ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 18 പേരുടെ മൃതദേഹങ്ങൾ കിട്ടി. വൈദ്യുതപദ്ധതികളുടെ തുരങ്കത്തിൽപ്പെട്ട 27 പേരെ രക്ഷപ്പെടുത്തി. 202 പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. കരസേനയും ഐ.ടി.ബി.പി.യും എൻ.ഡി.ആർ.എഫും എസ്.ഡി.ആർ.എഫും ഉൾപ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയാണ്.

നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടർന്ന് ഞായറാഴ്ചയാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നൽപ്രളയമുണ്ടായത്. എൻ.ടി.പി.സി.യുടെ തപോവൻ-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളും പ്രളയത്തിൽ ഒലിച്ചുപോയ വീടുകളിലുണ്ടായിരുന്നവരുമാണ് കണ്ടെത്താനുള്ള 202 പേർ. ഈ പദ്ധതിപ്രദേശങ്ങളിലെ സൂപ്പർവൈസർമാർ പ്രളയത്തിൽ ഒലിച്ചുപോയെന്നാണ് കരുതുന്നതെന്ന് ഐ.ടി.ബി.പി. ഉദ്യോഗസ്ഥൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഇവിടെ കാണാതായവരുടെ വ്യക്തമായ വിവരങ്ങളറിയാൻ നിർവാഹമില്ല. പതിനൊന്നുപേർ ഉത്തരാഖണ്ഡുകാരും അമ്പതോ അതിലേറെയോ പേർ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലക്കാരുമാണെന്നാണു കരുതുന്നത്. ചിലർ ബിഹാറിൽനിന്നുള്ളവരാണെന്നും പറയുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഈ ഭാഗത്തെ രണ്ടുഗ്രാമങ്ങൾ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട നിലയിലാണ്. ഇത്തരം പ്രദേശങ്ങളിൽ വ്യോമസേന അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്.

ആവശ്യമെങ്കിൽ ഉത്തരാഖണ്ഡിലെ രക്ഷാപ്രവർത്തനത്തിനുവേണ്ട സഹായം നൽകാൻ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു.

Content Highlights: Uttarakhand Glacier Tragedy- 202 people missing