നെഹ്റു കുടുംബത്തിലെ ഓരോ തലമുറയുമായും ആരോഗ്യകരമായ എന്നാല്‍ അഭിപ്രായ വ്യത്യാസത്തിലൂന്നിയ അടുപ്പം സൂക്ഷിച്ചയാളാണ് അടല്‍ ബിഹാറി വാജ്പേയി. നെഹ്റുവില്‍ തുടങ്ങിയ ബന്ധം ഇന്ദിരയിലൂടെ വളര്‍ന്ന് രാജീവ് ഗാന്ധി വരെ ശക്തിയാര്‍ജ്ജിച്ചു നിന്നു. രാഷ്ട്രീയാതീതമായി പ്രിയങ്കരനായിരുന്നു വാജ്പേയി ഇവര്‍ക്കേവര്‍ക്കും.

മറ്റ് പാര്‍ട്ടി നേതാക്കളുടെ സ്വീകാര്യനായ നേതാവാണ് വാജ്പേയി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനായ ബിജെപി നേതാവാക്കുന്നത്. ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് തൊട്ടു മുമ്പ് ഇന്ദിരാഗാന്ധി വാജ്പേയിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രമാണ്. ആ അഭിപ്രായം ഇന്ദിരാഗാന്ധി സ്വീകരിച്ചിരുന്നില്ലെങ്കില്‍ പോലും. എന്നാല്‍ ആ തിരസ്‌കാരത്തിന്  ഇന്ദിര വലിയ വിലകൊടുക്കേണ്ടി വന്നു. ഇന്ദിരാ വധത്തിനു ശേഷം പ്രതിയോഗികള്‍ക്ക് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിയുമായിരുന്ന സന്ദര്‍ഭത്തില്‍ പോലും അതിനു മുതിരാതെ വാജ്പേയി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തില്‍ നിലകൊണ്ടു. അന്ന് വാജ്പേയി പൂണ്ട മൗനത്തിന് രാഷ്ട്രീയ മര്യാദയുണ്ടായിരുന്നു.

അതിനുള്ള നന്ദി രാജീവ് ഗാന്ധി പിന്നീടൊരവസരത്തില്‍ പ്രകടിപ്പിക്കുക തന്നെ ചെയ്തു. വൃക്കരോഗബാധിതനായ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് പ്രയത്നിച്ചത്. സര്‍ക്കാര്‍ ചിലവില്‍ വിദേശത്ത് പോയി ചികിത്സ തേടാന്‍ രാജീവ് ഗാന്ധി അവസരമൊരുക്കി കൊടുത്തു. ഇന്ത്യന്‍ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലെ യോഗത്തിലേക്ക് അയച്ചാണ് രാജീവ് ഗാന്ധി വാജ്പേയിയോടുള്ള കരുതല്‍ കാണിച്ചത്. തന്റെ ജീവന്‍ രക്ഷിച്ച നേതാവാണ് രാജിവ് ഗാന്ധിയെന്നും അദ്ദേഹം കാരണമാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും വാജ്പേയി പിന്നീടൊരവസരത്തില്‍ വെളിപ്പെടുത്തുകയുമുണ്ടായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് വാഷിങ്ടണില്‍ വെച്ച് നടന്ന വിരുന്നില്‍ നെഹ്‌റു വാജ്‌പേയിയെ പരിചയപ്പെടുത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന പാര്‍ലമെന്റേറിയന്‍ എന്നാണ്. 1996 ല്‍ വെറും പതിമൂന്ന് ദിവസം മാത്രം ഭരണത്തിലേറി നെഹ്‌റു പറഞ്ഞത് യാഥാര്‍ഥ്യമായെങ്കിലും ഭൂരിപക്ഷം നേടാനാവാതെ തിരിച്ചിറങ്ങി. ഒരു നാള്‍ ഇന്ത്യയിലെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ കഴിയുന്ന ഒറ്റകക്ഷിയായി ശക്തിയാര്‍ജ്ജിച്ചു തിരിച്ചു വരും എന്നായിരുന്നു അന്ന് വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞത്. അചഞ്ചലമായ എന്നര്‍ഥം വരുന്ന അടല്‍ എന്ന നാമം പോലെ തന്നെ അദ്ദേഹം വാക്ക് പാലിച്ചു. 1998 സെപ്റ്റംബറില്‍ വാജ്‌പേയി ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയുടെ ഭരണസിരാകേന്ദ്രത്തിലെത്തിച്ച് 2004 വരെ ഭരണത്തിലിരുന്നു.

