കവിയും കാല്പനികനുമായ ഒരാൾക്ക് സമർഥനായ ഭരണാധികാരിയാകാൻ കഴിയുമോ എന്ന പരമ്പരാഗത ചോദ്യത്തിന്, കഴിയും എന്ന ഉത്തരമായിരുന്നു അടൽ ബിഹാരി വാജ്‌പേയി. ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയധാരയിലെ മിതവാദിയായിരുന്നു എക്കാലത്തും വാജ്‌പേയി. അദ്വാനി-വാജ്‌പേയി ദ്വന്ദങ്ങളിൽ ബി.ജെ.പി.രാഷ്ട്രീയം കറങ്ങുന്ന കാലത്ത് അദ്വാനി തീവ്രരാഷ്ട്രീയ മുഖവും വാജ്‌പേയി മിതവാദ മുഖവുമായിരുന്നു.

രാഷ്ട്രീയഭേദങ്ങളുടെ മതിലുകൾ കടന്ന് വിപുലമായ സൗഹൃദങ്ങൾക്കിടയിലായിരുന്നു വാജ്‌പേയി എപ്പോഴും ജീവിച്ചത്. പൊതുജീവിതത്തിനകത്തും പുറത്തും എതിരാളികളെപ്പോലും സൗഹൃദത്തിന്റെ കൈവട്ടത്തിലൊതുക്കാൻ വാജ്‌പേയിക്ക് ചാരുതയുള്ള പെരുമാറ്റ സംഹിതകളുണ്ടായിരുന്നു. പാർലമെന്റിൽ ആരോപണങ്ങളുടെ കുന്തമുനകളുമായി ഉറഞ്ഞുതുള്ളുന്ന പ്രതിപക്ഷത്തെ നോക്കി പുഞ്ചിരിയോടെ മറുപടി നൽകുന്ന വാജ്‌പേയിയെ ലോക്‌സഭാ ഗാലറിയിലിരുന്ന് പലവട്ടം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഒരു മണിക്കൂറോളം നീളുന്ന പ്രസംഗം ആശയവും തത്ത്വശാസ്ത്രങ്ങളും അറിവും കവിതയും ഉപകഥകളും കൊണ്ട് പലപ്പോഴും മനുഷ്യസ്പർശിയായിരുന്നു. തമാശകൾ കൊണ്ട് അലങ്കരിക്കപ്പെട്ടവയായിരുന്നു ഈ സംസാരങ്ങൾ. വിഖ്യാതങ്ങളായ ഉറുദു കവിതകളും സ്വന്തംരചനകളും ഈ പ്രഭാഷണങ്ങൾക്ക്  പ്രൗഢി പകർന്നിരുന്നു. എതിർപ്പുന്നയിച്ചവർ പോലും കേട്ടാസ്വദിക്കുന്ന കലാരൂപങ്ങളായി ഇവ രൂപാന്തരം പ്രാപിക്കുമായിരുന്നു.

