‘അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഞാൻ സംഗീതം കേൾക്കുന്നു’ -ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടേതാണ് ഈ വാക്കുകൾ. നാവിലിത്തിരി കവിതയും ചുണ്ടിലല്പം നർമവുമായി ഏതൊരു സദസ്സിനെയും സംബോധനചെയ്യുന്ന വാജ്‌പേയിയുടെ പ്രസംഗത്തെക്കുറിച്ച് ഇതിലേറെ നല്ല വിശേഷണമില്ല. കഴിഞ്ഞ ജന്മത്തിൽ ഒരുപക്ഷേ, താൻ അദ്ദേഹത്തിന്റെ മകളായിരുന്നിരിക്കണമെന്നും വാജ്‌പേയിയുടെ കാവ്യഹൃദയത്തിൽനിന്നുതിർന്ന വാഗ്‌ധോരണിയെ സ്നേഹിച്ച ലതാ മങ്കേഷ്‌കർ കൂട്ടിച്ചേർത്തു. കൊടിയുടെ നിറംനോക്കാതെ അദ്ദേഹത്തിന്റെ കവിതകളെ ആരാധിച്ച ഗായിക ആ തൂലികയിൽ വിരിഞ്ഞ വരികളുടെ സംഗീതരൂപമായ ‘അന്തർനാദം’ ആൽബത്തിലെ എട്ടുഗാനങ്ങൾക്ക്‌ ജീവൻ പകർന്നു. ‘‘നിങ്ങൾ എന്റെ പാട്ടുപാടുന്നെങ്കിൽ അവയ്ക്ക്‌ മരണമുണ്ടാവില്ല’’ -ഇതായിരുന്നു വാജ്‌പേയിയുടെ മറുപടി.

വാക്കിലും വരികളിലും കവിതയൊഴുകി പണ്ഡിതനെയും പാമരനെയും ഒരേകണ്ണിയിൽ കൂട്ടിയിണക്കിയ നേതാവായിരുന്നു അടൽ ബിഹാരി വാജ്‌പേയി. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും വേറിട്ടും ഏകനായും ആ കവി സഞ്ചരിച്ചു. അദ്ദേഹംതന്നെ തുറന്നുപറഞ്ഞതുപോലെ കവിത പാരമ്പര്യമായിക്കിട്ടിയ വരദാനമായിരുന്നു. മുത്തച്ഛൻ ശ്യാംലാലും അച്ഛൻ കൃഷ്ണ ബിഹാരി വാജ്‌പേയിയുമൊക്കെ കവികളായിരുന്നു. വിപ്ലവകാരിയായി തുടങ്ങിയ രാഷ്ട്രീയജീവിതം പിന്നീട്‌ സംഘപരിവാറിന്റെ ധാരയിലേക്കുനീങ്ങി ഒടുവിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിക്കുന്നതുവരെ പരിണമിക്കുമ്പോഴും കവിത കൂട്ടുണ്ടായിരുന്നു. വിദ്യാർഥിയായിരിക്കേ എഴുതിത്തുടങ്ങിയതാണ് കവിത.
നിയമപഠനം ഉപേക്ഷിച്ച്‌ പത്രപ്രവർത്തനരംഗത്തേക്ക്‌ കടന്നതോടെ കവിതാരചനയിൽ കൂടുതൽ സജീവമായി. രാഷ്ട്രധർമം, പാഞ്ചജന്യം, കമൽജ്യോതി, ധർമയുഗം, കാദംബിനി, നവനീത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അടൽജിയുടെ കവിതകൾ നിറഞ്ഞുനിന്നു. ഭാരതീദാസൻ എന്ന തൂലികാനാമത്തിലും അദ്ദേഹം എഴുതിയിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത്‌ ജയിലിൽ കിടക്കുമ്പോൾ തടവറയിൽ കവിത കൂട്ടായി.

‘നാം തകർന്നുപോയാൽ പോകട്ടെ,
നമുക്ക്‌ തലകുനിക്കാൻ പറ്റില്ല,
അധികാരശക്തിയോട്‌ സത്യത്തിന്റെ സംഘർഷം,
നിരങ്കുശതയോട്‌ ന്യായത്തിന്റെ സമരം’

ജയിൽജീവിതത്തിനിടെ പിറന്ന കവിതകൾ പിന്നീട് ‘തടവിലെഴുതിയ കവിതകൾ’ എന്ന പേരിൽ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടു. തിരക്കേറിയ രാഷ്ട്രീയജീവിതത്തിലേക്ക്‌ പ്രവേശിച്ചപ്പോൾ കവിതയെഴുതാൻ സമയം കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മനോവേദന. തന്റെ കാവ്യരസധാരയെ രാഷ്ട്രീയം തടസ്സപ്പെടുത്തിയെന്ന്‌ തുറന്നുപറഞ്ഞെങ്കിലും ഹിന്ദിയിലെ ഏറ്റവും നല്ല കവികളിലൊരാളായി അദ്ദേഹം പേരെടുത്തു.