വാക്കുകള്‍ കൊണ്ട് അമ്മാനമാടിയിരുന്ന നേതാവാണ് അടല്‍ബിഹാറി വാജ്‌പേയി. അത് അംഗീകരിച്ചു കൊടുത്തവരില്‍ മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു.'താങ്കളുടെ വാക്‌ധോരണിയില്‍ ഞാന്‍ മുഴുകിപ്പോയി. എനിക്ക് അസൂയ തോന്നുന്നു. പക്ഷെ നിങ്ങള്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളോടും യോജിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാണെന്റെ സങ്കടം' എന്നായിരുന്നു  ഇന്ദിരാഗാന്ധി ഒരിക്കല്‍ വാജ്‌പേയിയെ കുറിച്ച് പറഞ്ഞത്.ലോക്സഭാ സ്പീക്കറായിരുന്ന അനന്തശയനം അയ്യങ്കാര്‍, സഭയിലെ ഏറ്റവും നല്ല പ്രസംഗകരെപ്പറ്റി  'ഹിന്ദിയില്‍ വാജ്പേയി, ഇംഗ്ലീഷില്‍ ഹിരണ്‍ മുഖര്‍ജി' എന്നാണ് പറഞ്ഞത്.

1957ല്‍ മുപ്പതാം വയസ്സിലാണ് വാജ്‌പേയ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്.  ആകാശത്തിന് കീഴെയുളള സകല പ്രശ്നങ്ങളിലും കൈയിടുകയെന്നതാണ് നെഹ്‌റുവിയന്‍ ശൈലി എന്ന് വിമര്‍ശിച്ചു കൊണ്ടായിരുന്നു കന്നി പ്രസംഗം തന്നെ.  ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലതയും ഒപ്പം വിവേചനവും വേണം. ഭാരതം പല കാര്യങ്ങളിലും നിശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് നെഹ്റുവിനെ വിമര്‍ശിച്ച് അന്ന് വാജ്പേയി സംസാരിച്ചത്. വാചകം തീരും മുമ്പേ കൈയടിച്ചത് നെഹ്റു എന്നത് ചരിത്രം. ആദ്യ പാര്‍ലമെന്‍രേറിയന്‍ എന്നത് വകവെക്കാതെ പല നിര്‍ണ്ണായക യോഗങ്ങളിലേക്കും നെഹ്റുവിന്റെ ക്ഷണം വാജ്പേയിക്ക് ലഭിച്ചിരുന്നു

നെഹ്‌റുവും വാജ്‌പേയിയും പലപ്പോഴും പാര്‍ലമെന്റില്‍ കൊമ്പുകോര്‍ത്തതെങ്കിലും ഇരുവരും കരുതലോടെ ആക്ഷേപ ശരമെയ്യാതെ പരസ്പരം ബഹുമാനിച്ചാണ് എന്നും സംസാരിച്ചത്. വിദ്യാഭ്യാസമുള്ള നേതാവിന് എത്രത്തോളം പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാന്‍ കഴിയമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും.  രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഈ പ്രതിപക്ഷ ബഹുമാനവും നയതന്ത്ര മികവുമാണ് ഇന്ത്യ പാകിസ്താന്‍ സൗഹൃദത്തിലേക്ക് 1999ല്‍ തുടക്കമിട്ട ലാഹോര്‍ ബസ് പദ്ധതി വിഭാവനം ചെയ്യുന്നതില്‍ വാജ്‌പേയിയെ എത്തിച്ചതും.

Atal Bihari Vajpayeeപൊഖ്‌റാന്‍ ആണവ പരീക്ഷണവും കാര്‍ഗിലിലെ തിരിച്ചടിയുമെല്ലാം ഇന്ത്യയുടെ വിജയത്തോടൊപ്പം വാജ്‌പേയിയുടെ കൂടി വിജയമായിരുന്നു. ഇത്തരത്തില്‍ ശക്തമായ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്ന തീരുമാനത്തിന് പുറകില്‍ ദൃഢതയോടെ നിന്നത് വാജ്പേയിയായിരുന്നു. ഇന്ത്യ എന്ന രീതിയില്‍  പാകിസ്താനെ തിരിച്ചടിച്ച് ദേശീയ വികാരം ആളിക്കത്തിക്കുന്നതില്‍ വാജ്‌പേയി വഹിച്ച പങ്ക് വലുതാണ്. പക്ഷെ പ്രതിരോധത്തില്‍ വീണ പിഴവും ജാഗ്രതയില്ലായ്മയുമാണ് 500ഓളം ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചതെന്ന മറുവാദവുമുണ്ട്. യുദ്ധാനന്തരം പാകിസ്താന് മേല്‍ വിജയക്കൊടി പാറിച്ച വ്യക്തമായ വിജയമായിരുന്നെങ്കിലും ആ നുഴഞ്ഞു കയറ്റം അന്ന് പ്രതിരോധിക്കാനായില്ലെന്നത് വാജ്‌പേയി സര്‍ക്കാരിന്റെ വീഴ്ചയായാണ് പില്‍ക്കാലത്ത് പല രാഷ്ട്രീയ നിരീക്ഷകരും വായിച്ചത്.

