"ഒരാള്‍ക്ക് പ്രസംഗിക്കാന്‍ വാചാലത മതി. പക്ഷേ, നിശ്ശബ്ദനായിരിക്കാന്‍ വാചാലതയും വിവേചനബുദ്ധിയും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശ്ശബ്ദത പാലിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു." 1958 ഓഗസ്റ്റ് 19ന് ലോക്‌സഭയിലെ കന്നിപ്രസംഗത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞത് വിദേശനയത്തെക്കുറിച്ചായിരുന്നു. എല്ലാ രാജ്യാന്തരപ്രശ്‌നങ്ങളിലും ഇന്ത്യ ഇടപെടണമെന്ന അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടിനെ പരിഹസിച്ചായിരുന്നു ഹിന്ദിയിലുളള ആ പ്രസംഗം. 

നയരൂപീകരണത്തിന്റെ കാര്യത്തില്‍ വാജ്‌പേയി ഒരു പാരമ്പര്യവാദിയായിരുന്നു. വിദേശനയങ്ങളില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പ്രായോഗികമല്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിലപാട്. അതിന് കാരണമായി പറഞ്ഞിരുന്നത് പൊതുസമ്മതവും നൈരന്തര്യവുമാണ് ഇത്തരം നയരൂപീകരണങ്ങളുടെ കാതല്‍ എന്നാണ്. എന്നിട്ടും, വിദേശരാജ്യങ്ങളോടുള്ള സമീപനത്തില്‍ കാലാനുസൃത മാറ്റം വരുത്താന്‍ തയ്യാറായ പ്രധാനമന്ത്രിയായി പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ത്യ വാജ്‌പേയിയെ കണ്ടു. 

സാഹസികമായ തീരുമാനങ്ങളെടുക്കുന്നതില്‍ പിന്നോട്ടായുന്ന സ്വഭാവമായിരുന്നില്ല വാജ്‌പേയിയുടേത്. ആ ആത്മധൈര്യവും പ്രായോഗികബുദ്ധിവൈഭവവും കണ്ട് ലോകം ആദ്യമായി അത്ഭുതപ്പെട്ടത് 1998ലെ പൊഖ്‌റാന്‍ ആണവപരീക്ഷണസമയത്താണ്. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണമായി പൊഖ്‌റാന്‍ പരീക്ഷണം നടക്കുമ്പോള്‍ ആദ്യത്തേത് പിന്നിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഇന്ത്യയുടെ നീക്കം ലോകശക്തികളെയാകെ ചൊടിപ്പിച്ചു. അമേരിക്കയുെട നേതൃത്വത്തില്‍ അവരൊന്നാകെ ഇന്ത്യക്ക് മേല്‍ സാമ്പത്തികഉപരോധം ഏര്‍പ്പെടുത്തി. 

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ വിദേശനയ പ്രതിസന്ധിയുടെ കാലമായിരുന്നു അതെന്ന് മുന്‍ വിദേശകാര്യസെക്രട്ടറി ലളിത്മണ്‍ സിങ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനു ശേഷം ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയും അമേരിക്കയും പുതിയ നയതന്ത്രബന്ധത്തിലേക്ക് ചുവട് വച്ചു എന്നതാണ് ലോകത്തെ അമ്പരപ്പിച്ച മറ്റൊരു അടല്‍ജി മാജിക്.

ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യശക്തികളാണെന്ന വാജ്‌പേയിയുടെ പ്രസ്താവന വരുമ്പോള്‍ ഞെട്ടലോടെ കേട്ടവരായിരുന്നു ചുറ്റുമുള്ളവരില്‍ ഏറെയും. അമേരിക്കക്കാരെ വിശ്വസിക്കാന്‍ കാലങ്ങളായി ഇന്ത്യയുടെ അമരത്തിരുന്ന നേതാക്കള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല. പക്ഷേ, വാജ്‌പേയി പ്രധാനമന്ത്രിയായതോടെ അമേരിക്കയുമായി ഇന്ത്യ നടത്തിവന്ന ശീതസമരം ചരിത്രം മാത്രമായി മാറി. വാജ്‌പേയി അന്ന് തുടക്കമിട്ട ആ നയതന്ത്രം അമേരിക്കയുടെ കാര്യത്തില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്തുടരുകയും ചെയ്യുന്നതിനും കാലം സാക്ഷ്യം വഹിച്ചു.2000ല്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവേ വാജ്‌പേയി പറഞ്ഞു പുതിയ നൂറ്റാണ്ടിന്റെ ഉദയം ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ പുതിയ തുടക്കം കൂടിയാവട്ടെ എന്ന്.

