ദോഹ: സുരക്ഷയും സമാധാനവും ഉറപ്പാക്കി ഈദുല്‍ ഫിതര്‍ ആഘോഷത്തിനായി രാജ്യമൊരുങ്ങി. സുരക്ഷിതമായ അവധിക്കാലത്തിനായി എല്ലായാത്രക്കാരും സുരക്ഷാനിയമങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദേശിച്ചു. മാര്‍ക്കറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍, കടല്‍തീരം തുടങ്ങിയ പൊതുസ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കും. 

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ഈദുല്‍ ഫിതര്‍ അവധി മൂന്നിന് ആരംഭിച്ചു. അവധിദിനങ്ങളില്‍ പാര്‍പ്പിടമേഖലയില്‍ പട്രോളിങ് ശക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്ന് സി.ഐ.ഡി. ഡയറക്ടര്‍ ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു. പാര്‍പ്പിട മേഖലകള്‍, പൊതുസ്ഥലങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മോഷണവും മറ്റ് നിയമലംഘനങ്ങളും പ്രതിരോധിക്കുന്നതിനായി ശക്തമായ നിരീക്ഷണത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 രാജ്യത്തിനുപുറത്ത് അവധി ആഘോഷിക്കാന്‍ പോകുന്ന വ്യക്തികളും കുടുംബങ്ങളും തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വീട് പൂട്ടി ഇറങ്ങുന്നതിന് മുമ്പ് വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്നും അല്‍ കാബി ഓര്‍മപ്പെടുത്തി. പൊതുസ്ഥലങ്ങളില്‍വച്ചുപോകാതെ വാഹനം സ്വന്തംഗാരേജുകളില്‍  സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

രാജ്യം വിടുന്നതിനുമുമ്പ് ഖത്തറികളും പ്രവാസികളും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സുരക്ഷാ ഉപദേശം തേടണമെന്നും അല്‍ കാബി പറഞ്ഞു. 
 യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ അപരിചിതരായ വ്യക്തികളുടെപക്കല്‍നിന്ന് സഞ്ചികളോ പാക്കറ്റുകളോ വാങ്ങരുതെന്ന് വിമാനത്താവള സുരക്ഷാ ഭരണനിര്‍വഹണ വിഭാഗം നിര്‍ദേശിച്ചു. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും സുരക്ഷാ, മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വിമാനത്താവള സുരക്ഷാ ഭരണനിര്‍വഹണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അറാര്‍ റുമൈഹി പറഞ്ഞു. വിമാനത്തില്‍ കയറുമ്പോള്‍ നിരോധിക്കപ്പെട്ട ഒരു വസ്തുക്കളും കൈവശം വെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപരിചിതരെ സഹായിക്കുന്നതിനായി അവരുടെ സഞ്ചി കൈവശം വാങ്ങരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യാത്രയ്ക്കിടെ വിമാനത്താവളവുമായും സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം. 
തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് അല്‍ കാബി പറഞ്ഞു.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു കഴിഞ്ഞു. യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക്ഇന്‍ ചെയ്യണമെന്നും ക്യൂ ഒഴിവാക്കാന്‍ ഇ-ഗേറ്റ് ഉപയോഗിക്കണമെന്നും മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ നിര്‍ദേശിച്ചു.