കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് ഒരു ഫോൺ വന്നു. ഇംഗ്ലണ്ടിൽ നിന്നാണ്. അവർ പറഞ്ഞു തുടങ്ങിയത് ഇംഗ്ലീഷിലായിരുന്നു. രണ്ടു വാചകം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഡോക്ടറേ.. ഇവിടത്തെ രീതി വെച്ച് ഇംഗ്ലീഷിൽ പറഞ്ഞു തുടങ്ങിയതാണ്. മലയാളത്തിൽ പറയാനാണ് എനിക്കിഷ്ടം. നല്ല നാടൻ മലയാളത്തിൽ അവർ വർത്തമാനം പറയാൻ തുടങ്ങി.

അവരുടെ അമ്മയ്ക്ക് കാൻസറാണ്. എനിക്കാണെങ്കിൽ ഈ രോഗത്തെക്കുറിച്ച് യാതൊന്നും അറിയില്ല ഡോക്ടർ...അമ്മയുടെ ചികിൽസ അവിടെയാണ്. വിശദ വിവരങ്ങൾ പറഞ്ഞ് ചികിൽസാ കാര്യങ്ങളിൽ അഭിപ്രായം അറിയാനായി വിളിച്ചതാണ്. അവർ അവിടെ പ്രശസ്തമായ ഒരു ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സാണ്. 

രോഗവിവരങ്ങളിൽ അഭിപ്രായം പറഞ്ഞ ശേഷം ഞാൻ ചോദിച്ചു എന്തു കൊണ്ടാണ് മലയാളത്തിൽ സംസാരിച്ചത്.. 
അത് ഡോക്ടറേ പത്തു പതിനെട്ട് കൊല്ലമായി ഇവിടെ വന്നിട്ട്. ഇപ്പോൾ നാട്ടിലൊന്ന് പോയി വന്നിട്ടു തന്നെ നാലഞ്ചു കൊല്ലമായി. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ മലയാളം പറയാനേ നോക്കാറുള്ളൂ. അതിന്റെയൊരു സുഖം ഒന്നു വേറേയല്ലോ ഡോക്ടർ..

വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഡോക്ടറേ മലയാളത്തോട്. നമ്മുടെ നാടിന്റെയൊരു സുഖം.... അവർ വലിയ സന്തോഷത്തോടെ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.

നാടിനെയും ഭാഷയേയുമൊക്കെ വല്ലാത്തൊരു സ്നേഹത്തോടെയാണ് പുറത്തു കഴിയുന്നവർ എപ്പോഴും ഓർമിക്കുന്നത്. എല്ലാവരും അങ്ങനെയായിരിക്കില്ല. സ്നേഹമുള്ളവർക്ക് അത് വല്ലാത്തൊരു അനുഭവമാണ്. നൊസ്റ്റാൾജിയ എന്ന് ഭംഗിയോടെ പറഞ്ഞാൽ തീരുന്നതല്ല ആത്മാവിന്റെ ആ വിങ്ങൽ. ചിലരുണ്ട് നാട്ടിൽ നിന്ന് വിട്ട് രണ്ടു മാസം കഴിഞ്ഞാൽ പിന്നെ എന്തു പറഞ്ഞാലും പുട്ടിന് തേങ്ങാപ്പീര പോലെ ഇംഗ്ലീഷ് പ്രയോഗങ്ങളും ആ ഉച്ചാരണച്ചുവയും ഒക്കെയായി നടക്കുന്നവർ. യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകുന്നവരിലാണ് ആ രീതി കൂടുതലായും കാണുന്നത്. നാടിനെക്കുറിച്ചുള്ള സ്നേഹം ഒരു വിങ്ങലായി കൊണ്ടു നടക്കുന്നവരാണ് ഗൾഫിലുള്ളവരിൽ ഏറെയും. 

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കായി കുവൈറ്റിൽ പോയിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നത് 40 വർഷത്തോളമായി കുവൈറ്റിൽ ജീവിക്കുന്ന ഒരു സുഹൃത്തായിരുന്നു. അവിടെ ഹേമറ്റോളജി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് അദ്ദേഹം. രക്തപരിശോധനകളും മറ്റും നടത്തുന്ന വിഭാഗം. ഇത്രയും വർഷമായില്ലേ ഇവിടെ താമസിക്കുന്നു, ഇവിടം സ്വന്തം നാടു പോലെ ആയിക്കാണുമല്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം ചിരിച്ചു. നാട്ടിൽ ജീവിച്ചതിനെക്കാളധികം കാലം ഇവിടെ ജീവിച്ചു. എന്നുവെച്ച് നാട് നാടല്ലാതാവുന്നില്ലല്ലോ എന്നാണദ്ദേഹം പറഞ്ഞത്. എപ്പോഴായാലും നാടും നാട്ടിലെ വിശേഷങ്ങളും മനസ്സിലേക്ക് ഇരമ്പിക്കയറി വരും. നമ്മൾ വളരുന്ന കാലത്ത് നമ്മുടെ ഉള്ളിൽ കയറിക്കൂടുന്നതാണ് നാടും നാട്ടു വിശേഷങ്ങളും നാട്ടു ഭാഷയുമൊക്കെ. അതൊന്നും മനസ്സിൽ നിന്ന് അത്രയെളുപ്പം വിട്ടു പോവില്ല...