പാകിസ്താനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ചില്ലറ പ്രതിസന്ധിയൊന്നുമല്ല വാജ്‌പേയി നേരിട്ടത്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും തീവ്രവാദപ്രവര്‍ത്തനങ്ങളും പാകിസ്താന്‍ അതിശക്തമായി തുടരുന്ന സമയത്തു തന്നെയായിരുന്നു ജമ്മു-കശ്മീര്‍ വിഷയം അടക്കമുള്ളവയില്‍ ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് പറഞ്ഞ് അദ്ദേഹം പാകിസ്താനായി വാതില്‍ തുറന്നത്. ന്യായം ഇന്ത്യയുെട ഭാഗത്താണെന്ന് വ്യക്തമായിരുന്നിട്ടും ഭീകരവാദ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ലോകശക്തികളൊന്നും തയ്യാറാവാത്ത കാലം കൂടിയായിരുന്നു അത്. പാകിസ്താനാണ് തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് കൃത്യ ബോധ്യമുണ്ടായിരുന്നിട്ടും ആരും പിന്തുണക്കാനില്ലെന്ന് അറിയാമായിട്ടും തന്നെ  മുമ്പോട്ട് നയിച്ച വികാരം എന്തായിരുന്നെന്ന് വാജ്‌പേയി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ഒരാള്‍ക്ക് സുഹൃത്തുക്കളെ തരം പോലെ മാറ്റാന്‍ കഴിഞ്ഞേക്കും. പക്ഷേ, അയല്‍വാസികള്‍ക്കൊപ്പം കഴിയാതിരിക്കാനാവില്ലല്ലോ' എന്നായിരുന്നു ആ വാക്കുകള്‍.

199ലായിരുന്നു ചരിത്രം തിരുത്തിക്കുറിച്ച ആ ബസ് യാത്ര. ഇന്ത്യ-പാക് ബന്ധം സൗഹാര്‍ദ്ദപരമാക്കാന്‍ പാകിസ്താനിലെ ലാഹോറിലേക്ക് സര്‍വ്വീസ്. ആ ബസ്സിലെ ആദ്യ യാത്രക്കാരനായി വാജ്‌പേയി ലോകത്തെ അമ്പരപ്പിച്ചു. സൗഹൃദശ്രമങ്ങളെയെല്ലാം കാറ്റില്‍ പറത്തി കാര്‍ഗിലില്‍ പാകിസ്താന്‍ യുദ്ധകാഹളം മുഴക്കിയപ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപമായി വാജ്‌പേയി ഉറച്ചുനിന്നു. അടല്‍ എന്ന വാക്കിന് അചഞ്ചലമായത് എന്ന് കൂടി അര്‍ഥമുണ്ടെന്ന് പ്രതിസന്ധികളില്‍ തളരാതെയുള്ള ആ നില്‍പ് തെളിയിച്ചു.

കാര്‍ഗില്‍ യുദ്ധത്തിന്റെ മുഖ്യ ആസൂത്രകനായ ജനറല്‍ പര്‍വ്വേസ് മുഷാറഫ് പിന്നീട് പാക് പ്രസിഡന്റായപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കാനും വാജ്‌പേയി തയ്യാറായി എന്നത് വിരോധാഭാസമായി തോന്നാം. എന്നാല്‍, സമാധാനമാണ് എന്തിലും വലുതെന്ന വാജ്‌പേയിയുടെ നിലപാട് അവിടെയും പ്രതിഫലിക്കുകയായിരുന്നു. 

"ഇന്ത്യാ വിഭജനം നമ്മുടെയൊക്കെ മനസ്സില്‍ സൃഷ്ടിച്ച മുറിവ് വളരെ വലുതാണ്. ആ മുറിവ് ഉണങ്ങിയെങ്കിലും അത് ഉണ്ടാക്കിയ വടുക്കള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. അതാണ് നമ്മെ ഓര്‍മ്മിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുണ്ടാവേണ്ടത് സൗഹാര്‍ദ്ദവും സാഹോദര്യവുമാണെന്ന്". ഇങ്ങനെ പറഞ്ഞ ആ നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാഷ്ട്രീയഎതിരാളികളെക്കൊണ്ട് പോലും നല്ലത് മാത്രം പറയിച്ച ആ വ്യക്തിപ്രഭാവമാണ് ഓര്‍മ്മയായിരിക്കുന്നത്.