കാര്‍ഗില്‍ യുദ്ധാനന്തരമാണ് വാജ്‌പേയി ശക്തനായതും ജനങ്ങള്‍ക്കിടയില്‍ അങ്ങേയറ്റം സ്വീകാര്യനായതും. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം സൈന്യത്തിന് നല്‍കിയ ഊര്‍ജ്ജത്തിന് അളവില്ല. മാത്രമല്ല പാകിസ്താനെ ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് വരെ വാജ്‌പേയിയുടെ തീരുമാനം എത്തിച്ചു.

ജനങ്ങള്‍ക്കിടയില്‍ വാജ്‌പേയി സ്വീകാര്യനാവുന്നത് ബിജെപിയെ സ്വീകരിക്കല്‍ കൂടിയാവും  എന്ന അപകടം മണത്ത് റൈറ്റ് മാന്‍ ഇന്‍ ദി റോങ്ങ് പാര്‍ട്ടി എന്നാണ് പ്രതിയോഗികള്‍ അദ്ദേഹത്തിനെ വിശേഷിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ മേല്‍ അധീശത്വം സ്ഥാപിച്ച് പാര്‍ട്ടിയേക്കാള്‍ വളരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നിലെന്തെങ്കിലും നന്‍മയുണ്ടെങ്കില്‍ അത് എനിക്ക് ഈ പ്രസ്ഥാനത്തില്‍ നിന്ന് ലഭിച്ചതാണെന്നും എന്നാല്‍ എന്നിലെ തിന്‍മയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നുമായിരുന്നു ആ വിശേഷണത്തിന് വാജ്‌പേയി മറുപടി നല്‍കിയിരുന്നത്.2004ലെ തിരഞ്ഞടെുപ്പിന് ശേഷം ബിജെപിയുടെ സ്വീകാര്യതയേക്കാള്‍ എത്രയോ മടങ്ങ് കൂടുതലായിരുന്നു വാജ്‌പേയിയുടെ സ്വീകാര്യത. 38 പോയിന്റായിരുന്നു അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്. ആ സമയം മോദിക്ക് ദേശീയതലത്തില്‍ 3 പോയിന്റ് മാത്രമായിരുന്നു റേറ്റിങ്

ഉത്തരേന്ത്യയെ മാത്രം കേന്ദ്രബിന്ദുവാക്കിയും പ്രാധാന്യം നല്‍കിക്കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല വാജ്‌പേയിയുടേത്. ദക്ഷിണേന്ത്യയില്‍ ദശാബ്ദങ്ങളായി കീറാമുട്ടിയായിരുന്ന നദീജലതര്‍ത്തെ പ്രാധാന്യത്തോടെയും വേഗതയോടെയുമായിരുന്നു വാജ്‌പേയി പരിഹരിച്ചത്. കാവേരി, മുല്ലപ്പെരിയാല്‍ പ്രശ്നങ്ങള്‍ ചൂടുപിടിച്ചപ്പോള്‍ പ്രധാനമന്ത്രി വാജ്പേയി മുന്‍കൈ എടുത്ത് തമിഴ്നാട്, കര്‍ണാടക, കേരളസര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചു കൂട്ടി ചര്‍ച്ചയ്ക്ക് വേദിയൊരുക്കി. ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റിയ ആ ഭരണത്തിന് തിരശീല വീഴ്ത്തിയത് രാഷ്ട്രീയ ഗുഢാലോചനകളും ചതിയും വഞ്ചനയുമെന്നത് ചരിത്രം.

Content Highligjhts: Atal Bihari Vajpayee, BJP, Indian Politics