ഈ യുദ്ധത്തിൽ അടൽജി തോറ്റിരിക്കുന്നു. പുതിയചക്രവാളത്തിലേക്ക് അദ്ദേഹം യാത്ര തിരിച്ചിരിക്കുകയാണ്‌. ഈ യുദ്ധം എല്ലാവരും പരാജയപ്പെടുന്നതാണ്. അടൽജിയും വ്യത്യസ്തനല്ല. എന്നാൽ, അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നത്, ജീവിച്ചിരുന്നപ്പോൾ തന്റെ ബോധ്യങ്ങളിൽനിന്ന്‌ ‘അടൽ’(പതറാതെ) ആയി അടിപതറാതെ പോരാടിയ യുദ്ധങ്ങളാണ്. അദ്ദേഹം ഒരേസമയം അടലും ‘ബിഹാരി’യും (സ്വപ്നം കാണുന്നയാൾ) ആയിരുന്നു. പുതിയ ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ടപ്പോഴും അദ്ദേഹം തന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഉറച്ചുനിന്നു.

അറുപതുകളുടെ അവസാനം അദ്ദേഹത്തിന്റെ നെല്ലൂർ സന്ദർശനവേളയിലാണ് ഞാനദ്ദേഹത്തെ ആദ്യം കാണുന്നത്. എന്നെങ്കിലും ഞാനദ്ദേഹത്തിന്റെ പാർട്ടിയുടെ അധ്യക്ഷനാകുമെന്നോ അദ്ദേഹത്തിന്റെയും അദ്വാനിജിയുടെയും കൂടെ ഇരിക്കാൻ എനിക്ക് സാധിക്കുമെന്നോ അന്ന് സ്വപ്നത്തിൽകൂടി കരുതിയിരുന്നില്ല. അന്നുമുതൽ അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹത്തെപ്പോലൊരാൾ വഴികാട്ടിയായി നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് അപൂർവമായ ഒരു ബഹുമതിയായി ഞാൻ കാണുന്നു.  

ഒരാളുടെ ഉള്ളിലുള്ള കാര്യം അയാളുടെ മുഖത്ത് പ്രതിഫലിക്കുന്നു എന്നാണ് പറയാറ്്‌. ഇതിന്റെ ഉത്തമോദാഹരണമാണ് അടൽജി. ചിന്തയിലെ വ്യക്തത, ഉറച്ച ബോധ്യങ്ങൾ, രാജ്യത്തെക്കുറിച്ചുള്ള വീക്ഷണം, രാജ്യത്തെ ഔന്നത്യത്തിലേക്ക് നയിക്കാൻ താൻ ആവിഷ്കരിച്ച വഴി എന്നിവയെക്കുറിച്ചുള്ള ഉത്തമബോധ്യം അദ്ദേഹത്തെ, വിരക്തിയെന്ന്‌ കൂടെയുള്ളവർക്കുപോലും തോന്നിക്കുന്ന തരത്തിലുള്ള ശാന്തതയിലേക്ക് നയിച്ചു.

ആ മുഖത്തെ മായാത്ത പുഞ്ചിരി അദ്ദേഹത്തിന്റെ അകക്കാമ്പിന്റെ പ്രതിഫലനമാണ്. 2009 വരെയുള്ള 65 വർഷത്തെ അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ ഒന്പതുവർഷം മാത്രമാണ് അധികാരത്തിലിരുന്നത്. ബാക്കി 56 വർഷവും പ്രതിപക്ഷത്തായിരുന്നു. 10 തവണ ലോക്‌സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ചു. അധികാരത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചയ്ക്കും പരിണാമത്തിനും അദ്ദേഹം കനത്ത സംഭാവനകളാണ് നൽകിയത്.

ഉജ്ജ്വലനായ വാഗ്മിയായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിൽനിന്നും, പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റേതുൾപ്പെടെ അഭിനന്ദനങ്ങൾ നേടി. അധികാരത്തിന്റെ ഭാരമില്ലാത്തപ്പോൾ സംസാരിക്കാൻ എളുപ്പമായിരിക്കും എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടേക്കാം. എന്നാൽ, ഇത്തരം സംശയങ്ങളെ വിദേശകാര്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രധാനമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ദൂരീകരിച്ചു.

വളരെ ചുരുങ്ങിയ സമയംകൊണ്ട് അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തി നയതന്ത്രബന്ധത്തിൽ പുതിയ ഏടുകൾ അദ്ദേഹം എഴുതിച്ചേർത്തു. ഇതദ്ദേഹത്തിന് വ്യാപകമായ അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് രാജ്യം അഭിമുഖീകരിച്ച പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിലും അവ പരിഹരിക്കുന്നതിലും അദ്ദേഹം അസാമാന്യ കഴിവുകാണിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രസംഗിക്കാൻമാത്രമല്ല, അധികാരത്തിലിരിക്കുമ്പോൾ രാജ്യത്തിന്റെ പ്രശ്നങ്ങളെ നേരിടാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചു.