സൗഹൃദങ്ങൾ വാജ്‌പേയിക്ക് ദൗർബല്യമായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ, ഈ സൗഹൃദം തെറ്റുകളെ ന്യായീകരിക്കാനുള്ള തൊടുന്യായമായി  കരുതിവയ്ക്കാറില്ല. ഗുജറാത്ത് കലാപ കാലത്ത് അഹമ്മദാബാദിലെ അഭയാർഥി ക്യാമ്പിലെത്തിയ വാജ്‌പേയി നടത്തിയ വാർത്താസമ്മേളനം ഇതിന് ഉദാഹരണമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയോട് താങ്കൾക്ക് നൽകാനുള്ള സന്ദേശമെന്തെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി, വാജ്‌പേയി നൽകിയ പ്രതികരണം അവിസ്മരണീയമായി ചരിത്രത്തിൽ ഇടംപിടിച്ചു.  ‘‘മുഖ്യമന്ത്രിയോട് പറയാൻ എനിക്ക് ഒരെയൊരു സന്ദേശം മാത്രമേയുള്ളൂ രാജധർമം (ഭരണാധികാരിയുടെ ചുമതല )പാലിക്കണം. രാജധർമം എന്ന പ്രയോഗം തന്നെ വേണ്ടത്ര അർഥവത്താണ്. ഞാനത് പിന്തുടരുന്നു, ഞാനത് പിന്തുടരാൻ ശ്രമിക്കുന്നു. രാജ്യത്തെ ഒരു പൗരനും മറ്റൊരു പൗരനും തമ്മിൽ വ്യത്യാസമോ വിവേചനമോ ചെയ്യാൻ ഒരു ഭരണാധികാരിക്കോ, ഒരു സർക്കാരിനോ സാധിക്കില്ല. മതത്തിന്റെയോ ജാതിയുടെയോ ജന്മത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം സാധ്യമല്ല. നരേന്ദ്രമോദി ഇത് പിന്തുടരുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്.’’ എന്നായിരുന്നു വാജ്‌പേയിയുടെ അർഥവ്യാപ്തികളുള്ള മറുപടി.

സമർഥനായ രാഷ്ട്രീയനേതാവും തന്ത്രജ്ഞനായ ഭരണാധികാരിയുമായിരുന്നു വാജ്‌പേയി. വിദേശകാര്യനയം കൈകാര്യം ചെയ്ത് ലോകക്രമത്തിൽ ഇന്ത്യയ്ക്കൊരു സ്ഥാനം ഉറപ്പിക്കുന്നതിൽ അദ്ദേഹത്തിന്‌ മികച്ച പങ്കുണ്ട്. അടിയന്തരാവസ്ഥയ്ക്കെതിരേ ഉയർന്ന ജനവികാരങ്ങളിൽനിന്ന് രൂപം കൊണ്ട ജനതാപാർട്ടി സർക്കാരിൽ വിദേശകാര്യനയം കൈകാര്യം ചെയ്തായിരുന്നു വാജ്‌പേയിയുടെ തുടക്കം. പ്രധാനമന്ത്രിപദത്തിൽ എത്തിയപ്പോഴൊക്കെ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വഴിത്തിരിവുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. 2003-ൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന മാധ്യമസംഘത്തിന്റെ ഭാഗമായി റഷ്യ, സിറിയ, താജിക്കിസ്താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പ്രായാധിക്യം മറന്നും വാജ്‌പേയി എന്ന നയതന്ത്രവിദഗ്ധൻ വിഷയങ്ങളിൽ ചടുലതയോടെ ഇടപെടുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞു.

2004-ലെ തിരഞ്ഞെടുപ്പിൽ  എൻ.ഡി.എ.സഖ്യം പരാജയപ്പെട്ടതിന് ശേഷമാണ് വാജ്‌പേയി പതുക്കെ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തേക്ക് മറഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ മറവിക്കും ഓർമയ്ക്കുമിടയിൽ അദ്ദേഹത്തെ തളച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ച് ശീലിച്ച വാജ്‌പേയി വർഷങ്ങളോളം പുറം ലോകം കാണാതെ കഴിഞ്ഞു. ഒടുവിൽ മരണത്തിലേക്കും.  ‘എന്റെ ദൈവമേ, മറ്റൊരു മനുഷ്യനെ ആലിംഗനം ചെയ്യാനായി കുനിയാൻ പറ്റാത്തത്ര ഉയരത്തിലേക്ക് കയറാൻ എന്നെ നീ അനുവദിക്കരുത്. അത്തരം അഹങ്കാരങ്ങളിൽനിന്ന് എന്നെ നീ മോചിപ്പിക്കുക’ എന്നായിരുന്നു വാജ്‌പേയി ‘ഉയരത്തിൽ’ എന്ന തന്റെ കവിതയിൽ കുറിച്ചത്. ഈ കവിതാ ശകലത്തിൽ മനുഷ്യപ്പറ്റുള്ള ഒരു ഭരണാധികാരിയുണ്ട്.