മുമ്പ് ഒരു പഠന പദ്ധതിയുടെ ഭാഗമായി കുറച്ചുകാലം എനിക്ക് അമേരിക്കയിൽ താമസിക്കേണ്ടി വന്നിരുന്നു. അക്കാലത്ത് എല്ലാ വാരാന്തങ്ങളിലും ഞാൻ ജോണിനെ തേടി പോകുമായിരുന്നു. അവിടെ ഫാർമസിസ്റ്റ് ആയി ജോലി നോക്കിയിരുന്നയാളാണ് ജോൺ. നാട്ടിൽ ഒരു മെഡിക്കൽ റപ്രസന്റേറ്റീവായിരുന്നു ജോൺ. കോയമ്പത്തൂർ, സേലം പ്രദേശങ്ങളിലും തമിഴ്‌നാടിന്റെ മറ്റു ചില ഭാഗങ്ങളിലുമൊക്കെയാണ് കറങ്ങിയിരുന്നത്.

ഉച്ചയ്ക്ക് കൊടും ചൂടിൽ കോയമ്പത്തൂരിലൊക്കെ ചില നാടൻ കടകളിൽ കയറി വെള്ളം കുടിച്ചോ ചോറുണ്ടോ വെയിലൊന്നു മങ്ങും വരെ ഇരുന്ന് എം.ജി.ആറിന്റെ പഴയ പാട്ടുകൾ കേട്ട് കടയിലുള്ളവരോട് കൊച്ചു വർത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുന്ന ആ ഇരിപ്പ് പലപ്പോഴും ഓർമകളിലേക്ക് അങ്ങു കയറി നിറയുമെന്ന് ഒരു തരം വിങ്ങലോടെയാണ് ജോൺ പറയാറുണ്ടായിരുന്നത്. 

അവിടെ ആഴ്ചയിലൊരിക്കൽ കിട്ടുന്ന ഒരു മലയാളം പത്രമുണ്ടായിരുന്നു. അവിടെ നിന്ന് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. അന്ന് ഇന്നത്തേതു പോലെ മലയാളം ചാനലുകളോ ഇന്റർനെറ്റോ ഒന്നുമില്ലല്ലോ. ആഴ്ചാവസാനമെത്തുന്ന ആ മലയാളം പത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒന്നു വേറേ ആയിരുന്നു. നമ്മുടെ ഭാഷ, നമ്മുടെ വാക്കുകൾ, നമ്മുടെ നാട് അതിന്റെയൊക്കെ സുഖവും വിലയും ഒന്നു വേറെയാണെന്ന് അറിയുന്നത് നാടു വിട്ടു കഴിയുമ്പോഴാണ്.

കഴിഞ്ഞ ദിവസം കോട്ടയത്ത് കാരിത്താസിലെ ഒ.പി.യിൽ ഒരു സ്ത്രീയും അവരുടെ മകളും കൂടി വന്നു. നേരത്തേ രോഗം വന്ന് ചികിൽസിച്ച് ഭേദമായവരാണ്. മകൾ ഇപ്പോൾ എൻട്രൻസിനുള്ള പരിശീലനത്തിലാണെന്ന് പറഞ്ഞു. എവിടേക്കാണ് ട്രൈ ചെയ്യുന്നത് എന്നു ചോദിച്ചപ്പോൾ മകൾ പറഞ്ഞു യു.എസിൽ നല്ലൊരു യൂണിവേഴ്‌സിറ്റിയിലെവിടെയെങ്കിലും കിട്ടണം ഡോക്ടർ. അതിനുള്ള എൻട്രൻസിനാണ് പ്രിഫറൻസ് കൊടുക്കുന്നത്. അമ്മയുടെ സഹോദരി അമേരിക്കയിലുണ്ട്. അവരുടെ അടുത്തേക്ക് പോകാനാണ് മകളുടെ ആഗ്രഹം. അവളുടെ അമ്മയ്ക്ക് പക്ഷേ, മകളെ അങ്ങോട്ട് അയയ്ക്കാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല. 

അവൾ അമേരിക്കയിലേക്കുള്ള യാത്രയെക്കുറിച്ച് ഒരു സ്വപ്‌നം പോലെ പറഞ്ഞു. അപ്പോൾ ഞാൻ പെട്ടെന്നോർത്തത് വളരെ മുമ്പ് ആദ്യം അമേരിക്കയിലേക്ക് പോകാനായി വിസയെടുക്കാൻ യു.എസ്.എംബസിക്കു മുന്നിൽ കാത്തിരുന്ന കാര്യമാണ്. നിറയെ ആളുകൾ പ്രതീക്ഷാഭരിതമായ മുഖത്തോടെ, ആകുലതയോടെ കാത്തിരിക്കുകയാണ്.

