ഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രി, രാജ്യത്തെ ആദ്യ ബി.ജെ.പി പ്രധാനമന്ത്രി, കവി, പ്രാസംഗികന്‍, പത്രപ്രവര്‍ത്തകന്‍, ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ആദ്യമായി ഹിന്ദി സംസാരിച്ച ആദ്യത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി തുടങ്ങി വിശേഷണങ്ങള്‍ പലതാണ് അടല്‍ ബിഹാരി വാജ്പേയി അഥവാ സംഘപരിവാറിന്റെ സ്വന്തം അടല്‍ജിക്ക്. 

സമീപകാലത്ത് ഇന്ത്യ അനുഭവിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങളിലും പ്രതിന്ധികളിലും രാഷ്ട്ര നേതാവെന്ന നിലയിലും നയതന്ത്രജ്ഞനെന്ന നിലയിലും വാജ്പേയി രംഗത്തുണ്ടായിരുന്നു. 2002 ലെ ഗുജറാത്ത്- ഗോധ്ര കലാപം, 2001 ഡിസംബറില്‍ പാര്‍ലമെന്റ് ആക്രമണം, 1999ലെ കാര്‍ഗില്‍ യുദ്ധം, 1998 ല്‍ പൊഖ്‌റാനില്‍ രണ്ടാമത് ആണുസ്‌ഫോടനം തുടങ്ങിയവ അവയില്‍ ചിലത് മാത്രം. 1996 ല്‍ 13 ദിവസവും രണ്ടു വര്‍ഷത്തിനു ശേഷം 13 മാസവും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം അദ്ദേഹം ഇന്ത്യ ഭരിച്ചു. ആഭ്യന്തര കാര്യങ്ങളില്‍ മാത്രമല്ല നയതന്ത്രരംഗത്തും ഇക്കാലത്ത് അദ്ദേഹം കൈയൊപ്പു പതിപ്പിച്ചു.

ഒമ്പതു തവണ ലോക്സഭാ എംപിയും രണ്ടു തവണ രാജ്യസഭാ എംപിയുമായി. അപ്പോഴൊക്കെയും പാര്‍ലമെന്റിനകത്ത് കോണ്‍ഗ്രസിനെ വിമര്‍ശനശരങ്ങള്‍ക്കൊണ്ട് ആക്രമിക്കുന്നതില്‍ മുന്നില്‍ നിന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ചാരക്കണ്ണുകളെ കബളിപ്പിച്ച് ലോകത്തെ ഞെട്ടിച്ച രണ്ടാമത്തെ ആണവ പരീക്ഷണം നടത്തുന്നത്. ഇന്ത്യ ആണവ ശക്തിയാണെന്ന് വാജ്‌പേയി ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞു.

എന്നാല്‍ ആണവ പരീക്ഷണത്തോടെ വഷളായ ഇന്ത്യാ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സമാധാനത്തിന്റെ ദൂതുമായി പാകിസ്താനിലെ ലാഹോറിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. ബസില്‍ പ്രധാനമന്ത്രി വാജ്പേയി തന്നെ ആദ്യയാത്രക്കാരനായി ലോകത്തെ അത്ഭുതപ്പെടുത്തി. സമാധാനത്തിന്റെ ദൂതയച്ച ഇന്ത്യയ്ക്ക് പക്ഷെ പാകിസ്താന്‍ തിരികെ തന്നത് യുദ്ധമായിരുന്നു. 1999 ല്‍ കാര്‍ഗിലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. ഈ യുദ്ധവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ കാറും കോളുമേറ്റ് സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോഴും നിശ്ചയദാര്‍ഢ്യമുള്ള കപ്പിത്താനെപ്പോലെ അദ്ദേഹം സര്‍ക്കാരിനെ മുന്നോട്ടുനയിച്ചു. 

Vajpayee
AFP File photo

കാര്‍ഗില്‍ യുദ്ധത്തിന്റെ ആസൂത്രകനായ ജനറല്‍ പര്‍വേസ് മുഷാറഫ് പിന്നീട് പാകിസ്താനില്‍ പട്ടാള അട്ടിമറി നടത്തി പ്രസിഡന്റായി. കാര്‍ഗില്‍ യുദ്ധത്തോടെ തകരാറിലായ ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതേ പര്‍വേസ് മുഷറഫിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും അടല്‍ ബിഹാരി വാജ്പേയിയാണെന്നതാണ് ചരിത്രത്തിലെ വിരോധാഭാസങ്ങളിലൊന്ന്. 

കവിയും അധ്യാപകനുമായിരുന്ന അച്ഛന്‍ കൃഷ്ണ ബിഹാരി വാജ്പേയിയുടെ പാരമ്പര്യം അടല്‍ജിയും നെഞ്ചിലേറ്റി. അങ്ങനെ അദ്ദേഹം കവികളിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ കവിയുമായി. അദ്ദേഹത്തിന്റെ കാവ്യാത്മകത തുളുമ്പുന്ന പ്രസംഗങ്ങള്‍ക്ക് പാര്‍ലമെന്റ് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഹിന്ദുത്വ ആശയത്തിന്റെ പ്രയോക്താക്കളോടൊപ്പമായിരുന്നിട്ടും നെഹറുവിയന്‍ ചിന്താഗതിയോടുള്ള തന്റെ ആഭിമുഖ്യം തുറന്നു പറയാന്‍ മടിയില്ലാത്ത ആളായിരുന്നു അദ്ദേഹം. വലതുപക്ഷ തീവ്രദേശീയവാദത്തിന്റെ പക്ഷത്തുനില്‍ക്കുമ്പോഴും ലിബറല്‍ ചിന്താഗതികള്‍ക്ക് പ്രാമുഖ്യം നല്‍കി. അതുകൊണ്ട് തന്നെ രാഷ്ട്രീയാതീതമായ സ്വീകാര്യത നേടി. ഈ സ്വീകാര്യതയാണ് 1996ല്‍ രാജ്യം ഭരിക്കാനുള്ള സാധ്യത ബിജെപിയെ തേടി വന്നപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക് സംഘപരിവാര്‍ വാജ്‌പേയിയെ നിയോഗിക്കാന്‍ തിരഞ്ഞെടുത്തത്. 

2009 ല്‍ അനാരോഗ്യം കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതുവരെ ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ നിന്നുള്ള എം.പിയായിരുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷിയും ബഹുമാനിക്കുന്ന നേതാവായി വാജ്പേയിക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ സവിശേഷത. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണെന്നതാണ് നമ്മില്‍ പലര്‍ക്കുമറിയാത്ത യാഥാര്‍ഥ്യങ്ങളിലൊന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് നിലപാട് തിരുത്തി ആര്‍എസ്എസ് കൂടാരത്തിലേക്ക് ചേക്കേറുകയായിരുന്നു. 

വാജ്‌പേയി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളക്കമാര്‍ന്ന മറ്റൊരു അധ്യായമാണ് അവസാനിക്കുന്നത്. ബിജെപിയില്‍ ഇന്ന് അദ്ദേഹത്തിന്റെ സമകാലീനര്‍ അപ്രസക്തരായതു തിരിച്ചറിയാതിരിക്കാനുള്ള ഭാഗ്യവും താന്‍ നട്ടുവളര്‍ത്തിയെടുത്ത പ്രസ്ഥാനം രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്നത് മനസിലാകാത്തതിന്റെ ദുര്യോഗവും പേറിയാണ് അടല്‍ജി വിടപറയുന്നത്.

Content Highlights: Atal bighari vajpayee, BJP, Indian Politics