പ്രധാനമന്ത്രിയെന്നനിലയ്ക്ക് അടൽ ബിഹാരി വാജ്പേയി, ടെലികോം, ദേശീയപാതകൾ, ഉൾപ്പാതകൾ, വിമാനത്താവളങ്ങൾ, പോർട്ടുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ, സ്വകാര്യമേഖലയുടെ പങ്കാളിത്തം, ഓഹരിവിൽപ്പന തുടങ്ങിയവയുടെ മുഖച്ഛായ മാറ്റി ‘മിഷൻ കണക്ട് ഇന്ത്യ’ എന്ന ആശയത്തിൽ അഗ്രഗാമിയായി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലങ്ങൾ നാമിപ്പോഴും അനുഭവിക്കുന്നു. ശാസ്ത്രിജിയുടെ ‘ജയ് ജവാൻ-ജയ് കിസാൻ’ എന്ന മുദ്രാവാക്യത്തോടൊപ്പം അദ്ദേഹം ‘ജയ് വിജ്ഞാൻ’ എന്നുകൂടി ചേർത്തു. സമകാലിക സമൂഹത്തിൽ അറിവിനുള്ള പ്രാധാന്യം അദ്ദേഹത്തിനറിയാമായിരുന്നു.

വാജ്പേയിജി കാർക്കശ്യത്തിന്റെയും കാരുണ്യത്തിന്റെയും സമ്മിശ്രമായിരുന്നു. കാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെങ്കിലും പൊഖ്‌റാൻ-2 കാലത്തും കാർഗിലിൽ അക്രമകാരികളെ പിന്തിരിപ്പിച്ചപ്പോഴും അദ്ദേഹത്തിന്റെ കാർക്കശ്യഭാവവും നാം കണ്ടു. ഇത്തരം വ്യക്തിപരമായ ഗുണങ്ങൾ വാജ്പേയിയെ കാലാവധിതികയ്ക്കുന്ന ആദ്യത്തെ കോൺഗ്രസേതര പ്രധാനമന്ത്രിയാക്കി. അദ്ദേഹം രാഷ്ട്രീയചിന്തയ്ക്കും ഭരണകക്ഷിക്കും പുതിയ നിർവചനം നൽകി. 23 പാർട്ടികളുടെ സഖ്യത്തെ നയിച്ച് അദ്ദേഹം താനൊരു നല്ലനേതാവാണെന്നും ഉറച്ച ഭരണം കാഴ്ചവെയ്ക്കാനാകുമെന്നും തെളിയിച്ചു. ഭരണഘടനയിൽ അനുശാസിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി ഇന്ത്യൻ ജനാധിപത്യത്തിന് കനത്തസംഭാവനകൾ നൽകി.

സാധാരണക്കാരും രാഷ്ട്രീയക്കാരും അദ്ദേഹത്തിന്റെ വശ്യശക്തിയിൽ ആകൃഷ്ടരായി. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാർക്കും സ്വീകാര്യനായ രീതിയിൽ ഒരു യഥാർഥ ഇന്ത്യക്കാരനായി അദ്ദേഹം എന്നും നിലക്കൊണ്ടു. ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അതേസമയം, വലിയ തീരുമാനങ്ങളെടുക്കേണ്ട സമയത്ത് മനസ്സുതുറക്കാനും മടിച്ചില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവും. ആ പ്രവർത്തനത്തിലൂടെ യഥാർഥ ദേശീയതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ പിന്തുടരാൻ എന്നെപ്പോലുള്ള ലക്ഷക്കണക്കിനുപേരെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.   
ആദ്യകാലത്ത് ഞങ്ങളദ്ദേഹത്തെ ‘തരുണ ഹൃദയ സാമ്രാട്ട്’, യുവഹൃദയമുള്ള നേതാവ് എന്നായിരുന്നു വിളിച്ചിരുന്നത്. അസുഖബാധിതനായി കിടപ്പിലാവും വരെ അദ്ദേഹം അങ്ങനെത്തന്നെ തുടർന്നു.

ഒരു തത്ത്വചിന്തകനായ രാജാവ് എന്ന നിർമിതിയിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.

തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എല്ലാ ഇന്ത്യക്കാരുടെയും ഹൃദയം ഭരിച്ച രാജാവ്. അത്തരം ഭരണാധികാരികളും ക്രാന്തദർശികളും വളരെ അപൂർവമായാണ് ഈ ഭൂമുഖത്ത് നടന്നത്. അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് നമുക്ക് അദ്ദേഹത്തോടുള്ള ആദരം നിലനിർത്താം.