ഏതാണ്ട് രണ്ടു രണ്ടര വയസ്സുള്ള ഒരു കൊച്ചു കുറുമ്പി അവിടെയാകെ ചിരിയും കളിയും പ്രസരിപ്പിച്ച് പാറി നടക്കുന്നു. എല്ലാവരുടെയും ബോറടി മാറ്റാൻ അവളുടെ കളിചിരികളും ഓട്ടവും മതിയായിരുന്നു. പെട്ടെന്ന് ഓഫീസിൽ നിന്ന് തടിച്ചിയായ ഒരു സ്തീ വന്ന് ശബ്ദമുയർത്തി. ആരാണ് ഈ കുഞ്ഞിന്റെ അമ്മ. ഇത് കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമല്ല. ഇവിടെ നിശ്ശബ്ദരായിരിക്കണം... എന്ന് ആക്രോശിച്ച് അന്തരീക്ഷമാകെ പ്രക്ഷുബ്ധമാക്കിയിട്ട് അകത്തേക്ക് പോയി. ആ ഉദ്യോഗസ്ഥയുടെ പെരുമാറ്റം ഇത്തരം പല സന്ദർഭങ്ങളിലും എന്റെ ഓർമയിലേക്ക് വരാറുണ്ട്. 

ജീവിതത്തിന്റെ പ്രസരിപ്പും സ്വാഭാവികതയും മുഴുവൻ അടക്കിയൊതുക്കി വെച്ചിട്ട് ചില വലിഞ്ഞു മുറുകലുകളിലേക്കാണല്ലോ ഈ യാത്രകൾ എന്ന് അമേരിക്കയിലേക്കു പോകാൻ വെമ്പി നിൽക്കുന്ന ആ കുട്ടിയോട് പറയണമെന്നുണ്ടായിരുന്നു. നീ അമേരിക്കയിലേക്കു പോവുക. അവിടെ നല്ല ജോലിയും ധാരാളം പണവുമൊക്കെ നേടുക. അതിനൊപ്പം ജീവിതം മിസ് ചെയ്യാതിരിക്കാനും ജാഗ്രത പാലിക്കണം എന്നേ പറഞ്ഞുള്ളൂ.

ഒരിക്കൽ അവിടെ ചെന്ന് അവിടത്തെ ജീവിതസമ്പ്രദായങ്ങളിൽ പെട്ടു കഴിഞ്ഞാൽ പിന്നെ മടങ്ങാനാവാത്ത വിധം കെട്ടുപാടുകളിൽ പെട്ടു പോകുമെന്ന് കുവൈത്തിൽ എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.

മിക്ക വിദേശ രാജ്യങ്ങളിലും ചെന്നു കഴിഞ്ഞാൽ അധികം വൈകാതെ ബാങ്കുകാർ വന്ന് നമുക്ക് ക്രെഡിറ്റ് കാർഡ് തരും. ആദ്യം കാർഡിന് ഫീസൊന്നും വേണ്ട. ചെറിയ ചെറിയ ആവശ്യങ്ങളിൽ അത് വലിയ സഹായമായിരിക്കും. അതിലേക്കുള്ള തുക കൃത്യമായി അടച്ചു കൊണ്ടിരുന്നാൽ അവർ നമുക്ക് കൂടുതൽ വലിയ ഓഫറുകൾ തരും. നമ്മൾ ജോലി ചെയ്ത് പണമുണ്ടാക്കി കൊടുത്തു കൊണ്ടിരുന്നാൽ മതി. അവർ കാറു വാങ്ങിത്തരും. ഫ്‌ളാറ്റ് വാങ്ങിത്തരും... ആദ്യം ചെറിയ നൂലിട്ടു കെട്ടിത്തുടങ്ങി അതിൽ ഒതുങ്ങി നിന്നാൽ ആ കെട്ട് ക്രമേണ വടം കൊണ്ടുള്ള കെട്ടായിത്തീരും.

അപ്പോഴും നാട് നമ്മുടെ ഉള്ളിൽക്കിടന്ന് അങ്ങനെ വല്ലാത്ത ഇരമ്പലുകളുണ്ടാക്കും. നാട്, ഭാഷ എന്നൊക്കെ പറയുന്നത് അമ്മ തന്നെയാണ്. അമ്മ എന്നു പറയുന്നത് നമ്മെ പ്രസവിച്ചു വളർത്തിയ ആ ഒരാൾ മാത്രമല്ല. വളരെ ചെറിയ കുഞ്ഞായിരിക്കുമ്പോൾ മുതൽ നമുക്കായി സ്നേഹവും വാത്സല്യവും ആഹാരവും വെള്ളവും ഒക്കെത്തന്നെ നമ്മുടെ സാഹചര്യങ്ങൾ കൂടിയാണ്. ആ അമ്മ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഒരു സ്നേഹനിലാവായി അങ്ങനെ നിൽക്കും. അമ്മയിൽ നിന്ന് അകന്നു നിൽക്കുമ്പോഴൊക്കെ അമ്മയിലേക്കെത്തണമെന്ന വെമ്പൽ ഉള്ളിലങ്ങനെ തിരയിളകിക്കൊണ്ടേയിരിക്കും...