറ്റര്‍ വ്യാസമുള്ള സൂര്യകാന്തിപ്പൂക്കള്‍ എണ്ണയുണ്ടാക്കാനാണ് പ്രധാനമായും വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. സൂര്യകാന്തിയുടെ വിത്ത്, ഇല, വേര് ഇവ ഔഷധ നിര്‍മ്മാണത്തിനായും ഉപയോഗിക്കുന്നു.
 
അതിര്‍ത്തി ഗ്രാമങ്ങളില്‍ പാകംചെയ്ത സൂര്യകാന്തി വിത്തുകളും ലഭ്യമാണ്. വയനാടന്‍ ചുരം കടന്ന് ബന്ധിപ്പൂര്‍ വഴി അതിര്‍ത്തിയിലെത്തുന്ന മലയാളികള്‍ സൂര്യകാന്തിപ്പാടങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രമെടുക്കാനായ് സൂര്യകാന്തിപ്പാടങ്ങളില്‍ കയറുക പതിവാണ്. മലയാളികളുള്‍പ്പെടെയുള്ളവരുടെ കൃഷിസ്ഥലങ്ങള്‍ ഇവിടെയുണ്ടെങ്കിലും കൃഷിപ്പണിയും സുരക്ഷാച്ചുമതലകളും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്.
 
വലിയ ആവേശത്തോടെയാണ് ചിത്രമെടുക്കാന്‍ കയറുന്ന മലയാളികളെ തൊഴിലാളികള്‍ സ്വീകരിക്കുന്നത്. ചിത്രമെടുക്കാന്‍ പാടങ്ങളില്‍ കയറുന്നവരില്‍നിന്ന് ഫീസായ് 10 മുതല്‍ 50 രൂപ വരെ ഇവര്‍ ഈടാക്കുന്നു. സന്ദര്‍ശകര്‍ ചവിട്ടി നശിപ്പിക്കുന്ന ചെടികളുടെ എണ്ണം കണക്കാക്കി പിഴയും ഈടാക്കാറുണ്ട്.

ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തിയതും വൃത്തിയുള്ള ഭക്ഷണശാലകളില്ലാത്തതും ലോഡ്ജുടമകള്‍ സീസണുകളില്‍ അമിത വാടകയീടാക്കുന്നതും സഞ്ചാരികള്‍ക്ക് തിരിച്ചടിയാണ്.
 
രാത്രിയില്‍ കര്‍ണാടക അതിര്‍ത്തിയിയില്‍ വനം വകുപ്പ് തടഞ്ഞിടുന്ന വാഹനങ്ങളിലുള്ളവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ കര്‍ണാടക പോലീസ് പരിശോധനയുടെ പേരില്‍ തടഞ്ഞുനിര്‍ത്തി അസൗകര്യം സൃഷ്ടിക്കുകയും പതിവാണ്.