ജീവിതത്തെ തികച്ചും സാധാരണമായി സമീപിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1992 ഏപ്രിൽ 24-ന്‌ പദ്‌മവിഭൂഷൺ ബഹുമതി ഏറ്റുവാങ്ങുന്ന ചടങ്ങിൽ ‘ഉയരം’ എന്ന കവിത സദസ്സിൽ വായിച്ചത്‌ ശ്രദ്ധേയമായി. ‘ഉന്നതങ്ങളിൽ എത്തുന്നതുകൊണ്ടുമാത്രം ഒന്നുമാവുന്നില്ല’ എന്ന്‌ സവിനയം പ്രഖ്യാപിച്ച കവി ‘മറ്റുള്ളവരെക്കാൾ വലുതായി തന്നെക്കാണുന്ന ഒരാൾക്ക്‌ സ്വന്തം ദുഃഖഭാരവും സന്തോഷവും ആരോടും പങ്കുവെയ്ക്കാൻ കഴിയില്ല’ എന്ന്‌ തുറന്നുപറഞ്ഞു.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു പൊഖ്‌റാനിൽ ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണം. എന്നാൽ, നാഗസാക്കിയിലും ഹിരോഷിമയിലും ദുരന്തം വിതച്ച അണ്വായുധത്തെ വാജ്‌പേയി എന്ന മനുഷ്യൻ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവായിരുന്നു ‘ഹിരോഷിമയുടെ വേദന’ എന്നപേരിൽ എഴുതപ്പെട്ട കവിത.

‘ഇല്ലുറക്കം ചില രാത്രികളിൽ
കണ്ണുകൾ അടയുന്നില്ല
ആണവായുധങ്ങൾ കണ്ടെത്തിയ
ശാസ്ത്രജ്ഞരെക്കുറിച്ചാണ് എന്റെ ചിന്ത’
ഉള്ളിലെ വേദന ഇങ്ങനെ വരികളായി പുറത്തുവന്നു.  
‘മാപ്പുതരൂ, ബാപ്പൂ...
പ്രതിജ്ഞ ലംഘിച്ചതിന്,
രാജ്ഘട്ടിനെ മലിനമാക്കിയതിന്
യഥാർഥലക്ഷ്യം മറന്നതിന്...’

സമൂഹത്തിലെ മൂല്യച്യുതിയിൽ അദ്ദേഹം വേദനിച്ചതിന്റെ തെളിവാണ് ‘ക്ഷമായാചന’യിലെ ഈ വരികൾ. എല്ലാമിട്ടെറിഞ്ഞ്‌ ഏകാന്തതയിലേക്ക്‌ ഉൾവലിയാനും പുസ്തകങ്ങളിൽ ഒതുങ്ങിക്കൂടാനും ഇടയ്ക്കിടെ തോന്നുന്നതായും എന്നാൽ, ഒരിക്കലും അതിന്‌ കഴിയാറില്ലെന്നും എഴുതിവെച്ച വാജ്‌പേയി ഏകാകിയുടെ വിഷാദഹൃദയം പങ്കുവെച്ചു. ഇന്ത്യ കാർഗിൽ യുദ്ധം വിജയിച്ചപ്പോൾ കവിതകൊണ്ടായിരുന്നു പാകിസ്താന്‌ വാജ്‌പേയിയുടെ മറുപടി.
ഹിന്ദിയിൽ ഗദ്യത്തിൽ ഒരു പുതിയ ശൈലി കൊണ്ടുവന്ന പ്രഭാഷകനാണ് വാജ്‌പേയി. സാഹിത്യവും ഹാസ്യവും ഉപമയും ഉദാഹരണവും പഴഞ്ചൊല്ലുകളുമെല്ലാം ചേരുവകളായി ഇഴചേരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏതുസദസ്സും ഒരുപോലെ സ്വീകരിച്ചു. തുളസീദാസിന്റെ രാമചരിതമാനസം, ഭഗവദ്ഗീത, ശരത്ചന്ദ്ര ചാറ്റർജിയുടെ ദേവദാസ്, വിഷ്ണുശർമയുടെ പഞ്ചതന്ത്രം കഥകൾ എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ.
ഏകാന്തതയിൽ അലിഞ്ഞുചേരാനുള്ള വഴിവിളക്കായി അദ്ദേഹം കരുതിയത് ഭഗവദ്ഗീതയായിരുന്നു. ‘മണാലി... നിന്നെ വിളിക്കുന്നു’, ‘കൗരവർ ആര് പാണ്ഡവർ ആര്’, ‘പുതിയ വധു’, ‘രണ്ട് അനുഭൂതികൾ’, ‘ഞാൻ പരാജയം അംഗീകരിക്കില്ല’, ‘ഞാൻ പുതിയ ഗീതം പാടുന്നു’, ‘ഇനിയൊരിക്കലും പാടില്ല’ തുടങ്ങിയ കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മിക്കതും മറ്റുഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകമാണ് ‘മേരാ ഇക്കാവൻ കവിതായേം’ (എന്റെ 51 കവിതകൾ).

ഒരിക്കൽ ഡൽഹിയിലെ ഒരു ചിത്രകലാ കൂട്ടായ്മയിൽ പങ്കെടുക്കവേ താനിപ്പോൾ ഒരു കവിയുടെ നിഴൽമാത്രമാണെന്ന്‌ വാജ്‌പേയി പറഞ്ഞു. ജീവിതത്തിലെ നേട്ടങ്ങളെയും പിന്മടക്കങ്ങളെയും ഒരുപോലെ തിരിച്ചറിയുകയും സ്വീകരിക്കുകയുംചെയ്ത ഒരാളായിരുന്നു അദ്ദേഹം.

‘തിരിച്ചുവരവ് ഉറപ്പാണെന്നിരിക്കേ, മടക്കത്തെ ഞാനെന്തിന്‌ ഭയക്കണം’ എന്ന്‌ ആത്മവിശ്വാസത്തോടെ രചിച്ച ആ കവിഹൃദയം മരണംവിളിച്ചപ്പോൾ പതറിയിരിക്കില്ല.